15/01/2026
യാക്കോബായ പള്ളിയിലെ മത സൗഹാർദ്ദ മണിനാദം നിലച്ചു....
മുപ്പത് വർഷമായി തൊടുപുഴ മാർക്കറ്റിൽ യാക്കോബായ പള്ളി വക സ്ഥലത്തു ഇരുന്നു പച്ചക്കറി കച്ചവടം നടത്തിയിരുന്ന നാസർ ഹമീദ് (62) വിട പറഞ്ഞു. 🌹
അവറാച്ചൻ ചേട്ടന് വയ്യാതായപ്പോൾ, കോവിഡ് കാലം മുതൽ ഇന്നോളം പള്ളിയിൽ എല്ലാകാര്യങ്ങളും നോക്കി നടത്തിയിരുന്നത് നാസർ ആയിരുന്നു.
രാവിലെയും വൈകുന്നേരവും പള്ളിമണി അടിക്കുന്നതും നാസർ ആയിരുന്നു.
യാക്കോബായ പള്ളിയിലെ ഓരോ അംഗത്തിനും നാസറുമായുള്ള ആത്മബന്ധം വളരെ വലുതായിരുന്നു എന്നതാണ് വസ്തുത.
അന്യമതത്തിൽ പെട്ട ആളായി പള്ളിയിൽ ആരും അദ്ദേഹത്തെ കണ്ടിരുന്നില്ല. മുപ്പതു വർഷത്തെ ആത്മബന്ധമുണ്ട് ആ പള്ളിയുമായി നാസറിന്.
നാസറിനെപറ്റി ആമ്പൽ ജോർജ് ഇങ്ങനെ എഴുതുന്നു:
യാക്കോബായപള്ളിയിലെ മത സൗഹാർദ്ദ മണിനാദം നിലച്ചു.
വർഷങ്ങളായി ഉദയാസ്തമനങ്ങളുടെ പ്രാർത്ഥനാധ്വനി അന്തരീക്ഷത്തിൽ മണിനാദമായി മുഴങ്ങിയിരുന്നത് നാസറിന്റെ ഹൃദയസ്പന്ദനമായിരുന്നു.
ദേവാലയവും പരിസരവും പരിപാലിക്കുന്നതിൽ നാസർ കാണിച്ചിരുന്ന സമർപ്പണം മറ്റാർക്കും കഴിയില്ല.
പ്രാർത്ഥനകളുടെ പേര് വിവരങ്ങളും, നേർച്ചകാഴ്ചകൾ വാഴ്‌വിനായി ബലിയർപ്പണ വേദിയിൽ എത്തിച്ചിരുന്നതും എല്ലാം നാസ്സറിൽ അർപ്പിതമായിരുന്നു.
മണ്മറഞ്ഞു പോയവരുടെ കബറിടങ്ങളിൽ നിത്യേന എത്തി ആത്മക്കളുമായി കുശലം പറയുന്നതും സെമിത്തേരി വെടിപ്പായി സൂക്ഷിക്കുന്നതുമൊക്കെ ഒരു പുണ്യമായി കരുതിയിരുന്നു നാസർ.
ബന്ധുക്കൾ പോലും മറന്നുപോയ മരണ ദിവസം കൃത്യമായി ഓർമ്മിച്ചു കബറിടം തൂത്തു വെടിപ്പാക്കി മെഴുകുതിരികൾ കത്തിക്കുന്നതിനു ഇനി നാസ്സർ ഉണ്ടാകില്ല.
തന്നെ പോലെ തന്നെ തന്റെ അയൽക്കാരനെയും സ്നേഹിക്കണമെന്ന ക്രിസ്തു വചനം തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കി, ഇനി ഒരു തിരിച്ചുവരവില്ലാതെ നാസർ പോയി.
അല്ലാഹുവും യേശുവും ഒന്നായിരിക്കുന്ന കർമഭൂമിയിൽ നാസ്സർ ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
നാസറിന് യാത്ര മൊഴി നേരുന്നു🙏😢
*****
നാസർ ഹമീദിന്റെ ഭൗതിക ദേഹം കാരിക്കോട് നൈനാരു പള്ളി ഖബർസ്ഥാനിൽ കബറടക്കി.
ഭാര്യ : ഷാഹിന.
മക്കൾ: ബീമാ , ബാദുഷ, ബാസിം
മരുമകൻ: സാദിഖ്.