30/10/2024
മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങൾ
കോഴിക്കോട്: മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തിൽ ചിത്രീകരിച്ചും പൊലിസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണെന്ന് സമസ്ത മുശാവറ അംഗങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോധ്യപ്പെടുത്തുക എന്നത് പണ്ഡിത ധർമമാണ്. സമസ്‌ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരേ നടക്കുന്ന ദുഷ്പ്രചാരണങ്ങളും കേസ് കൊടുത്ത നടപടിയും അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു.
മതപണ്ഡിതന്മാരെയും സമൂഹം ഏറെ ആദരിക്കുന്ന പ്രവാചക കുടുംബത്തെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത സമീപ കാലത്തായി സമുദായത്തിനകത്തു വർധിച്ചു വരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സമസ്‌ത പ്രസിഡന്റ് ഉൾപ്പെടെയുള്ള പണ്ഡിതന്മാർക്കും സംഘടനക്കും നേരെ ദുഷ്പ്രചാരണങ്ങൾ നടക്കുകയാണ്. രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദപ്പെട്ട ആളുകൾ പോലും ഇതിൽ ഉൾപ്പെടുന്നു. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ നിരന്തരം ഇതാവർത്തിക്കുന്നതിൽ സമസ്‌ത നേതൃത്വം നേരത്തെ പ്രതിഷേധം അറിയിച്ചതാണ്. ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നത് സുന്നി വിശ്വാസികളെ പ്രയാസപ്പെടുത്തുന്നുണ്ട്.
കേരള മുസ്ലിംകളിലെ സിംഹഭാഗത്തെ പ്രധിനിധീകരിക്കുന്ന സമസ്‌ത കേരള ജംഇയ്യതുൽ ഉലമയുടെ ശാക്തീകരണത്തെ തടയിടുന്നതിൽ സലഫി - ജമാഅത്ത് -തീവ്രവാദ സംഘടനകൾ എക്കാലവും ശ്രമിച്ചിട്ടുണ്ട്.
കഴിഞ്ഞകാലങ്ങളിൽ സുന്നികളുമായുള്ള ആശയപരമായ പോരാട്ടത്തിൽ ദയനീയമായി പരാജയപ്പെട്ട പരിഷ്കരണ വാദികൾ എന്നറിയപ്പെടുന്ന ഈ വിഭാഗം സമസ്തയുടെ ഘടനാപരമായ പ്രവർത്തനങ്ങളിലും സ്ഥാപനങ്ങളിലും നുഴഞ്ഞുകയറുകയും ഇടപെടുകയും ചെയ്യുന്നതിൻ്റെ അനന്തര ഫലമാണ് സുന്നി പ്രാസ്ഥാനിക രംഗത്ത് ഇന്ന് നിലനിൽക്കുന്ന അസ്വസ്ഥതകൾക്ക് കാരണം. സി.ഐ.സി വിഷയത്തിൽ സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള മധ്യസ്ഥന്മാർ പലതവണ എടുത്ത മധ്യസ്ഥ തീരുമാനങ്ങൾ തള്ളിക്കളഞ്ഞെന്നു മാത്രമല്ല, മധ്യസ്ഥന്മാർ വീണ്ടും ചർച്ച ചെയ്യാനിരിക്കെയാണ് മാറ്റിനിർത്തപ്പെട്ടയാളെ വീണ്ടും ജനറൽ സെക്രട്ടറിയായി അവരോധിച്ചത്. ഇതെല്ലാം തിരിച്ചറിഞ്ഞ് സമുദായത്തിനിടയിലെ ഐക്യം നിലനിർത്തിയും സുന്നത്ത് ജമാഅത്തിൻ്റെ ആദർശത്തിനും നിലപാടുകൾക്കും പ്രാധാന്യം നൽകിയും ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ എല്ലാവർക്കും കഴിയണമെന്നും മുശാവറ അംഗങ്ങളായ കുഞ്ഞിമുഹമ്മദ് മുസ്്ലിയാർ നെല്ലായ, യു.എം അബ്ദുറഹ്മാൻ മുസ്്ലിയാർ, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എ.വി അബ്ദുറഹ്മാൻ മുസ്്ലിയാർ, ഒളവണ്ണ അബൂബക്കർ ദാരിമി, പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, ഐ.ബി ഉസ്മാൻ ഫൈസി എറണാകുളം, ബി.കെ അബ്ദുൽ ഖാദർ മുസ്്ലിയാർ ബംബ്രാണ, അബ്ദുസലാം ദാരിമി ആലമ്പാടി, ഉസ്മാനുൽ ഫൈസി തോടാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.