02/04/2026
*പ്രിയപ്പെട്ട ഞങ്ങളുടെ ബേസിൽ യാത്രയായി....*😭
കാത്തിരിക്കുന്നവരും - പ്രാർത്ഥിക്കുന്നവരും ഏറെയായിരുന്നു...
എല്ലാറ്റിനും ഒടുവിൽ കാത്തിരിപ്പുകൾ വിഫലമാക്കികൊണ്ട് പ്രാർത്ഥനകളെ സഫലീകരിക്കുന്നവന്റെ അടുക്കലേക്ക് അവൻ യാത്രയായി....
അത്യുന്നതമായ ദൈവസിംഹാസനത്തിന്റെ ഭൂമിയിലെ പ്രതീകമായ വി. മദ്ബഹയെ പ്രണമിച്ചവൻ,
കാദീശ് പാട്ടുകളാൽ സർവ്വശക്തനായ ദൈവത്തെ പുകഴ്ത്തുന്ന സ്രോപ്പകൾക്കും, ക്രോബകൾക്കും ഒപ്പം നിത്യതയിലെ അനശ്വരമായ സ്വർഗ്ഗ സിംഹാസനത്തെ ശുശ്രൂഷിക്കുവാൻ വിളിച്ചു ചേർക്കപ്പെട്ടിരിക്കുന്നു..
കട്ടച്ചിറയിലെ വിശ്വാസ പോരാട്ടങ്ങളിൽ പൂർവ്വികന്മാർ കാട്ടി തന്ന പാതയിൽ അടിയുറച്ചു നിന്നവൻ. മദ്ബഹായിൽ ദൈവീക മേശയിൽ മനസുകൊണ്ടും ഹൃദയം കൊണ്ടും ചേർന്നു നിന്നവൻ.
വി. കുർബാനയിലും നമസ്കാരങ്ങളിലും ആത്മാർത്ഥമായി ശുശ്രൂഷ ചെയ്തവൻ. എല്ലാ വിശുദ്ധ കുർബാനയിലും തന്റെ മാതാപിതാക്കളെ ഓർക്കുവാനായി രാവിലെ തന്നെ കുർബാനക്ക് പേര് നൽകുന്നവൻ.
ഏത് യാത്രയിലും തന്റെ സഹോദരനെ കൂടെ ചേർത്തുനിർത്തിയവൻ.
സുറിയാനി സഭയുടെ ആരാധനയെ ഏറെ സ്നേഹിച്ചവൻ. സൺഡേ സ്കൂളിലും, യൂത്ത് അസോസിയേഷനിലും സജീവ പ്രവർത്തകൻ. സൺഡേ സ്കൂൾ കലോത്സവത്തിൽ ആരാധനാ ഗീതം മലയാളം - സുറിയാനി, പ്രസംഗം, സംഗീതം, ബൈബിൾ ടെസ്റ്റ് തുടങ്ങി എല്ലാ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ചവൻ. സുറിയാനി സഭയിലെ പിതാക്കന്മാരുടെ ചരിത്രം പഠിക്കുവാൻ ഏറെ ഉത്സാഹിച്ചവൻ. പഠന മേഖലകളിൽ എല്ലാം തന്നെ മികവ് പുലർത്തിയവൻ. ദേവാലയത്തെ ഏറെ സ്നേഹിക്കുകയും വൈദീക ഗണത്തെ ഏറെ ബഹുമാനിക്കുകയും ചെയ്യുന്നവൻ. പള്ളിയിലെ ഓരോ അംഗങ്ങൾക്കും പ്രിയപ്പെട്ടവൻ.
പ്രിയ ബേസിലെ, എങ്ങനെയാണ് നിന്നോട് വിട ചൊല്ലുക. എങ്ങനെയാണ് നിനക്കൊരു യാത്രയയപ്പ് നൽകുക....
അറിയില്ല....
നിഷ്കളങ്കമായ സ്നേഹത്താലും നിർദ്ദോഷകരങ്ങളായ നർമ്മസംഭാഷണങ്ങളാലും എല്ലാവരുടെയും ഹൃദയം കീഴടക്കിയവൻ ഇന്ന് ഒരു നൊമ്പരമായി...
തീരാത്ത വിങ്ങലായി...
കണ്ണുകളെ ഈറനണിയിച്ചു കൊണ്ട് നിത്യതയിലേക്ക് യാത്രയായിരിക്കുന്നു..
ഇമ്പങ്ങളുടെ താഴ് വരയിൽ പൂർവ്വപിതാക്കൻമാരുടെ മടിത്തട്ടിൽ വീണ്ടും കാണാം എന്നുള്ള പ്രത്യാശയോടെ നമുക്കവനെ യാത്രയാക്കാം....
*നിങ്ങളുടെ വിലയേറിയ പ്രാർത്ഥനകൾക്ക്.. ആശ്വാസവാക്കുകൾക്ക്..*
*ഹൃദയത്തിൽ നിന്ന് നന്ദി* 🙏🏼🙏🏼
_വേദനയോടെ...._
*നിനക്ക് ഏറ്റവും പ്രിയപ്പെട്ട കട്ടച്ചിറയിലെ ഇടവക മക്കൾ*