18/12/2024
The remembrance of the good memories of those we have loved, may be the only consolation when they are gone...💐നവംബർ 30, ഏറേക്കാലത്തെ കാത്തിരിപ്പിന്റെയും നെയ്തുകൂട്ടിയ സ്വപ്നങ്ങളുടെയും ഫലമണിയുന്ന വിവാഹ ദിവസമായിരുന്നു. രണ്ട് യുവമിഥുനങ്ങളോടൊപ്പം രണ്ട് കുടുംബങ്ങളും സ്വപ്നസാക്ഷാത്കാരത്തിന്റെ നിറവിലാണ്. സ്വർഗ്ഗം അവരെ ആശിർവദിച്ചു. ആ ദിവസം, വിവാഹശേഷം സത്ക്കാരവേളയിൽ അനുവിന്റെ വാക്കുകൾ ഓർത്തു പോവുകയാണ്. "ഒരുപാട് കാലത്തെ കാത്തിരിപ്പാണ്. എന്താ പറയേണ്ടതെന്ന് അറിയില്ല, ഞാൻ ഹാപ്പിയാണ്". നിറപുഞ്ചിരിയോടെ നിഖിൽ അവളുടെ വാക്കുകൾ കേൾക്കുകയാണ്. കൃതജ്ഞതയുടെ നിറകണ്ണുകളാൽ അവർ പരസ്പരം ചേർന്നുനിന്നു🤍.ഡിസംബർ 15... നമ്മുടെ പ്രിയപ്പെട്ടവരുടെ ഏറ്റവും നല്ല ഓർമ്മകളാണ് അവരുടെ അസാന്നിധ്യത്തിലും പലപ്പോഴും നമുക്ക് ആശ്വാസമാവുക. അവരോടൊത്തുള്ള മധുരിതമായ ഓർമ്മകൾ കുറിക്കുമ്പോൾ ഇന്ന് ഏറെ ഹൃദയവ്യഥ അനുഭവിക്കുകയാണ്. യുവജന സഭയിലെ മാതൃകാദമ്പതികളായുള്ള വളർച്ചയിൽ അവരുടെ യാത്ര അപ്രതീക്ഷിതമായി അവസാനിച്ചിരിക്കുന്നു. ഇടവകയിൽ നിഖിലിന്റെയും അനുവിന്റെയും ലോകം എം.സി.വൈ.എം കൂട്ടായ്മയായിരുന്നു. സുഹൃത്തുക്കൾക്ക് നിഖിൽ അവരുടെ 'ഈപ്പച്ചൻ' ആയിരുന്നു. സ്നേഹപൂർവ്വമുള്ള ആ വിളിപ്പേര് നിഖിൽ ഏറെ ആസ്വദിച്ചിരുന്നു. പത്താം ക്ലാസിലും പ്ലസ്ടുവിലും എല്ലാ വിഷയങ്ങൾക്കും എ-പ്ലസ് നേടി പഠനത്തിൽ മികവു കാട്ടി മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഉയർന്ന മാർക്കോടെ വിജയിച്ചശേഷം രണ്ടുവർഷത്തോളം സൗദിയിൽ ജോലി ചെയ്തു. തന്റെ പഠനകാലത്ത് എം.സി.വൈ.എം യൂണിറ്റ് സെക്രട്ടറിയായും ഒപ്പം ഇടവക ഗായക സംഘത്തിലും നിഖിൽ ഏറെ കാലം പ്രവർത്തിച്ചിട്ടുണ്ട്. കലാ മത്സരങ്ങളിലെ നിറസാന്നിധ്യം, തെരുവുനാടക മത്സരങ്ങളിലെ മികച്ച അഭിനേതാവ്, ബാഡ്മിന്റൺ ടൂർണമെന്റുകളിലെ മികച്ച വിജയങ്ങൾ... അത്തരത്തിൽ സമസ്ത മേഖലകളിലും നിഖിൽ നൽകിയ പ്രചോദനം ഇടവക മക്കളുടെ ഹൃദയത്തിലെന്നുമുണ്ട്. ആർദ്രതയുള്ള കരുണയുടെ മുഖമായിരുന്നു നിഖിലിന്റേതെന്ന് ഏവരും ഓർക്കുന്നു.മാതൃകയുള്ള മുതിർന്നവരുടെ മികവേറിയ പ്രവർത്തനങ്ങളിൽ പ്രചോദനമുൾക്കൊണ്ട് യുവജനപ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ഇടവക മകളാണ് അനു. യൂണിറ്റിന്റെ ജോയിന്റ് സെക്രട്ടറിയായും ട്രഷററായും സേവനമനുഷ്ഠിച്ച അനു പഠനത്തിലും രചനാ മത്സരങ്ങളിലും ഏറെ മികവ് തെളിയിച്ചിട്ടുണ്ട്. പ്രതിഭയുള്ള ഗായിക കൂടിയായിരുന്നു അനു. ഇടവകയുടെ അഭിമാനമായ ആവെ മരിയ ഗായക സംഘത്തിലെ നിറസാന്നിധ്യമായിരുന്നു. സാന്ത്വന ഭവന നിർമ്മാണ പദ്ധതിയിലും ഇടവകയുടെ ജൂബിലി ആഘോഷങ്ങളിലും അനുവിന്റെ സംഭാവനകൾ വിസ്മരിക്കാനാവാത്തതാണ്. എപ്പോഴും പുഞ്ചിരി നിറഞ്ഞ മുഖമായിരുന്നു അനുവിന്റേത്. അവളുടെ നിഷ്കളങ്കമായ ചിരി നമ്മുടെ ഹൃദയ വേദനകൾ മറക്കുവാൻ നമ്മെ സഹായിച്ചിരുന്നു.നിഖിലിന്റെയും അനുവിന്റെയും അനുകരണീയ വ്യക്തിത്വങ്ങളുടെ പുറകിൽ അവരുടെ മാതാപിതാക്കൾ തന്നെയായിരുന്നു. സ്വന്തം കുടുംബങ്ങളിൽ നിന്ന് തന്നെ അവർ പഠിച്ച നന്മകൾ..നിറ കണ്ണുകളോടെയല്ലാതെ ഇടവക ജനങ്ങൾക്ക് അവരുടെ വിയോഗം ഓർക്കുവാനാവുന്നില്ല. നിത്യതയുടെ സ്വർഗ്ഗീയ ഉദ്യാനത്തിലേക്ക് അവർ കടന്നു പോയെങ്കിലും ആ യാത്ര ഏറെ വൈകിയാകാമായിരുന്നുവെന്ന് ആഗ്രഹിച്ചു പോകുന്നു. അനുവിന്റെ പിതാവ് ബിജുച്ചായൻ യുവജനങ്ങളെക്കാൾ ഊർജ്ജസ്വലനായിരുന്നു. എല്ലാ ഇടവക തല പ്രവർത്തനങ്ങളിലും ചുക്കാൻ പിടിച്ചിരുന്ന നിറസാന്നിധ്യം, യുവജനപ്രസ്ഥാനത്തിന്റെ ആനിമേറ്ററായും കരോൾ സംഘത്തിന്റെ മുഖ്യ ഗായകനായും നമ്മോടൊപ്പമായിരുന്ന നമ്മുടെ ബിജുച്ചായൻ.. ഏറെ തമാശകൾ പറഞ്ഞിരുന്ന, ജപമാല പ്രാർത്ഥന എന്നും ഉയർത്തി പിടിച്ചിരുന്ന, ഇടതുകരമറിയാതെ അനേകം നന്മകൾ ചെയ്തിരുന്ന അദ്ദേഹം ഇനി നമ്മോടൊപ്പമില്ലായെന്ന യാഥാർത്ഥ്യം അംഗീകരിക്കാനാവുന്നില്ല.നിഖിലിന്റെ പിതാവ് മത്തായിച്ചാൻ... കുടുംബത്തിനായി ഏറെ വർഷക്കാലം പ്രവാസിയായിരുന്ന വത്സല പിതാവ്. സ്വപ്നഭവനവും പണികഴിപ്പിച്ച്, മക്കളുടെ സന്തോഷത്തെ പുൽകി വിശ്രമ ജീവിതം നയിച്ചിരുന്ന ഏറെ സൗമ്യനായിരുന്ന അദ്ദേഹത്തിനെയും നിർഭാഗ്യം കവർന്നെടുത്തിരിക്കുന്നു..ഓർമ്മകൾ അക്ഷരത്താളുകളിൽ പകർത്തുവാൻ ഹൃദയഭാരം അനുവദിക്കുന്നില്ല. ജാഗരൂഗതയോടെ കരുതലോടെയിരിക്കാം.. ചെറുപരിഭവങ്ങൾ പറഞ്ഞു തീർക്കാം... എന്തെന്നാൽ നമ്മുടേത് അല്ലല്ലോ.. തീരുമാനം തമ്പുരാന്റെ അത്രെ...ലിൻസ് മാത്യു തോമസ്