05/03/2026
ആവേശതിമിർപ്പിൽ തട്ടകം ഒരുങ്ങുന്നു , ഇലന്തൂരിൽ ഇന്ന് വല്യപടയണി.
ഇലന്തൂരിന്റെ മണ്ണിൽ പെയ്തിറങ്ങിയ പടയണിക്കാലത്തിന്റെ എട്ടാം ദിനമാണിന്ന്. കുന്നിലമ്മയുടെ പടയണിക്കളത്തിൽ ഇന്നാണ് വല്യപടയണി.
കഴിഞ്ഞ ഏഴുരാത്രികളെ പകലാക്കി ഉറക്കമൊഴിഞ്ഞിരിക്കുന്ന ഇലന്തൂരിന്റെ നെഞ്ചിലൂടെ വലിയ പടയണിക്കോലങ്ങള്‍ ഉറഞ്ഞുതുള്ളിയെത്തുമ്പോള്‍ ആവേശലഹരി അത്യുന്നതത്തിലാകുന്നു. ഗ്രാമം മുഴുവന്‍ ഒരു അരങ്ങായി മാറുന്നു.
കാവിലമ്മയുടെ ഏറ്റവും വലിയ കാലവഴിപാടാണ് വലിയപടയണി.
കുംഭ ഭരണി നാളില്‍ ചൂട്ടുവച്ച് പച്ചതപ്പുകൊട്ടി തുടങ്ങിയ പടയണി പൂര്‍ണ്ണതയില്‍ എത്തുന്നത് എട്ടാം ദിവസമാണ്. മുഖമറകോലങ്ങള്‍ മുതല്‍ രൗദ്ര ഭാവങ്ങള്‍ നിറഞ്ഞ ഭൈരവി വരെ തപ്പുതാളത്തിനൊത്ത് ഇന്ന് ഭഗവതിയുടെ മുന്നില്‍ നിറഞ്ഞാടും ഭഗവതികുന്നിലമ്മയ്ക്ക് സമര്‍പ്പിക്കാന്‍ പച്ചപ്പാളയില്‍ രൗദ്രഭാവങ്ങള്‍ തീര്‍ക്കുന്ന തിരക്കിലാണ് കരക്കാരും ശ്രീദേവി പടയണിസംഘവും കരയാകെ ആവേശ തിമിര്‍പ്പിലാണ്. വല്യപടയണി കാണാനെത്തുന്നവരെ സ്വീകരിക്കാന്‍ ഗ്രാമം ഒരുങ്ങിക്കഴിഞ്ഞു.
രാത്രി 10 ന് കാച്ചിക്കടുപ്പിച്ച തപ്പില്‍ ജീവകൊട്ടുന്നതോടെ വല്യപടയണി ചടങ്ങുകള്‍ക്ക് കളമുണരും. ഇലന്തൂര്‍ തേവർനടയിൽ നിന്നും ചൂട്ടുവെളിച്ചത്തില്‍ ചെണ്ടമേളത്തിന്റെയും, വഞ്ചിപ്പാട്ടിന്റെയും, താലപ്പൊലിയുടേയും അടവി വൃക്ഷകൊമ്പുകളുടേയും അകമ്പടിയോടെ എത്തുന്ന കോലങ്ങളെ തപ്പുമേളത്തിന്റെ മൂര്‍ദ്ധന്യ അവസ്ഥയില്‍ കാപ്പൊലിച്ച് കളത്തിലേക്ക് ആനയിക്കും. കളരിവന്ദനത്തിനുശേഷം ഉണരുന്ന കളത്തിലേക്ക് ആദ്യമെത്തുന്നത് വെളിച്ചപ്പാടാണ്. ശേഷം ഭഗവതിയുടെ പ്രതിരൂപങ്ങളായ ഭൈരവിയും അനിയത്തിയായ കാഞ്ഞിരമാലയോടൊപ്പം തോഴിമാരായ യക്ഷികോലങ്ങളും ഭൂതഗണങ്ങളായ മറുത, പക്ഷി തുടങ്ങിയ എല്ലാ കോലങ്ങളോടൊപ്പം തപ്പിൻ്റെയും കൈമണിയുടേയും ഒന്നിച്ച് ന്യത്തംചവിട്ടുന്ന നിരത്തിതുള്ളലിന് ശേഷം പുലവൃത്തം താവടി എന്നിവയെത്തും. ശിവകോലം കളത്തിലെത്തുന്നതോടെ പാളക്കോലങ്ങളുടെ വരവായി. ഗണപതി, മറുത, പക്ഷി, മാടന്‍, സുന്ദരയക്ഷി, അരക്കിയക്ഷി, അന്തരയക്ഷി, മായയക്ഷി, എരിനാഗയക്ഷി, കരിങ്കാളി കാലന്‍ എന്നീകോലങ്ങള്‍ ക്രമത്തില്‍ തുള്ളി ഒഴിയുന്നു. പരദേശി,അമ്മൂമ്മ, ഗുരുവും ശിഷ്യനും തുടങ്ങിയ വിനോദ രൂപങ്ങള്‍ ചിരിക്കാനും ചിന്തിപ്പിക്കാനുമായി ഇടവേളകളില്‍ കളത്തിലെത്തും. അന്ധകാരത്തിനു മേൽ വെളിച്ചം ആധിപത്യം സ്ഥാപിക്കുന്ന സങ്കല്പത്തില്‍ സൂര്യന്‍ കിഴക്കുദിക്കുമ്പോള്‍ കരദേവതയായ ഭൈരവിയും കാഞ്ഞിരമാലയും കളത്തില്‍ തുള്ളും തുടര്‍ന്ന് പിഴകളെല്ലാം പൊറുക്കണെ എന്ന് കൊട്ടിപ്പാടികൊണ്ട് അടന്ത താളത്തില്‍ മംഗളഭൈരവി തുള്ളം , സര്‍വ്വ ദോഷങ്ങളും തീര്‍ത്ത് പൂപ്പടതുള്ളിക്കഴിഞ്ഞ് ചൂട്ടുവച്ച് വിളിച്ചിറക്കിയ കുന്നിലമ്മയെ വഞ്ചിപ്പാട്ടിന്റെയും ആർപ്പുവിളിയുടെയും അകമ്പടിയോടെ ശ്രീകോവിലിലേക്ക് ആനയിക്കുന്നതോടെ ഇലന്തൂരിന്റെ ഇക്കൊല്ലത്തെ പടേനിക്കാലത്തിനു സമാപനം ആകും.