18/03/2026
ഏലിയാ പോൽ ഉജ്ജ്വലനേ...✝️
ജോര്‍ജിയൻ ഓർത്തഡോക്സ് സഭയുടെ ആത്മീയ നവോത്ഥാനത്തിന്റെ ആൾരൂപമായിരുന്ന പാത്രിയർകീസ് ഇലിയ രണ്ടാമൻ
ഇന്ന് പുലർച്ചെ കാലം ചെയ്ത പരിശുദ്ധ ഇലിയാ രണ്ടാമൻ പാത്രിയാർകീസ് ബാവ ആധുനികകാലത്തെ ഓർത്തഡോക്സ് സഭാ പിതാക്കന്മാരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വങ്ങളിൽ ഒരാളാണ്. 1977 മുതൽ ജോര്‍ജിയയിലെ കാതോലിക്കോസ്-പാത്രിയാർക്കായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, സോവിയറ്റ് കാലഘട്ടത്തിന്റെ തിരശീലവീഴുന്നതും, അതിന്റെ തകർച്ചയും, തുടർന്ന് ജോര്‍ജിയയുടെ സാമൂഹ്യവും ആധ്യാത്മീകവുമായ നവോത്ഥാനങ്ങൾ ഉൾക്കൊള്ളുന്ന ചരിത്രഘട്ടങ്ങളെ നേരിട്ടനുഭവിക്കുകയും, അവയിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തുകയും ചെയ്ത വ്യക്തിയാണ്. പുരാതന വംശപരമ്പരയായ ഷിയോലാഷ്വിലി (Shiolashvili) കുടുംബത്തിലാണ് ജനിച്ചെങ്കിലും പീഡനങ്ങളുടെ പശ്ചാത്തലത്തിൽ വളർന്ന ഇലിയാ രണ്ടാമൻ, ജോര്‍ജിയൻ ഓർത്തഡോക്സ് സഭയുടെ ആത്മീയ, സാംസ്കാരിക, പുനരുജ്ജീവനത്തിന്റെ കേന്ദ്രശക്തിയായി മാറി.
ഇറാക്ലി എന്നായിരുന്നു അദ്ദേഹത്തിൻറെ ബാല്യനാമം. ജോര്‍ജിയൻ രാജാവായിരുന്ന എരേക്ക്ലി രണ്ടാമനെ (King Erekle II) അനുസ്മരിച്ചാണ് അദ്ദേഹത്തിൻറെ മാതാപിതാക്കൾ അദ്ദേഹത്തിന് ആ പേര് നൽകിയിരിക്കുന്നത്. അദ്ദേഹത്തിൻറെ കുടുംബം കാതോലിക്കോസ്-പാത്രിയാർക്ക് കല്ലിസ്ത്രാതുമായും (H.H Kallistrat) അടുത്ത ബന്ധം പുലർത്തിയിരുന്നതും സോവിയറ്റ് പീഡനകാലത്ത് പുരോഹിതർ അവരുടെ വീട്ടിൽ അഭയം തേടിയിരുന്നതുമെല്ലാം ബാല്യത്തിലെ തന്നെയുള്ള ആത്മീയ രൂപീകരണത്തിൽ നിർണായകമായി.
മോസ്കോ തിയോളജിക്കൽ അക്കാദമിയിൽ നിന്ന് വൈദീകവിദ്യാഭ്യാസം പൂർത്തിയാക്കിയ ഇറാക്ലി 1957 ഏപ്രിൽ 16-ന്, റഷ്യൻ പാത്രിയാർക്ക് അലക്സി ഒന്നാമനും (Patriarch Alexei I of Moscow), കാതോലിക്കോസ്-പാത്രിയാർക്ക് മൽകിസെദെക് മൂന്നാമനും (Catholicos-Patriarch Melchizedek III of Georgia) നൽകിയ അനുഗ്രഹത്തോടെ, സന്യാസവ്രതം സ്വീകരിച്ചു. അതേത്തുടർന്ന് ഏലിയാ പ്രവാചകനെ സ്മരിച്ചുകൊണ്ട് *“ഇലിയാ”* എന്ന നാമവും അദ്ദേഹം സ്വീകരിച്ചു. 1960-ൽ മൗണ്ട് അതോസിലെ ഐബീരിയൻ മഠത്തിന്റെ ചരിത്രം (Iberian Monastery on Mount Athos) എന്ന വിഷയത്തിൽ പ്രബന്ധം സമർപ്പിച്ച് ദൈവശാസ്ത്ര ബിരുദം നേടി.
1963-ൽ അദ്ദേഹം ബതുമി-ഷെമോക്മെദി (Batumi and Shemokmedi) മെത്രാസനത്തിന്റെ മെത്രാപ്പോലീത്തായായി അഭിഷിക്തനായി. മത്സ്ഖേതയിലെ സെമിനാരി (Mtskheta Theological Seminary) പുനരുജ്ജീവിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
1964-ലെ *റോഡ്സ് പാൻ-ഓർത്തഡോക്സ് സമ്മേളനത്തിൽ* (Pan-Orthodox Conference Rhodes) ജോര്‍ജിയയുടെ സ്വയംഭരണാവകാശത്തിനായി അദ്ദേഹം ശക്തമായി വാദിച്ചു.
1967-ൽ സുഖുമി-അഭ്ഖാസിയ (Sukhumi and Abkhazia) മെത്രാസനത്തിന്റെ മെത്രാപ്പോലീത്തായായി അദ്ദേഹം നിയമിതനായി. പല അന്താരാഷ്ട്ര വേദികളിലും ലോകസമാധാനം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പ്രഭാഷണം നടത്തി. 1977 ഡിസംബർ 23-ന് ജോര്‍ജിയയുടെ കാതോലിക്കോസ്-പാത്രിയാർക്കീസായിരുന്ന ദാവീദ് അഞ്ചാമൻ കാലം ചെയ്തതിനെ തുടർന്നാണ് തൽസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഡിസംബർ 25നു അദ്ദേഹം അഭിഷിക്തനായി.
ജോർജിയൻ സഭയുടെ അമരത്തേക്ക് അദ്ദേഹം നടന്നടുക്കുമ്പോൾ ആ സഭയുടെ അന്നത്തെ സ്ഥിതി ഏറെ പരിതാപകരമായിരുന്നു; വളരെ കുറച്ച് ദേവാലയങ്ങളും കുറച്ചു പുരോഹിതരുമുണ്ടായിരുന്ന സഭയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ നടന്നു. അനേകം ദേവാലയങ്ങളും മഠങ്ങളും പുനരുദ്ധരിച്ചു, ആദ്ധ്യാത്മീക വിദ്യാഭ്യാസത്തിനു ഊന്നൽ നൽകുകയും അതുവഴി അനേകം യുവാക്കളെ സഭയിലേക്ക് ആകർഷിച്ചു, പുരോഹിതന്മാരുടെ എണ്ണം വർധിപ്പിക്കുവാനും ഇടയായി. നവാഭിഷിക്തനായ കാതോലിക്കോസ്-പാത്രിയാർക്കീസിന്റെ ഉത്സാഹത്തിൽ 1988ൽ *തിബിലിസി വേദശാസ്ത്ര അക്കാദമി (Tbilisi Theological Academy)* സ്ഥാപിച്ചു. സഭയുടെ വളർച്ചയിൽ ഏറെ സ്വാധീനം ചെലുത്തിയ നീക്കമായിരുന്നു ആധുനിക ജോര്‍ജിയൻ ഭാഷയിൽ വേദപുസ്തകം പ്രസിദ്ധീകരണം നടത്തുവാൻ അദ്ദേഹം തീരുമാനിച്ചത്.
1989 ൽ ജോർജിയയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങൾ കനക്കുന്ന കാലമായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ജനങ്ങളിൽ അനേകംപേർ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇത് സഭയിലെ ജനങ്ങളെ മാനസീകമായി മുറിവേൽപ്പിച്ചു.
ഈ സംഭവത്തിനു ശേഷം അദ്ദേഹം ജനങ്ങളെ ആശ്വസിപ്പിക്കുവാനും ആത്മീയമായി സഭയിലെ ആടുകളെ ശക്തിപ്പെടുത്തുകയും ചെയ്തു.
ജോർജിയയിലെ ആഭ്യന്തര സംഘർഷങ്ങൾ മൂലം നടന്ന സിവിൽ യുദ്ധകാലത്തു (1991–1993) അദ്ദേഹം ശാന്തിയും സമവായവും പ്രബോധിപ്പിച്ചുകൊണ്ട് അനേകം ഇടപെടലുകൾ നടത്തി.
ജോർജിയൻ ഓർത്തഡോൿസ് സഭയുടെ സുന്നഹദോസ് തീരുമാനത്തെ തുടർന്ന്, 1997-ൽ ആ സഭ ഒന്നടങ്കം വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് WCC യിൽ നിന്ന് പിന്മാറിയതും ചരിത്രത്തിന്റെ ഭാഗമാണ്. WCCയുടെ പ്രസിഡന്റ് ആയിരുന്ന ഇലിയാ രണ്ടാമന്റെയും അദ്ദേഹത്തിൻറെ സഭയുടെയും പിന്മാറ്റം അക്കാലത്തു ക്രൈസ്തവലോകത്തു വലിയ വാർത്താപ്രാധാന്യമുള്ള ചർച്ചയായിരുന്നു. സഭൈക്യപ്രസ്ഥാനത്തിൽ നിലനിൽക്കുന്ന വേദവിപരീതം *(Ecumenical heresy)* അംഗീകരിക്കാൻ സാധിക്കില്ല എന്ന തന്റെ പ്രതികരണം ഏറെ മാധ്യമശ്രദ്ധയും ആകർഷിച്ചിരുന്നു.
ശാസ്ത്രമേഖലയിൽ അദ്ദേഹത്തിന്റെ പാണ്ഡിത്യവും പ്രഭാഷണവപാടവവും കണക്കിലെടുത്തുകൊണ്ട് UNOയുടെ World Information Science Academy അംഗത്വം അദ്ദേഹത്തിന് ലഭിച്ചു.
ജോർജിയയിലെ തിബിലിസിയിലെ *സമേബ കത്തീഡ്രൽ (Holy Trinity Cathedral Sameba)* പുനർനിർമ്മിക്കാൻ അദ്ദേഹത്തിൻറെ മേൽനോട്ടത്തിൽ നടത്തിയ ശ്രമങ്ങൾ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. 1995ൽ ആരംഭിച്ച നിർമാണം 2004 ലാണ് പര്യവസാനിക്കുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഓർത്തഡോക്സ് കത്തീഡ്രലുകളിൽ ഒന്നാണ് സമേബ കത്തീഡ്രൽ. 1990-ൽ കുസ്തന്തീനോപൊലീസിലെ എക്കുമെനിക്കൽ പാത്രിയാർകീസ് ജോര്‍ജിയൻ സഭയുടെ *സ്വയംഭരണം (autocephaly)* ഔദ്യോഗികമായി അംഗീകരിച്ചത് ആ സഭയുടെ മുഖച്ഛായ തന്നെ മാറ്റി.
1982-ൽ കോട്ടയത്ത് വച്ച് നടന്ന മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ 70-ാം വാർഷിക (സപ്തതി) ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തപ്പെട്ട സമ്മേളനത്തിന്റെ മുഖ്യ അഥിതിയായി സംബന്ധിച്ചത് ഇലിയാ രണ്ടാമൻ പാത്രിയാർകീസാണ്. തദവസരത്തിൽ മലങ്കരസഭയുടെ പ്രധാന മേലധ്യക്ഷനായിരുന്ന ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവായെ ജോര്‍ജിയൻ സഭയുടെ പരമോന്നത ബഹുമതിയായ *“ഓർഡർ ഓഫ് സെന്റ് ജോർജ്”* നൽകി ആദരിച്ചത് മലങ്കര സഭയുടെ ജോർജിയൻ സഭയുമായുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന നാഴികക്കല്ലായിമാറി. മലങ്കര സഭയുടെ ഭരണസിരാകേന്ദ്രമായ ദേവലോകം കാതോലിക്കേറ്റ് അരമനയുടെ നിലവിലെ കെട്ടിടം ഉദ്ഘാടനം ചെയ്തതും ഇലിയാ രണ്ടാമൻ പാത്രിയാർക്കീസ് ആണ്.
2002 ഒക്ടോബർ 14-ന് പ്രസിഡൻറ് *ഷെവർനാഡ്സെയും* (Eduard Shevardnadze) പാത്രിയാർക്കീസ് ഇലിയാ രണ്ടാമനും തമ്മിൽ ചരിത്രപരമായ ഒരു ധാരണാപത്രം (Concordat) ഒപ്പുവച്ചു. ഇതിലൂടെ ജോർജിയൻ ഓർത്തോഡോക്സ് സഭയ്ക്ക് ജോർജിയയിലെ ഔദ്യോഗീക സഭ എന്ന നിയമസ്ഥാനം ലഭിക്കുകയും പാത്രിയാർക്കിന് നിയമപരമായ സംരക്ഷണം (immunity) ലഭിക്കുകയും ചെയ്തു. സോവിയറ്റ് ഭരണകാലത്തിനു ശേഷം സ്വാതന്ത്ര്യാനന്തര വികസനം ആ രാജ്യത്തിനു നൽകുവാൻ ഇലിയാ രണ്ടാമനു സാധിച്ചു എന്നത് പ്രസ്താവ്യമാണ്. യുദ്ധപശ്ചാത്തലത്തിൽ തകർക്കപ്പെട്ട നൂറുകണക്കിന് ദേവാലയങ്ങൾ പുനർനിർമ്മിച്ചതു ജോർജിയൻ സഭക്ക് പുതുജീവൻ നൽകി. അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചത് വഴി ദിശാബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ അദ്ദേഹത്തന്റെ മേൽനോട്ടം കൊണ്ട് സാധിച്ചു. സഭയുടെ നേതൃത്വത്തിൽ സാമൂഹിക സേവനങ്ങൾ വ്യാപിപ്പിച്ചത് പൊതുസമൂഹത്തിലും അന്താരാഷ്ട്രതലത്തിലും ശ്രദ്ധിക്കപ്പെട്ടു.
2008-ൽ അദ്ദേഹത്തിന്റെ ആശയമായിരുന്ന 'സമുഹ മാമോദീസ', ജോർജിയൻ സഭയുടെ വിശ്വാസജീവിതവും, കുടുംബജീവിതവും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവെയ്പ്പായി മാറി. ത്ബിലിസിയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കുന്ന ഈ ചടങ്ങുകളിൽ, ആയിരക്കണക്കിന് കുട്ടികളെ അദ്ദേഹം നേരിട്ട് മാമോദീസ നൽകി അവരുടെ തലതൊട്ടപ്പൻ ആവുകയായിരുന്നു. സോവിയറ്റ് അനന്ദര കാലഘട്ടത്തിലെ പശ്ചാത്തലത്തിൽ ജോർജിയൻ സഭയിലെ ജനസംഖ്യ കുത്തനെ കുറയുന്ന സാഹചര്യങ്ങളെ നേരിടുന്നതിനായി കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാനായിരുന്നു ഈ ആശയത്തിന്റെ ലക്ഷ്യം. ഇത്തരത്തിൽ 35,000-ത്തിലധികം കുട്ടികൾ അദ്ദേഹത്തിലൂടെ മാമോദിസായേറ്റ്, തന്റെ ആത്മീയമക്കളായതിലൂടെ, ജോർജിയൻ ജനതക്ക് അദ്ദേഹത്തോടുള്ള വിശ്വാസവും ആദരവുമെത്രമാത്രം ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്നു.
സഭയെ പീഡനാവസ്ഥയിൽ നിന്ന് മോചിപ്പിച്ചു ശക്തമായ ദേശീയ സഭയാക്കി മാറ്റിയതുവഴി അദ്ദേഹം ആധുനിക ജോര്‍ജിയയുടെ ആത്മീയ പിതാവായി കണക്കാക്കപ്പെടുന്നു. ഇലിയാ രണ്ടാമന്റെ ജീവിതത്തിന്റെയും, വിശ്വാസത്തിന്റെ സ്ഥിരതയുടെയും ഫലമാണ് ആ സഭയുടെ പുനരുജ്ജീവനവും, ദേശീയ നവോത്ഥാനവും. അദ്ദേഹത്തിന്റെ ജീവിതം ജോര്‍ജിയൻ സഭയെയും ആ രാജ്യത്തെയും എക്കാലവും ഏറെ ആഴത്തിൽ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ ആത്മാവ് നീതിമാന്മാരുടെ പക്കൽ വിശ്രമം കണ്ടെത്തട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
Orthodoxy Cognate PAGE