16/02/2015
നോമ്പ് ഒരു യാത്രയാണ്.
സ്വര്‍ഗ്ഗത്തെ നോക്കി തീര്‍ത്ഥാടനം ചെയ്യുന്ന തീര്‍ത്ഥാടകസമൂഹത്തിന്‍റെ വഴിയാത്ര. കല്ലും മുള്ളും പറക്കാരയും നിറഞ്ഞ വഴിയിലൂടെയുള്ള യാത്ര. ഒപ്പം മരുഭൂമിയുടെ അനുഭവത്തിലേയ്ക്കുമുള്ള ഒരു യാത്ര. ഇനി 50 ദിവസങ്ങള്‍. പരീക്ഷണങ്ങളുണ്ട്; പിശാചുണ്ട് അപ്പവും വെള്ളവുമില്ല. തണലും തുണയും ഇല്ലാതാവുക.
വേദനയുടെ അനുഭവങ്ങള്‍...
നോമ്പ് വീട്ടിലേയ്ക്കുള്ള യാത്രയാണ്. അപ്പന്‍റെ വീട്ടിലേയ്ക്കുള്ള യാത്ര.ചേറില്‍ നിന്നും, അഴുക്കില്‍ നിന്നും സുബോധം വരുത്തലും, പന്നിക്കൂട്ടത്തില്‍ നിന്നുള്ള എഴുന്നേല്‍പ്പുമാണ്. നോമ്പ് മിസ്രയിമില്‍ നിന്നും യിസ്രായേലിലേയ്ക്കുള്ള ദൈവജനത്തിന്‍റെ യാത്രയാണ്. ബാധകളുണ്ട്, പരീക്ഷണങ്ങളുണ്ട്, പിറുപിറുപ്പിന്റെ അനുഭവങ്ങള്‍ കാത്തിരിപ്പുണ്ട് സാരമില്ല; പകല്‍ മേഘസ്തംഭത്തിലും രാത്രി അഗ്നിത്തൂണിലും വഴി നടത്തിയവന്‍ നിശ്ചയമായും കൂടെയുണ്ട്.
നോമ്പ് ഒരു യാത്രയാണ്.മിസ്രയിമില്‍ നിന്നും ഉള്ള തിരുകുടുംബത്തിന്‍റെ യാത്ര.സകലവും ഉപേക്ഷിച്ച് സകലത്തിന്റെയും ഉടയവനായ യേശുകുഞ്ഞുമായുള്ള യാത്ര. എന്തിന് ഭാരപ്പെടണം? ഭയപ്പെടണം? കൂടെയുള്ളത് ക്രിസ്തു സാന്നിധ്യം അല്ലേ!നമുക്ക് പോകാന്‍ കുറെയേറെ ദൂരമുണ്ട്.
ഗുരു തന്‍റെ പന്ത്രണ്ട് ശിഷ്യന്മാരെ നിയോഗം ഏല്‍പ്പിച്ചയച്ച യാത്ര. ചെന്നായ്ക്കളുടെ നടുവിലേയ്ക്കാ യാത്ര..പാമ്പിനെപ്പോലെ ബുദ്ധിയും, പ്രാവിനെപ്പോലെ നിഷ്ക്കളങ്കരും ആകാന്‍ ആഹ്വാനം ചെയ്യുന്ന യാത്ര. വടിയും പൊക്കണവും ഒന്നും കരുതണ്ട. കരുതുന്നവന്‍ കൂടെയുണ്ട് നിശ്ചയം...കലങ്ങുന്നതെന്തിനു നാം?
നോമ്പ് ഒരു യാത്രയാണ്. യേശുകര്‍ത്താവിന്‍റെ ബേത് ഫാഗ നിന്നും ബേഥാന്യയിലേയ്ക്കുള്ള യാത്ര. അനുദിനം കണ്ണിന്റെ കൃഷ്ണമണി പോലെ കരുതുന്ന ദൈവത്തിന് അനുനിമിഷം ഹോശാന പാടേണ്ട യാത്ര.നമ്മുടെ ജീവിതം കൊണ്ട് ദൈവത്തെ സാക്ഷിക്കാന്‍ ആയെങ്ക്കില്‍...
നോമ്പ് നിശ്ചയമായും കാല്‍വരിയിലേയ്ക്കുള്ള യാത്രയാണ്...ക്രിസ്തുവിനോടൊപ്പം അടിയേല്‍പ്പാനും...തുപ്പല്‍ ഏല്‍പ്പാനും...മുള്‍മുടി ചൂടാനും ആഹ്വാനം ചെയ്യുന്ന യാത്ര..അവന്‍ സഹിച്ച പാടുകള്‍ ഓര്‍ത്ത് അല്പമെങ്കിലും നമ്മുടെ ജീവിതത്തില്ലൂടെ ക്രിസ്തുവിനെ പ്രതിബിംബിപ്പിക്കാന്‍ ഈ വലിയ നോമ്പ് നമ്മെ നിര്‍ബന്ധിക്കുന്നു.
പ്രാര്‍ത്ഥിപ്പാനായി പതിവ് പോലെ ഒലിവു മലയിലേയ്ക്കു പോയ യേശുവിന്‍റെ യാത്രയാണ്... "എങ്കിലും എന്‍റെ ഇഷ്ടമല്ല; നിന്റെ ഇഷ്ടം തന്നെ നടക്കട്ടെ" എന്ന് പ്രാര്‍ത്ഥിക്കേണ്ടുന്ന നിമിഷങ്ങള്‍... വിയര്‍പ് വലിയ ചോരതുളികള്‍ പോലെ ആയി പ്രാര്‍ത്ഥിക്കേണ്ടുന്ന നിമിഷങ്ങള്‍...
പ്രാര്‍ത്ഥനയുടെ വലിയ നോമ്പ് കാലം..
ക്ഷമയുടെ ശുബ ക്കോനോ...നമുക്ക് ഈ വലിയ നോമ്പ് കാലത്തില്‍ എല്ലാവരോടും ക്ഷമിക്കാം......എല്ലാം സഹിക്കാം..എല്ലാം പൊറുക്കാം...എല്ലാവരെയും സ്നേഹിക്കാം...
കൂരിരുട്ടില്‍ നാം വലയുകയാ...അങ്ങകലേ എവിടേയോ ആ "ലോകത്തിന്റെ വെളിച്ചം" ഞാന്‍ കാണുന്നു...നല്ല നോമ്പിലൂടെ ആ വെളിച്ചത്തിനോട് അല്പമെങ്കിലും അടുക്കാന്‍ ആയെങ്ക്കില്‍....
"നിര്‍മ്മലമായൊരു ഹൃദയമെന്നില്‍
നിര്‍മ്മിച്ചരുളുക നാഥാ
നേരയൊരു നല്‍ മാനസവും
കാത്തരുള്‍ക്കെന്നില്‍ ദേവാ....."
നമുക്ക് പ്രാര്‍ത്ഥിക്കാം..
"ആത്മാവും ശരീരവും ഒരുമിച്ച് നോമ്പ് നോല്‍ക്കേണ്ടിയിരിക്കുന്നതിനാല്‍ ശരീരം ഭക്ഷണത്തെ വെടിയുമ്പോള്‍ ആത്മാവ് തിന്മകളെയും വെടിയേണ്ടതാകുന്നു.ദുര്‍വിചാരങ്ങളെ വെടിയാതെ ഭക്ഷണത്തെ മാത്രം വെടിഞ്ഞുകൊണ്ടുള്ള നോമ്പ് വ്യര്‍ഥം ആകുന്നു.കര്‍ത്താവേ,ആത്മാവിലും ശരീരത്തിലും ശരിയായിട്ട് നോമ്പ് നോല്‍പ്പാന്‍ നിന്‍റെ കൃപ ഞങ്ങള്‍ക്ക് കൂട്ടായിരിക്കേണമേ.ആമേന്‍"
(വലിയനോമ്പിലെ സനധ്യ നമസ്കാരത്തില്‍ നിന്നും )