09/11/2025
മലങ്കര മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക്
സെറാംപൂര്‍ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ്
1818 ല്‍ സ്ഥാപിതമായ ദൈവശാസ്ത്ര സര്‍വ്വകലാശാലയായ സെറാംപൂര്‍ യൂണിവേഴ്സിറ്റിയുടെ ഈ വര്‍ഷത്തെ ഡി. ഡി. (ഹൊണോറിസ് കോസ) ബിരുദത്തിന് മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ അര്‍ഹനായി. അക്കാദമിക സാമൂഹ്യ എക്യൂമെനിക്കല്‍ ആദ്ധ്യാത്മിക രംഗങ്ങളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് സര്‍വ്വകലാശാല ഡോക്ടറേറ്റ് സമ്മാനിക്കുന്നത്. ബിരുദദാനം 2025 നവംബര്‍ 27 ന് സെറാംപൂര്‍ കോളജില്‍ വെച്ച് നടക്കുമെന്ന് കൗണ്‍സില്‍ സെക്രട്ടറി ഡോ. ശുബ്റോ ശേഖര്‍ സര്‍ക്കാര്‍ അറിയിച്ചു.
സഭാ സംബന്ധമായ അതിര്‍ വരമ്പുകള്‍ക്കപ്പുറം വിശാല എക്യുമെനിക്കല്‍ ദര്‍ശനത്തോടെ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ സമഗ്രമായ സംഭാവന നല്‍കുന്ന ദീര്‍ഘവീക്ഷണമുള്ള സഭാ പിതാവും, ദൈവശാസ്ത്രജ്ഞനും, പണ്ഡിതനും, പരിഷ്കര്‍ത്താവുമാണ് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ. ഇതര മതദര്‍ശനങ്ങളെ അറിയുന്നതിനും ആദരിക്കുന്നതിനുമുള്ള വിശാല മനസ്സിന്‍റെ ഉത്തമോദാഹരണമാണ് ശ്രീ നാരായണ ഗുരു ദര്‍ശനങ്ങളിലുള്ള മത്രാപ്പോലീത്തായുടെ അവഗാഹമായ പാണ്ഡിത്യം. അദ്ദേഹത്തിന്‍റെ നേതൃത്വശൈലിയില്‍ ദൈവശാസ്ത്രപരമായ ആഴവും സാമൂഹ്യ പ്രതിബദ്ധതയും ഉള്‍ചേര്‍ന്നിട്ടുണ്ട്. സഭയിലും സമൂഹത്തിലും ശാശ്വത സമാധാനം, സന്തോഷം, ഐക്യം, നീതി എന്നിവ സ്ഥാപിക്കുക എന്നതാണ് തിയഡോഷ്യസ് മെത്രാപ്പോലീത്തായുടെ ദര്‍ശനം. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി നിലകൊള്ളുകയും, മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളെ മനസ്സിലാക്കി അവയോടെ കരുണാദ്രമായി ഇടപെടുവാന്‍ വിശ്വാസ സമൂഹത്തെ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്യുന്നു. പരിസ്ഥിതി, മനുഷ്യാവകാശങ്ങള്‍, മതാന്തര ഐക്യം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ അദ്ദേഹത്തിന്‍റെ രചനകളിലൂടെയും, പ്രസംഗങ്ങളിലൂടെയും, പൊതു ഇടപെടലുകളിലൂടെയും പ്രതിഫലിപ്പിക്കുന്നു. മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത എന്ന നിലയില്‍ വിദ്യാഭ്യാസം, സാമൂഹിക സേവനം, പരിസ്ഥിതി സംരക്ഷണം, കൃഷി, എക്യുമെനിക്കല്‍ സംഭാഷണം എന്നിവയില്‍ മുന്‍കൈയെടുത്ത് അദ്ദേഹം സഭയെയും വിശാലമായ സമൂഹത്തെയും പ്രചോദിപ്പിക്കുകയും അതുവഴി വിവിധ സമൂഹങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനവും സമാധാനപരമായ സഹവര്‍ത്തിത്വവും വളര്‍ത്തുകയും ചെയ്യുന്നു.
അതിരുകളെ ഇല്ലാതാക്കുന്ന പാരസ്പര്യത്തെ ദൃഷ്ടാന്തമാക്കിയ സ്വാന്തന സ്പര്‍ശമുള്ള പദ്ധതിയാണ് നിക്കോള്‍സണ്‍ സ്ക്കൂളിലേക്കുള്ള മണിപ്പൂര്‍ വിദ്യാര്‍ത്ഥികളുടെ പുനരധിവാസം. ഭവന രഹിതര്‍ക്ക് സ്ഥലവും വീടും വയ്ക്കുന്നതിനായി ലാന്‍ഡ് ഫോര്‍ ലാന്‍ഡ്ലെസ് പദ്ധയിയിലൂടെ സഹായം എത്തിച്ച് അനേക ജീവിതങ്ങള്‍ക്ക് സ്നേഹസാന്ത്വനം നല്‍കി. പിന്നീട് മെത്രാപ്പോലീത്താ പദവിയിലെത്തിയപ്പോള്‍, തന്‍റെ 75 -ാം ജډദിനത്തോടനുബന്ധിച്ച് അഭയം പദ്ധതിയിലൂടെ 150 പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്കുകയും, അനേകം യുവതി - യുവാക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയും ചെയ്തു. കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്‍ഡ്യ, ബാഗ്ലൂരിലെ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്‍റര്‍, നിലയ്ക്കല്‍ സെന്‍റ് തോമസ് എക്യുമെനിക്കല്‍ സെന്‍റര്‍ ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി എന്നിവയുടെ പ്രസിഡന്‍റായും, അഖില ലോക സഭാ കൗണ്‍സില്‍, ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ, കാസാ, നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ, സി, ഐ. എസ്. ആര്‍. എസ്, കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് എന്നിവയുടെ സുപ്രധാന സമ്മേളനങ്ങളിലെ നേതൃത്വം എന്നിവ ഉള്‍പ്പടെ പ്രാദേശിക, ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ.
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ അഭിനന്ദനങ്ങള്‍ പ്രാര്‍ത്ഥനകള്‍
റവ. എബി റ്റി മാമന്‍
സഭാ സെക്രട്ടറി