13/09/2014
ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബർ 15 തിങ്കളാഴ്ച
അമ്പാടിക്കണ്ണന്റെ അവതാര കഥകള്‍ പറയുന്ന അഷ്ടമിരോഹിണി. ജനമനസ്സില്‍ ഉണ്ണിക്കണ്ണന്‍ ഭക്തിയുടെയും ആഘോഷത്തിന്റെയും നെയ്ത്തിരികള്‍ കൊളുത്തുന്ന ദിനമാണ് ശ്രീകൃഷ്ണ ജയന്തി.
ആലിലക്കണ്ണന്‍റെ ജന്മദിനം ആഘോഷമാക്കുവാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കൃഷ്ണക്ഷേത്രങ്ങള്‍ ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും നിറഞ്ഞിരിക്കുന്നു. കണ്ണനെ സ്തുതിയ്ക്കുന്ന കീര്‍ത്തനങ്ങള്‍ മുഴങ്ങുകയാണെവിടെയും.
ബാലഗോകുലം അന്ന് ബാലദിനമായി ആചരിക്കുന്നു. നാടെങ്ങും വൈകിട്ട് ശോഭായാത്രകള്‍ നടക്കും
ശ്രീകൃഷ്ണന്‍റെ ജന്മദേശമായ ഉത്തര്‍പ്രദേശിലെ മഥുരയിലും ദ്വാരകയിലും മറ്റും ശ്രാവണപൂര്‍ണ്ണിമക്കു ശേഷമുള്ള അഷ്ടമിക്ക് - ജന്മാഷ്ടമിക്ക് - ശ്രീകൃഷ്ണജയന്തി ആഘോഷിച്ചിരുന്നു.
അഷ്ടമിയും രോഹിണിയും ഒന്നിക്കുന്ന ദിനം
ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി- ഭക്തിയുടെയും പ്രണയത്തിന്‍റെയും വാത്സല്യത്തിന്‍റെയും അവതാരമായ കൃഷ്ണഭഗവാന്‍ പിറന്ന ജന്മാഷ്ടമി. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസമാണിത് .
അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാല്‍ ഭഗവാന്‍റെ അനുഗ്രഹം ഉണ്ടാകുമെന്നാണു വിശ്വാസം. ശിവരാത്രി പോലെ അഷ്ടമിരോഹിണി ദിവസവും രാത്രി മുഴുവന്‍ ഉറക്കമിളച്ചു ഈശ്വരഭജനവുമായി കഴിയുന്നത് കൃഷ്ണപ്രീതിയ്ക്ക് ഉത്തമം.
അര്‍ദ്ധരാത്രി പാല്‍പ്പായസമുണ്ടാക്കി വീടിന്‍റെ പിന്‍ഭാഗത്ത് വയ്ക്കുന്നു. ഉണ്ണിക്കൃഷ്ണന്‍റെ കാലടികള്‍ അരിപ്പൊടി കലക്കിയ വെള്ളച്ചായത്തില്‍ വീട്ടുമുറ്റം മുതല്‍ പായസം വച്ചിരിക്കുന്നിടം വരെ വരച്ചു വയ്ക്കുന്ന പതിവ് കേരളത്തില്‍ പലയിടത്തും ഇപ്പോഴുമുണ്ട്. ഉണ്ണിക്കൃഷ്ണന്‍ രാത്രിയില്‍ വന്ന് ഈ പാല്‍പ്പായസം കുടിക്കുമെന്നാണ് ഇതിനു പിന്നിലുള്ള വിശ്വാസം.
ജന്മാഷ്ടമി ആഘോഷങ്ങളില്‍ പ്രധാനമാണ് ഉറിയടി. ഉണ്ണിക്കണ്ണന്‍റെ വേഷം കെട്ടിയ കുട്ടി ഉറിയില്‍തൂങ്ങിയാടുന്ന വെണ്ണക്കുടം ചാടിപ്പിടിക്കാന്‍ ശ്രമിക്കുന്നു. ഉറിയുടെ ചരട് കാഴ്ചക്കാരില്‍ ഒരാള്‍ വലിച്ചുകൊണ്ടിരിക്കും. കാണികളില്‍ കൗതുകവും ആവേശവും ഉണര്‍ത്തുന്നതാണ് ഈ മത്സരം
ജന്മാഷ്ടമിയും അഷ്ടമിരോഹിണിയും
ശ്രാവണ പൂര്‍ണിമയ്ക്ക് ശേഷമുള്ള അഷ്ടമിനാള്‍ മഹാവിഷ്ണുവിന്‍റെ എട്ടാമത്തെ അവതാരമായിരുന്നത്കൊണ്ട് ശ്രീകൃഷ്ണന്‍റെ ജന്മദിവസം ജന്മാഷ്ടമിയായി അറിയപ്പെടുന്നു. കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി എന്നും ഈ ദിവസത്തിന് പേരുണ്ട്. എന്നാല്‍ എല്ലാ തവണയും ഈ അഷ്ടമിക്ക് രോഹിണി നക്ഷത്രം വന്നുകൊള്ളണമെന്നില്ല. ചിലപ്പോള്‍ അടുത്തമാസം അഷ്ടമിക്കാവും രോഹിണി നക്ഷത്രം ചേര്‍ന്ന് വരിക. ഇതിനെ കാലാഷ്ടമി എന്നാണ് പറയാറ്.