13/10/2024
#വിദ്യാരംഭം
വിദ്യ ആരംഭിക്കുന്ന ദിനമാണ് വിജയദശമി. വിജയദശമി നാളില്‍ വിദ്യാരംഭം കുറിക്കുന്നതിന് പ്രത്യേക മുഹൂര്‍ത്തം നോക്കേണ്ടതില്ല. മഹാനവമിയുടെ പിറ്റേ ദിവസമാണ് വിജയദശമി.
കുട്ടിക്ക് അനുയോജ്യമായ മുഹൂര്‍ത്തം കുറിച്ച് വാങ്ങി നാവില്‍ ആദ്യാക്ഷരമെഴുതിക്കുന്ന സമ്പ്രദായമാണ് പണ്ടുകാലത്ത് കേരളത്തില്‍ നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ എഴുത്തിനിരുത്തുന്നത് വിജയദശമി ദിനങ്ങളില്‍ മാത്രമായി ചുരുങ്ങി.
വിജയദശമി നാളില്‍ നവമി ബാക്കിയുണ്ടെങ്കില്‍ അതും കഴിഞ്ഞ ശേഷമേ വിദ്യാരംഭം തുടങ്ങാവു എന്ന് മാത്രം. വിജയദശമി ദിവസം രാവിലെ പ്രാര്‍ത്ഥനയ്‌ക്ക് ശേഷം പൂജ എടുക്കും. അതിന് ശേഷം മണലിലോ ഉണക്കലരിയിലോ
“ഓം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു, ശ്രീ ഗുരുഭ്യോ നമഃ ”
എന്ന് മലയാള അക്ഷരമാല എഴുതണം.
ഹൈന്ദവാചാരങ്ങളില്‍ വിശ്വസിക്കുന്ന എല്ലാ മലയാളികളും ഓരോ പ്രദേശത്തെയും ജീവിത രീതിയുടെയും മറ്റും അടിസ്ഥാനത്തില്‍ ഗ്രന്ഥങ്ങള്‍ പണിയായുധങ്ങള്‍ എന്നിവ ദേവീ സന്നിധിയില്‍ പൂജിച്ച് വയ്ക്കുകയും വിജയദശമി ദിനം അവ പ്രാര്‍ത്ഥനയോടെ തിരികെ എടുക്കുകയും ചെയ്യുന്നു.
വിദ്യക്കും ജീവിതവൃത്തിക്കും അധിപയായ ദേവിയുടെ അനുഗ്രഹം നേടി എടുക്കുകയാണ് ഈ ആരാധനക്ക് പിന്നില്‍. ദുര്‍ഗാഷ്‌ടമി ദിനത്തില്‍ ആയുധങ്ങളും ഗ്രന്ഥങ്ങളും ഉപകരണങ്ങളും ദേവി സന്നിധിയില്‍ പൂജവയ്ക്കും.
പൂജ എടുക്കുന്ന സമയം
#പൂജയെടുപ്പ്
ഒക്ടോബർ 13 ഞായറാഴ്ച
രാവിലെ ഉഷ: പൂജയ്ക്ക് ശേഷം
#വിദ്യാരംഭം
ഒക്ടോബർ 13 നു രാവിലെ പൂജയെടുപ്പിന് ശേഷം. ക്ഷേത്രങ്ങളിൽ സമയം നോക്കേണ്ടതില്ല.
പൂജയെടുപ്പ് വിദ്യാരംഭം എന്നത് ദശമിതിഥി ഉദയത്തിന് ആറു നാഴിക എങ്കിലും വരുന്ന ദിവസം രാവിലെയാണ്.'
പതിവ് പൂജയും ജപവും കഴിഞ്ഞ് വച്ച പുസ്തകങ്ങൾ എടുക്കാം. അവിടെയിരുന്നു വായിക്കണം.
വിദ്യാരംഭത്തിന് ആവശ്യമായ ഒരുങ്ങൾ
നിലവിളക്ക്, തിരി, എണ്ണ, വയമ്പ്, തേൻ, ത്രിമധുരം, പടുക്ക (അവിൽ, മലര്, ശർക്കര, പഴം,കരിമ്പ്), സരസ്വതി വിഗ്രഹം അഥവാ ഫോട്ടോ, പൂക്കൾ, മാല,കുഞ്ഞിനുള്ള ഉടുപ്പ്, ഇരിക്കാനുള്ള പലക എന്നിവയാണ്.
ചടങ്ങുകൾ
തേനിൽ ചാലിച്ച വയമ്പ് കുട്ടിയുടെ നാവിൽ നൽകുക. അതിൽ മുക്കിയ സ്വർണമോതിരംകൊണ്ട് കുട്ടിയുടെ നാവിൽ ഹരിഃശ്രീ എഴുതിക്കുക. കുട്ടിയെ സരസ്വതി ദേവിയെയും മറ്റ് ഗുരുകാരണവന്മാരെയും പാദ നമസ്‌കാരം ചെയ്യിച്ച് അനുഗ്രഹം വാങ്ങിക്കുക.
ഗണപതിക്ക് മലർനിവേദ്യവും സരസ്വതിക്ക് ത്രിമധുരവും (കൽക്കണ്ടം, നെയ്യ്, തേൻ, ഉണക്കമുന്തിരി) നിവേദിച്ച ശേഷം ഗണപതി വന്ദനം നടത്തണം. (ചൊല്ലേണ്ട മന്ത്രം- വക്രതുണ്ട മഹാകായ, കോടി സൂര്യസമപ്രഭ, നിർവിഘ്നം കുരു,മേ,ദേവ, സർവകാര്യേഷ്യു സർവദാ).
തുടർന്ന് വിഗ്രഹത്തെ നമസ്‌കരിച്ച ശേഷം ഗുരു, ഗണപതി, വ്യാസൻ, ദക്ഷിണാമൂർത്തി, സരസ്വതി എന്നിവരെ സ്മരിക്കുക. ഇതിനായുള്ള മന്ത്രങ്ങളും ചൊല്ലാം. ദേവി മാഹാത്മ്യം, ലളിതാ സഹസ്രനാമം തുടങ്ങിയവയും ഇഷ്ടമുള്ള സ്‌തോത്രങ്ങളും ചൊല്ലാം.
അച്ഛന്റെയും അമ്മയുടെയും മടിയിലിരുന്നാണ് കുഞ്ഞ് ആദ്യാക്ഷരം കുറിക്കുന്നതെങ്കിൽ അതിനും നിയമങ്ങളുണ്ട്. അമ്മയാണെങ്കിൽ കുട്ടിയെ ഇടതുതുടയിലും അച്ഛനാണെങ്കിൽ വലതുതുടയിലും വേണം ഇരുത്താൻ. ആചാര്യന്റെ മടിയിലാണു കുട്ടി ഇരിക്കുന്നതെങ്കിൽ ആൺകുട്ടിയെ വലതുതുടയിലും (വശത്തും) പെൺകുട്ടിയെ ഇടതുതുടയിലും (വശത്തും) ഇരുത്തണം.
ആദ്യം കുട്ടിയുടെ നാവിൽ തേനിൽ മുക്കിയ സ്വർണം കൊണ്ടു വേണം അക്ഷരം കുറിക്കാൻ. പിന്നെ മഞ്ഞൾ ഉപയോഗിച്ചും നാവിൽ അക്ഷരം എഴുതണം. അതിനു ശേഷമാണ് പുഴുങ്ങി ഉണക്കാത്ത അരിയിൽ കുട്ടിയുടെ ചൂണ്ടുവിരൽ കൊണ്ട് (വ്യാഴത്തെയാണ് ചൂണ്ടുവിരൽ പ്രതിനിധീകരിക്കുന്നത്) അക്ഷരം എഴുതിക്കേണ്ടത്.
ഓരോ അക്ഷരവും കുട്ടിയെക്കൊണ്ടു പറയിച്ച് എഴുതിക്കുന്നത് ആരാണോ അവർ വേണം അക്ഷരം മായ്ക്കുവാൻ. കുട്ടിയെക്കൊണ്ട് അതു ചെയ്യിക്കരുത്. ഹരിഃ ശ്രീഃ ഗണപതയേ നമഃ എന്നു വേണം എഴുതിക്കുവാൻ. ‘ഗണപതായേ’ എന്നു ‘ത’ യ്ക്കു ദീർഘം കൊടുത്ത് എഴുതിക്കരുത്. അടുത്ത ദിവസം വീട്ടിൽത്തന്നെ രക്ഷിതാക്കൾ കുട്ടിയെക്കൊണ്ട് എഴുതിക്കണം. അതും അരിയിൽത്തന്നെ വേണം.
തയ്യാറാക്കിയത്: ഉദയകുമാർ, നെട്ടയം