07/06/2026
“യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.”
സങ്കീർത്തനങ്ങൾ 34: 8
ഫെലിസ്ത്യ രാജാവായ ആഖീശിന്റെ മുൻപിൽ മാനസികരോഗിയായി അഭിനയിച്ചു രക്ഷപെട്ട് പലായനം ചെയ്യുന്ന ദാവീദ്, യഹോവയായ ദൈവത്തിന് മഹത്വം അർപ്പിച്ച് പാടുന്ന പാട്ടാണല്ലോ സങ്കീർത്തനം 34! മേലുദ്ധരിച്ച അതിലെ എട്ടാം വാക്യം നാം ജീവിക്കുന്ന ആധുനിക ലോകത്ത് വളരെ പ്രസക്തമാണ്.
യഹോവ നല്ലവൻ എന്ന് രുചിച്ചറിയുവാൻ തന്റെ ജീവിതാനുഭവങ്ങളിൽ നിന്നുകൊണ്ട് ദാവീദ് ആഹ്വാനം ചെയ്യുന്നു! എങ്ങനെയാണ് ദൈവത്തെ രുചിച്ചറിയുന്നത്? അതിരുകൾ ഇല്ലാതെ വളരുന്ന ഒരു ശാസ്ത്ര ലോകത്ത് ദൈവവും, ദൈവദൂതന്മാരും, സാത്താനും, അവന്റെ സൈന്യവുമൊക്കെ ഉൾക്കൊള്ളുന്ന ആത്മാക്കളുടെ മണ്ഡലത്തെ കുറിച്ചുള്ള ചിന്തകൾ അപ്രസക്തമെന്നു കരുതുന്നവരാണ് ലോകജനതയുടെ നല്ലൊരു പങ്കും. പ്രത്യേകിച്ച് യുവ തലമുറ! മനുഷ്യൻ അവന്റെ അറിവിൽ പെടാത്ത ഒന്നും തന്നെ ഇല്ല എന്ന ധാരണയിൽ ജീവിതത്തിൽ മുൻപോട്ടു പോകുന്നു. എന്നാൽ, പ്രപഞ്ചത്തിന്റെ നിലനിൽപിനു ആധാരമായ നിയമരഹസ്യങ്ങളിൽ ഒരു ശതമാനം പോലും തലമുറകളിൽ കൂടെ അവൻ നേടിയ ജ്ഞാനഭണ്ഡാരത്തിൽ ഇല്ല എന്നതാണ് വാസ്തവം. എന്തിന്, ഈ ലോകത്തിന്റെ ഗതിവിഗതികൾ പോലും മനുഷ്യന്റെ പൂർണ്ണ നിയന്ത്രണത്തിൻ കീഴിലല്ല. എല്ലാം സ്വന്തം നിയന്ത്രണത്തിൽ എന്നു കരുതി ഇറാനു മേൽ യുദ്ധം തുടങ്ങി വെച്ച അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന് ഇപ്പോൾ അതൊന്നു നിർത്തികിട്ടുവാൻ സാധിക്കാതെ ലോകത്തിനു മുൻപിൽ അപഹാസ്യനാകുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണുവാൻ ബുദ്ധിമാൻ എന്നു കരുതുന്ന മനുഷ്യന് കഴിയുന്നില്ല. ഈ ദുരവസ്ഥയിലും ദൈവത്തിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുവാൻ മനുഷ്യൻ കൂട്ടാക്കാത്തതിന്റെ ഒരേയൊരു പ്രേരക ഘടകം അവനിൽ ശാസ്ത്ര ലോകം വളർത്തിയെടുത്ത യുക്തി ചിന്തയാണ്.
ചില ഭക്ഷണ പദാർത്ഥങ്ങൾ കാഴ്ചയിൽ തന്നെ നാം വേണ്ടെന്നു വെയ്ക്കും. അതിന്റെ രുചി എന്തെന്നു അറിഞ്ഞിട്ടൊന്നുമല്ല. കുട്ടികൾ ചില ഭക്ഷണം കഴിക്കുവാൻ വിസമ്മതം കാട്ടുമ്പോൾ മാതാപിതാക്കൾ- അതൊന്നു സ്വാദ് നോക്കിയിട്ട് വേണോ വേണ്ടയോ എന്നു തീരുമാനിക്കുവാൻ പറയുന്നത് കേട്ടിട്ടുണ്ട്. അപ്രകാരം തന്നെയാണ് മനുഷ്യൻ അവൻെറ ജീവിതത്തിൽ ദൈവത്തെ ആവശ്യമില്ല എന്ന് പറയുന്നത്. ദൈവം നല്ലവൻ എന്നും, തന്റെ ജീവിതത്തിൽ നിരന്തരം ഇടപെട്ടുകൊണ്ട് തന്നെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്ന് ജീവിതത്തിൽ ഒന്നു പരീക്ഷിച്ചറിയുവാൻ പോലും മനുഷ്യൻ തയ്യാറാകുന്നില്ല. ജീവിതത്തിൽ നേരിടുന്ന പല പ്രതിസന്ധികളും തരണം ചെയ്യുവാൻ മനുഷ്യനു സ്വയം സാദ്ധ്യമല്ല. ദൈവത്തിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച് ആ വലിയ സ്നേഹത്തിലും കരുണയിലും തന്നേ തന്നെ സമർപ്പിച്ച് ജീവിക്കുമ്പോൾ മാത്രമേ മനുഷ്യനു ദൈവം എത്ര നല്ലവൻ എന്ന് അനുഭവിച്ച് അറിയുവാനും ജീവിതത്തെ സമചിത്തതയോടെ മുൻപോട്ടു നയിക്കുവാനും സാദ്ധ്യമാകുകയുള്ളൂ!🙏