30/07/2024
പ്രയാസങ്ങൾക്ക് മേൽ പ്രയാസങ്ങൾ വന്ന് കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലുണ്ടായ വൻ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ സഹോദരങ്ങളുടെ വേർപാടിൽ ദു:ഖിക്കുന്നു. അവരുടെ കുടുംബങ്ങളുടെ സങ്കടത്തിൽ പങ്ക് ചേരുന്നു. ഒട്ടനവധി വീടുകൾ ഒലിച്ച് പോയിട്ടുണ്ട്. നിരവധി പേർ മണ്ണിനടിയിലുമാണ്. മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി വരുന്ന ദയനീയ കാഴ്ച നമ്മെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു. അപകടത്തിൻ്റെ തോത് എത്രയുണ്ടെന്ന് ഇനിയും അറിയാനാരിക്കുന്നേയുള്ളൂ.....
മഴ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നമ്മുടെ പ്രദേശങ്ങളിൽ പ്രയാസപ്പെടുന്നവരെ കൈ പിടിക്കാൻ നാം ശ്രദ്ധിക്കണം. വെള്ളം കയറി താമസ യോഗ്യമല്ലാതായവർ, മഴ കാരണം ജോലിക്ക് പോകാൻ സാധിക്കാത്തവർ, മറ്റു ദുരിതം അനുഭവിക്കുന്നവർ ,ചികിത്സ വേണ്ടവർ എന്നിവരെയൊക്കെ കണ്ടെത്തി ക്ഷേമം അന്വേഷിക്കാനും, ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ്റെ പ്രവർത്തകരോട് പ്രത്യേകം ആഹ്വാനം ചെയ്യുന്നു. ജനങ്ങളിൽ ആധിയുണ്ടാക്കുന്ന അടിസ്ഥാന രഹിതമായ വാർത്തകളും കാഴചകളും ഷെയർ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യുന്നത് അപകടം വിളിച്ച് വരുത്തും. വൈദ്യുതി ലൈനുകൾ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം.
അല്ലാഹു എല്ലാവിധ പരീക്ഷണങ്ങളിൽ നിന്നും നമ്മെ കാത്തുരക്ഷിക്കട്ടെ
ടി.കെ അഷറഫ്
ജനറൽ സെക്രട്ടറി
വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ.