07/09/2024
Forward as received
ഡോക് ട്രൈനൽ കമ്മീഷനും ഓണാഘോഷവും.
സീറോ മലബാർ സഭയുടെ, മാർ ടോണി നീലങ്കാവിൽ ചെയർമാനായുള്ള ഡോക് ട്രൈനൽ കമ്മീഷൻ അതിൻ്റെ സെക്രട്ടറിയായ റവ.ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ അച്ചനെക്കൊണ്ട് തയ്യാറാക്കിച്ച് 18-08-2024 ൽ നൽകിയ ഓണാഘോഷവും ക്രൈസ്തവവിശ്വാസവും എന്ന തലക്കെട്ടിലുള്ള ലഘുലേഖ ഓണം ഏതെങ്കിലും ഒരു മതവിശ്വാസത്തിൻ്റെ ആഘോഷമല്ല,മറിച്ച് , ഒരു സാംസ്കാരിക ആഘോഷം മാത്രമാണ് എന്നു പ്രസ്താവിച്ചുകൊണ്ട് ഓണം ആഘോഷിക്കാൻ ക്രൈസ്തവരെ ആഹ്വാനം ചെയ്യുന്നു. ഈ വ്യാഖ്യാനത്തിനും ആഹ്വാനത്തിനും പിൻബലം നൽകാനായി കത്തോലിക്കാ സഭയുടെ വിവിധ പ്രബോധനരേഖകളിൽ നിന്നും ഉദ്ധരണികൾ സമൃദ്ധമായി നൽകുകയും ചെയ്യുന്നുണ്ട് ( ഉദാ. അക്രൈസ്തവമതങ്ങൾ 2, തിരുസ്സഭ 16,സഭ ആധുനിക ലോകത്തിൽ 22, രക്ഷകൻ്റെ മിഷൻ 5, കർത്താവായ യേശു 6, ഏഷ്യയിലെ സഭ 29 etc). കമ്മീഷൻ പറഞ്ഞു വിശ്വസിപ്പിക്കാൻ കിണഞ്ഞുശ്രമിച്ചതു പോലെ ഓണം ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടിരിക്കുന്നതല്ലെങ്കിൽ അഥവാ ഓണത്തിന് മതപരമായ യാതൊരു മാനങ്ങളുമില്ലെങ്കിൽ പിന്നെ എന്തിനാണ് ഇതര മതങ്ങളുമായുള്ള ബന്ധം, ഇതര മതാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അവയിൽതന്നെ രക്ഷാകരമാണോ, മതാന്തരസംവാദത്തിൻ്റെ പ്രാധാന്യം എന്നീ തലക്കെട്ടുകളിൽ ഏറെ കാര്യങ്ങൾ കമ്മീഷൻ വിശദീകരിച്ചിരിക്കുന്നത്? ഓണത്തിന് മതപരമായ മാനമുണ്ടെന്ന് ലഘുലേഖയുടെ രചയിതാവിനുതന്നെ തൻ്റെ ഉള്ളിലുള്ള അവബോധത്തെയാണ് അത് വെളിപ്പെടുത്തുന്നത്.
ഓണം ഏതെങ്കിലും ഒരു മത വിശ്വാസത്തിൻ്റെ ആഘോഷമായി മനസ്സിലാക്കേണ്ടതില്ല എന്ന കമ്മീഷൻ്റെ നിലപാട് സത്യത്തോടു പൊരുത്തപ്പെടുന്നതാണോ? അല്ല എന്നാണ് ഉത്തരം. ഓണം ക്രൈസ്തവവിശ്വാസാചാരങ്ങളിലെ യാതൊന്നിൽ നിന്നും ഉടലെടുത്തതല്ല. അത് ബുദ്ധമതത്തിൽ നിന്നോ ഇസ്ലാം മത വിശ്വാസത്തിൽ നിന്നോ ജൻമംകൊണ്ടതുമല്ല. അത് ഹിന്ദുമത വിശ്വാസത്തിലെ ഐതിഹ്യത്തിൽനിന്ന് രൂപംകൊണ്ടതും ഏതാനും പതിറ്റാണ്ടുകൾ മുമ്പുവരെ പൂർണ്ണമായും ഹൈന്ദവ മതാഘോഷമായിത്തന്നെ ആചരിച്ചിരുന്നതുമാണ്. 1961-ലാണ് അന്നത്തെ കേരള സർക്കാർ ഓണത്തെ ദേശീയോൽസവമായി പ്രഖ്യാപിക്കുന്നത്. വാണിജ്യലോകം കച്ചവടലാഭസാധ്യകളെ മുതലെടുക്കാൻ അതിനെ പൊതു ആഘോഷമാക്കി മാറ്റാൻ ഉൽസാഹിക്കുകയും ചെയ്തു.
ഇത്തരം ആഘോഷം ഏതു പരിധിവരെയാകാം എന്നതു വിസ്മരിച്ച് ക്രൈസ്തവ ദൈവാലയങ്ങളുടെ അകത്തുവരെ ഓണപ്പൂക്കളം ഇടുകയും ഓണക്കുർബാനവരെ നടത്തുകയും മാവേലി യേശു തന്നെയെന്ന് വ്യാഖ്യാനിക്കുകവരെ ചെയ്തപ്പോഴാണ് ഇത്രയ്ക്ക് അപഭ്രംശം പാടില്ലായെന്ന് ദൈവകല്പനകളെ വിലമതിക്കുന്നവർ വിളിച്ചുപറഞ്ഞത്. അത് സത്യവിശ്വാസത്തെ അനർഘനിധിയായി കണക്കാക്കുന്ന വിശ്വാസികളുടെ പൊതു വിശ്വാസ അവബോധത്തിൽനിന്ന് അഥവാ Sensus fidelium-ത്തിൽ നിന്ന് ഉയർന്ന സ്വരമാണ്. അതാണ് ധ്യാനകേന്ദ്രങ്ങളിൽനിന്നു പോലും മുഴങ്ങിയത്. അതിനെ യുക്തിഭദ്രമല്ലാത്തതും സത്യവിരുദ്ധവുമായ പ്രസ്താവനകളിലൂടെ മറി കടക്കാനുള്ള കമ്മീഷൻ്റെ ഉദ്യമം അസ്വീകാര്യമാണ്.
" സഭയുടെ പ്രബോധനാധികാരം ദൈവവചനത്തിന് അതീതമല്ല; അതിനു ശുശ്രൂഷ നടത്തുകയാണു ചെയ്യുന്നത് " എന്ന് ccc 86 പഠിപ്പിക്കുന്നു. " തിരുലിഖിത പഠനമായിരിക്കണം വിശുദ്ധ ദൈവശാസ്ത്രത്തിൻ്റെ ആത്മാവ് " എന്ന് ccc 132 പറയുന്നു. ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും സർവ്വശക്തിയോടുംകൂടെ സ്നേഹിക്കണമെന്നും അവിടുത്തോടുള്ള വിശ്വസ്തതയിൽനിന്ന് വ്യതിചലിക്കരുതെന്നുമുള്ള വചനകല്പനയെ അനുവർത്തിക്കുന്നതിൽ നിന്ന് വിശ്വാസികളെ പിന്തിരിപ്പിക്കാൻ സാംസ്കാരികാഘോഷം, സാംസ്കാരികാനുരൂപണം, മതാന്തരസംവാദം, മതസൗഹാർദ്ദം തുടങ്ങിയ മനോഹരപദങ്ങളുടെ സഹായത്തോടെ ഡോക്ട്രൈനൽ കമ്മീഷൻ അധികാര ദുർവിനിയോഗം നടത്തരുത്. വിശ്വാസത്തെ അഭംഗുരം കാത്തു സൂക്ഷിക്കാൻ സഹായിക്കുക എന്നതാണ് കമ്മീഷൻ്റെ ചുമതല. അല്ലാതെ, വിശാലഹൃദയത്തിൻ്റെ പൊയ്മുഖമണിഞ്ഞ് അതിൽ വെള്ളം ചേർക്കുക എന്നതല്ല. Political correctness അല്ല biblical correctness ആണ് കമ്മീഷൻ മുറുകെ പിടിക്കേണ്ടത്.
ഓണാഘോഷാചാരങ്ങൾക്ക് അന്യമത പശ്ചാത്തലമുണ്ടെന്നു മനസ്സിലാക്കി അതിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ആഗ്രഹിക്കുന്ന ക്രൈസ്തവരോട് ഓണം ആഘോഷിക്കണമെന്നു പറയാൻ കമ്മീഷന് എന്ത് അധികാരം? അതു തള്ളിക്കളയാൻ വിശ്വാസികൾക്ക് സകല അവകാശവുമുണ്ട്. ബെനഡിക്റ്റ് പതിനാറാമൻ പാപ്പായുടെ സൂക്തം കമ്മീഷനംഗങ്ങളും സമാനമനസ്കരും ഓർമ്മിക്കുന്നത് നല്ലതായിരിക്കും : " ഇത് അവൻ്റെ സഭയാണ്, ദൈവശാസ്ത്രജ്ഞൻമാരുടെ പരീക്ഷണശാലയല്ല".
Magistariam is subject to The Word of God :- Dei Verbum