20/03/2026
യുഗപ്രഭാവനായ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ
(ഷെവ. മനോജ് മാത്യു, ആര്യാടൻപാക്കൽ,ചെങ്ങളം)
മുപ്പത്തിമൂന്നര വർഷം വി. പത്രോസ് ശ്ലീഹായുടെ 122-ാം പിൻഗാമിയായ അന്ത്യോഖ്യാ പാത്രിയർക്കീസായി സുറിയാനി സഭയെ മേയിച്ചു ഭരിച്ച പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ 12മത് ഓർമ്മപ്പെരുന്നാൾ മാർച്ച് 21ന് വി. സഭ ആചരിക്കുന്നു. മലങ്കരയിലെ സുറിയാനി സഭാ മക്കളുടെ ഹൃദയത്തിൽ എന്നും സൂര്യതേജസ്സായി നിലനിന്നിരുന്ന പരിശുദ്ധ പിതാവിന്റെ വേർപാട് ഓരോ സഭാംഗത്തിൻ്റെയും ഭവനത്തിലുണ്ടായ വേർപാടിന് തുല്യമായിരുന്നു.അത്രയധികം ഭാരതത്തിലെ മക്കൾ ഈ പുണ്യപിതാവിനെ സ്നേഹിച്ച് അവിടുത്തെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി.അന്ത്യോഖ്യ മലങ്കര ബന്ധത്തിന്റെ തീക്ഷ്‌ണമായ അളവുകോ ലായിരുന്നു പരിശുദ്ധ പിതാവുമായിട്ടുള്ള ബന്ധം.മലങ്കരയിൽ നടത്തിയ നാല് ശ്ലൈഹിക സന്ദർശനങ്ങൾ സഭാ മക്കൾക്ക് ഈ പിതാവിനെ പ്രിയങ്കരനാക്കി.പരിശുദ്ധ ബാവ തിരുമന സ്സിലെ തേജോമയമായ മുഖം എല്ലാവരുടെയും ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടി.പരിശുദ്ധ പിതാവിന്റെതൃക്കരം മുത്തുവാനും സാമീപ്യം അനുഭവിക്കാനും ലഭിച്ച അവസരം ഇന്നും സഭാ മക്കളുടെ ഒളിമങ്ങാത്ത ഓർമ്മ യായി നിലനിൽക്കുന്നു. യാക്കോബായ സുറിയാനി സഭയെ ഹൃദയത്തോട് ചേർത്ത് നിർത്തിയ പിതാവായിരുന്നു പരിശുദ്ധ ബാവ തിരുമേനി. 1995 ലെ സുപ്രീം കോടതി വിധിക്കു ശേഷം എല്ലാം നഷ്ടപ്പെട്ടു എന്ന് ചിന്തിച്ച മലങ്കരയിലെ ആട്ടിൻ കൂട്ടങ്ങളെ മേയ്ക്കുന്നതിന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായെ വാഴിച്ചു തന്നതു തന്നെ ആ മഹാസ് നേഹത്തിന്റെ ആഴമാണ് കാണിക്കുന്നത്.യാക്കോബായ സുറിയാനി സഭ നേരിട്ട എല്ലാ പ്രതിസന്ധികളിലും പരിശുദ്ധ പിതാവ് തൻ്റെ മക്കൾക്ക് എന്നും താങ്ങും തണലുമായിരുന്നു.
ആകമാന സുറിയാനി സഭയുടെ വളർച്ചയുടെ കാലഘട്ടമായിരുന്നു പരിശുദ്ധ ബാവാ തിരുമനസ്സിലെ ദീർഘനാൾ നീണ്ട ഭരണകാലം. സിറിയൻ പ്രദേശത്തുണ്ടായ തളർച്ചയെ അതിജീവിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ സഭയ് ക്ക് ഉജ്ജ്വലമായ വളർച്ചയ്ക്ക് പരിശുദ്ധ ബാവ നേത്യത്വം നൽകി.വേൾഡ് ക്രിസ്ത്യൻ കൗൺസിലിന്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുള്ള പരിശുദ്ധ ബാവായുടെ കാലത്ത് വളർച്ചയിലും എക്യുമിനിക്കൽ കാഴ്‌ചപ്പാടിലും സുറിയാനി സഭയ്ക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കാനായി.പരിശുദ്ധ ബാവായുടെ എക്യുമെനിക്കൽ ദർശനത്തിന്റെ അംഗീകാര ഫലമാണ് പ. ജോൺ പോൾ രണ്ടാമൻ മാർപാപ്പായും മറ്റു ലോക ക്രൈസ്‌ത സഭാ മേലദ്ധ്യക്ഷന്മാരും പരിശുദ്ധ ബാവായെ ഡമാസ് കസിലെത്തി സന്ദർശിച്ചിട്ടുള്ളത്.മത സൗഹാർദ്ദത്തിൽ പ്രമുഖസ്ഥാനം നൽകുന്ന പരിശുദ്ധ ബാവ എല്ലാ വർഷ വും മുസ്ലീം നോമ്പുകാലത്ത് ഇഫ്ത്താർ വിരുന്ന് സംഘടിപ്പിക്കാറുണ്ട്.
ഭാരതത്തിന്റെ അപ്പോസ്തോലൻ വി. മാർത്തോമശ്ലീഹായുടെ തിരുശേഷിപ്പ് 1964ൽ മൂസലിലെ സെൻ്റ് തോമസ് പള്ളിയിൽ നിന്ന് കണ്ടെടുക്കാനും,അതിലൊരംശം മലങ്കരയിലെ മക്കൾക്ക് നൽകുവാനും പ. പിതാവിന് സാധിച്ചു. പടുത്തുയർത്തിയ പള്ളികളും,ദയറാകളും മറ്റ് സ്ഥാപനങ്ങളും ആഭ്യന്തരയുദ്ധത്താൽ തകർന്നപ്പോഴും,ദൈവത്തിലുള്ള ആശ്രയം പരിശുദ്ധ പിതാവിനെ ശക്തനാക്കി.എല്ലാം ന ഷ്ടപ്പെട്ടു എന്ന തോന്നലുണ്ടായപ്പോഴും തന്റെ ഭൗതികശരീരം താൻ അദ്ധ്വാനിച്ച് ഉയർത്തിയ ഡമാസ്‌കസിലെ ദയറായിൽ തന്നെ അടക്കം ചെയ്യണ മെന്നുള്ള പരിശുദ്ധ പിതാവിൻ്റെ ആഗ്രഹം താൻ ഉണ്ടാക്കിയ സ്ഥാപനങ്ങളോടും അവിടുത്തെ ജനങ്ങളോടുമുള്ള സ്നേഹത്തിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ്.ഇംഗ്ലീഷിലും അറബിയിലും സുറിയാനിയിലുമായി 26ൽ പരം ഗ്രന്ഥങ്ങൾ രചിച്ച പരിശുദ്ധ ബാവ മലങ്കരയിൽ ഉൾപ്പെടെ 59 മെത്രാപ്പോലീത്തന്മാരെ വാഴിച്ചിട്ടുണ്ട്.
ലാളിത്യം,സന്തോഷം,ആദരം, നിഷ്കളങ്കത എന്നീ ഗുണങ്ങളെല്ലാം പരിശുദ്ധ പിതാവിൻ്റെ മുഖത്ത് വിളങ്ങിയിരുന്നു.പ്രാർത്ഥനാമനുഷ്യനായിരുന്ന പരിശുദ്ധ ബാവ ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആൾരൂപമായിരുന്നു.ഏത് അന്ധകാരത്തേയും പ്രകാശ പൂരിതമാക്കുവാൻ പരിശുദ്ധ പിതാവിനു സാധിച്ചു.പ്രതിസന്ധികളിൽ തളരാതെ ദൈവത്തിൽ ആശ്രയിച്ച് നമ്മെ മേയിച്ചു ഭരിച്ച ഭാഗ്യവാനായ യുഗപ്രഭാവൻ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ വിശ്വാസികൾക്ക് എന്നും ദൈവസന്നിധിയിൽ മദ്ധ്യസ്ഥനായിരിക്കും🙏🙏🙏