22/04/2026
വിശുദ്ധ ഗീവർഗീസ് സഹദാ:
ക്രിസ്തു വർഷം മൂന്നാം നൂറ്റാണ്ടിൽ (275/281 – 23 ഏപ്രിൽ 303) ജീവിച്ചിരുന്ന ഒരു ക്രിസ്തീയ വിശുദ്ധനും രക്തസാക്ഷിയുമാണ് വിശുദ്ധ ഗീവർഗീസ് (Saint George). വിവിധ ക്രിസ്തീയസഭാവിഭാഗങ്ങളിലേയും പരമ്പരാഗത വിശ്വാസം അനുസരിച്ച് പാലസ്തീനായിൽ നിന്നുള്ള ഒരു റോമൻ പടയാളിയായിരുന്ന അദ്ദേഹം, ഡയോക്ലീഷൻ ചക്രവർത്തിയുടെ അംഗരക്ഷകസേനയിലെ അംഗവും സൈനിക പുരോഹിതനുമായിരുന്നു.
പുണ്യവാളചരിതങ്ങൾ അനുസരിച്ച് ഓർത്തോഡോക്സ് സഭ, കത്തോലിക്കാ സഭ, പൗരസ്ത്യ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, ആംഗ്ലിക്കൻ സഭ എന്നിവയുൾപ്പെടെയുള്ള ക്രിസ്തീയവിഭാഗങ്ങളിൽ ഏറ്റവുമധികം മദ്ധ്യസ്ഥതയിൽ അഭയപ്പെടുന്ന വിശുദ്ധന്മാരിൽ ഒരാളാണ് ഇദ്ദേഹം. വ്യാളിയുമായി യുദ്ധം ചെയ്യുന്നതായി ചിത്രീകരിക്കുന്ന കഥ, ഈ വിശുദ്ധന്റെ വ്യാപകമായ യശസിന്റെ ഉല്പത്തിയേയും നിലനില്പിനേയും ഏറെ ഉയർത്തിയിട്ടുണ്ട്.
സൈനികവിശുദ്ധന്മാരിൽ ഏറ്റവും പ്രധാനിയാണ് വി. ഗീവർഗ്ഗീസ്. രക്തസാക്ഷിദിനമായി കരുതപ്പെടുന്ന ഏപ്രിൽ 23 മുതലുള്ള ദിവസങ്ങളിലാണ് വി. ഗീവർഗീസ് സഹദായുടെ പെരുനാൾ ആഘോഷിക്കാറുള്ളത്."
"ലോകമൊട്ടാകെ ഒട്ടേറെ നാടുകളുടെ മദ്ധ്യസ്ഥനാണ് ഈ വിശുദ്ധൻ: സ്പെയിനിലെ അരഗോൺ, കറ്റലോണിയ പ്രദേശങ്ങൾ, ഇംഗ്ലണ്ട്, എത്യോപ്യ, ജോർജിയ, ഗ്രീസ്, ഇന്ത്യ, ഇറാക്ക്, ലിത്വാനിയ, പലസ്തീനിയ, പോർത്തുഗൽ, സെർബിയ, റഷ്യ, എന്നീ നാടുകളും, ജെനോവ, അമേർസ്ഫൂർട്ട്, ബെയ്റൂട്ട്, മോസ്കോ, ജുബ്ലിയാനാ എന്നിവയുൾപ്പെടെ ഒട്ടേറെ നഗരങ്ങളും അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെടുന്നു."
"കേരളത്തിൽ പുരാതനകാലം മുതൽ ഏറെ ബഹുമിനിക്കപ്പെടുന്ന ഒരു വിശുദ്ധനാണ് ഇദ്ദേഹം. ഗീവർഗീസിന്റെ പേരിലുള്ള അനേകം ദേവാലയങ്ങൾ കേരളത്തിലുണ്ട്. പുതുപ്പള്ളി, ചന്ദനപ്പള്ളി, പാലിയേക്കര ,ഇടപ്പള്ളി, എടത്വാ, അങ്കമാലി, അരുവിത്തുറ മുതലായ സ്ഥലങ്ങളിൽ ഇദ്ദേഹത്തിന്റെ പേരിലുള്ള ദേവാലയങ്ങളും പെരുനാളുകളും ഏറെ പ്രശസ്തി നേടിയിട്ടുണ്ട്."
വിശുദ്ധനായ ഗീവർഗീസ് തന്റെ ബാല്യം മുതലേ മാമോദീസാ മുങ്ങി ക്രിസ്തുവിനെ അറിഞ്ഞു ജീവിച്ച വ്യക്തിയാണ്. അതാണ് തന്റെ വിശ്വാസം ഇത്രയധികം ബലപ്പെടാനുള്ള ഒരു കാരണം. കൊടിയ പീഡനങ്ങളിലൂടെ കടന്നു പോകുമ്പോഴും നാഥനെ തള്ളിപ്പറയാതെ വിശുദ്ധി കാത്തുസൂക്ഷിച്ചത് തികച്ചും മാതൃകാപരമാണ്.
വി.ഗീവറുഗീസ് സഹദായുടെ ധൈര്യവും വിശ്വാസവും വിശുദ്ധിയും തീവ്രതയും നമുക്ക് മാതൃകയാവട്ടെ. അദ്ദേഹത്തിന്റെ പ്രാർത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ.
https://qrgo.page.link/Pe76L
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്