29/06/2026
പരിശുദ്ധ യാക്കോബായ സഭ മൂവാറ്റുപുഴ മേഖലയ്ക്ക് പുതിയ ഇടയൻ : കളപ്പുരയിൽ വന്ദ്യ ഗബ്രിയേൽ റമ്പാനെ ശ്രേഷ്ഠ ബാവ മെത്രാപ്പോലീത്തയായി നാളെ (2026 ജൂൺ 30 | ചൊവ്വ) വാഴിക്കും. നിയുക്ത മെത്രാപ്പോലീത്തായ്ക്ക് ജെ.എസ്.സി. സെഹിയോൻ മീഡിയയുടെ പ്രാർത്ഥനാ മംഗളാശംസകൾ.
👇
പുത്തൻകുരിശ്🔹പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖലയുടെ സഹായ മെത്രാപ്പോലീത്തയായി കളപ്പുരയിൽ വന്ദ്യ ഗബ്രിയേൽ റമ്പാനെ ഉയർത്തുന്നു. നാളെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വച്ച് നടക്കുന്ന ചടങ്ങിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മെത്രാഭിഷേകം നിർവഹിക്കും. ശ്രേഷ്ഠ ബാവായുടെ പ്രഥമ വാഴ്ച്ചയായതിനാൽ, ഈ അനുഗ്രഹീത നിമിഷത്തിന് സാക്ഷികളാകുവാൻ ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. സഭയിലെ മെത്രാപ്പോലീത്തമാർ ചടങ്ങിൽ സഹകാർമികരാകും.
ശ്രേഷ്ഠ ബാവായേയും അഭി. തിരുമേനിമാരേയും നിയുക്ത മെത്രാപ്പോലീത്തയേയും കത്തീഡ്രൽ പാർസനേജിൽ നിന്നും ആനയിക്കും. രാവിലെ 7:30-ന് പ്രഭാത പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും. 8:30-ന് വിശുദ്ധ കുർബ്ബാന. 9:45-ന് മെത്രാപ്പോലീത്ത സ്ഥാനാരോഹണ ശുശ്രൂഷകൾ ആരംഭിക്കും. മെത്രാപ്പോലീത്ത സ്ഥാനാരോഹണത്തിന് ശേഷം അനുമോദന സമ്മേളനം നടക്കുന്നതാണ്.
വന്ദ്യ ഗബ്രിയേൽ റമ്പാൻ : ലഘു ജീവചരിത്രം
👇
ആത്മീയ-ദൈവശാസ്ത്ര രംഗങ്ങളിൽ മികച്ച അറിവും ഗവേഷണ പരിചയവുമുള്ള സന്യസ്തനാണ് വന്ദ്യ ഗബ്രിയേൽ റമ്പാൻ.
ജനനം : 1980 നവംബർ 23-ന് എബ്രഹാം വർഗീസിന്റെയും മോളി വർഗീസിന്റെയും മകനായി മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളിയിൽ ജനനം.
വിദ്യാഭ്യാസം: കൊമേഴ്‌സിൽ ബിരുദം.
പ്രെസ്ബിറ്റേറിയൻ തിയോളജിക്കൽ സെമിനാരി, ഡെറാഡൂൺ (ബാച്ചിലർ ഓഫ് തിയോളജി).
ആർത്ത് സെന്റ് അവ്ജിൻ മൊണാസ്റ്ററി, സ്വിറ്റ്സർലൻഡ് (ഡിപ്ലോമ ഇൻ സിറിയക് ലാംഗ്വേജ് ആൻഡ് ലിറ്റർജി).
സാൽസ്ബർഗ് സർവകലാശാല, ഓസ്ട്രിയ (മാസ്റ്റേഴ്സ് ഇൻ സിറിയക് തിയോളജി).
നിലവിൽ പൗരസ്ത്യ വിദ്യാപീഠം, കോട്ടയം - തിയോളജിയിൽ പി.എച്ച്.ഡി ഗവേഷണം.
1. എക്യൂമെനിക്കൽ പ്രവർത്തനങ്ങൾ :
വിദേശത്ത് സേവനമനുഷ്ഠിച്ച കാലയളവിൽ വിവിധ ക്രൈസ്തവ സഭകൾ തമ്മിലുള്ള ഐക്യത്തിനും സംവാദങ്ങൾക്കും വലിയ ഊന്നൽ നൽകിയിരുന്നു:
സംവാദങ്ങൾക്ക് നേതൃത്വം : കത്തോലിക്ക, പ്രൊട്ടസ്റ്റന്റ്, ഗ്രീക്ക് ഓർത്തഡോക്സ്, ഇവാഞ്ചലിക്കൽ സഭകൾ തമ്മിലുള്ള സഹകരണത്തിന് നേതൃത്വം നൽകി.
ഉക്രൈൻ ഓർത്തഡോക്സ് സഭ : ഉക്രൈൻ ഓർത്തഡോക്സ് സഭകളുമായുള്ള ചർച്ചകളിലും സംവാദങ്ങളിലും മുഖ്യ പങ്കുവഹിച്ചു.
ആഗോള സഹകരണം : സ്വിറ്റ്സർലൻഡിലെ ആർത്ത് മോർ അവ്ജിൻ ദയറായെ വിവിധ സഭകൾ തമ്മിലുള്ള ഒരു സംവാദ കേന്ദ്രമാക്കി മാറ്റുന്നതിൽ അദ്ദേഹം വിജയിച്ചു.
2. വിദ്യാഭ്യാസ പഠന അദ്ധ്യാപന രംഗങ്ങളിൽ :
സുറിയാനി ഭാഷയിലും ആരാധനാക്രമ ദൈവശാസ്ത്രത്തിലും അഗാധമായ പാണ്ഡിത്യമുള്ള വ്യക്തിയാണ് അദ്ദേഹം.
അദ്ധ്യാപനം : മഞ്ഞിനിക്കര ദയറയിലും അല്ലപ്ര മോർ അഫ്രേം സിറിയക് മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടിലും സുറിയാനി ഭാഷ, ആരാധനാക്രമം, ശീമോ, ഫെൻഖിത്തോ, സുറിയാനി സംഗീതം തുടങ്ങിയവ പഠിപ്പിച്ചു.
ഭാഷാ പ്രാവീണ്യം : സ്വിറ്റ്സർലൻഡിൽ പത്ത് വർഷത്തോളം താമസിച്ച് സുറിയാനി ഭാഷയുടെ സൂക്ഷ്മതകൾ സ്വായത്തമാക്കി.
ഗവേഷണം : കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിൽ പി.എച്ച്.ഡി ഗവേഷണം തുടരുന്ന അദ്ദേഹം പൗരസ്ത്യ സഭാ പിതാക്കന്മാരുടെ രചനകളെക്കുറിച്ചുള്ള പഠനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നു.
3. ഭരണപരമായ ചുമതലകൾ :
സഭയുടെ വിവിധ ദൈവാലയങ്ങളേയും സ്ഥാപനങ്ങളേയും മികച്ച രീതിയിൽ നയിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഇടവക വികാരി : പെരുമ്പാവൂർ മേഖലയിലെ നെടുങ്ങപ്ര സെന്റ് മേരീസ്, അല്ലപ്ര സെന്റ് ജേക്കബ്ബ് പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചു.
സ്ഥാപനങ്ങളുടെ ഭരണനിർവ്വഹണം : മഞ്ഞിനിക്കര മോർ ഇഗ്‌നാത്തിയോസ് ദയറ, അല്ലപ്ര മോർ അത്തനേഷ്യസ് സ്പെഷ്യൽ സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജറായി സേവനമനുഷ്ഠിച്ചു.
സ്പിരിച്വൽ ഡയറക്ടർ : സ്വിറ്റ്സർലൻഡിലെ ആർത്ത് സെന്റ് അവ്ജിൻ മൊണാസ്റ്ററിയിൽ ദീർഘകാലം സ്പിരിച്വൽ ഡയറക്ടർ, ഓസ്ട്രിയ സൂർയോയോ തിയോളജിക്കൽ സെമിനാരിയിൽ സ്പിരിച്വൽ ഡയറക്ടർ, അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
സമൂഹക്ഷേമം : അല്ലപ്ര മോർ ബസേലിയോസ് ഡയാലിസിസ് സെന്ററിന്റെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
യുവജന സേവനം : അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖല യൂത്ത് അസ്സോസിയേഷന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ യുവജനങ്ങളെ സഭയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം പ്രവർത്തിച്ചു.
4. പുതിയ ദൗത്യം :
2025 നവംബറിൽ അദ്ദേഹം സ്ഥാപിച്ച 'മോർ ഫീലക്സിനോസ് സിറിയക് ഓർത്തഡോക്സ് മൊണാസ്റ്ററി ആൻഡ് സെന്റർ ഫോർ പാട്രിസ്റ്റിക് സ്റ്റഡീസ്', സുറിയാനി സഭയുടെ ചരിത്രത്തിലെ സുപ്രധാനമായ ഒരു കാൽവെപ്പാണ്. മാബൂഗിലെ വിശുദ്ധ മോർ ഫീലക്സിനോസിന്റെ നാമത്തിൽ ആദ്യമായി സ്ഥാപിതമായ ഈ ദയറ, ഭാവിയിൽ പാട്രിസ്റ്റിക് (സഭാ പിതാക്കന്മാരുടെ പഠനം) ഗവേഷണങ്ങളുടെ ഒരു പ്രധാന കേന്ദ്രമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
നിയുക്ത മെത്രാപ്പോലീത്തായ്ക്ക് ജെ.എസ്.സി. സെഹിയോൻ മീഡിയയുടെ പ്രാർത്ഥനാ മംഗളാശംസകൾ.
✍️
#𝗷𝘀𝗰𝘀𝗲𝗵𝗶𝗼𝗻𝗺𝗲𝗱𝗶𝗮 @ 𝟵𝟮𝟰𝟵𝟰 𝟴𝟮𝟰𝟵𝟰
#𝘀𝗶𝗷𝘂𝘁𝗽𝗮𝘂𝗹 @ 𝟵𝟵𝟵 𝟱𝟬𝟬𝟬 𝟵𝟯𝟵