03/04/2025
നിങ്ങളുടെ സൗമ്യത സകലമനുഷ്യരും അറിയട്ടെ!
ബെന്നി സി.എം. (1962-2025)
ചെറുവത്തൂർ മാത്തപ്പൻ-എൽസിക്കുട്ടി ദമ്പതികളുടെ ആറ് മക്കളിൽ ഇളയവനായി 1962 മെയ് 3 ന് ജനനം. പിതാവ് മാത്തപ്പൻ തൃശ്ശൂർ ക്രിസ്തുസഭയിലെ ഒരു മൂപ്പനും വിശ്വാസവീരനുമായിരുന്നു. വേർപെട്ട വിശ്വാസികളാരും ഇല്ലാത്ത നാടായിയുന്നു പാറന്നൂർ. എന്നാൽ ‘ദേശത്ത് പാർത്ത് വിശ്വസ്തത ആചരിക്കുക' എന്ന ആപ്തവാക്യം മുറുകെപ്പിടിച്ച മാത്തപ്പൻ സഹോദരനും കുടുംബവും പാറന്നൂർ ദേശത്ത് തെളിച്ചമുള്ള വിളക്കായി ശോഭിച്ചു. തന്റെ ദേശം രക്ഷകനെ അറിയണം എന്ന അഭിവാഞ്ഛ മാത്തപ്പൻ സഹോദരനെ പാറന്നൂരിൽ ഒട്ടനവധി കൺവഷനുകൾ സംഘടിപ്പിക്കുവാൻ നിർബന്ധിതനാക്കി. ഈ കൺവൻഷനുകൾക്കെല്ലാം ചുക്കാൻ പിടിക്കാൻ ജ്യേഷ്ഠൻ ചിന്നനോടൊപ്പം യുവാവായ ബെന്നിയുമുണ്ടായിരുന്നു.
സംഗീതത്തോട് ബെന്നിക്ക് അഭിനിവേശമുണ്ടായിരുന്നു. ബെയ്‌സ് ഗിറ്റാർ പരിശീലിക്കുന്നതിനും അതിൽ വൈദഗ്ധ്യം നേടുന്നതിനും ബെന്നിക്ക് കഴിഞ്ഞു. 1980 കളിൽ ക്രിസ്തുസഭ യുവജന സംഘടനയോട് ബന്ധപ്പെട്ട് 'ഡിവൈൻ സിംഗേഴ്സ്' സംഗീത ട്രൂപ്പിനൊപ്പം പല ക്രൈസ്തവപരിപാടികൾക്കും ബെന്നി ഗിറ്റാർ വായിച്ചിട്ടുണ്ട്. സംഗീതത്തോടുള്ള ആവേശം അവസാനനാളുകളിലും അദ്ദേഹത്തിൽ കാണാമാ യിരുന്നു. രോഗബാധിതനായി വിശ്രമിക്കവേ തന്നെ കാണാൻ വരുന്നവരോടെല്ലാം ക്രിസ്തീയ ഗാനങ്ങൾ പാടാൻ ബെന്നി ആവശ്യപ്പെടുമായിരുന്നു. മറ്റുള്ളവർ പാടുന്നത് മണിക്കൂറുകളോളം ബെന്നി കേട്ടിരിക്കും. ഒപ്പം മൂളുകയും ചെയ്യും. ക്രിസ്ത്യൻ ഗാനങ്ങളടങ്ങിയ കാസറ്റുകളുടെ ഒരു വൻശേഖരം തന്നെ ബെന്നിക്കുണ്ടായിരുന്നു. ഈ കഴിവുകൾ ദൈവസഭ പിന്നീട് നടത്തിയ പല കൺവെൻഷനുകൾക്കും മറ്റ് പരിപാടികൾക്കും ശബ്ദമിശ്രണം ചെയ്യുന്നതിന് അദ്ദേഹത്തെ ഒരുക്കി.
1987 -ൽ വാളകം പാപ്പാലിൽ വീട്ടിൽ ജേക്കബ്-സാറാമ്മ ദമ്പതികളുടെ ഏഴ് മക്കളിൽ ഇളയവളായ ജൈനമ്മയെ വിവാഹം കഴിച്ചു. ഉന്നത ക്രൈസ്തവപരമ്പര്യമുള്ള കുടുംബമായിരുന്നു ജൈനമ്മയുടേത്. സംഗീതതല്പരനായ 80 കളിലെ യുവാക്കൾ പലരും ലോകസ്നേഹം തേടി പോകാൻ ആഗ്രഹിച്ചപ്പോൾ യൗവനക്കാരനായ ബെന്നിക്ക് കൂട്ടായ്മകളെ വിലമതിക്കാനും വിശ്വാസത്തിലുറയ്ക്കാനും ദൈവസ്നേഹത്തിൽ വളരാനും ജൈനമ്മയുടെ വരവ് ഉണർവേകി. രണ്ട് മക്കളെ ദൈവം അവർക്ക് നൽകി. ബെഫിൻ, ജെഫിമോൾ. രണ്ടുപേരും കുടുംബസമേതം വിദേശത്ത് താമസിക്കുന്നു.
പേരാമംഗലം ദൈവസഭയുടെ അംഗങ്ങളാണ് ബെന്നിയും കുടുംബവും. സഭയോടുള്ള ബന്ധത്തിൽ എല്ലാ ആവശ്യങ്ങളിലും മുന്നിൽ നിൽക്കാൻ ബെന്നിയുണ്ടായിരുന്നു. പിതാവ് മാത്തപ്പൻ സഹോദരന്റെ സൗമ്യതയും താഴ്മയും വേണ്ടുവോളം ബെന്നിക്ക് ലഭിച്ചു. അതിനാൽ തന്നെ സഭാപരമായി ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്‍നങ്ങളിലും പ്രതിബന്ധങ്ങളിലും ആരെയും കുറ്റപ്പെടുത്താതെ പരാതിയില്ലാതെ എല്ലാവരോടും ചേർന്ന് സമവായത്തോടെ പ്രവർത്തിക്കാൻ ബെന്നിക്ക് കഴിഞ്ഞു.
ഉപജീവനമാർഗത്തിനായി പല ബിസിനസുകളും ബെന്നി ചെയ്തു. ബിസിനസ്സ് തന്ത്രങ്ങളിൽ അഗ്രഗണ്യനായിരുന്നില്ല ബെന്നി. അതിനാൽ തന്നെ പലതും പാതിവഴിക്ക് അവസാനിപ്പിക്കേണ്ടിവന്നിട്ടുണ്ട്. പക്ഷെ ബിസിനസ്സിലും പിന്നീട് ചെയ്തുവന്ന തൊഴിലിലും -വിശ്വസ്തൻ- എന്ന പേര് സമ്പാദിക്കാൻ ബെന്നിക്ക് കഴിഞ്ഞു. ഇക്കാലയളവിൽ കയ്‌പേറിയ പല ജീവിതാനുഭവങ്ങളിലൂടെയും ബെന്നിയും കുടുംബവും കടന്നുപോയി. എങ്കിലും വിശ്വാസത്തിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോയില്ല. ആരെയും കുറ്റപ്പെടുത്താതെ ദൈവത്തിൽ മാത്രം ആശ്രയിക്കാൻ ബെന്നിക്ക് സാധിച്ചു.
മാത്തപ്പൻ സഹോദരന്റെ അതിഥിസൽക്കാരം ഏറെ പ്രസിദ്ധമാണ്. അത് അരക്കിട്ടുറപ്പിക്കും വിധം ബെന്നിയുടെ കുടുംബം ഏവരെയും സൽകരിച്ചു. ദൈവദാസൻമാരെ കരുതുന്നതിനും കൂട്ടായ്മ നൽകുന്നതിനും ബെന്നിയും ജൈനമ്മയും മുൻപിലായിരുന്നു. ബെന്നിയുടെ രോഗാവസ്ഥയിൽ അദ്ദേഹത്തെ ശുശ്രൂഷി ക്കുമ്പോഴും സന്ദർശകരെ സൽക്കരിക്കുന്നതിൽ ജൈനമ്മ വൈമനസ്യം കാണിച്ചില്ല. ഉദ്യോഗപരമായി ആതുരശുശ്രൂഷ രംഗത്ത് നിപുണയായിരുന്ന ജൈനമ്മ, ബെന്നിയെ ശുശ്രൂഷിക്കു ന്നതിൽ അത്യുത്സാഹം കാണിച്ചു. എല്ലാ കാര്യങ്ങളും പരസഹായം വേണ്ടിവന്ന അവസാനനാളുകളിലും മടുപ്പോ പിറുപിറുപ്പോ കൂടാതെ തന്റെ കർത്തവ്യം ഭംഗിയായി ജൈനമ്മ ചെയ്തു.
വിശുദ്ധ സഭായോഗം ബെന്നി മുടക്കിയിട്ടില്ല. അവസാനനാളു കളിലുണ്ടായ ശാരീരിക അവശതകൾക്കിടയിലും ഞായറാഴ്ച സഭായോഗത്തിൽ സംബന്ധിക്കാൻ നിർബന്ധം കാണിച്ചിരുന്നു. സംസാരിക്കാനുള്ള ബുദ്ധിമുട്ടുണ്ടെങ്കിലും പാട്ടുകൾ പാടുന്നതിനും സാക്ഷ്യം പറയുന്നതിനും ഉത്സാഹിയായിരുന്നു ബെന്നി. പല ഞായറാഴ്ചകളിലും സഭായോഗത്തിന് ഒരുങ്ങി തയാറെടുത്തിരിക്കുമ്പോഴായിരിക്കും ബെന്നിക്ക് ശാരീരിക അസ്വസ്ഥത പ്രകടമാകുന്നത്. എങ്കിലും ദൈവത്തിലാശ്രയിച്ച് ധൈര്യസമേതം യാത്രചെയ്ത് സഭാഹാളിലെത്തിയ പല സന്ദർഭങ്ങളുമുണ്ടാ യിട്ടുണ്ട്. വേർപാടിന് രണ്ട് ആഴ്ച മുൻപ് വരെയും പേരാമംഗലം ദൈവസഭ ഹാളിൽ എത്തിയിരുന്നു. സഭായോഗം മുടക്കുവാൻ ന്യായയുക്തവും വിശ്വസനീയവുമായ കാരണങ്ങൾ തേടുന്ന പുതിയ തലമുറയ്ക്ക് ബെന്നിയുടെ ജീവിതം സാക്ഷ്യവും പ്രചോദനവുമാണ്.
2006 മുതൽ നടത്തിവരുന്ന ദൈവസഭയുടെ സുവിശേഷീകരണ പരിപാടിയായ മോചനം റോഡ് ഷോയുടെ ഒരു പങ്കാളിയായിരുന്നു ബെന്നി. എടുത്തുപറയത്തക്ക അഭിനയഭാഗമൊന്നും ഈ പരിപാടിയിൽ അദ്ദേഹത്തിനില്ലായിരുന്നു എങ്കിലും 60 ലേറെ സ്ഥലങ്ങളിൽ നടത്തിയ പരിപാടികളിലെല്ലാം മുടങ്ങാതെ ഉത്സാഹത്തോടെ ബെന്നി മുനിരയിലുണ്ടായിരുന്നു. ഏത് റോൾ ലഭിച്ചു എന്നതിലല്ല ലഭിച്ച റോൾ ഉത്സാഹത്തോടെ ഭംഗിയായി പൂർത്തിയാക്കുക എന്നതാണ് ബെന്നിയുടെ ജീവിതം നൽകുന്ന പാഠം.
സൗമ്യനായിരുന്നു ബെന്നി. സ്വതസിദ്ധമായ ഒരു ചിരി എപ്പോഴും ചുണ്ടുകളിൽ കാണാമായിരുന്നു. തീരെ അവശനായിരുന്നപ്പോഴും ആ ചിരി മാഞ്ഞിരുന്നില്ല. മുഖ്യാസനവും പദവിയും അദ്ദേഹം എവിടെയും ആഗ്രഹിച്ചിരുന്നില്ല. ലീഡർ ആവുകയല്ല, പകരം നല്ലൊരു അനുയായി ആവുക- അതായിരുന്നു ബെന്നിക്കിഷ്ടം. തന്റെ പിതാവ് മാത്തപ്പൻ സഹോദരനിൽ നിന്ന് ലഭിച്ച ആ പാഠം ബെന്നി ജീവിതപാഠമാക്കി മാറ്റി. 2020 ഫെബ്രുവരിയിൽ താൻ ഏറെ സ്നേഹിച്ച ജ്യേഷ്ഠൻ ചിന്നന്റെ വിയോഗം ബെന്നിയെ മാനസികമായി തളർത്തി. ശേഷം ന്യൂറോ സംബന്ധമായ അസുഖവും അദ്ദേഹത്തെ അലട്ടി. പിന്നീട് ഏറെ നാളത്തെ ചികിത്സയും മറ്റുമായി ബുദ്ധിമുട്ടുകളിലൂടെ കുടുംബം കടന്നുപോയി.
ദൈവം ഈ ലോകത്തിൽ നൽകിയ അവസരം വിശ്വസ്തതയോടെ ബെന്നി പൂർത്തിയാക്കി. സൗമ്യത മുഖമുദ്രയാക്കി, പദവിയിലും പത്രാസിലും ഉയർന്ന റോളുകളിലും കണ്ണ് വെയ്ക്കാതെ, ഉത്സാഹത്തോടെ അന്ത്യം വരെയും ദൈവത്തിലാശ്രയിച്ച് നിലകൊള്ളുവാൻ ബെന്നിക്ക് കഴിഞ്ഞു. അതെ ബെന്നി നമുക്ക് പാഠമാണ്. നിങ്ങളുടെ സൗമ്യത സകലമനുഷ്യരും അറിയട്ടെ!