30/03/2021
ബ്രഹ്മത്തെ കുറിച്ചോ മോക്ഷത്തെ കുറിച്ചോ ഒന്നും പറഞ്ഞിട്ട് കാര്യമില്ല, കാരണം അത് നാം സങ്കൽപ്പിച്ച് ഉണ്ടാക്കും. ഈ നിമിഷം ആനന്ദമായി ഇരിക്കുവാൻ സാധിക്കുമോ എന്നതിലാണ് കാര്യം.
സ്നേഹം ഒന്നിനും വേണ്ടിയല്ലാത്ത സ്നേഹം , യാതൊരു വ്യവസ്ഥകളുമില്ലാത്ത സ്നേഹം ഉണ്ടെങ്കിൽ ആനന്ദമായിരിക്കാം. ഒരു വ്യക്തി എങ്ങനെയാണോ അദ്ദേഹത്തെ അങ്ങനെ തന്നെ സ്നേഹിക്കുക. തിരിച്ച് സ്നേഹമോ,മറ്റെന്തെങ്കിലുമോ ആഗ്രഹിക്കുന്നു എങ്കിൽ അത് വെറും വ്യാപാരം മാത്രമാണ് . നമ്മളിൽ ഒട്ടുമിക്ക ആൾക്കാരും നല്ല വ്യാപാരികളാണ്. നാം ആരെയും നിരുപാധികമായി സ്നേഹിക്കാറില്ല.( മക്കളെ പോലും ) എന്നാൽ എപ്പോൾ മുതൽ നാം അതിന് ശ്രമിക്കുന്നുവോ നാം ഒറ്റയ്ക്കാവുന്നു, ഒറ്റയ്ക്കാണെന്ന തിരിച്ചറിവ് നമ്മുക്കുണ്ടാവുന്നു. ഇത് നമ്മളെ വേദനിപ്പിക്കുമെങ്കിലും അതാണ് സത്യം . നമ്മുക്ക് സത്യങ്ങളെ ഇഷ്ടമല്ല. അത് കൊണ്ട് തന്നെ നമ്മുക്ക് (നിരുപാധികമായ) സ്നേഹം, ഏകാന്തത, മരണം ഒന്നും ഇഷ്ടമല്ല. കാരണം ഇവയെല്ലാം നമ്മുടെ ശിവബോധത്തെ ഉണർത്തുന്നു.
പ്രകൃതിയിൽ സമുഹമായി ജീവിക്കുന്ന
മനുഷ്യൻ ഒഴിച്ച് മറ്റ് ജീവികളിൽ ഇത് എല്ലാം പ്രകൃത്യാലുള്ളതാണ്. അത് കൊണ്ട് തന്നെ അവർ എന്തിനെയും അതിവർത്തിക്കുന്നു. അവർ അതിനെ കുറിച്ച് ബോധവാന്മാരല്ല എന്നേയുള്ളു. നമ്മുക്ക് നമ്മുടെ ബുദ്ധിമുട്ടുകളെ , കഷ്ടപ്പാടുകളെ ഒക്കെ ഭയങ്കര ഇഷ്ടമാണ്. ചിലപ്പോൾ നാം എല്ലാം കളഞ്ഞിട്ട് എങ്ങൊട്ടെങ്കിലും പോയാൽ മതി പറയുമെങ്കിലും അങ്ങനെ ഒരു സാഹചര്യം വന്നാൽ നാം നമ്മുടെ ബന്ധങ്ങൾ തുടങ്ങും, ഉത്തരവാദിത്വങ്ങളെ കുറിച്ച് വാചാലരാകും. ഇതെല്ലാം വെറും തട്ടിപ്പാണ്.
നമ്മുക്ക് വേണ്ടത് കഷ്ടപ്പെടാതെ എല്ലാം കിട്ടണം.
ഒന്നും ചെയ്യാതെ ആനന്ദം ലഭിക്കില്ല. ആനന്ദം ലഭിക്കണമെങ്കിൽ അത് നാം കണ്ടെത്തണം ,അത് നമ്മുടെ ഉള്ളിലാണെന്ന് അറിഞ്ഞാൽ എല്ലാവരുടെ ഉള്ളിലും ആ ആനന്ദത്തിന്റെ കണങ്ങളെ നമ്മുക്ക് കാണാൻ സാധിക്കുകയും ,അങ്ങനെ ആനന്ദം മാത്രമാണ് ഇവിടെയുള്ളതെന്നും , ഭേദചിന്തയാണ് ആ ആനന്ദത്തെ ഇല്ലാതെയാക്കുന്നതെന്നും ബോദ്ധ്യപ്പെടുന്നു.
അവനവന്റെ ഉള്ളിലെ ആനന്ദത്തെ അറിയാൻ ആദ്യമായി നമ്മളെ തന്നെ നിരുപാധികം സ്നേഹിക്കുക, അംഗീകരിക്കുക. നമ്മുടെ കഴിവുകളെയും കുറവുകളെയും അറിയുക, അംഗീകരിക്കുക.
നമ്മുക്ക് നമ്മളെ തന്നെ സ്നേഹിക്കാനായില്ലെങ്കിൽ, അംഗീകരിക്കാനാവുന്നില്ലയെങ്കിൽ പിന്നെ എങ്ങനെ മറ്റുള്ളവരെ സ്നേഹിക്കും, അംഗീകരിക്കും.
ഈ ജീവിതയാത്ര മോക്ഷത്തിനോ മുക്തിക്കോ ഒന്നിനും വേണ്ടിയല്ല, ആനന്ദം കണ്ടെത്താനാണ്. ആനന്ദത്തിൽ ലയിച്ചവരെയാണ് മുക്തി കിട്ടിയെന്നും മോക്ഷം ലഭിച്ചുവെന്നും ഒക്കെ പറയുന്നത്
കടപ്പാട് :ശ്രീഗുരു