21/07/2026
**എസ്.വൈ.എസ്. ഡെയർ ആക്ഷൻ ജില്ലാ ലീഡർഷിപ്പ് ക്യാമ്പ് ആദ്യഘട്ടം സമാപിച്ചു**
**മുന്നൂറോളം യുവ നേതാക്കൾക്ക് നേതൃത്വ പരിശീലനം; ദൗത്യബോധവും പ്രവർത്തന മികവും ലക്ഷ്യമാക്കി വ്യത്യസ്ത ക്യാമ്പ് അനുഭവം**
പാലക്കാട്: സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്.) പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ഡെയർ ആക്ഷൻ – ദ റൈറ്റ് റൂട്ട്" ജില്ലാ ലീഡർഷിപ്പ് ക്യാമ്പിന്റെ ആദ്യഘട്ടം ഒറ്റപ്പാലം മർക്കസ് ക്യാമ്പസിലും കൊടുവായൂർ സുലൈഖ ഓഡിറ്റോറിയത്തിലുമായി സമാപിച്ചു. ജില്ലയിലെ വിവിധ സർക്കിളുകളിൽ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത മുന്നൂറോളം യുവ നേതാക്കളാണ് രണ്ടു ക്യാമ്പുകളിലായി പങ്കെടുത്തത്.
ഒറ്റപ്പാലം ക്യാമ്പിൽ പാലക്കാട്, ഒറ്റപ്പാലം, കോങ്ങാട് സോണുകളിൽ നിന്നുള്ള പ്രതിനിധികളും കൊടുവായൂർ ക്യാമ്പിൽ ആലത്തൂർ, ചിറ്റൂർ, കൊല്ലങ്കോട് സോണുകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
സാധാരണ നേതൃത്വ പരിശീലനങ്ങളിൽ നിന്ന് വ്യത്യസ്തമായി, പഠനം, സംവാദം, ആത്മപരിശോധന, ഗ്രൂപ്പ് ചർച്ച, പ്രവർത്തന ആസൂത്രണം, വ്യക്തിഗത വളർച്ച, ടീം ബിൽഡിംഗ്, സാമൂഹിക ഉത്തരവാദിത്തബോധം എന്നിവ സമന്വയിപ്പിച്ച പരിശീലന രീതിയാണ് ക്യാമ്പിന്റെ പ്രത്യേകത. ഓരോ സെഷനും പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഇന്ററാക്ടീവ് മാതൃകയിലാണ് ക്രമീകരിച്ചത്.
ക്യാമ്പിന്റെ ഭാഗമായി "ദ റൈറ്റ് റൂട്ട്" എന്ന ആശയത്തെ ആസ്പദമാക്കി ശരിയായ ലക്ഷ്യബോധം, ശരിയായ ദിശ, ശരിയായ കൂട്ടായ്മ, പ്രവർത്തനക്ഷമമായ നേതൃത്വം എന്നിവ ചർച്ച ചെയ്തു."പ്രൊജക്ട് 30", "ഗ്രോത്ത് പാർട്ണർ" എന്നീ പ്രവർത്തന പദ്ധതികളിലൂടെ ഓരോ പ്രതിനിധിക്കും സ്വന്തം യൂണിറ്റിന്റെ വളർച്ചയ്ക്കായി വ്യക്തമായ പ്രവർത്തന രൂപരേഖ തയ്യാറാക്കുന്നതിനും അവസരം ഒരുക്കി.
ഒറ്റപ്പാലത്ത് നടന്ന ക്യാമ്പ് എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് അഷ്റഫിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ഷൗക്കത്ത് ഹാജി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിമാരായ കലാം മാസ്റ്റർ, ഉമർ ഓങ്ങല്ലൂർ, സ്റ്റേറ്റ് ഡയറക്ടറേറ്റ് അംഗം സിറാജുദ്ദീൻ സഖാഫി കൈപ്പമംഗലം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ക്യാമ്പ് അമീർ നാസർ മാസ്റ്റർ അലനല്ലൂർ കീ-നോട്ട് അവതരിപ്പിച്ചു. യാക്കൂബ് പൈലിപ്പുറം, മുജീബ് പാവുക്കോണം, കബീർ അഹ്സനി കെ.കെ. പാലം, ജലീൽ അഹ്സനി ആലൂർ, മുഹമ്മദ് റിനീഷ്, ആബിദ് സഖാഫി കരിങ്ങനാട് എന്നിവർ ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി.
കൊടുവായൂരിൽ നടന്ന ക്യാമ്പ് ജാബിർ സഖാഫി മപ്പാട്ടുകരയുടെ അധ്യക്ഷതയിൽ എസ്.വൈ.എസ്. സ്റ്റേറ്റ് ഡയറക്ടറേറ്റ് അംഗം അബൂബക്കർ മുസ്‌ലിയാർ ആവണക്കുന്ന് ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി കലാം മാസ്റ്റർ, സ്റ്റേറ്റ് ഡയറക്ടറേറ്റ് അംഗം സിറാജുദ്ദീൻ സഖാഫി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ എം.വി. സിദ്ദീഖ് സഖാഫി ഒറ്റപ്പാലം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സൈതലവി പുതക്കാട്, യൂസഫ് സഖാഫി, നൗഷാദ് സഖാഫി, ശരീഫ് ചെർപ്പുളശ്ശേരി, അബ്ദുറഹ്മാൻ സഖാഫി ചിതലി എന്നിവർ ഗ്രൂപ്പ് ചർച്ചകൾ നയിച്ചു.
ക്യാമ്പിൽ പങ്കെടുത്ത പ്രതിനിധികൾക്ക് നേതൃത്വം, സംഘാടനം, ആശയവിനിമയം, ടീം മാനേജ്മെന്റ്, സാമൂഹിക ഇടപെടൽ, ദൗത്യനിർവഹണം തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിശീലനവും സംവാദങ്ങളും നൽകി. ഓരോ പ്രതിനിധിയും സ്വന്തം സർക്കിളിലേക്ക് മടങ്ങുമ്പോൾ നടപ്പാക്കേണ്ട പ്രവർത്തന പദ്ധതിയുമായി മടങ്ങുന്ന രീതിയിലാണ് ക്യാമ്പ് രൂപകൽപ്പന ചെയ്തിരുന്നത്.
**യുവ നേതൃത്വത്തെ വളർത്തി ശക്തമായ സംഘടനയും സാമൂഹിക ഇടപെടലും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ വിവിധ ഘട്ടങ്ങളിലായി "ഡെയർ ആക്ഷൻ" ലീഡർഷിപ്പ് ക്യാമ്പ് തുടരുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.**
---