മീനടം സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ ചരിത്രം
===!!!===!!!===!!!====!!!===!!!===!!!===
മീനടം സെന്റ് ഇഗ്നാത്തിയോസ് പള്ളി ഇടവകക്കാരുടെ മാതൃഇടവക മീനടം സെന്റ് തോമസ് വലിയപള്ളിയാണ്.ഇവിടുത്തെ ഇടവകക്കാരുടെ പൂർവ പിതാക്കമ്മാർ വലിയ പള്ളിയുടെ സെമിത്തേരിയിൽ വിശ്രമിക്കുന്നു. പിതാക്കമ്മാരെ ഞങ്ങൾ പ്രാർത്ഥനാപൂർവ്വം ഓർക്കുന്നു.
മീനടം വലിയ പള്ളിയിൽ ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗത്തിൽപ്പെട്ട
രണ്ടു വിഭാഗം ഇടവകക്കാരുണ്ട്.ഇതിൽ പാത്രിയർക്കീസ് വിഭാഗത്തിൽ പെട്ടവരുടെ ആതമീയ ആവശ്യ കാര്യങ്ങൾ നടത്തി തന്നു കൊണ്ടിരുന്നത് പാത്രിയർക്കീസ് വിഭാഗത്തിൽപ്പെട്ട വെള്ളൂപ്പറമ്പിൽ റവ.ഫ ഏബ്രഹാം കത്തനാരായിരുന്നു. എന്നാൽ 1969-70 കാലഘട്ടത്തിൽ സഭയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോൾ ബഹു.കത്തനാർ രോഗിയായി അവധിയിൽ പ്രവേശിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന് പകരമായി ഓർത്തഡോക്സ് വിഭാഗത്തിലെ റവ.ഫാ.എം.സി ജോർജ് മീഞ്ചറ വരുകയും ചെയ്തു.
വലിയ പള്ളിയുടെ പടിഞ്ഞാറു ഭാഗത്തെ കേന്ദ്രീകരിച്ചു കൊണ്ട് പാത്രിയർക്കീസ് വിഭാഗത്തിപ്പെട്ടവർ സെന്റ ഇഗ്നാത്തിയോസ് പ്രാർത്ഥനാ യോഗം നടത്തി വന്നിരുന്നു.
1971 ൽ സെന്റെ തോമസ് വലിയപള്ളിയിലെ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കുവാൻ പാത്രിയർക്കീസ് പക്ഷത്തുള്ള ഇടവകക്കാർ പള്ളിയിൽ ചെല്ലുകയും എന്നാൽ അന്നത്തെ വികാരിയായിരുന്ന പരേതനായ ആലയ്ക്കപറമ്പിൽ റവ.ഫാ.ജേക്കബ് കത്തനാരും ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട ഭരണ സമിതിയും കൂടി പാമ്പാടി പോലീസിൽ സമ്മർദം ചെലുത്തി പാത്രിയർക്കീസ് പക്ഷത്തുള്ളവരെ അറസ്റ്റ് ചെയ്യിച്ച് പോലീസ് സ്റ്റേഷനിൽ കൊണ്ടു പോവുകയും ചെയ്തു.ഈ പ്രവൃത്തിയിൽ മനപ്രയാസപ്പെട്ട 18 വീടുകളിലെ പിതാക്കമ്മാർ പ്ലാത്താനത്ത് ചാക്കോ മത്തായിയുടെ ഭവനത്തിൽ കല്ലറയ്ക്കൽ വി.സി.എബ്രഹാമിന്റെയും മാപ്പിളക്കുന്നേൽ പൈലോ വർഗ്ഗീസിന്റെയും വെളുത്തേടത്തു പറമ്പിൽ വി.കെ ജോസഫിന്റെയും നേതൃത്വത്തിൽ ഒന്നിച്ചു കൂടി ഈ ഇടവകക്കാരുടെ ആത്മീയ കാര്യങ്ങൾ നടത്തിത്തരുവാൻ ഒരു വൈദികൻ വേണമെന്ന് ആഗ്രഹിക്കുകയും മണ്ണുര് ചെറിയാൻ ചെറിയാന്റെ ഭവനത്തിൽ ചെന്ന് അദേഹത്തിന്റെ പുത്രനായ ബേബി എന്നു വിളിക്കുന്ന ജേക്കബ് ചെറിയാനെ വൈദിക പഠനത്തിനായി വിടണമെന്ന് ആവശ്യപ്പെട്ടു. [ജേക്കബ് ചെറിയാൻ ഈ കാലയളവിൽ വലിയ പള്ളിയിൽ ശുശ്രൂഷകനായിരുന്നു ] അദേഹത്തിന്റെ പിതാവും ബഹു.ജേക്കബ് ചെറിയാനും അത് സമ്മതിക്കുകയും 1972 ഓഗസ്റ്റ് മാസം മഞ്ഞിനിക്കര ദയറായിൽ അഭി: അപ്രേം ആബൂദി തിരുമേനിയുടെയും മാടപ്പാട്ട് യാക്കോബ് റമ്പാച്ചന്റെയും ശിക്ഷണത്തിൽ വൈദീക പഠനം നടത്തുകയും ചെയ്തു.
ഈ കാലയളവിൽത്തന്നെ തങ്ങളുടെ കുട്ടികളെ സത്യവിശ്വാസം പഠിപ്പിക്കുന്നതിനു വേണ്ടി ഒരു കെട്ടിടം വേണമെന്ന് തീരുമാനിക്കുകയും അതിനു വേണ്ടി മീനടം മാളികപ്പടിക്കു സമീപം താമസിക്കുന്ന പരേതനായ പുന്നൂരുവീട്ടിൽ പി.ജി.കൃഷ്ണൻ നായരുടെ വക ഉദേശം 60 സെന്റ സ്ഥലം വാങ്ങുവാൻ ശ്രമിക്കുകയും എന്നാൽ മുഴുവൻ ഭൂമിയും ഒന്നിച്ച് വാങ്ങുവാൻ ബുദ്ധിമുട്ടായിരുന്നതുകൊണ്ട് ബഹു.കിഴക്കേടത്ത് കെ.ജെ. സ്കറിയ അദ്ദേഹത്തിന്റെ വസ്തുവിനോടു ചേർന്നുള്ള ഭാഗവും വെളുത്തേടത്തു പറമ്പിൽ വി.കെ.ജോസഫ് അദേഹത്തിന്റെ വസ്തുവിനോടു ചേർന്നുള്ള ഭാഗവും എടുക്കുകയും ബാക്കി വന്ന 19 സെന്റ് സ്ഥലം കെട്ടിടം പണിക്കായി എടുക്കുകയും ചെയ്തു.ഈ ഭൂമി 1973 ഫെബ്രുവരിയിൽ വാങ്ങി.
1974 ഫെബ്രുവരി 1 ന് മേപ്പടി സ്ഥലത്ത് 18 അടി വീതിയിലും 25 അടി നീളത്തിലും കുട്ടികളെ സൺഡേ സ്കൂൾ പഠിപ്പിക്കുവാൻ ഒരു കെട്ടിടം പണിയുകയും ചെയ്തു.ഈ പ്രാർത്ഥനാലയത്തിന്റെ കൂദാശ 1974 ജൂലൈ 3 ന് പുളിമൂട്ടിൽ പരേതനായ റവ.ഫാ.ജോസഫ് അച്ചൻ നടത്തി.1974 സെപ്തംബർ 22 ൽ അഭി: ഗിവർഗീസ് മാർ ഗ്രിഗോറിയോസ്, തോമസ് മാർ ദിവന്നാസിയോസ് [ ഇപ്പോഴത്തെ ശ്രേഷ്ഠ കാതോലിക്ക ബാവ ] എന്നീ മെത്രാപ്പോലീത്തമാർക്ക് ഈ പ്രാർത്ഥനാലയത്തിൽ സ്വീകരണം നൽകി.
1975 ഫെബ്രുവരി 1, 2 തീയതികളിൽ പ്രാർത്ഥനാലയത്തിൽ താൽക്കാലിക ത്രോണോസു സ്ഥാപിച്ച് അഭി: ഗീവറുഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനി ചാപ്പലായി കൂദാശ നടത്തി.
1975 ഫെബ്രുവരി 2 മായൽത്തോ ഞായറാഴ്ച്ച വായിത്ര പുന്നുസ് കത്തനാർ ദിവ്യബലിയർപ്പിച്ചു. അന്നേ ദിവസം ആദ്യമാമോദീസ നടത്തി.1975 ഫെബ്രുവരി 2 ന് പ്ലാത്ത നത്ത് കെ.സി.മാത്യുവിന്റെയും ഏലിയാമ്മ മാത്യുവിന്റെയും വിവാഹം വായിത്ര പുന്നുസ് കത്തനാരും ഈ ദിവസം തന്നെ ഇടയാടിയിൽ ഇ.പി.പീലിപ്പോസിന്റെയും ചിന്നമ്മ പിലിപ്പോസിന്റെയും വിവാഹം അഭി: ഗിവറുഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനി നടത്തി.
ബഹു.കൊല്ലം പറമ്പിൽ അന്ത്രയോസ് അച്ചനെ പള്ളിയുടെ അത്മീയകാര്യങ്ങളുടെ ചുമതല തിരുമേനി പറഞ്ഞ് ഭരമേൽപ്പിച്ചു. അന്നു മുതൽ മാസത്തിൽ രണ്ട് ഞായറാഴ്ച്ചകളിൽ വി.കുർബ്ബാന ചാപ്പലിൽ നടത്തിവന്നു.1975 ഒക്ടോബർ 5 ന് ബഹു ജേക്കബ് ചെറിയാന് പുതുപ്പള്ളിയിൽ അഭി: ഗിവറുഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ചാപ്പലിൽ വച്ച് കശ്ശീശ പട്ടം നൽകി.
1975 നവംബർ 2 ന് റവ.ഫ. ജേക്കബ് ചെറിയാൻ [മണ്ണൂരച്ചൻ] ഈ ചാപ്പലിൽ ആദ്യ വി.കുർബ്ബാന അർപ്പിക്കുകയും ആ വർഷംതന്നെ 1975 ഒക്‌ടോബർ 5 ന് കാതോലിക്കാ സ്ഥാനം എറ്റുവന്ന ശ്രേഷ്ഠ കാതോലിക്ക പൗലൂസ് ദ്വിതീയൻ ബാവ തിരുമനസ്സുകൊണ്ട് ഈ ചാപ്പൽ പള്ളിയായിട്ട് പ്രഖ്യാപിക്കുകയും, അച്ചനെ [മണ്ണൂരച്ചൻ] ഈ പള്ളിയുടെ ഇടവക പട്ടക്കാരനായും വികാരിയായും നീയമിച്ചാക്കിയ കൽപ്പന കൊടുത്തു.1976 ഫെബ്രുവരി 1,2 തീയതികളിൽ ആദ്യ പെരുന്നാൾ നടത്തി. 1 - തീയതി ഗീവറുഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയു 2- തീയതി കുരിയാക്കോസ് മോർ കൂറിലോസ് തിരുമേനിയും വി.കുർബാനയർപ്പിച്ചു.
1976 സെപ്റ്റബറിൽ ഈ പള്ളിയിലെ ആദ്യ ശവസംസ്‌ക്കാരം [ മാളിയേക്കൽ ഏബ്രഹാമിന്റെ ] കടിയാം തുരുത്തിൽ ജീസസ് കശ്ശീശ നടത്തി.
1976 ജൂലൈ 3 ന് സെന്റ തോമസ് ദിനം പാച്ചോർനേർച്ചയായി നടത്തി.ഈ കാലയളവിൽ ഒന്നും പള്ളിക്ക് ഒരു മുറിയോ അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. അന്ന് പള്ളിയിൽ വന്നു താസിച്ചിരുന്ന ബാവ തിരുമേനിയും അഭി: തിരുമേനിമാരും തറയിൽ മണൽ വിരിച്ച് അതിൽ ഒരു കട്ടിൽ ഇട്ട് പലക കൊണ്ട് പള്ളിയോട് ചേർത്ത് നിർമ്മിച്ചതായ താൽക്കാലിക മുറിയിൽ കിടന്നുറങ്ങി.ഓലകെട്ടി മറച്ച തായ മൂത്രപ്പുരയിൽ തങ്ങളുടെ പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ചു.
പള്ളിക്ക് കുറച്ചുകൂടി സ്ഥലസൗകര്യം വേണമെന്ന് ആഗ്രഹിക്കുകയും അതിൽ പ്രകാരം പള്ളിയുടെ മുൻ വശത്ത് താമസിച്ചിരുന്ന ഈ പള്ളിയിലെ ഇടവകാംഗമായ തെങ്ങണാക്കുഴിയിൽ കെ.ഒ.പീലിപ്പോസിനോട് 1978ൽ 15 സെന്റ് സ്ഥലംകൂടി വാങ്ങിച്ച് പള്ളിയുടെ വസ്തുവിനോട് ചേർത്തു. [ഇപ്പോൾ സെമിത്തേരി സ്ഥിതി ചെയ്യുന്ന സ്ഥലം] പള്ളിയുടെ നടയിൽ കുരിശു സ്ഥാപിച്ചു.ഇതിന്റെ കൂദാശ കാലം ചെയ്ത യാക്കോബ് മോർ തീമോത്തിയോസ് നടത്തി.
1978 മുതൽ പള്ളിയിലെ പെരുന്നാൾ പൊതുയോഗ തീരുമാനപ്രകാരം ജനുവരി 14 ഉം 15 ഉം ആക്കി.1978 മുതൽ ജൂൺ 29ന് പത്രോസ് പൗലൂസ് ശ്ലീഹമ്മാരുടെ ഓർമ്മപ്പെരുന്നാൾ പാച്ചോർനേർച്ചയോട് പെരുന്നാളായി ആഘോഷിച്ചു.ഈ വർഷം തന്നെ പള്ളിക്ക് സെമിത്തേരി അനുവദിച്ച് ഗവൺമെന്റിൽ നിന്നും ഉത്തരവ് ലഭിച്ചു.
1978ൽ പള്ളിക്കു വേണ്ടി ഒരു കുരിശിൻ തൊട്ടി പണിയുവാൻ മാളികപ്പടി കവലയ്ക്കു സമീപം മണ്ണൂര് എം.സി. കോശി വസ്തു സംഭാവനയായി തന്നു. ഈ സ്ഥലത്ത് 1978 ഏപ്രിൽ 12 ന് ഞായറാഴ്ച്ച വി.കുർബ്ബാനയ്‌ക്കു ശേഷം കാലം ചെയ്ത ശാമുവേൽ മോർ പീലക്സിനോസ് തിരുമനസ്സുകൊണ്ട് താൽക്കാലിക കുരിശു സ്ഥാപിച്ച് കൂദാശ നടത്തി.
1979 സെപ്തംബറിലെ പൊതുയോഗത്തിൽ രണ്ട് ഞായറാഴ്ച്ച വി.കുർബ്ബാന നടത്തുന്നത് നാലാക്കണമെന്ന് തീരുമാനിക്കുകയും അതിൻ പ്രകാരം ഒരു തവണ കോട്ടപ്പുറത്തെ പീലിപ്പോസച്ചനും അലക്സ് തോമസച്ചനും വി.കുർബാന നടത്തി.ഈ കാലത്ത് കിഴക്കേടത്ത് പൗലൂസ് ജോസഫും പ്ലാത്താനത്ത് ചാക്കോ മത്തായിയു ട്രസ്റ്റിമാരായിരുന്ന കാലഘട്ടത്തിൽ പള്ളിയുടെ തെക്കുവശത്തും വടക്കുവശത്തും ഓരോ മുറിയും ചാർത്തും പിടിച്ച് സൗകര്യങ്ങൾ വർദ്ധിപ്പിച്ചു.
1982 ഫെബ്രുവരി 28ന് പരി: ഇഗ്നാത്തിയോസ് സാഖാ ഐവാസ് പ്രഥമൻ പാത്രിയർക്കീസ് ബാവ തിരുമനസ്സുകൊണ്ട് ഈ കൊച്ചു മീനടം ഗ്രാമത്തിൽ എഴുന്നള്ളിവന്ന് മാളികപ്പടിയിലുള്ള കുരിശിൻ തൊട്ടിയുടെ ശിലാസ്ഥാപനം നടത്തി.1983 ഫെബ്രുവരി 9ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് പൗലൂസ് ദ്വിതീയൻ ബാവാ തിരുമനസ്സുകൊണ്ട് ഈ കുരിശിൻ തൊട്ടിയുടെ കൂദാശ നടത്തി.ഈ സമയം വികാരി കെ.എൻ.എബ്രഹാം കശ്ശീശ കോത കേരിലും ട്രസ്റ്റി കെ.ടി.കുര്യാക്കോസും പിന്നീട് ചാക്കോ എബ്രഹാം ചിറയ്ക്കാട്ടേ ലും ആയിരുന്നു പി.എം.വറുഗീസ് പ്ലാത്താനത്ത് സെക്രട്ടറിയായും ഇരുന്നു.
1984 ൽ പഴയ പള്ളിയുടെ സ്ഥല പരിമിതിമൂലം പള്ളി പടിഞ്ഞാറോട്ട് 15 അടി നീളം കൂട്ടിപ്പണിതു.മദ്ബഹായും സ്ഥിരമായ തോണോസും പള്ളിക്ക് മുഖവാരവും പണിതു.ഈ കാലത്ത് പള്ളിയുടെ വികാരി തേക്കാനത്ത് ഗീവറുഗീസ് കശ്ശീശ ആയിരുന്നു.പണിയുടെ ആരംഭത്തിൽ ട്രസ്റ്റി മുണ്ടിയാക്കൽ ചാക്കോ വറുഗീസും അവസാന ഘട്ടത്തിൽ ട്രസ്റ്റി എം.എം.ജോയി കുറുക്കടുപ്പിലും ആയിരുന്നു.
അനന്തരം ചട്ടത്തിൽ ഗീവറുഗീസ് കശ്ശീശ വികാരിയായിരുന്നു. മംഗലത്ത് റവ.ഫാ.കുര്യാക്കോസ് ഏറെ നാൾ പള്ളിയുടെ വികാരിയായിരുന്നു പിന്നീട് മണവത്ത് മാത്യൂസ് കശ്ശീശ വികാരിയായിരുന്നു അതിനു ശേഷം ഫാ.തോമസ് പുളിക്കപ്പറമ്പിലും, കുറിച്ചിമല കുരിയാക്കോസ് കശ്ശി ശയും വികാരിയായിരുന്നു. ഈ കാലഘട്ടത്തിൽ പള്ളിയുടെ പാരിഷ്ഹാളിന്റെ പണി ആരംഭിച്ചു.ഈ സമയത്ത് പള്ളിയുടെ ട്രസ്റ്റി മാപ്പിളക്കുന്നേൽ പൈലോ ജേക്കബും സെക്രട്ടറി വെളുത്തേടത്ത് പറമ്പിൽ വി.ജെ.തോമസും ആയിരുന്നു.പിന്നീട് വടക്കേടത്ത് മാത്യൂസ് കശ്ശീശ വികാരിയായി വരുകയും അതിനു ശേഷം റവ.ഫാ ഷെറി ഐസക് വികാരിയാവുകയും ചെയ്തു ഈ കാലയളവിൽ പാരിഷ്ഹാളിന്റെ പണി പൂർത്തീകരിച്ചു. ട്രസ്റ്റി കണ്ണോത്ര ജേക്കബ് വർക്കിയും സെക്രട്ടറി കിഴക്കേടത്ത് കെ.ജെ. പൗലൂസും അയിരുന്നു.
2005-ൽ പള്ളിയുടെ ജീർണി താവസ്ഥയും സ്ഥല പരിമിതിയുംമൂലം പള്ളി പുതുക്കിപ്പണിയണമെന്ന് ആഗ്രഹിക്കുകയും 2006-ൽ പള്ളിയുടെ വികാരിയായി റവ.ഫ വിജു ഏബ്രഹാം തടത്തിൽ പറമ്പിൽ ,
സഹവികാരി റവ.ഫ.ഗീവറുഗീസ് പതിനാൽപറയിൽ, വരുകയും എം.എം ജോയി കുറുക്കടുപ്പിൽ ട്രസ്റ്റിയും ഷിബു കാട്ടുമറ്റം സെക്രട്ടറിയായും ഉള്ള ഭരണസമിതി പള്ളി പണിയെക്കുറിച്ച് ചിന്തിക്കുകയും ആലോചിക്കുകയും ചെയ്‌തു. പള്ളി പുതുക്കിപ്പണിയുന്നതിലേക്ക് ആവിശ്യമായ ഉദേശം 8 സെന്റ സ്ഥലത്തോളവും കിഴക്കേടത്ത് ഷെവ.ജയ്മോൻ സ്കറിയ തരുകയും ആ സ്ഥലേത്തക്ക് മദ്ബഹാ ഇറക്കിസ്ഥാപിച്ച് ഏതാണ്ട് നാടകശാല ഉൾപ്പെടെ 92 അടി നീളത്തിലും 30 അടി വീതിയിലും ഒരു പുതിയ പള്ളി പണിയുവാൻ തീരുമാനിച്ചു. 2006 ഓഗസ്റ്റ് 15-തീയതി ശിലാസ്ഥാപന കർമ്മം കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭി: തോമസ് മോർ തീമോത്തിയോസ് തിരുമനസ്സുകൊണ്ട് നിർവഹിച്ചു.തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ശ്രീ.ഉമ്മൻ ചാണ്ടി.ആശംസ പ്രഭാഷണം നടത്തി
ഒരു വർഷം കൊണ്ട് പള്ളിയും അതിന്റ അടിയിലായി ഓഫീസും നിർമ്മിക്കുവാൻ സാധിച്ചു.ഓഫീസ് ഉപയോഗത്തിനുള്ള ഹാളിന്റെ സ്പോൺസറായി കടുപ്പിൽ ശ്രീ കെ.പി.തോമസ് വേണ്ടതായ ധനസഹായം തന്നു
ഈ പള്ളിയിൽ റവ.ഫാ.തോമസ് പള്ളിയമ്പിൽ ഇടവകക്കാരനായി ചേരുകയും പള്ളിയിലെ ഇടവകാംഗമായ മാപ്പിളക്കുന്നേൽ പൈലോ ജോസഫിന്റെ മകളുടെ ഭർത്താവായി വേലിക്കകത്ത് റവ.ഫാ.യൂഹാനോൻ കശ്ശിശ വരുകയും ചെയ്തു
പള്ളിപണി ബഹു.വൈദികരുടെ നേതൃത്വത്തിൽ ഇടവകക്കാരുടെയും നാട്ടുകാരുടെയും സഹകരണത്താൽ പൂർത്തീകരിച്ചു. പള്ളിയുടെ വി.കൂദാശ 2007 ജനുവരി 18, 19 തീയതികളിൽ ഇടവകക്കാരുടെ പൂർണ്ണ സഹകരണത്തോടെ അഭി: ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ തിരുമനസ്സിന്റെ മുഖ്യ കാർമ്മികത്വത്തിലും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭി: തോമസ് മോർ തിമോത്തിയോസ്, പരി: സുന്നഹദോസ് സെക്രട്ടറി അഭി.ജോസഫ് മോർ ഗ്രിഗോറിയോസ് എന്നിവരുടെ സഹ കാർമ്മികത്വത്തിലും നടന്നു
കൂദാശ ചെയ്ത പള്ളിയുടെ പ്രഥമ പെരുന്നാൾ 2007 ജനുവരി 20 ന് നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭി: ഗീവറുഗീസ് മോർ കൂറിലോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വി.കുർബ്ബാനയോട് കൂടി ആഘോഷമായി പെരുന്നാൾ നടന്നു
2008 എപ്രിൽ 20ന, യാക്കോബായ സുറിയാനി സഭയുടെ ഷെവലിയാർ പദവി ഇടവകാംഗമായ കിഴക്കേടത്ത് ജെയ്മോൻ സ്ക്കറിയാക്ക് അഭി: തോമസ് മോർ തീമോത്തിയോസ് തിരുമേനിയിൽ നിന്നും ലഭക്കുകയും ചെയ്തു
ഈ ദേവാലയം പണിയുവാൻ ഞങ്ങളെ സഹായിച്ച മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ അന്യത്ര പെരുകൾ ചേർത്തിരിക്കുന്ന പിതാക്കന്മാരെ ഞങ്ങൾ ഓർക്കുന്നു
1972-ൽ വി.കുദാശ നടത്തിയ ശേഷം ഇവിടുത്തെ സൺഡേ സ്കൂളിന്റെ പ്രാരംഭ ഹെഡ്മാസ്റ്റർ ചെറിയാൻ എബ്രഹാം കല്ലറയ്ക്കൽ വി.ജെ.കുര്യൻ വെളുത്തേടത്തു പറമ്പിൽ, മർത്തമറിയം സമാജത്തിന്റെ പ്രാരംഭ സെക്രട്ടറി മറിയാമ്മ പൗലൂസ് കടുപ്പിൽ, പ്രാർത്ഥനാ യോഗത്തിന്റെ പ്രസിഡന്റ ചാക്കോ എബ്രഹാം ചിറയ്ക്കാട്ടേൽ, യൂത്ത് അസ്സോസിയേഷന്റെ പ്രാരംഭ സെക്രട്ടറി രാജൻ കോശി മണ്ണൂർ, മഞ്ഞിനിക്കരയുടെ തീർത്ഥാടക സമൂഹത്തിന്റെ പ്രവർത്തകർ കെ.പി.ഏബ്രഹാം കടുപ്പിൽ, കോര ചാക്കോ കൊച്ചി തെക്കേൽ എന്നിവർ അയിരുന്നു
ഈ ദേവാലയത്തിന്റെ ആരംഭം മുതൽ ഇന്നേവരേയും പ്രധാന ശുശ്രുഷക്കാരനായി മുണ്ടു കടുപ്പിൽ ശ്രീ.കെ.വി.തോമസ് സേവനം ചെയ്തു വരുന്നു.
ഈ നാടിനുവേണ്ടി നമ്മുടെ കാവൽ പിതാവായ മോർ ഇഗ്നാത്യോസ് നൂറോനോയുടെയും ഭാഗ്യവതിയും പരിശുദ്ധയുമായ ദൈവമാതാവിന്റെയും മോർ ഗീവർഗീസ് സഹദായുടെയും മോർ ഇഗ്നാത്യോസ് ഏലിയാസ് ബാവായുടെയും മലങ്കരയുടെ പരിശുദ്ധനായ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെയും മദ്ധ്യസ്ഥതയിൽ നമുക്ക് അഭയപ്പെടാം.......... ദൈവസ്നേഹം നമുക്ക് കൂട്ടായിരിക്കട്ടെ...