07/10/2024
ആദിവാസി വിഭാഗമായ കാണിക്കാർ പൂജചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടവയാണ് വെള്ളാണിക്കൽ ഭഗവതി ക്ഷേത്രവും പാറമുകൾ ശ്രീ ആയിരവില്ലി ക്ഷേത്രവും. ഗോത്ര വർഗ്ഗക്കാരുടെ പാരമ്പര്യ രീതിയിലുള്ളതും തനതുമായ പൂജകൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്ന ക്ഷേത്രങ്ങൾ കൂടിയാണ് ഇവ. വരെള്ളാണിക്കൽ- പാറമുകൾ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് ആഘോഷങ്ങളാണ് പാരമ്പര്യ രീതിയിൽ കാണിക്കാർ ആഘോഷിക്കുന്നത്. പുത്തരിക്കൊടുതി, മണ്ഡലവിളക്ക് മഹോത്സവം, ഉത്സവം എന്നിവയാണവ. വെള്ളാണിക്കൽ ശ്രീ വനദുർഗ്ഗാ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരിക്കൊടുതി മഹോത്സവം ഒക്ടോബർ 10, 11 തീയതികളിലായി ആഘോഷിക്കുകയാണ്.
വർഷങ്ങൾക്ക് മുൻപ് വെള്ളാണിക്കൽ പ്രദേശങ്ങളിൽ ഏക്കറുകണക്കിന് നെൽകൃഷി ചെയ്തിരുന്നു. വെള്ളാണിക്കൽ ദേശക്കാരുടെ പ്രധാന കൃഷി വിഭവങ്ങളിൽ ഒന്നു കൂടിയായിരുന്നു നെൽകൃഷി. പഴമക്കാർ കൃഷിചെയ്ത് വിളവെടുക്കുന്ന നെല്ലിൽ ഒരു ഭാഗം അവരുടെ ദേശത്തെ കാത്തുരക്ഷിക്കുന്ന ദേവിക്ക് സമർപ്പിക്കുന്നത് പതിവാണ്. വെള്ളാണിക്കൽ ഏലായിൽ കൃഷിയിറക്കി അതിന്റെ ആദ്യ നെൽക്കതിർ ദേവിക്കു സമർപ്പിക്കുന്ന ചടങ്ങാണ് 'പുത്തരിക്കൊടുതി'. ചിങ്ങത്തിലെ ഓണാഘോഷങ്ങൾക്കു ശേഷം വരുന്ന കന്നി മാസത്തിലെ പൂരാടം ദിനത്തിലാണ് പുത്തരിക്കൊടുതി ചടങ്ങുകൾ നടക്കുന്നത്. ഈ ആചാരം ഇപ്പോഴും മാറ്റമില്ലാതെ വെള്ളാണിക്കൽ ക്ഷേത്രത്തിൽ തുടരുന്നു.
നെൽക്കതിരുകൾ പറിച്ചെടുത്ത് പഴയ ഉരുളിയിൽ ഇടിച്ച് പുത്തരിയാക്കിയാണ് ദേവിക്കു സമർപ്പിക്കുന്നത്. ഈ പുത്തരിയിൽ ഒരു ഭാഗം കൃഷിയിറക്കിയ കർഷകർക്ക് വീതിച്ചു നൽകുകയും ചെയ്യുന്നു. കർഷകർ അടുത്ത വിളവ് ആകുന്നതുവരെ ഈ പുത്തരി സൂക്ഷിച്ചു വയ്ക്കുകയാണ് പതിവ്. നിലങ്ങൾ പുരയിടങ്ങളായി രൂപംമാറി, കൃഷി അവസാനിച്ചിട്ടും വെള്ളാണിക്കൽ വനദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ ഈ ചടങ്ങ് ഇപ്പോഴും തുടർന്നു വരുന്നുണ്ട്. ചടങ്ങിനോടനുബന്ധിച്ച് കാണിപ്പാട്ടും (ചാറ്റുപാട്ട്) ക്ഷേത്രത്തിൽ നടക്കും. കാണിക്കാർ പൂജിക്കുന്ന ക്ഷേത്രങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ആചാരമാണ് ചാറ്റുപാട്ട്.
കൃഷി നേരിട്ടു കണ്ടിട്ടില്ലാത്ത ഏറ്റവും പുതിയ തലമുറയ്ക്കു അത്ഭുതങ്ങൾ കൂടിയാണ് ഈ ചടങ്ങുകൾ സമ്മാനിക്കുന്നത്. ഇന്ന് പ്രദേശങ്ങൾ നിലങ്ങളിൽ നിന്നും പുരയിടങ്ങളിലേക്ക് മാറിയിരിക്കുന്നുവെങ്കിലും വെള്ളാണിക്കൽ- പാറമുകൾ ക്ഷേത്രങ്ങളിലെ ചടങ്ങുകൾ പൂർവ്വാധികം ഭംഗിയായി നാട്ടുകാർ കൊണ്ടാടുന്നുണ്ട്.
പണ്ടുകാലങ്ങളിൽ ധാരാളമായി വെെഡൂര്യ ഖനനം നടന്നിരുന്ന പ്രദേശമായിരുന്നു. വെള്ളാണിക്കൽ. മാണിക്ക്യം വിളയുന്ന നാട് എന്നർത്ഥത്തിലാണ് വെള്ളാണിക്കൽ ഉൾപ്പെടുന്ന പ്രദേശത്തിന് മാണിക്കൽ എന്ന പേര് സിദ്ധിച്ചത്. വെള്ള മാണിക്ക്യക്കല്ലുകളുടെ നാട് എന്ന പഴമക്കാരുടെ വാമൊഴി പിന്നീട് വെള്ളാണിക്കൽ എന്നായി മാറിയതാണെന്ന് വിശ്വസിക്കുന്നു. പഞ്ചായത്ത് രൂപീകരണ സമയത്ത് ഈ വാർഡിൻ്റെ മാണിക്കൽ എന്ന പേര് പഞ്ചായത്തിനും ലഭിച്ചു. ഇതൊരു ഗോത്രവർഗ്ഗ വാർഡു കൂടിയാണ്. കാണി സമുദായത്തിൽപ്പെട്ട ഏഴോളം കുടുംബങ്ങളാണ് ഈ വാർഡിൽ താമസിക്കുന്നത്. ഇവർക്ക് ഒരു ഊരുകൂട്ടവും, ഈ ഊരുകൂട്ടത്തിന് ഒരു ഊരുമൂപ്പനുമുണ്ട്. ഊരുമൂപ്പനും വെള്ളാണിക്കൽ- പാറമുകൾ ക്ഷേത്രങ്ങളിലെ മുഖ്യപൂജാരിയുമായിരുന്ന ശ്രീ സോമൻ കാണി രണ്ടു മാസം മുൻപാണ് അന്തരിച്ചത്. പുതിയ ഊരുമൂപ്പനെ തിരഞ്ഞെടുത്തിട്ടില്ല.
ചരിത്രവും ഐതീഹ്യങ്ങളും ഒരുപോലെ സമന്വയിക്കുന്ന വെള്ളാണിക്കൽ ദേശത്തെ ശ്രീ വനദുർഗ്ഗാ ദേവീക്ഷേത്രത്തിലെ പുത്തരിക്കൊടുതി മഹോത്സവത്തിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.