13/02/2023
മഹാരാജാവ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഒരു വലിയ ദീപസ്തംഭം പണികഴിപ്പിച്ചു. നിർമാണം പൂർത്തിയായപ്പോൾ തന്റെ സദസ്സിലെ പണ്ഡിതന്മാരോട് അതിനെക്കുറിച്ചുള്ള അഭിപ്രായമാരാഞ്ഞു. ഓരോരുത്തരും തങ്ങളുടെ കവനവൈഭവം വെളിപ്പെടുത്തുന്ന വിധത്തിൽ ദീപസ്തംഭത്തെ പ്രകീർത്തിച്ചു ശ്ലോകങ്ങളെഴുതി രാജാവിനെ വായിച്ചു കേൾപ്പിച്ചു. ഇതൊക്കെ കേട്ടിട്ട് നിശ്ശബ്ദനായിരുന്ന നമ്പ്യാരോട് എന്താ നമ്പ്യാരേ അഭിപ്രായമൊന്നും പറയാത്തത് എന്ന് രാജാവ് അന്വേഷിച്ചു. അപ്പോഴാണ് താനെഴുതിയ ശ്ലോകം നമ്പ്യാർ അവതരിപ്പിച്ചത്.
''ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം
ഇത്യർത്ഥമേഷാം ശ്ലോകാനാം
അല്ലാതൊന്നും ന വിദ്യതേ''
താനവതരിപ്പിക്കുന്നതിനു മുൻപ് ഇവിടെ പലരും ശ്ലോകമവതരിപ്പിച്ചു. ദീപസ്തംഭം മഹാശ്ചര്യമാണ്. എങ്ങനെയായാലും നമുക്കു പണം കിട്ടണം. ഈ അർഥം മാത്രമേ അവരുടെ ശ്ലോകങ്ങൾക്കുള്ളൂ. അല്ലാതെ യാതൊരു കവിത്വവും മഹത്വവും അതിനില്ല.
രാജാവിൻ്റെ പ്രീതി ലഭിക്കാനും പണവും സ്ഥാനങ്ങളും ലഭിക്കാൻ ശ്രമിക്കുന്ന വില കുറഞ്ഞ പ്രവർത്തനത്തെയാണ് നമ്പ്യാർ പരിഹസിച്ചത്. വക്കീൽ പണിക്കിടെ വിദ്വേഷ പ്രചാരണം നടത്തിയാൽ ഹൈക്കോടതി ജഡ്ജിയാവാം. ജഡ്ജിയായിരിക്കെ വിദ്വേഷ രാഷ്ടിയത്തിൻ്റെ നെറികേടുകൾക്ക് ഓശാന പാടിയാൽ ഗവർണറാവാം. മുസ് ലിം പേരുള്ളവരാണെങ്കിൽ പ്രത്യേക പരിഗണനയും ലഭിക്കും. ഭരണകൂടങ്ങളെ വിറപ്പിച്ച ന്യായാധിപന്മാർ ഇനി വെറും പഴങ്കഥ മാത്രം............ സത്താർ പന്തലൂർ