WORD BEcoming- Biblical Reflections in Malayalam

WORD BEcoming- Biblical Reflections in Malayalam Greetings from Bishop Tony Neelankavil! I would like to share with you my humble reflections on pas

24/03/2024

ഓശാന ഞായർ Palm Sunday Reflections

ബഥ്ഫഗെ

മത്തായി സുവിശേഷകൻ്റെ വിവരണമനുസരിച്ച് ബഥ്ഫഗെയിൽ നിന്നാണ് ഓശാന ദിനത്തിലെ ഘോഷയാത്ര ആരംഭിക്കുന്നത് (മത്താ 21,1).

ബഥ്ഫഗെ എന്ന വാക്കിനർത്ഥം പഴുക്കാത്ത അത്തിപ്പഴം എന്നാണ്. നമ്മുടെ ഓശാന ഘോഷയാത്ര ആരംഭിക്കുന്ന ബഥ്ഫഗെ നമുക്ക് തിരിച്ചറിയാം. 'ഒലിവുമരത്തിൻ്റെ‍ ശാഖകളില്‍ ചിലതു മുറിച്ചു കളഞ്ഞിട്ട് കാട്ടൊലിവിന്‍റെ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേരില്‍നിന്നു വരുന്ന ജീവരസം പങ്കുപറ്റുവാൻ (റോമാ 11 : 17) അനുവദിക്കുകയും ചെയ്തിട്ട് ഇന്നും ഫലം പുറപ്പെടുവിക്കാത്ത അത്തിവൃക്ഷമായോ (ലൂക്കാ 13, 6-9) മറ്റുള്ളവരുടെ കൺവെട്ടത്ത് ഏതാനും അത്തികൾ കാണപ്പെടുകയും എന്നാൽ അവ പഴുത്ത് ഫലപ്രാപ്തി എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥയോ നമുക്കുണ്ടോ? അനേക ശതം വർഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന നാം പ്രതിസന്ധികളിൽ ഫലം പുറപ്പെടുവിക്കാൻ ആകാത്ത മച്ചിപരുവത്തിലുള്ള ആത്മീയതയുടെ പ്രതീകങ്ങളായി മാറുന്നില്ലേ?

ഘർവാപസിയുടെയും നീതി നിഷേധങ്ങളുടെയും അവകാശലംഘനങ്ങളുടെയും അതിക്രമങ്ങളുടെയും മധ്യത്തിലൂടെ പുതു ക്രിസ്ത്യാനികൾ എന്ന് നാം മുദ്രകുത്തിയിട്ടുള്ള വടക്കേ ഇന്ത്യയിലെയും മറ്റു പ്രദേശങ്ങളിലെയും വിശ്വാസത്തിൽ ഒരേ മൗതിക ശരീരത്തിൻറെ ഭാഗവാക്കുകളയ നമ്മുടെ ക്രൈസ്തവ സഹോദരങ്ങളുടെ വിശ്വാസ സാക്ഷ്യങ്ങളുടെ മുൻപിൽ ലജ്ജിച്ചു തലതാഴ്ത്തുവാൻ മാത്രമേ ഇന്ന് നമുക്കാകൂ. സഹന പീഡകളുടെ മുൻപിൽ നമ്മുടെ വിശ്വാസം ഫലപ്രാപ്തി അണിയുക എന്നതാണ് നാം നേടിയെടുക്കേണ്ട ലക്ഷ്യം. അധീശത്വം പടിവാതിൽക്കൽ എത്തിയിട്ടും നിസ്സംഗതയോടെ നാം നമുക്ക് ചുറ്റും നിർമ്മിച്ച എടുത്തിട്ടുള്ള കൃത്രിമമായ ശീതളച്ഛായയിൽ അഭിരമിച്ച് കഴിയുന്നെങ്കിൽ ക്രിസ്തു ചിന്തിയ രക്തത്തിന്റെയും ചിതറിയ ശരീരത്തിന്റെയും വില ഇനിയും തിരിച്ചറിയാതെ നാശത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന വരാണ് നമ്മൾ

ഇനിയും ഫലപ്രാപ്തിയിലെത്തിയിട്ടില്ലെങ്കിൽ സമയമായി. കർത്താവേ ഞങ്ങളെ രക്ഷിക്കണമേ എന്ന ഓസാന വിളികളുമായി നമുക്കും ജെറുസലേം ലക്ഷ്യമാക്കി അവനോടൊപ്പം യാത്ര ചെയ്യാം. ദേവാലയത്തിൽ പ്രവേശിക്കുന്ന അവൻ ഇനിമേൽ താനാണ് ദേവാലയം എന്ന് പ്രഖ്യാപിക്കാനിരിക്കുകയാണ്. മാംസമായി കൂടാരമടിച്ച വചനം ഭൂമിയിൽ ദൈവത്തിൻറെ കൂടാരമായി തീരുകയാണ്. അവൻ നടന്നുനീങ്ങുന്നത് സഹന പീഡകളുടെ വഴികളിലേക്കാണ്; പരിഹസിക്കപ്പെടുകയും ചിതറിക്കപ്പെടുകയും അവസാനം കുരിശിൽ മരിക്കുകയും ചെയ്യുന്ന കാൽവരിവഴി! അവന്റെ ഉത്ഥാനം നൽകുന്ന കൃപയുടെ സമൃദ്ധി സ്വീകരിച്ചിരിക്കുന്ന നാം നമ്മുടെ ക്രൈസ്തവ കൂദാശാജീവിതത്തിലൂടെ അവയെ ഫലപ്രാപ്തിയിലെത്തിക്കാൻ കർത്താവ് കനിയട്ടെ.
+ടോണി നീലങ്കാവിൽ

16/10/2023
16/09/2023

Mt 8, 5-10 അധികാരം

"ഇസ്രായേലിൽ പോലും കാണാത്ത " എന്ന്
ഈശോ പ്രകീർത്തിക്കാൻ കാരണമായത്
വിധേയത്വം വഴി കാണിച്ച ശതാധിപന്റെ വിശ്വാസമാണ്.

ഞാൻ
അധികാരത്തിന് കീഴ്പെട്ടവൻ; എന്റെ കീഴിലും അധീനർ.

"ഞാനും അധികാരത്തിനു കീഴ്പ്പെട്ടവനാണ്. എന്‍റെ കീഴിലും പടയാളികളുണ്ട്. ഒരുവനോടു പോകുക എന്നുപറയുമ്പോള്‍ അവന്‍ പോകുന്നു. അപരനോടു വരുക എന്നുപറയുമ്പോള്‍ അവന്‍ വരുന്നു. എന്‍റെ ദാസനോട് ഇതു ചെയ്യുക എന്നുപറയുമ്പോള്‍ അവന്‍ അതു ചെയ്യുന്നു."
മത്തായി 8 : 9

"കർത്താവേ," എന്ന അവന്റെ നിലവിളി
ദൈവികാധികാരത്തിന് വിധേയപ്പെട്ടവന്റെ ഭാഷയാണ്.
നമുക്ക് ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഭാഷ.

അവനും
അവന്റെ സംവിധാനങ്ങൾക്കും
അവന്റെ ഹിതത്തിനും
അവന്റെ സഭക്കും
വിധേയപ്പെടുന്നത്
അസാധ്യമായവയെ സാധ്യമാക്കുന്ന
അത്ഭുതമായി പരിണമിക്കും.
തീർച്ച!

15/07/2022

അവതീർണമാകുന്ന വചനം....
യോഹ. 21, 3
തിരികെ പോയിട്ടുണ്ടെങ്കിൽ ...

"‍ പത്രോസ്‌ പറഞ്ഞു: ഞാന്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്‌. അവര്‍ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവര്‍ പോയി വള്ളത്തില്‍ കയറി. എന്നാല്‍, ആ രാത്രിയില്‍ അവര്‍ക്ക്‌ ഒന്നും കിട്ടിയില്ല."
യോഹന്നാന്‍ 21 : 3

മനുഷ്യരെ പിടിക്കാനുള്ള വിളിയും നിയോഗവും ഏറെറടുത്ത്, വള്ളവും വലയും കൂടും കുടുംബവും ഉപേക്ഷിച്ച് മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിപ്പുറപ്പെട്ടതാണ്.
അന്ന് ആ നിയോഗത്തിന് പത്രോസ് കൊടുത്ത വില വളരെ വലുതായിരുന്നു.
എല്ലാവരും അയാളെ നോക്കി വിസ്മയം കൊണ്ടിരുന്നത്, അയാളുടെ മിടുക്കിനേക്കാൾ അവൻ ധീരതയോടെ ഏറെറടുത്ത നിയോഗമാണ്.
വിളിച്ചവന്റെ മഹത്വമാണ്.

ജീവിതത്തിൽ നിന്ന് ക്രിസ്തു മായുന്നിടത്ത് എന്റെ പരാജയമാരംഭിക്കുന്നു.

ആത്മീയ ബന്ധങ്ങളിൽ പോലും ഉപക്ഷിച്ച ഭാര്യയെയും മക്കളെയും സഹോദരനെയും സഹോദരിയെയും കൂട്ടിന് കണ്ടെത്താനുള്ള ഗൂഢലക്ഷ്യങ്ങൾ വച്ചു പുലർത്തുന്നുവെങ്കിൽ പരാജയവഴിയിലാണ് ഞാൻ.

ഇതര വഴികൾ നാശത്തിലേക്ക്.
അവൻ മാത്രമാണ് വഴി.
അവനിലാണ് എന്റെ ജീവിതം.
അവൻ ഭൗതികശരീരം ഉപേക്ഷിച്ചത് എന്നും നമ്മോടു ഇടെയാകാൻ.
I am wedded to Christ Jesus!
+Tony Neelankavil

24/02/2022

അവതീർണമാകുന്ന വചനം....
Luke 15, 3-7
തോളിലേറ്റപ്പെട്ട ആ ആട്!

"നിങ്ങളിലാരാണ്‌, തനിക്കു നൂറ്‌ ആടുകള്‍ ഉണ്ടായിരിക്കേ അവയില്‍ ഒന്നു നഷ്‌ടപ്പെട്ടാല്‍ തൊ ണ്ണൂറ്റൊന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട്‌,
നഷ്‌ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്‌?
കണ്ടുകിട്ടുമ്പോള്‍ സന്തോഷിച്ച്‌ അതിനെ തോളിലേറ്റുന്നു."
ലൂക്കാ 15 : 4-5

99 തിനെയും മരുഭൂമിയിൽ വിട്ടിട്ട്
ആ ഒന്നിനെ തേടി പോകാൻ മാത്രം
എന്ത് പ്രത്യേകതകളാണ് ആ ആടിനുള്ളത് ?

നൂറാടുകളിൽവച്ച് ഏറ്റവും വികൃതി;
ഒട്ടും അച്ചടക്കമില്ലാത്തവൻ;
തരിമ്പും അനുസരണയില്ലാത്തവൻ;
സ്വന്തം വഴി തേടി പോയവൻ;
കൂട്ടത്തിൽ കൂടാത്തവൻ;
കൂട്ടത്തിന്റ സുരക്ഷയേക്കാൾ, വഴിയരികിലെ ആകർഷണത്തിൽ മനസ്സുടക്കുന്നവൻ...

എനിക്ക് ഏല്പിക്കപ്പെട്ടവരിൽ
ഏറ്റവും ചെറിയവനും
ഏറ്റവും അവസാനത്തവനും
നഷ്ടപ്പെട്ടവനും
ആയിരിക്കണം
എന്റെ ഇടയധർമത്തിന്റെ ലക്ഷ്യം.

എന്റെ ശൂശ്രൂഷയുടെ അധിക സമയവും
അധിക ഊർജ്ജവും
ഞാൻ ചിലവഴിക്കുന്നത് 99 നാണോ, അതോ ആ ഒന്നിനു വേണ്ടിയാണോ?

എൻറെ അടുത്ത് വരുന്ന നല്ലവർ, ഭക്തർ, വിധേയർ, വിശ്വസ്തർ .... എന്നിവരെ സേവിക്കുകയും നയിക്കുകയും എന്റെ മുൻഗണനയാകാം.
അത് ഇടയന്റെ ധർമ്മമല്ലെന്ന് മാത്രം.

എന്റെ അജപാലന ശുശ്രൂഷ അവസാനത്തവരിൽ എത്തിച്ചേരുന്നതാകണം.
അപ്പോൾ ഏവരിലും ആ ശുശ്രൂഷ ഫലം പുറപ്പെടുവിക്കും.
കൂട്ടത്തിൽ ഏറ്റവും നന്മനിറഞ്ഞവർ എൻറെ സഹ ഇടയന്മാരായി മാറുo.

+Tony Neelankavil

19/02/2022

അവതീർണമാകുന്ന വചനം ...
John 10, 1-6
ആലയുടെ വാതിൽ കൃതിമമാകുമ്പോൾ ...

"സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ആട്ടിന്‍തൊഴുത്തിലേക്കു വാതിലിലൂടെയല്ലാതെ മറ്റുവഴിക്കു കടക്കുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനുമാണ്‌.

എന്നാല്‍, വാതിലിലൂടെ പ്രവേശിക്കുന്നവന്‍ ആടുകളുടെ ഇടയനാണ്‌."
യോഹന്നാന്‍ 10 : 1-2

ഏതാണ് ഈ വാതിൽ?

"... സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനാണ്‌ ആടുകളുടെ വാതില്‍.

എനിക്കുമുമ്പേവന്നവരെല്ലാം കള്ളന്‍മാരും കവര്‍ച്ചക്കാരുമായിരുന്നു. ആടുകള്‍ അവരെ ശ്രവിച്ചില്ല."
യോഹന്നാന്‍ 10 : 7-8

കർത്താവാണ് വാതിൽ.

ഹെബ്രായ ലേഖകൻ ആരാധനയുടെ യഹൂദ ഭാഷയിൽ നമ്മോട് ഇപ്രകാരം പറയുന്നു:

"എന്റെ സഹോദരരേ, യേശുവിന്റെ രക്‌തംമൂലം വിശുദ്‌ധസ്‌ഥലത്തേക്കു പ്രവേശിക്കാന്‍ നമുക്കു മനോധൈര്യമുണ്ട്‌.

എന്തെന്നാല്‍, തന്റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നു തന്നിരിക്കുന്നു."
ഹെബ്രായര്‍ 10 : 19-20

അവന്റെ ശരീരമാകുന്ന വിരി.
അവന്റെ മൗതിക ശരീരമാകുന്ന സഭ.

സഭയാണ് വാതിൽ -
മാർപ്പാപ്പായും മെത്രാന്മാരും
വൈദികരും സമർപ്പിതരും ചേർന്ന്
ഒരു സഭയായി, വിശ്വാസത്തിന്റെ വാതിലായി, porta fidei) നമുക്ക് നൽകപ്പെട്ടിരിക്കുന്നു.

കൃത്രിമ വാതിലുകൾ തീർക്കുന്നവർ

ആധുനിക തച്ചുശാസ്ത്രത്തിൽ രൂപഭംഗിക്കുവേണ്ടി കൃത്രിമ കവാടങ്ങളുടെ
ജ്യാമിത രൂപങ്ങൾ (projections) നിർമ്മിക്കാറുണ്ടല്ലോ.

ഇല്ലാത്ത വാതിലിനെ പ്രൊജക്ട് ചെയ്ത് അകത്ത് പ്രവേശിക്കാൻ ശ്രമിക്കുന്നവർ
"കള്ളനും കവർച്ചക്കാരനുമാണ്".

സഭക്കകത്തില്ലാത്ത മാർപ്പാപ്പയെയും മെത്രാനെയും വൈദികനെയും സമർപ്പിതയെയും അത്മായനെയും അവർ കൃത്രിമമായി അവതരിപ്പിക്കുന്നു.

ഇല്ലാത്ത വാതിലിലൂടെ പ്രവേശിക്കാൻ അവർ വിശ്വാസികളെ പ്രേരിപ്പിക്കുന്നു.
അതിന് അനുയോജ്യമായ വ്യാജ(ദൈവ)ശാസ്ത്രങ്ങൾ അവർ മെനഞ്ഞെടുക്കുന്നു.
അവരുടെ മനോധർമത്തിന് ക്രിസ്തുവിന്റെ ആധികാരികത അവർ കൽപിച്ചരുളുന്നു.

അപ്പോൾ അതാണ് കള്ളന്റെയും മോഷ്ടാവിന്റെയും ഇക്കാലത്തെ തന്ത്രം!
വാതിൽ രൂപത്തിൽ വന്ന് ആടുകളെ ചിതറിക്കുന്ന തന്ത്രം!

അവരുടെ കുതന്ത്രങ്ങളിൽ വീഴാതിരിക്കാം.
കിസ്തുവിന്റെ ശരീരത്തെ തിരിച്ചറിയാം.
ശരിയായ വാതിലിലൂടെ സുരക്ഷിതമായി പ്രവേശിക്കുകയും ആത്മവിശ്വാസത്തോടെ പുറത്തേക്ക് പോകുകയും ചെയ്യാം.
ജീവനർപ്പിക്കുന്ന ഇടയൻ മുമ്പിലുണ്ട്.

+Tony Neelankavil

06/02/2022

അവതീർണമാകുന്ന വചനം ....
Mark 2,1-12
തളർവാതം പിടിപെട്ട സഭ

തളർവാതം ശരീരത്തിന് ചലിക്കാനാകാത്ത അവസ്ഥയാണ്. മനസ്സിനാകട്ടെ, അത് പ്രതീക്ഷയറ്റ അവസ്ഥയാണ്.
ആത്മാവിന് അത് പാപത്തിന്റെ അനന്തരഫലമായ നിർജീവാവസ്ഥയാണ്.

സഭയുടെ ചലനാത്മകത നഷ്ടപ്പെടുന്നുണ്ടോ? ഒട്ടും താമസിക്കാതെ,
ദ്രുതഗതിയിൽ പ്രവർത്തിക്കാനും പ്രതികരിക്കാനും സാധിക്കാത്ത വിധം നമ്മുടെ സഭയെ വളരുകയോ വഴങ്ങുകയോ വളയുകയോ ചെയ്യാനാകാത്ത വിധം
കാഠിന്യമുള്ളതാക്കി മാറ്റുന്നത് എന്താണ്?

സ്വാർത്ഥ നിലപാടുകളുടെ കടുംപിടുത്തമാണോ?
അഹത്തിന്റെ ആവേശമാണോ?

മാംസളമായ ഹൃദയം നൽകണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
കാരുണ്യവും സ്നേഹവും നീതിയും ഒഴുകിയിറങ്ങുന്ന സഭാജീവിതം നമുക്ക് കാഴ്ച്ചവയ്ക്കാം.

ക്രൂശിതന്റെ ഹൃദയവിചാരങ്ങൾ സ്വന്തമാക്കാത്തതിനാലാണോ പ്രതീക്ഷയറ്റ ജനതയായി നാം മാറുന്നത്?
സുവിശേഷം പങ്കുവക്കേണ്ടവർ നിഷേധാത്മക ഊർജ്ജം പ്രസരിപ്പിക്കുന്നത്?
സ്വന്തം അസ്തിത്വത്തിലും മറ്റുള്ളവരുടെ ജീവിതങ്ങളിലും പ്രതീക്ഷ കണ്ടെത്താൻ കഴിയാതെ പോകുന്നത്?

വചനം പ്രഘോഷിക്കുമ്പോഴാണ് അതെല്ലാം സംഭവിച്ചത്.
അതുവരെ പ്രതീക്ഷക്ക് വകയില്ലായിരുന്നു.

തളർവാതരോഗിയെ മേൽകൂര പൊളിച്ച് പ്രതീക്ഷയോടെ താഴെയിറക്കാൻ കുറെ പേരെ പ്രചോദിപ്പിച്ചത് വചനമാണ്.

വചന ശ്രവണത്തിലേക്ക് സഭ കൂടുതൽ തിരിയേണ്ടിയിരിക്കുന്നു.
പ്രവർത്തന നിരതമായ വിശ്വാസത്തിലേക്ക് വഴി നടത്തുന്നത് ഈ വചനമാണ്.

അവന്റെ ഭവനത്തിലാണ് ഇവയെല്ലാം സംഭവിക്കുന്നത് -
വചന പ്രഘോഷണവും പാപമോചനവും രോഗസൗഖ്യവുമെല്ലാം.

അതേ, ആത്യന്തികമായി അനുതാപത്തിലേക്കും പാപമോചനത്തിലേക്കും നയിക്കുന്ന വചനപ്രഘോഷണം!
സഭ നവീകരണത്തിലേക്ക് ഉണരട്ടെ.
അസ്ഥികൾ കൂട്ടിച്ചേർക്കപ്പെടട്ടെ.
ബലവത്തായ മാംസള പേശികൾ കൂട്ടിയിണക്കപ്പെടട്ടെ.
ബാഹ്യസൗന്ദര്യത്തിന് കുറവുണ്ടാകാം.
സാരമില്ല, ആത്മീയ സൗന്ദര്യം വന്ന് നിറയും.

+Tony Neelankavil

20/10/2021

അവതീർണമാകുന്ന വചനം ...
Luke 11, 37-41
പുറവും അകവും

1. ഫരിസേയർ ആണ് വിഷയം. ലൂക്കായുടെ വിശ്വാസസമൂഹം യഹൂദരല്ലാത്തവരിൽ നിന്ന് ക്രൈസ്തവരായ വിജാതീയ ക്രൈസ്തവരാണ്. അവർ യഹൂദ ക്രൈസ്തവരിൽ നിന്ന് അഭിമുഖീകരിച്ച ഒരു വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് ഫരിസേയരെ അഭിമുഖീകരിക്കുന്ന യേശുവിനെ നാം മനസ്സിലാക്കേണ്ടത്.

യഹൂദ ക്രൈസ്തവർ പുറമേ ക്രൈസ്തവരായി;
എന്നാൽ, അകമേ യഹൂദരായി തുടർന്നു.
അവർക്ക് പരിവർത്തനം വന്നില്ല.
അതിനാൽ, അവരുടെ നവക്രൈസ്തവ സമൂഹ ജീവിതത്തിൽ അകത്തുള്ള പഴയ മനുഷ്യൻ തല പൊക്കിക്കൊണ്ടേയിരുന്നു.

ആദ്യ നൂറ്റാണ്ടിലെ എബിയോണിസ്റ്റുകൾ ഇതിന് ഉദാഹരണം.
അവർ ക്രിസ്തുവിനെ സ്വീകരിച്ചു;
എന്നാൽ, തങ്ങളുടെ യഹൂദ വിശ്വാസ ചട്ടക്കൂടിനകത്ത് മാത്രം.
ആ ചട്ടക്കൂടിലേക്ക് അവനെ വെട്ടിയൊതുക്കി!

യേശു വലിയ അനുഭവമായപ്പോഴും അവരുടെ യഹൂദ വിശ്വാസം അവരെ ക്രിസ്തുവിലെ ദൈവത്വത്തെ തിരിച്ചറിഞ്ഞ് ഏറ്റുപറയാൻ സാധിക്കാത്ത വിധം അന്ധമാക്കി. അവൻ യഹോവയല്ല; ദൈവമല്ല എന്നവർ വിശ്വസിച്ചു പോന്നു.

വിശ്വാസം എന്തുമാകട്ടെ, മാറാൻ തയ്യാറില്ലാത്ത മനസ്സ് ഇന്നും വലിയ വെല്ലുവിളിയാണ്.
നമ്മിലും ബാഹ്യമായ മാറ്റത്തിൽ മാത്രം വെള്ളയടിക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ച്, ചീഞ്ഞുനാറുന്ന അകങ്ങളുള്ള കുഴിമാടങ്ങൾ ഇന്നും യാഥാർത്ഥ്യമല്ലേ?

2. ബാഹ്യമായവ മാത്രം വൃത്തിയാക്കാൻ ഞാൻ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടാണ്?

മറ്റുള്ളവർ എന്നെ എങ്ങിനെ കാണുന്നു എന്നതിൽ മാത്രമാണ് എന്റെ ആകുലത.

മറ്റുള്ളവരെ തൃപ്തിപ്പെടുത്താനാണ് ഞാൻ ജീവിക്കുന്നത്.

മറ്റുള്ളവർ കാണുന്നതാണ് ഞാൻ.
മറ്റുള്ളവർ അഭിപ്രായപ്പെടുന്നതാണ്‌ ഞാൻ.
അവരെല്ലാം ആഗ്രഹിക്കുന്ന ഞാനാകാനുള്ള നെട്ടോട്ടത്തിൽ,
ആന്തരികതയിൽ നൽകപ്പെട്ട എന്നെ എനിക്ക് നഷ്ടപ്പെട്ടു പോയോ?

ഹോം ചലച്ചിത്രത്തിലെ പുതുമുഖം തിരക്കഥാകൃത്തിനെപ്പോലെ എന്നെത്തന്നെയും എന്റെ സൃഷ്ടിപരതയെയും നഷ്ടപ്പെടുത്തിയോ?

ഒരു ദിവസം അകത്തു നിന്നുള്ള നാറ്റം എന്നെ അസ്വസ്ഥതപ്പെടുത്തും.
അന്ന് ഞാൻ നേരിടുന്ന ശൂന്യത നിരാശയിലേക്കും സ്വയം പഴിക്കുന്നതിലേക്കും എന്നെ നയിക്കും.

3. സ്വയം ഔന്നിത്യത്തിന് വെകിളിപിടിച്ച് ഓടിക്കൊണ്ടിരിക്കുന്ന ഫരിസേയമനസ്സാണോ എന്റേത്?

എങ്കിൽ പിന്നെ, സ്വയം പ്രതിഷ്ഠിച്ചെടുക്കാനുള്ള വ്യഗ്രതയായിരിക്കും ജീവിതകാലം മുഴുവൻ.

ഇന്നലെ (18 ഒക്ടോബർ 2021) ഫ്രാൻസിസ് പാപ്പാ സെബദീപുത്രന്മാരുടെ അഭ്യർത്ഥനയോട് പ്രതികരിച്ചതിനു കൊടുത്ത മറുപടിയെ ധ്യാനിച്ച് പാപ്പാ അവതരിപ്പിച്ച പ്രതിഭാസം
- സ്വയം സ്ഥാപിച്ചെടുക്കൽ.

വിരുന്നിൽ പ്രമുഖ സ്ഥാനം,
മറ്റുള്ളവരെ വരച്ചവരയിൽ നിറുത്തുന്നതിലൂടെ അധികാരസ്ഥാനം,
ദേവാലയത്തിന് മുമ്പിൽ നിന്ന് സ്വയം നീ തീകരിച്ച് പ്രാർത്ഥിക്കുന്നതിലൂടെ ദേവസ്ഥാനം ...

നമുക്ക് നെറ്റിപ്പട്ടങ്ങളുടെ വീതി കൂട്ടാതിരിക്കാം.
എന്റെ അകത്തെയും പുറത്തേയും കുറവുകളോടു കൂടെയാണ് തമ്പുരാൻ എന്നെ തന്റെ സ്വന്തമാക്കിയിരിക്കുന്നത്.
പിന്നെ ഞാനെന്തിന് എന്നെത്തന്നെ ആയിരിക്കുന്ന വിധത്തിൽ സ്വീകരിക്കാതിരിക്കണം?
അങ്ങിനെത്തന്നെ എന്നെ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കാതിരിക്കണം.

അകവും പുറവും സമന്വയിക്കുന്ന വ്യക്തിത്വം.
അകത്തെ സമൃദ്ധി കവിഞ്ഞൊഴുകുന്നതാകണം പുറം.

ആന്തരികതയിലേക്ക്,
അവിടെ ഏറെറടുക്കേണ്ട യുദ്ധസമാനമായ ശുദ്ധീകരണത്തിലേക്ക് പ്രവേശിക്കാം.

ടോണി പിതാവ്

അവതീർണമാകുന്ന വചനം...John 14ഏതാണ് ആ വാസഗേഹം ?1. "എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്‌ഥലങ്ങളുണ്ട്‌. ഇല്ലായിരുന്നെങ്കി...
15/10/2021

അവതീർണമാകുന്ന വചനം...
John 14
ഏതാണ് ആ വാസഗേഹം ?

1. "എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്‌ഥലങ്ങളുണ്ട്‌. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്‌ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ?"
യോഹന്നാന്‍ 14 : 2

ഏതാണ് ഈ വാസസ്ഥലം?

2. പിതാവാണ് പുത്രന്റെ വാസഗേഹം!
പുത്രനാണ് പിതാവിന്റെ വാസഗേഹം!

"ഞാന്‍ പിതാവിലും പിതാവ്‌ എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ്‌ തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്‌.
ഞാന്‍ പിതാവിലും പിതാവ്‌ എന്നിലും ആണെന്ന്‌ ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍."
യോഹന്നാന്‍ 14 : 10-11

3. വഴിയും സത്യവും ജീവനുമായ യേശുകർത്താവിലൂടെ നാം പ്രവേശിക്കുന്നത് പരസ്പര സ്‌നേഹ സമർപ്പണത്തിലൂടെ ഭവനമായിത്തീർന്ന ത്രിയേക ദൈവത്തിലേക്കാണ്.

"ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍.
പിതാവിന്റെയും പുത്രന്റെയും പരിശുദ്‌ധാത്‌മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്‌ഞാനസ്‌നാനം നല്‍കുവിൻ"
മത്തായി 28 : 19-20

'നാമങ്ങളി'ല്ല, 'നാമ'ത്തിലാണ് സ്നാനം നൽകേണ്ടത്.

'ശിഷ്യപ്പെടുത്തുക' (mathetheusate (Greek) എന്നാൽ ''ഉൾച്ചേർക്കുക' എന്നാണ് അർത്ഥം.
ത്രിയേക ദൈവത്തിന്റെ ജീവനിലേക്കാണ് ഉൾച്ചേർക്കപ്പെടുന്നത്.

4. യോഹന്നാൻ 17 ൽ നാം ഈ ദൈവൈക്യ ഭവനമായിത്തീരാനാണ് ഈശോ പ്രാർത്ഥിക്കുന്നത്.

"അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ്‌ എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന്‌ എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന്‌ അങ്ങ്‌ എനിക്കു തന്ന മഹത്വം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു.
അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന്‌ ഞാന്‍ അവരിലും അവിടുന്ന്‌ എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ്‌ എന്നെ അയച്ചുവെന്നും അങ്ങ്‌ എന്നെ സ്‌നേഹിച്ചതുപോലെതന്നെ അവരെയും സ്‌നേഹിച്ചുവെന്നും ലോകം അറിയട്ടെ."
യോഹന്നാന്‍ 17 : 21-23

06/10/2021

അവതീർണമാകുന്ന വചനം ...

Luke 20, 20-26

വിശ്വാസികളെ കുടുക്കുവാൻ കാത്തിരിക്കുന്നവർ ...

"അതിനാല്‍ അവര്‍, നീതിമാന്‍മാരെന്നു ഭാവിക്കുന്ന ചാരന്‍മാരെ അയച്ച്‌ അവനെ ദേശാധിപതിയുടെ അധികാരത്തിനും വിധിക്കും ഏല്‍പിച്ചുകൊടുക്കത്തക്കവിധം അവന്റെ വാക്കില്‍നിന്ന്‌ എന്തെങ്കിലും പിടിച്ചെടുക്കാന്‍ അവസരം കാത്തിരുന്നു."
ലൂക്കാ 20 : 20

കർത്താവിനെ വാക്കിൽ കുടുക്കുവാൻ കാത്തിരിക്കുന്നവർ!
എന്തിന്?

അവിടുത്തെ ലോകത്തിന്റെ അധികാരിക്കും വിധിക്കും ഏല്പിച്ചു കൊടുക്കുവാൻ.

കർത്താവിനെയെന്നപോലെ വാക്കിൽ കുടുക്കാൻ അവന്റെ സഭയെ ലക്ഷ്യം വച്ചിരിക്കുന്ന ഒരു ന്യൂനപക്ഷം ഇന്നുമുണ്ട്.

അവരുടെ കുബുദ്ധിയിൽ നാം പലപ്പോഴും വീണു പോകുന്നുമുണ്ട്.

വീഴ്ച്ചയുടെ ആഘാതത്തിൽ അവർ അനേകായിരങ്ങളാണെന്നും പ്രബല ശക്തിയെന്നും സാത്താന്റെ അവതാരങ്ങളാണെന്നും പുരമുകളിൽ നിന്ന് വിളിച്ചു പറയുന്നവരുണ്ട്.

യഥാർത്ഥത്തിൽ നാം വീണത് കൂടെയുള്ള കർത്താവിന്റെ ശക്തിയെ തിരിച്ചറിയാഞ്ഞതു കൊണ്ടാണ്.
അവിടുന്നിൽ ആശ്രയിക്കാതെ സ്വന്തം വാക്കിലും യുക്തിയിലും വിലയിരുത്തലുകളിലും ശരണം വച്ചതുകൊണ്ടാണ്.

അവരുടെ ശക്തിയെയല്ല, അവിടുത്തെയാണ് പുരമുകളിൽ കയറി നാം പ്രഘോഷിക്കേണ്ടിയിരുന്നത്.

അവർക്ക് വാക്കിൽ കുടുക്കാനുള്ള അവസരം.
എനിക്ക് അവന്റെ ശക്തിയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം.

ലോകത്തിന്റെ അധികാരിയോടും വിധിയോടും ഒത്തുതീർപ്പു നടത്തി
അവിടുത്തോട് വിശ്വസ്ത പുലർത്താതിരുന്നാൽ
ലോകത്തിന് ഞാൻ എന്നെത്തന്നെ ഏല്പിച്ചു കൊടുക്കുകയാണ്.

മാന്യരല്ല, മാന്യരെന്ന് ഭാവിക്കുന്നവരാണ് എന്നെ കുഴിയിൽ വീഴ്ത്തുന്നത്.
എത്ര സുന്ദരമായ വാക്കുകളുമായാണ് അവർ യേശുവിനോട് സംസാരിച്ചു തുടങ്ങുന്നത്!

സ്തുതി പാഠകരുടെ മധ്യത്തിൽ ആത്മാർത്ഥതയുടെ വാക്കുകളെ തിരിച്ചറിയാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

+ ടോണി

04/09/2021

അവതീർണമാകുന്ന വചനം...

Matthew 13, 44

ആരാധനയും വിശ്വാസവും ചവിട്ടിതേക്കാനുള്ളതല്ല....

1. ദൈവത്തിൻെറ ഭരണമെവിടെയുണ്ടോ അതാണ് സ്വര്‍ഗ്ഗരാജ്യം.

തനിക്കുള്ളതെല്ലാം വിറ്റ് സ്വന്തമാക്കാന്‍ മാത്രം അമൂല്യമാണ് സ്വര്‍ഗ്ഗരാജ്യം. അങ്ങിനെ സ്വന്തമാക്കുന്നതിൻെറ ആനന്ദം മറ്റൊരിടത്തും ലഭ്യമല്ല.

എന്താണ് ഞാന്‍ വില്‍ക്കേണ്ടിവരിക? നഷ്ടപ്പെടുത്തേണ്ടിവരിക?

സ്വർഗ്ഗരാജ്യത്തിനുവേണ്ടി ഞാന്‍ അനുരഞ്ജനപ്പെടണമോ? അത് നഷ്ടമല്ല;

ദുശ്ശീലങ്ങള്‍ വേണ്ടന്നുവയ്ക്കണമോ? അത് സ്വര്‍ഗ്ഗസമാനമാക്കും എൻെറ ജീവിതം.

ജഡികസന്തോഷങ്ങള്‍ ഉപേക്ഷിക്കണമോ? എന്നും നിലനില്‍ക്കുന്ന സന്തോഷത്തിനുവേണ്ടി ഞാന്‍ തയ്യാറാണ്.

എന്റെ താല്‍പര്യങ്ങള്‍ ബലികഴിക്കണമോ? തയ്യാറാണ്, അവിടുത്തെ താല്‍പര്യങ്ങള്‍ നിറവേറപ്പെടുമെങ്കില്‍.

ഉപേക്ഷിക്കുന്നതിലും പുനര്‍ക്രമീകരിക്കുന്നതിലും ഞാന്‍ എനിക്കുള്ളതെല്ലാം വിറ്റ് ദൈവരാജ്യത്തിന് അവകാശിയാകുകയാണ്.

'ദൈവരാജ്യമെന്നാല്‍ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്.' (റോമ. 14, 17)

2. ദൈവരാജ്യം എന്തിനാണ് ഒളിച്ചുവയ്ക്കുന്നതും മറച്ചുവയ്ക്കുന്നതും?

'എന്തിനാണ് നിധി കണ്ടെത്തിയ മനുഷ്യന്‍ അത് സ്വന്തമാക്കുന്നതുവരെ ഒളിച്ചുവച്ചത്?' മഹാനായ വി. ഗ്രിഗറി ഒന്നാമന്‍ പാപ്പാ ചോദിക്കുന്ന ചോദ്യമാണിത്.

അദ്ദേഹം തന്നെ മറുപടി പറയുന്നു, 'ഒളിച്ചുവയ്ക്കുന്നത് അത് സംരക്ഷിക്കാനാണ്.'

എന്തില്‍ നിന്ന് സംരക്ഷിക്കുവാനാണ്?

'മനുഷ്യരുടെ സ്തുതികളില്‍ നിന്നും തിന്മയുടെ ശക്തികളില്‍ നിന്നും സംരക്ഷിക്കണം'.

മനുഷ്യരുടെ സ്തുതിയുടെ പുറകെ പോകുന്നെങ്കില്‍, സ്വര്‍ഗ്ഗീയമായ ഈ നിധിയെ വെറും ലൗകികമായി കാണാനും അങ്ങിനെ അത് നഷ്ടപ്പെടാനും ഇടയാകും.

തിന്മയുടെ ശക്തികള്‍ക്കുമുമ്പില്‍ ഈ നിധി തുറന്നു വച്ചാല്‍, അത് കള്ളന്മാരുടെ മുമ്പില്‍ വിലപ്പെട്ട നിധി അലസമായി വയ്ക്കുന്നതുപോലെയാണ്. അത് മോഷ്ടിക്കപ്പെടും.

3. നമ്മുടെ ആരാധനാ വിഷയങ്ങളും നാം വിശ്വസിക്കുന്ന സത്യങ്ങളും സ്വര്‍ഗ്ഗീയമായ നിധിയിലേക്കുള്ള ഒരുക്കങ്ങളാണല്ലോ.

അവ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനത്തിനും വിഴുപ്പലക്കലിനും നാം വച്ചുവിളമ്പുന്നത് സ്വര്‍ഗ്ഗരാജ്യത്തിൻെറ വഴികളില്‍ നമ്മെ സഹായിക്കില്ല.
മറിച്ച്, കണ്ടെത്തിയ സ്വര്‍ഗ്ഗീയമായ നിധി നഷ്ടമാക്കുന്നതിന് ഇടവരും.

എന്നിലെ സ്വര്‍ഗ്ഗീയ നിധി തിന്മയുടെ ശക്തികള്‍ മോഷ്ടിക്കും.

സ്വര്‍ഗ്ഗീയ വഴികളിലൂടെ പോകേണ്ട ഞാന്‍, വെറും ലൗകികമായും രാഷ്ട്രീയമായും മാത്രം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും മാത്രം കഴിവുള്ള തരംതാഴ്ന്ന വഴികളിലൂടെ സഞ്ചരിക്കുന്നവനാകും.

എപ്പഴൊക്കയോ ഞാന്‍ മനസ്സിലാക്കും, സ്വര്‍ഗ്ഗീയനിധിയില്‍ നിന്ന് എൻെറ ശ്രദ്ധ എപ്പഴേ മാറിപ്പോയി; സ്വര്‍ഗ്ഗത്തിൻെറയും വിശ്വാസത്തിൻെറയും ആരാധനയുടെയും പേരില്‍ ഇപ്പോള്‍ ഞാന്‍ തേടുന്നത് മറ്റെന്തോ ആണെന്ന്.

സാമൂഹികമാധ്യമങ്ങളിലെ ഉപരിപ്ലവമായ ചര്‍ച്ചകള്‍ക്ക് നമ്മുടെ ആഴമായ വിശ്വാസസത്യങ്ങളെ നമുക്ക് ഇട്ടുകൊടുക്കാതിരിക്കാം.

സഭയുടെയും വിശ്വാസത്തിൻെറയും ശത്രുക്കള്‍ അവ മോഷ്ടിക്കാനിടയുണ്ട്.

വചനം നമ്മോട് സംസാരിക്കട്ടെ:
'വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്‌തേക്കാം.' (മത്താ. 7, 6)

+ Tony Neelankavil

Address

Thrissur
680005

Website

Alerts

Be the first to know and let us send you an email when WORD BEcoming- Biblical Reflections in Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to WORD BEcoming- Biblical Reflections in Malayalam:

Share