03/10/2024
നവരാത്രി
ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി.ഹൈന്ദവ വിശ്വാസപ്രകാരം കലകളുടെയും വിദ്യാരംഭത്തിന്റെയും ആരാധനയുടെയും വിജയത്തിന്റെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. നവരാത്രിയുടെ അവസാന മൂന്ന് ദിവസങ്ങൾ ആണ് ഏറ്റവും വിശേഷം. ഇവ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നി പേരുകളിൽ അറിയപ്പെടുന്നു. പ്രധാനമായും സെപ്റ്റംബർ-ഒക്ടോബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. സ്ത്രീ ശക്തി, മഹാശക്തി, മാതൃത്വം, യുവതി, ബാലിക, ഊർവരത, ഐശ്വര്യം, വിദ്യ തുടങ്ങിയ ഭാവങ്ങളിൽ പ്രപഞ്ചനാഥയായ ആദിശക്തിയെ ആരാധിക്കുന്ന ദിവസങ്ങൾ എന്ന നിലയിൽ നവരാത്രി വിശേഷിപ്പിക്കപ്പെടാറുണ്ട്.ദുർഗ്ഗാ പൂജ, ദസ്റ തുടങ്ങിയ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നു. കേരളത്തിൽ മഹാസരസ്വതി പൂജയ്ക്ക് ഈ ദിവസങ്ങളിൽ പ്രാധാന്യം വരുന്നു. ഇത് വിദ്യാരംഭം എന്നറിയപ്പെടുന്നു. അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിൻറെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി ആഘോഷത്തിന്റെ സന്ദേശം. പൊതുവേ ജഗദീശ്വരിയായ ആദിപരാശക്തിയെ വിവിധ ഭാവങ്ങളിൽ ആരാധിക്കുന്ന നാളുകളാണ് നവരാത്രി. പ്രാദേശിക ഭേദങ്ങൾക്കനുസരിച്ച് നവരാത്രി ആഘോഷത്തിനു വ്യത്യസ്ത ഭാവതലങ്ങളുണ്ട്. കേരളത്തിൽ സരസ്വതി പൂജ അഥവാ വിദ്യാരംഭം, തമിഴ്നാട്ടിൽ കൊലുവെയ്പ്പ്, കർണാടകയിൽ ദസറ, കൊല്ലൂർ മൂകാംബികയിൽ പുഷ്പ രഥോത്സവം, ഉത്തരഭാരതത്തിൽ രാമലീല, ബംഗാളിൽ ദുർഗ്ഗാപൂജ, അസമിൽ കുമാരീ പൂജ, സപ്തമാതൃപൂജ, ശ്രീവിദ്യാ ഉപാസകർക്ക് ശ്രീചക്രപൂജ എന്നിങ്ങനെ നീളുന്നു വ്യത്യസ്തതയുടെ ഭാവതലങ്ങൾ.കേരളത്തിൽ സരസ്വതി പൂജ അഥവാ വിദ്യാരംഭം, തമിഴ്നാട്ടിൽ കൊലുവെയ്പ്പ്, കർണാടകയിൽ ദസറ, കൊല്ലൂർ മൂകാംബികയിൽ പുഷ്പ രഥോത്സവം, ഉത്തരഭാരതത്തിൽ രാമലീല, ബംഗാളിൽ ദുർഗ്ഗാപൂജ, അസമിൽ കുമാരീ പൂജ, സപ്തമാതൃപൂജ, ശ്രീവിദ്യാ ഉപാസകർക്ക് ശ്രീചക്രപൂജ എന്നിങ്ങനെ നീളുന്നു വ്യത്യസ്തതയുടെ ഭാവതലങ്ങൾ. ചിലർ നവരാത്രി നാളുകളിൽ വ്രതം അനുഷ്ഠിക്കുന്നു. വ്രതങ്ങളുടെ റാണിയാണ് നവരാത്രി വ്രതം എന്നാണ് സങ്കല്പം. നവരാത്രിയിൽ ഭഗവതിയെ ഉപാസിക്കുന്നവർക്ക് ആഗ്രഹപൂർത്തിയും ദുഃഖമോചനവും കാര്യവിജയവും ഫലം എന്ന് വിശ്വാസം. ശാക്തേയ വിശ്വാസപ്രകാരം ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ഭഗവതിയായ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളെ ആരാധിക്കുന്നു.അതിന്റെ ഭാഗമായി ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. മറ്റൊരു രീതിയിൽ ദുർഗ്ഗയുടെ ഒൻപത് രൂപങ്ങളെ (നവദുർഗ്ഗ) ആരാധിക്കുന്നു. ഇത് മഹാഗൗരിയിൽ തുടങ്ങി സിദ്ധിദാത്രിയിൽ അവസാനിക്കുന്നു. ചിലപ്പോൾ സപ്തമാതാക്കളായ ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി, ചാമുണ്ഡി എന്നിവരെ ആരാധിക്കുന്നു. ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണിത്. പല ഭഗവതി ക്ഷേത്രങ്ങളിലും ഉത്സവം, പൊങ്കാല, പൂരം, ദേവിഭാഗവത നവാഹയജ്ഞം, ചണ്ഡികാഹോമം, ഐശ്വര്യപൂജ, അഷ്ടലക്ഷ്മിപൂജ, സരസ്വതിപൂജ, ലളിത സഹസ്രനാമ പാരായണം, ആത്മീയ പ്രഭാഷണങ്ങൾ തുടങ്ങിയവ ഈ സമയത്ത് നടത്തപ്പെടുന്നു.