29/07/2024
പ്രായാധിക്യത്തിന് സ്ഥാനമില്ല;25 കുടുംബങ്ങൾക്ക് വിശുദ്ധ കുർബ്ബാന നൽകി ഇടവക.
തൃശ്ശൂർ : കുന്തിരിക്ക ഗന്ധവും വചനഘോഷണവുമെല്ലാം ഓർമകളിൽ മാത്രമാകുന്ന വിചാരിച്ചവരിലേക്ക് വിശുദ്ധ കുർബ്ബാനയുടെ പങ്കുവയ്ക്കലുമായി ഇടവക. പ്രായാധിക്യത്തിൽ കുർബ്ബാന കൂടാൻ സാധിക്കാത്തവർക്കായി ഒരുക്കിയ പ്രത്യേക വിശുദ്ധ കുർബ്ബാനയാണ് 25 കുടുംബങ്ങൾക്ക് നവ്യാനുഭൂതി പകർന്നത്. തൃശ്ശൂർ ഭദ്രാസനത്തിലെ ചേലക്കര സെന്റ് ജോർജ് യാക്കോബായ സുറിയാനി പുത്തൻ പള്ളിയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് വിശുദ്ധ കുർബ്ബാന സംഘടിപ്പിച്ചത്.
തൃശ്ശൂർ ഭദ്രാസനാധിപൻ ഡോ. മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. ഫാ. കുര്യാക്കോസ് വൈദ്യൻ പറമ്പിൽ, ഫാ. ജോണി ചുങ്കത്ത് എന്നിവർ സഹകാർമികരായി. പള്ളി കമ്മിറ്റി ട്രസ്റ്റിയും, ഗോൾഡൻ ജൂബിലി കമ്മിറ്റി കൺവീനറുമായ പി. വി. ഷാജൻ, പള്ളി സെക്രട്ടറി സി. സി. ജോൺസൺ, ജോ. കൺവീനർ വിൽസൺ മേക്കാട്ടുകുളം, ട്രഷറർ പി. പി. ഷാജു, ഭരണസമിതി അംഗങ്ങൾ, യൂത്ത് അസോസിയേഷൻ പ്രവർത്തകർ, വനിതാ സമാജം
പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
ഭവനനിർമാണം, വിദ്യാഭ്യാസ - വിവാഹ സഹായധനം, രക്ത ദാന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ് തുടങ്ങി പത്തിന കർമപരിപാടികളുമായാണ് ചേലക്കര പുത്തൻ പള്ളിയുടെ സുവർണ ജൂബിലി ആഘോഷം. ഇതോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ഒരു വിദ്യാർഥിക്ക് വിദ്യാഭ്യാസ സഹായ ധനവും, ഇടവകയിലെ ഒരു പെൺകുട്ടിക്ക് വിവാഹ സഹായ ധനവും നൽകുന്നു. ഒക്ടോബർ ആറിന് സമാപന സമ്മേളനത്തോടെയാണ് ആഘോഷങ്ങൾ സമാപിക്കുന്നത്.