22/04/2023
ഈദുൽ ഫിത്ർ, ആഘോഷത്തോടെ വന്നിരിക്കുന്നു. അല്ലാഹു അക്ബർ, വലില്ലാഹിൽ ഹംദ്.
വിമലീകരണത്തിനുള്ള മുപ്പത് നാളുകളാണ് കഴിഞ്ഞുപോയത്. വിശപ്പ്, ആത്മസംസ്കരണം, സംയമനം, സഹാനുഭൂതി, സഹവർത്തിത്വം തുടങ്ങിയ മാനുഷിക ഗുണങ്ങൾ ശീലിച്ചെടുക്കാനായി ഒരുക്കിയ വിശുദ്ധ കാലം. രണ്ട് മാസങ്ങൾക്ക് മുമ്പ് റജബിൽ തുടങ്ങിയ കാത്തിരിപ്പ്; വസ്ത്രങ്ങളും വീടും പരിസരവും ശുദ്ധീകരിക്കുന്ന നനച്ചുകുളിയിൽ തുടങ്ങിയ ഒരുക്കങ്ങൾക്ക് മൂന്ന് മാസങ്ങൾക്കിപ്പുറം, നമ്മുടെ അന്തരാത്മാവിനെ വിമലീകരിച്ചെടുക്കാനായാൽ ഈ റമളാൻ സാർത്ഥകമാണ്.
'വിശന്നിരിക്കുക' എന്ന അടിസ്ഥാന ആവശ്യത്തോടുള്ള ജിഹാദിൽ തുടങ്ങി, കണ്ണും കാതും നാവും ഹൃദയം തന്നെയും വ്രതത്തെ അനുഭവിച്ചറിയുക എന്ന ഉത്തമ മൂല്യമുള്ള വ്രതാനുഭൂതിയറിഞ്ഞവർ നമുക്കിടയിലുണ്ടാകും. വിശുദ്ധമാസം സമ്മാനിച്ച ഈ ഗുണങ്ങളും മൂല്യങ്ങളും ഇനിയുള്ള ജീവിതത്തിന്റെ വെളിച്ചമാകണം. വിശപ്പിന്റെ വിളി കേൾക്കാനായെങ്കിൽ, അന്തരാത്മാവിനെ തൗബയാൽ നനച്ചെടുക്കാനായെങ്കിൽ, ഖുർആൻ ജീവിതത്തിന്റെ ഭാഗമായെങ്കിൽ നമുക്ക് ഉച്ചത്തിൽ വിളിക്കാം, അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്.
മാനത്ത് ശവ്വാൽ പിറയോടൊപ്പം സാധ്യമാകുന്നത് വിശ്വാസിയുടെയും പുതുപ്പിറവിയാണ്. മനസ്സും ശരീരവും നാഥനിൽ സമർപ്പിച്ചവന്റെ പുതുപ്പിറവി. ആഘോഷവും ആരാധനയാകുന്ന വിശാലത കൂടി പെരുന്നാളിനുണ്ട്. ബന്ധങ്ങളുടെ ഊട്ടിയുറപ്പിക്കലും ചേർത്തു പിടിക്കലുമാകണം നമ്മുടെ ആഘോഷങ്ങളുടെ അന്ത:സത്ത. ഇന്നലെകളിൽ നാം നടന്നു പോയ വഴികളിലൂടെ ഒന്ന് തിരിച്ചു നടക്കാൻ നമുക്കാകണം. നമ്മോടൊപ്പം ചേർന്നു നിന്നിരുന്നവരെ, കരുണകാട്ടിയവരെ, കൈപിടിച്ചവരെ ഓർത്തെടുക്കാനാകണം. വിടപറഞ്ഞു മണ്ണിൽ വിശ്രമിക്കുന്നവർക്ക് ഖുർആൻ വചനങ്ങളുടെ തെളിനീർ നൽകാനാകണം. അഥവാ, ഓർത്തെടുക്കലിന്റെ പെരും നാളായി നമ്മുടെ ഈദ് മാറണം. നാം ആർജ്ജിച്ച വിശുദ്ധിയുടെ പ്രകാശനമാകണം നമ്മുടെ ഈദ്. വിശന്നിരുന്നപ്പോൾ നാം പ്രവർത്തന നിരതരായിരുന്നത് പോലെ ഇനിയുള്ള ദിനങ്ങളിലും നന്മയുടെ വാർപ്പിനായി നാം നിവർന്നു നിൽക്കണം.
പ്രിയപ്പെട്ട പ്രവർത്തകരെ,
ഈ ഈദ് ചെന്നവസാനിക്കുന്നത് മറ്റൊരു പെരുന്നാളിലേക്കാണ്. കേരളം കാത്തിരിക്കുന്ന മഹാ സംഗമത്തിന്റെ ഒരുക്കത്തിലാണ് നമ്മൾ. വിദ്യാർത്ഥിത്വം എങ്ങനെ പ്രയോഗിക്കണമെന്ന് നമ്മൾ മാതൃകയാകും. ഞായറാഴ്ച കേരളത്തിലെ 50 മസാറുകളിൽ പ്രാർത്ഥന നടത്തി പാതകയുമായി നിങ്ങൾ പുറപ്പെടും. 50 നേതാക്കൾ കണ്ണൂരിലെ സമ്മേളന നഗരികളൊന്നിൽ ആ പതാകകൾ ഉയർത്തും. വർണ്ണാഭവും വൈവിധ്യവുമുള്ള പരിപാടികൾ നമുക്ക് നടത്താനുണ്ട്. ഏപ്രിൽ 29 ന് നമ്മൾ കണ്ണൂർ നിറയും. എസ്എസ്എഫ് പ്രവർത്തകർ നമ്മൾ ലക്ഷങ്ങൾ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന റാലി നടത്തണം. അന്ന് കേരളത്തിലെ പ്രാസ്ഥാനിക കുടുംബമൊന്നാകെ ഗോൾഡൻ ഫിഫ്റ്റിയിലേക്കൊഴുകും. ഒരു ചരിത്രനിർമിതിക്കൊരുങ്ങുക. പെരുന്നാൾ ഒരുക്കങ്ങൾക്കായി ഉപയോഗിക്കുക.
സ്നേഹജനങ്ങൾക്ക് പെരുന്നാൾ സന്തോഷങ്ങൾ.