03/07/2026
ജൂലൈ 3 – മാർത്തോമ്മാ ശ്ലീഹാ
സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധനാക്രമപ്രകാരം, നമ്മുടെ കർത്താവിന്റെ വിശുദ്ധ അപ്പോസ്തലനായ മാർത്തോമ്മാ ശ്ലീഹായുടെ വിശുദ്ധ തിരുശേഷിപ്പുകൾ ഭാരതത്തിലെ മയിലാപ്പൂരിൽ നിന്ന് മെസപ്പൊട്ടാമിയായിലെ എദേസ്സാ (ഉർഹായ്) നഗരത്തിലേക്ക് മാറ്റിയ മഹത്തായ തിരുനാളായി ആചരിക്കുന്നു. ലോകത്തിന്റെ കിഴക്കൻ ദേശങ്ങളിലേക്ക് സുവിശേഷത്തിന്റെ വെളിച്ചം എത്തിച്ച അപ്പോസ്തലനെന്ന നിലയിൽ മാർത്തോമ്മാശ്ലീഹായുടെ ജീവിതവും ശുശ്രൂഷയും സുറിയാനി സഭ അതിയായ ഭക്തിയോടും അഭിമാനത്തോടും കൂടി സ്മരിക്കുന്നു.
മാർത്തോമ്മാ ശ്ലീഹാ, "ദിദിമോസ്" എന്ന പേരിലും അറിയപ്പെടുന്നു. ഉയിർത്തെഴുന്നേറ്റ കർത്താവിനെ നേരിൽ ദർശിച്ചപ്പോൾ അദ്ദേഹം ഉച്ചരിച്ച "എന്റെ കർത്താവും എന്റെ ദൈവവും" (യോഹന്നാൻ 20:28) എന്ന വിശ്വാസപ്രഖ്യാപനം ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും മഹത്തായ ഏറ്റുപറച്ചിലുകളിൽ ഒന്നാണ്. ഈ വാക്കുകൾ ഇന്നും വിശുദ്ധ കുർബാനയിൽ സഭ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
കർത്താവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിറഞ്ഞ മാർത്തോമ്മാശ്ലീഹാ പാർഥ്യ, പേർഷ്യ, മെസപ്പൊട്ടാമിയ എന്നീ ദേശങ്ങളിലൂടെ സുവിശേഷം പ്രസംഗിച്ച് ഒടുവിൽ എ.ഡി. 52-ൽ ഭാരതത്തിലെ കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്നു. യഹൂദസമൂഹത്തിനിടയിലും പിന്നീട് വിജാതീയർക്കിടയിലും അദ്ദേഹം കർത്താവിന്റെ സുവിശേഷം പ്രസംഗിക്കുകയും അനേകം അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. മലങ്കര പാരമ്പര്യമനുസരിച്ച് അദ്ദേഹം ഏഴ് ദൈവാലയങ്ങൾ സ്ഥാപിക്കുകയും വിശ്വാസസമൂഹത്തിന് ആത്മീയ നേതൃത്വം നൽകാൻ പുരോഹിതന്മാരെയും ശുശ്രൂഷകരെയും നിയമിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ കേരളത്തിലെ സുറിയാനി ക്രൈസ്തവർ ഇന്നും അഭിമാനത്തോടെ "മാർത്തോമ ക്രിസ്ത്യാനികൾ" എന്നറിയപ്പെടുന്നു.
ഭാരതത്തിലെ തന്റെ സുവിശേഷദൗത്യം പൂർത്തിയാക്കിയശേഷം അദ്ദേഹം മയിലാപ്പൂരിൽ ശുശ്രൂഷ തുടരുകയും എ.ഡി. 72-ൽ കുന്തമേറ്റു വിശുദ്ധ രക്തസാക്ഷിത്വം പ്രാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിശുദ്ധ തിരുശരീരം മയിലാപ്പൂരിൽ സംസ്കരിക്കപ്പെട്ടു. പിന്നീട് എ.ഡി. 394-ൽ ജൂലൈ 3-ന് വിശുദ്ധ തിരുശേഷിപ്പുകൾ എദേസ്സായിലേക്ക് ഭക്തിപൂർവ്വം കൊണ്ടുപോകുകയും, ആഗസ്റ്റ് 22-ന് അവിടെ മഹത്വത്തോടെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ തിരുശേഷിപ്പ് മാറ്റം സുറിയാനി സഭയുടെ ആരാധനാപാരമ്പര്യത്തിലും ഹൂത്തോമോയിലും പ്രത്യേക സ്ഥാനമാണ് വഹിക്കുന്നത്.
നൂറ്റാണ്ടുകൾക്കുശേഷം ഈ വിശുദ്ധ തിരുശേഷിപ്പുകൾ ഇറാഖിലെ മൊസൂളിലുള്ള മാർത്തോമ്മാ ദൈവാലയത്തിലേക്ക് മാറ്റപ്പെട്ടു. 1964-ൽ നടന്ന നവീകരണപ്രവർത്തനങ്ങൾക്കിടെ, പിന്നീട് സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസായ പരമപൂജ്യൻ മോറാൻ മോർ ഇഗ്നാത്തിയോസ് സക്കാ ഒന്നാമൻ ഇവാസ്, അന്നത്തെ മൊസൂൾ മെത്രാപ്പോലീത്തയായിരിക്കെ, യാഗപീഠത്തിൽ സൂക്ഷിച്ചിരുന്ന അമൂല്യമായ തിരുശേഷിപ്പുകൾ വീണ്ടും കണ്ടെത്തി. അവയിൽനിന്ന് വിശുദ്ധ ഭാഗങ്ങൾ മലങ്കരസഭയ്ക്കും അനുഗ്രഹമായി സമ്മാനിക്കപ്പെട്ടു. 2014-ൽ ഐ.എസ്.ഐ.എസ്. ആക്രമണഭീഷണിയെ തുടർന്ന് അവ സുരക്ഷിതമായി ദൈറോ ദ്-മോർ മത്തായി മഠത്തിലേക്ക് മാറ്റി.
സുറിയാനി ഓർത്തഡോക്സ് സഭയിൽ മാർത്തോമ്മാശ്ലീഹായെ വർഷത്തിൽ മൂന്ന് പ്രധാന അവസരങ്ങളിൽ അനുസ്മരിക്കുന്നു: പുതുഞായർ, ജൂലൈ 3 (തിരുശേഷിപ്പുകൾ എദേസ്സായിലേക്ക് മാറ്റിയത്), ഡിസംബർ 21 (വിശുദ്ധ രക്തസാക്ഷിത്വസ്മരണം). ഭാരതത്തിൽ സുവിശേഷം പ്രസംഗിച്ച വിശുദ്ധ അപ്പോസ്തലനെന്ന നിലയിൽ അദ്ദേഹം ഭാരതസഭയുടെ ആത്മീയ പിതാവും മദ്ധ്യസ്ഥവിശുദ്ധനുമായി ആദരിക്കപ്പെടുന്നു.
ഓ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായേ, ഞങ്ങൾക്കുവേണ്ടി കർത്താവിനോട് അപേക്ഷിക്കണമേ. ഭാരതസഭയെയും സുറിയാനി സഭയെയും വിശ്വാസത്തിൽ ഉറപ്പിക്കുകയും, നിന്റെ മദ്ധ്യസ്ഥപ്രാർത്ഥനകളാൽ ഞങ്ങളെ കാത്തുസൂക്ഷിക്കണമേ. ആമേൻ.