19/09/2024
മലങ്കരയുടെ പുണ്യ ദിനം🙏🙏🙏
1930 സെപ്തംബര്‍ 20.
സാര്‍വ്വത്രിക സഭ എന്ന മഹത്തായ പൂന്തോട്ടത്തിലേക്ക് മനോഹരമായ ഒരു ചെടികൂടെ ചേര്‍ക്കപ്പെട്ടു, മലങ്കര സുറിയാനി കത്തോലിക്കാ സഭ എന്ന കുഞ്ഞുചെടി. ഇന്നും മലങ്കര സഭയ്ക്ക് അഭിമാനിക്കാന്‍ മധുര സ്മരണകള്‍ നല്‍കികൊണ്ട് സെപ്തംബര്‍ 20, പുനരൈക്യ ദിനം, തലയുയര്‍ത്തി നില്‍കുന്നു. മാര്‍ ഈവാനിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ അഞ്ചുപേര്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍നിന്നും കത്തോലിക്കാ വിശ്വാസം ഏറ്റുപറഞ്ഞ് ആഗോളസഭയുടെ സംസര്‍ഗത്തിലേക്ക് വന്നു. കൊല്ലത്തുള്ള ലത്തീന്‍ അരമന ചാപ്പലില്‍ വച്ച് കൊല്ലം മെത്രാന്‍ മാര്‍ ബൻസിഗര്‍ തിരുമേനിയുടെ മുമ്പാകെയാണ് ഇവര്‍ കത്തോലിക്കാ വിശ്വാസം ഏറ്റു പറഞ്ഞത്. ഈ മഹത്തായ സംഭവമാണ് 'പുനരൈക്യം' എന്ന പേരിലറിയപ്പെടുന്നത്.
പുനരൈക്യ ചിന്തകള്‍ക്കൊപ്പം പ്രാധാന്യത്തോടെ നാം കാണേണ്ട മറ്റൊരു വസ്തുതയാണ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ സമര്‍പ്പണ ജീവിതം. വ്യവഹാരംകൊണ്ട് നട്ടംതിരിഞ്ഞ സഭയെ രക്ഷിക്കാനും അതിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്കും വികസനത്തിനും ഒരു സന്യാസസമൂഹം അനിവാര്യമാണെന്ന് മലങ്കര സഭയുടെ ഭാവി പ്രതീക്ഷയായിരുന്ന പി. റ്റി. ഗീവറുഗീസ് (മാര്‍ ഈവാനിയോസ്) കത്തനാര്‍ ചിന്തിച്ചു.
മലങ്കര സിംഹം, ഭാരതന്യൂമാന്‍, ബഥനി മെത്രാപ്പോലിത്താ, ആര്‍ച്ചു ബിഷപ്പ്, ആബോ ഗീവറുഗീസ് തുടങ്ങിയ നാമങ്ങളില്‍ അറിയപ്പെടുന്ന, പൗരസ്ത്യ സഭകള്‍ കണ്ടിട്ടുള്ള ഏറ്റവും ശക്തനായ മാര്‍ ഈവാനിയോസ് 1882 സെപ്തംബര്‍ 21ന് മാവേലിക്കരയിലെ പണിക്കരു തറവാട്ടില്‍ ജനിച്ചു. എം. എ. കാരനായ അദ്ദേഹം, എം. എ. അച്ചന്‍ എന്നും അറിയപ്പെട്ടു. 1925 ല്‍ റമ്പാനായി; 1925 മെയ് 1-ാം തീയതി മെത്രാനായും 1929- ല്‍ മെത്രാപ്പോലിത്തായായും ഉയര്‍ത്തപ്പെട്ടു. അദ്ദേഹം ശക്തമായ രീതിയില്‍ സഭൈക്യം നിറവേറുന്നതിനായി യത്‌നിച്ചു. അതിന്റെ തുടക്കമെന്നോണമാണ് ബഥനി സന്യാസാശ്രമം സ്ഥാപിച്ചത്. തികച്ചും ഭാരതീയചട്ടകൂട്ടില്‍ ഒതുക്കിനിര്‍ത്തികൊണ്ട് പൗരസ്ത്യ ആദ്ധ്യാത്മികതയെ സമ്മേളിപ്പിച്ചു കൊണ്ടുള്ള ഒരു സന്യാസ സമൂഹമായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനത്തിലുണ്ടായിരുന്നത്. 1919-ാം ആണ്ട് ആഗസ്തിന്‍ പെരുനാട്ടിലുള്ള മുണ്ടന്‍മലയില്‍ അദ്ദേഹംതന്നെ ആശ്രമശ്രേഷ്ഠസ്ഥാനം വഹിച്ചുകൊണ്ട് ബഥനി സന്യാസ സമൂഹം സ്ഥാപിച്ചു. പിന്നീടദ്ദേഹം ബഥനി സന്യാസിനി സമൂഹത്തിനും രൂപം നല്‍കി.
'മലങ്കര സുനഹദോസ്' എന്ന് മാര്‍ ഈവാനിയോസ് വിളിച്ച 1926 ലെ പരുമല സമ്മേളനം മുതല്‍ റോമാ സിംഹാസനവുമായി ബന്ധപ്പെടാന്‍ തുടങ്ങി. തുടര്‍ന്നുള്ള എഴുത്തു കുത്തുകള്‍ക്ക് നേതൃത്വം വഹിച്ചത് മാര്‍ ഈവാനിയോസായിരുന്നു. 1929 സെപ്തംബറോടുകൂടി പുനരൈക്യ ശ്രമങ്ങള്‍ ഏകദേശം ഫലമണിയാറായി. എന്നാല്‍ അനുകൂലമായ കോടതി വിധിയുടെ വെളിച്ചത്തില്‍, മാര്‍ ഈവാനിയോസ് ഒഴികെയുള്ള മെത്രാന്മാരെല്ലാം ചുവടുമാറ്റിച്ചവിട്ടി. ബഥനി മെത്രാപ്പോലീത്തയില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന ഉറച്ച തീരുമാനവും ദീര്‍ഘവീക്ഷണവും പുനരൈക്യ ശ്രമങ്ങള്‍ തുടരുന്നതിന് പ്രചോദനമായി.
റോമാ സിംഹാസനവുമായി ബന്ധപ്പെടാനുള്ള യത്‌നങ്ങള്‍ക്ക് കൈത്തിരി കാണിച്ച മെത്രാപ്പോലിത്താമാര്‍ അറച്ചു നില്‍ക്കുന്നതു കണ്ടിട്ടും മലങ്കര സഭയുടെ ഭാവി മാത്രം മുന്നില്‍ക്കണ്ടുകൊണ്ട് മാര്‍ ഈവാനിയോസ് എന്ന ബഥനി മെത്രാപ്പോലിത്ത പുനരൈക്യ ശ്രമങ്ങളുമായി മുന്നോട്ടു നീങ്ങി. ഇദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ഭാഗ്യ സ്മരണാര്‍ഹനായ മാര്‍പാപ്പ 'പീയൂസ് പതിനൊന്നാമന്‍' അനുഗ്രഹാംഗീകാരം നല്‍കി. അങ്ങനെ 1930 സെപ്തംബര്‍ 20 ന് മലങ്കര സഭയിലെ ഒരു ചെറു സംഘം മാര്‍ ഈവാനിയോസിന്റെ നേതൃത്വത്തില്‍ സാര്‍വ്വത്രിക സഭയില്‍ ലയിച്ചു.
'പഞ്ച പ്രേഷിതര്‍''എന്നറിയപ്പെട്ട, ആദ്യമായി പുനരൈക്യപ്പെട്ടവര്‍ ഐക്യത്തിന്റെ സന്ദേശ വാഹകരായി മാറി. ബുദ്ധിമുട്ടുകള്‍ ഏറെ നേരിടേണ്ടി വന്നെങ്കിലും അവരുടെ സധൈര്യമുള്ള പ്രവര്‍ത്തനം സഹസ്രഗണങ്ങളെ പുനരൈക്യത്തിലേക്കു നയിച്ചു. താമസംവിനാ 1932 ജൂണ്‍ 11-ാം തീയതി മലങ്കര കത്തോലിക്കാ ഹയരാര്‍ക്കി സ്ഥാപിച്ചുകൊണ്ടുള്ള പരിശുദ്ധസിംഹാസനത്തിന്റെ ഉത്തരവുണ്ടായി. അങ്ങനെ, മാര്‍ ഈവാനിയോസ് തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായും മാര്‍ തെയോഫിലിസ് തിരുവല്ല മെത്രാനായും അവരോധിക്കപ്പെട്ടു. പിന്നീട് 1934 ജൂണ്‍ 27 ന് തിരുവനന്തപുരം അതിരൂപതയ്ക്കായ് സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരി സ്ഥാപിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അത്ഭുതാവഹമായ രീതിയില്‍ സഭ വളര്‍ന്നു. ഇന്ന് അഞ്ച് ലക്ഷത്തോളം വിശ്വാസികളുള്ള ഒരു ക്രൈസ്തവ സമൂഹമായി മലങ്കര സുറിയാനി കത്തോലിക്കാസഭ വളര്‍ന്നു കഴിഞ്ഞു.
പുനരൈക്യം ഒരു ദിവസത്തില്‍ ഒരുങ്ങി നില്‍ക്കുന്ന ഒന്നാണോ? പുനരൈക്യത്തിന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്? പുനരൈക്യത്തിന് ഇന്നുള്ള പ്രസക്തി എന്താണ്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ നമ്മുടെ മുന്നില്‍ ഇന്ന് ഉയരുന്നുണ്ട്. ഐക്യത്തോടെ പ്രര്‍ത്തിച്ചില്ലെങ്കില്‍ നമുക്കെങ്ങനെ സുവിശേഷം ലോകം മുഴുവന്‍ എത്തിക്കാനാവും. ഇന്ന് മിഷന്‍ ചൈതന്യം നിറഞ്ഞ ഒരു ക്രൈസ്തവ സമൂഹമായി മലങ്കര സുറിയാനി കത്തോലിക്കാ സഭ വളര്‍ന്നു കഴിഞ്ഞു. ദൈവത്തിന്റെ നിസ്തുലമായ സ്‌നേഹത്തിന്റെ അയാളമാണ് 'മാര്‍ ഈവാനിയോസ്' എന്ന താപസനിലൂടെ അവിടുന്ന് വെളിപ്പെടുത്തിയത്. പുനരൈക്യം എന്ന ചരിത്രസംഭവത്തിലൂടെ മാര്‍ ഈവാനിയോസ് വലിയ മെത്രാപ്പോലിത്താ കൊളുത്തിയ കൈത്തിരി അതിന്റെ ചൈതന്യത്തോടുകൂടി തീഷ്ണമായി ജ്വലിപ്പിക്കാന്‍ നമുക്ക് പരിശ്രമിക്കാം.