01/10/2012
വൃദ്ധജനങ്ങളുടെ സംരക്ഷണത്തിനായി "പള്ളിവീടുകള്‍"
വൃദ്ധജനങ്ങളുടെ സംരക്ഷണത്തിനായി കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍ തോറും ‘പള്ളിവീടുകള്‍’ നിര്‍മിക്കാന്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ പദ്ധതിയിടുന്നു. മക്കളുടെ സംരക്ഷണം ലഭിക്കാതെ വാര്‍ധക്യത്തില്‍ ഒറ്റപെട്ടുപോകുന്ന മാതാപിതാക്കള്‍ കേരളത്തില്‍ വലിയ സാമൂഹിക പ്രശ്നമായി മാറുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു പദ്ധതിയെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പള്ളികള്‍ക്ക് കീഴില്‍ ആരംഭിച്ച പള്ളികൂടങ്ങളാണ് കേരളത്തില്‍ വിദ്യാഭ്യാസ വിപ്ളവം സൃഷ്ടിച്ചതെങ്കില്‍ വൃദ്ധജനങ്ങളുടെ സംരക്ഷണരംഗത്തും വലിയ മാറ്റങ്ങള്‍ക്ക് ഈ പദ്ധതി വഴിതുറക്കുമെന്ന് അഹമ്മദാബാദ് ഭദ്രാസന മെത്രാപൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ചൂണ്ടിക്കാട്ടി.
സഭയുടെ കാതോലിക്കേറ്റ് ശതാബ്ദി ആഘോഷത്തിന്‍െറ ഭാഗമായാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ശതാബ്ദി ആഘോഷത്തിന്‍െറയും മസ്കത്തിലെ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ 40ാം വാര്‍ഷിക സമാപനത്തിന്‍െറയും ഭാഗമായി ഒമാനിലെത്തിയപ്പോഴാണ് കാത്തോലിക്ക ബാവ പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ഭാഗമായി വീടുകളില്‍ ആശ്രയമില്ലാതെ കഴിയുന്ന വൃദ്ധ മാതാപിതാക്കളെ ജാതി, മത ഭേദമന്യേ രാവിലെ വാഹനത്തില്‍ ‘പള്ളിവീടു’കളില്‍ എത്തിക്കും. അവര്‍ക്ക് ഭക്ഷണം നല്‍കും, ഒന്നിച്ചിരുന്ന് പത്രം വായിക്കാനും, വിവിധവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസരം നല്‍കും. സ്നേഹിക്കാനും സംരക്ഷിക്കാനുമില്ലെന്ന് തോന്നല്‍ മാറ്റി വൃദ്ധജനങ്ങള്‍ക്ക് സജീവവും ക്രിയാത്മകവുമായി മുന്നോട്ടുപോകാന്‍ അവസരമൊരുക്കും. വൈകുന്നേരം വാഹനത്തില്‍ അവരെ വീട്ടിലേക്ക് തിരിച്ചുവിടുന്നതുമാണ് ‘പള്ളിവീട്’ പദ്ധതി. പദ്ധതിക്ക് അന്തിമരൂപം നല്‍കുന്നതിന് കേരളത്തിലെ 20 ഭദ്രാസനങ്ങള്‍ക്ക് കീഴിലും സമിതി രൂപവത്കരിക്കുന്നുണ്ട്.
‘പള്ളിവീടു‘കളില്‍ എത്തുന്നവരെ പരിപാടിക്കുന്നതിനും അവരുമായി സംവദിക്കുന്നതിനും ആദ്യഘട്ടത്തില്‍ 200 പേര്‍ക്ക് പരിശീലനം നല്‍കും. കോട്ടയം മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. വര്‍ഗീസ് പുന്നൂസ് പദ്ധതിക്ക് നേതൃത്വം നല്‍കും. സഭയുടെ ഈവര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രധാന അജണ്ട വൃദ്ധജനസംരക്ഷണവും പാലിയേറ്റീവ് കെയറുമാണ്. പള്ളികള്‍ കേന്ദ്രീകരിച്ച് പാലിയേറ്റീവ് കെയര്‍ സെന്‍ററുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നും പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു.
വര്‍ധിച്ചുവരുന്ന വിവാഹമോചനവും, സുറിയാനി ക്രിസ്ത്യാനികളുടെ വിദേശത്തേക്കുള്ള കുടിയേറ്റവും ജാഗ്രതയോടെ വീക്ഷിക്കേണ്ട വിഷയങ്ങളാണ്. ഈ വര്‍ഷം മലങ്കരസഭയില്‍ മാത്രം 312 വിവാഹമോചനത്തിനും പുനര്‍വിവാഹത്തിനും തനിക്ക് അനുമതി നല്‍കേണ്ടി വന്നിട്ടുണ്ട്. കുടുംബാസൂത്രണത്തിന്‍റെ പേരില്‍ വിദ്യാസമ്പന്നരായ സുറിയാനി ക്രിസ്ത്യന്‍ സമുദായക്കാര്‍ കുട്ടികളുടെ എണ്ണം കുറച്ചു. ബാക്കിയുള്ളവര്‍ പാശ്ചാത്യരാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്തു. ഇതോടെ അന്യംനിന്ന് പോകുമെന്ന് ഭയപ്പെടുന്ന രണ്ട് സമുദായങ്ങളിലൊന്നായി മാറിയിരിക്കുന്നു സുറിയാനി ക്രിസ്ത്യാനികള്‍. പാഴ്സികളാണ് സമാന ഭീഷണി നേരിടുന്ന ഒന്നാമത്തെ സമുദായമെന്നും കാതോലിക്കാ ബാവ പറഞ്ഞു.
വികാരി ഫാ. ജോജി ജോര്‍ജ്, അസോ. വികാരി ഫാ. ബിനു ജോണ്‍ തോമസ്, ഫാ. വര്‍ഗീസ് ജോര്‍ജ്, ഇടവക പ്രതിനിധികളായ പി.കെ. കോശി, ഇ.ഐ. രാജന്‍, ഡോ. പ്രകാശ് നൈനാന്‍, ജോണ്‍ തോമസ്, റെജി ഫിലിപ്പ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.