22/03/2023
വിശുദ്ധ റമളാൻ സമാഗതയിരിക്കുന്നു. അൽഹംദുലില്ലാഹ്. റമളാൻ മാസത്തിലേക്ക് നമ്മെ എത്തിക്കേണമേ എന്ന പ്രാർത്ഥനയുടെ ഉത്തരമാണ് ഈ നിമിഷങ്ങൾ. കാരുണ്യവും പാപമോചനവും നരക മുക്തിയും വാഗ്ദാനം ചെയ്യുന്ന നന്മയുടെ ദിനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിക്കണമെന്ന തേട്ടം കൂടി ഇനി സ്വീകാര്യമാവേണ്ടതുണ്ട്.
സ്വയം വിലയിരുത്താനും നവീകരിക്കാനും ചുറ്റുമുള്ള മനുഷ്യർക്ക് കാരുണ്യമാവാനുമാണ് നോമ്പ് വിശ്വാസിയെ പ്രചോദിപ്പിക്കുന്നത്. തെറ്റായ പ്രവർത്തനങ്ങളെ കുറിച്ച് ബോധമുണ്ടാവാനും സാമൂഹ്യ വിപത്തുകളിൽ വീണുപോവാതെ ജാഗ്രതയുള്ളവരാവാനും നോമ്പ് മനുഷ്യനെ പ്രേരിപ്പിക്കുന്നുണ്ട്. ഭൂമിയിലുള്ള സർവ്വ ജീവജാലങ്ങൾക്കും കരുണ ചെയ്യാനാണ് നോമ്പ് ഉണർത്തുന്നത്. വിശപ്പിന്റെ പ്രയാസവും ദാഹത്തിന്റെ കാഠിന്യവും നോമ്പിലൂടെ തൊട്ടറിയുന്നവരോട് മറ്റുള്ളവരിലേക്ക്കൂടി ശ്രദ്ധതിരിക്കാനാണ് റമളാൻ പറയുന്നത്. ദാനത്തിന്റെ മഹത്ത്വമാണ് വ്രതം നിരന്തരം ഉണർത്തുന്നത്.
ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലാണ് ഈ വർഷത്തെ നോമ്പ് ആസന്നമായിരിക്കുന്നത്. കുടുംബത്തിന്റെ ഉപജീവനത്തിന് വേണ്ടി തൊഴിലെടുക്കുന്ന എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കാനും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാനും വിശ്വാസികൾ ബാധ്യസ്ഥരാണ്. ആഗ്രഹങ്ങളെയും വികാര വിചാരങ്ങളെയും നിയന്ത്രിച്ച് വ്രതമെടുക്കുമ്പോൾ അത് നമ്മെ സമൂലമായ മാറ്റത്തിന് വിധേയമാക്കും. നോമ്പിന്റെ ചൈതന്യം ചോർന്നു പോകാതെ കൂടുതൽ കരുത്തോടെ എല്ലാ പ്രതിസന്ധികളെയും അതിജയിക്കാൻ നേരായ വിശ്വാസം നമ്മെ പ്രാപ്തമാക്കട്ടെ, ഈ വ്രതകാലത്ത് കർമങ്ങൾ കൊണ്ട് ധന്യമാവാനും റമളാൻ അനുകൂലമായി സാക്ഷിപറയുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാനും അല്ലാഹു നമുക്ക് സൗഭാഗ്യം നൽകട്ടെ. ആമീൻ.