27/09/2024
മാന്ദാമംഗലം സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ട്രസ്റ്റിയായും സെക്രട്ടറിയായും മാനേജിംങ് കമ്മറ്റി അംഗമായും, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗമായും നിരവധികാലം പ്രവർത്തിച്ച പി.ടി.വർഗ്ഗീസ് പാലിശ്ശേരി നിര്യാതനായി. മാന്ദാമംഗലം പള്ളി സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോൾ ഇടവകയിലെ സാധാരണക്കാരായ വിശ്വാസികൾക്ക് ധൈര്യം പകർന്ന് മുന്നിൽ നിന്ന് നയിച്ച ഒരു ധീര പോരാളിയായിരുന്നു ശ്രീ.വർഗീസ്. മലങ്കര സഭയുടെ സ്വാതന്ത്ര്യവും സ്വത്വ ബോധവും സംരക്ഷിക്കുന്നതിന് വേണ്ടി സ്വന്തം ആരോഗ്യസ്ഥിതി പോലും കണക്കിലെടുക്കാതെ രാപകൽ വ്യത്യാസമില്ലാതെ പ്രവർത്തിച്ച വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതിനുവേണ്ടി അദ്ദേഹം അനുഭവിച്ച മാനസിക പീഡനങ്ങളും ശാരീരിക പീഡനങ്ങളും ഒട്ടനവധിയാണ്. എന്നാൽ ഇതൊന്നും ലക്ഷ്യത്തിൽ എത്തിച്ചേരുന്നത് വരെ അദ്ദേഹത്തെ ബാധിച്ചില്ല എന്നുള്ളത് മലങ്കര സഭയുടെ ഏതൊരു വിശ്വാസിയെ സംബന്ധിച്ചും മാതൃകാപരമായ ഒന്നുതന്നെയാണ്. കോടതിവിധി നടപ്പാക്കുന്ന ഘട്ടങ്ങളിൽ പോലും സ്വന്തം ആരോഗ്യത്തെ പ്രണവൽക്കരിച്ചുകൊണ്ട് മുന്നിൽ നിന്ന് പോരാടി ശാരീരികമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ വ്യക്തിത്വമാണ് ശ്രീ.പി. ടീ. വർഗീസ്.
ഹൃദയസംബന്ധമായ അസുഖം മൂലം മരണപ്പെട്ട വർഗ്ഗീസ് ചേട്ടൻറെ വേർപാട് മാന്ദാമംഗലം ഇടവകയെ സംബന്ധിച്ചും മലങ്കരസഭയെ സംബന്ധിച്ചു തീരാനഷ്ടമാണ്. അദ്ദേഹം പകർന്നു നൽകിയ വിശ്വാസ തീഷ്ണതയും, ആത്മധൈര്യവും മാന്ദാമംഗലം ഇടവകയിലെ ഓരോ വിശ്വാസിയുടെ നെഞ്ചിലും അണയാതെ ഉണ്ടാകും.
സെൻറ് മേരീസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനം മാന്ദാമംഗലം .