30/09/2025
*മഹാപരിശുദ്ധനായ മോർ ബസേലിയോസ് യൽദോ ബാവായുടെ ജീവചരിത്രം.*
എൽദോ മോർ ബസേലിയോസ്/ മഫ്രിയാനൊ മോർ ബസേലിയോസ് യൽദൊ എന്ന യൽദൊ ബാവ
ഇന്നത്തെ ഇറാഖിലെ മൊസൂളിനടുത്തുള്ള ബഖ്ദിദ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ചെറിയ പ്രായത്തിൽ തന്നെ മാർ ബഹനാന്റെ ആശ്രമത്തിൽ ചേരുകയും, A.D. 1678ൽ മഫ്രിയാന സ്ഥാനമേല്ക്കുകയും ചെയ്തു.
അന്നത്തെ മലങ്കര സഭാതലവനായിരുന്ന മാർത്തോമ്മാ രണ്ടാമൻ അന്ത്യോഖ്യായിലേക്ക് അയച്ച അഭ്യർത്ഥനപ്രകാരം, 1685ൽ മാർ ബസേലിയോസ് തന്റെ 92-ആം വയസിൽ മലങ്കരയിലേക്ക് തന്റെ യാത്രയാരംഭിച്ചു.
പോർച്ചുഗീസുകാരുടെ കയ്യിൽ പെടാതിരിക്കാൻ, അദ്ദേഹം ബസ്രയിൽ നിന്നും കപ്പൽ മാർഗ്ഗം തലശ്ശേരിയിൽ എത്തുകയും അവിടെ നിന്നും കാൽനടയായി കോതമംഗലത്ത് എത്തിച്ചേരുകയുമാണുണ്ടായത്.
ബസ്രയിൽ നിന്നും യാത്ര തിരിക്കുമ്പൊൾ ബാവയോടൊപ്പം 2 റമ്പാന്മാരും ഉണ്ടായിരുന്നു. യാത്രാമദ്ധ്യേ അതിൽ ഒരാൾ മരണപ്പെട്ടു. കാൽനടയായി അവർ സഞ്ചരിച്ച സ്ഥലങ്ങൾ വന്യമൃഗങ്ങൾ കൊണ്ട് നിറഞ്ഞവയായിരുന്നു.
കോതമംഗലത്തിന് സമീപം എത്തിയപ്പോൾ വനത്തിൽ വച്ച് കന്നുകാലികളെ മേയ്ച്ചുകൊണ്ടിരുന്ന ഒരു ചക്കാല നായർ സമുദായത്തിൽ പെട്ട ഒരു യുവാവിനെ കാണുകയും, അയാളോട് പള്ളിയിലേക്കുള്ള വഴി കാണിച്ചുതരാൻ ആവശ്യപ്പെടുകയും ചെയ്തു. തന്റെ വളർത്തുമൃഗങ്ങളെ കടുവ കൊണ്ടുപോകുമെന്ന് അയാൾ പറഞ്ഞപ്പോൾ ബാവ തന്റെ സ്ലീബാ കൊണ്ട് നിലത്ത് ഒരു വൃത്തം വരയ്ക്കുകയും കാലികൾ എല്ലാം അതിൽ കയറിനില്ക്കുകയും, അപ്രകാരം അവയെ സുരക്ഷിതമാക്കുകയും ചെയ്തുവത്രേ. ആ നായർ യുവാവിന്റെ സഹോദരി പ്രസവവേദനയാൽ ബുദ്ധിമുട്ടുന്ന കാര്യം അറിയിച്ചപ്പോൾ ബാവ കരിക്കു വീഴ്ത്തി നൽകിയതായും വിശ്വസിക്കപ്പെടുന്നു. ഈ വിശ്വാസങ്ങളുടെ വെളിച്ചത്തിൽ കോതമംഗലം പള്ളി പെരുന്നാളിനു ഇപ്പോഴും വഴി കാണിക്കുന്നത് ആ നായർ കുടുംബമാണ്.
1685 സെപ്റ്റംബർ 14നാണ് ബാവ കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ എത്തിച്ചേരുന്നത്. പള്ളിയിൽ എത്തിയ സമയത്ത് പള്ളിമണി താനെ മുഴങ്ങിയെന്നു പറയപ്പെടുന്നു. ദീർഘദൂരയാത്രയും പ്രായാധിക്യവും മൂലം ബാവ അത്യധികം ക്ഷീണിതനായിരുന്നു. 13 ദിവസങ്ങൾക്കു ശേഷം സെപ്റ്റംബർ 29 ശനിയാഴ്ച (കന്നി 19) അദ്ദേഹം കാലം ചെയ്യുകയും പള്ളി മദ്ബഹായുടെ സമീപത്തു തന്നെ കബറക്കപ്പെടുകയും ചെയ്‌തു. തന്റെ മരണ സമയത്ത് പള്ളിയുടെ പടിഞ്ഞാറു വശത്തെ കൽക്കുരിശ് പ്രകാശിക്കുമെന്ന്, ചുറ്റും കൂടിനിന്നവരെ ബാവ അറിയിച്ചിരുന്നതായും, അദ്ദേഹത്തിന്റെ മരണ സമയത്ത് അപ്രകാരം സംഭവിച്ചതായും വിശ്വസിക്കപ്പെടുന്നു.
പരി. യൽദോ ബാവായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 4,5 എന്നീ തീയതികളിൽ (കന്നി 20 പെരുന്നാൾ) സമുചിതമായി ആചരിക്കുന്നു. വിശുദ്ധന്റെ ഓർമ്മ വാഴ്വിന്നായി തീരട്ടെ, പ്രാർത്ഥനയോടെ..🙏🏻