25/08/2026
സായി പ്രചോദനങ്ങൾ
ഓഗസ്റ്റ് 25, 2026
പ്രത്യക്ഷമായി വിഭിന്നതകൾ കാണുന്നുണ്ടെങ്കിലും എല്ലാ മതങ്ങളും അടിസ്ഥാനപരമായി ഏകമാണെന്ന് നാം കരുതേണ്ടത് എന്തുകൊണ്ടാണ്?
നാം പ്രവാചകനായ മുഹമ്മദിന്റെ ജന്മവാർഷികമായ മിലാദി -ഉൻ -നബി ആഘോഷിക്കുമ്പോൾ, ഇന്ന് ഭഗവാൻ പ്രേമപൂർവ്വം നമ്മെ ഓർമ്മിപ്പിക്കുന്നു.
"ദിവ്യപ്രേമസ്വരൂപരേ,
അനന്തമായ സമുദ്രത്തിൽ എണ്ണമറ്റ തിരമാലകൾ ഉയർന്നുകൊണ്ടിരിക്കുന്നു. തിരമാലകൾ ഓരോന്നും മറ്റൊന്നിൽ നിന്നും രൂപത്തിൽ വ്യത്യസ്തമായി കാണപ്പെടുന്നു. പക്ഷേ അത്യധികം വൈവിദ്ധ്യുള്ള തിരമാലകൾ സമുദ്രത്തിൽ നിന്ന് വിഭിന്നമല്ല. എല്ലാ തിരമാലകളിലും സമുദ്രത്തിന്റെ പ്രകൃതവും, ഗുണങ്ങളും അന്തർലീനമാണ്. അതുപോലെ, നിസ്സീമമായ ഈ പ്രപഞ്ചത്തിൽ നിങ്ങൾ കാണുന്ന എണ്ണമറ്റ ജീവജാലങ്ങൾ തമ്മിൽ വ്യത്യാസം കാണപ്പെടുന്നുണ്ടെങ്കിലും , അവയെല്ലാം ഏകനും സത്ച്ചിദാനന്ദ സ്വരൂപനുമായ പ്രാപഞ്ചിക ഉറവിടത്തിൽ നിന്നും ആവിർഭവിച്ചതാണ്. ആകാശത്തു നിന്നും മഴ പെയ്യുമ്പോൾ, പരിശുദ്ധമായ ജലം ഭൂമിയിലും,പർവ്വതങ്ങളിലും, നദികളിലും, സമുദ്രത്തിലും പതിക്കുന്നു. പക്ഷേ, ശുദ്ധജലം അതു പതിക്കുന്ന ദേശത്തിനും, സ്ഥലത്തിനും അനുസരിച്ചുള്ള നിറവും, സ്വാദും സ്വീകരിക്കുന്നു. അതുപോലെ, പ്രവാചകന്മാരും, മിശിഹമാരും, ലോകത്തിലെ വിഭിന്ന ദേശങ്ങളിൽ, വിഭിന്ന കാലങ്ങളിൽ അവതരിച്ചു കൊണ്ട്, കാലത്തിനും, ദേശത്തിനും, ജനങ്ങളുടെ സ്ഥിതിയ്ക്കും അനുയോജ്യമായ സന്ദേശങ്ങൾ നൽകുന്നു. ഈ കാരണം കൊണ്ട് മതങ്ങൾ തമ്മിൽ വ്യത്യാസമുണ്ടെന്ന് കരുതുവാൻ കഴിയുകയില്ല. എല്ലാ മതങ്ങളും മാനവ വംശത്തിന്റെ നന്മയ്ക്കു വേണ്ടത് മാത്രമേ പഠിപ്പിച്ചിട്ടുള്ളു. മതം പരിശീലിക്കേണ്ടത് ഈ അവബോധത്തോടു കൂടി ആവണം
ഭാരതത്തിന്റെ വീരപുത്രാ, ശ്രദ്ധിക്കൂ! മനസ്സ് ശുദ്ധമാണെങ്കിൽ, ഏതെങ്കിലും ഒരു മതത്തിന് എങ്ങനെ മോശമാകുവാൻ കഴിയും? "
"വിഭിന്ന മതങ്ങൾ നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങൾ വ്യത്യസ്തമാണെങ്കിലും, അവയുടെ ലക്ഷ്യം ഒന്നാണ് എന്ന് തിരിച്ചറിയേണ്ടത് മനുഷ്യരുടെ ഇദം പ്രഥമമായ കർത്തവ്യമാണ്."
(1991,ഡിസംബർ 25-,-ന്
ഭഗവാൻ നൽകിയ ദിവ്യപ്രഭാഷണത്തിൽ നിന്നുള്ള പ്രസക്ത ഭാഗം. )
സായിയോടൊപ്പം, സായിക്കുവേണ്ടി, സായിയിൽ മുഴുകിയ ഒരു ദിവസം ആശംസിക്കുന്നു.
.