25/03/2020
*കർഫ്യൂ അറിയില്ല നമുക്ക് 144 ഉം പരിചയമില്ല*
പ്രിയരെ,
വല്ലാത്തൊരു സാഹചര്യത്തിലാണ് നമ്മുടെ നാട് മുന്നോട്ട് പോവുന്നത്. കഴിഞ്ഞ ദിവസം ജനതാ കർഫ്യൂ നടന്നു. ഇന്നലെ കളക്ടർ നമ്മുടെ ജില്ലയിൽ 144 പ്രഖ്യാപിച്ചു. പക്ഷേ നമ്മളൊക്കെ ടൗണിലാണ്. 144 എന്താണെന്ന് അറിയാത്തതു കൊണ്ടായിരിക്കാം. നാം കശ്മീരിലും മറ്റിതര പ്രദേശങ്ങളിലുമൊക്കെ ഉള്ളതായി കേട്ടിട്ടേയുള്ളൂ കർഫ്യൂവും 144 മൊക്കെ . ഇന്ന് അർധ രാത്രി മുതൽ രാജ്യം മുഴുവൻ ലോക്ക് ഡൗണായി പ്രധാനമന്ത്രിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതൊക്കെ നമുക്ക് വേണ്ടിയാണ്. പള്ളികളും ക്ഷേത്രങ്ങളും ചർച്ചുകളും വിദ്യാലയങ്ങളും കൊട്ടിയടക്കപ്പെട്ടു. ഇതിൽ വലുതല്ലല്ലോ മറ്റൊന്നും .എന്നിട്ടും നമുക്ക് ഉൾക്കൊള്ളാനായിട്ടില്ല. വെറുതെ ചെറിയ , ചെറിയ ആവശ്യങ്ങൾ പറഞ്ഞ് നാം ഇടക്കിടെ ടൗണിലിറങ്ങുകയാണ്. (ടൗണിൽ ആരെങ്കിലും ഉണ്ടോയെന്ന് നോക്കാൻ , കടകൾ തുറന്നിട്ടുണ്ടോയെന്നറിയാൻ ....... തുടങ്ങി ) അധികൃതർ കർശനമാക്കുന്നത് നമുക്ക് വേണ്ടിയാണെന്ന് എപ്പോഴാണ് നമുക്ക് ചിന്ത വരിക. നമ്മുടെ രാജ്യത്തും സംസ്ഥാനത്തും കൊവിഡ് എത്തിയെന്നത് നമ്മെ വേദനിപ്പിക്കുന്നതാണെങ്കിലും ഈ നിമിഷം വരെ നമ്മുടെ ജില്ലയിൽ സ്ഥിരീകരിച്ചിട്ടില്ലെന്നത് ആശ്വാസം തന്നെയല്ലേ ? 1500 ഓളം ആളുകൾ നിരീക്ഷണത്തിലുണ്ടെന്നത് മറക്കരുത്. ഇനിയാരും നിരീക്ഷണത്തിലാവാതിരിക്കാൻ നാം തന്നെ വിചാരിക്കണ്ടേ ? സാധ്യമാവുന്ന സമയത്ത് കൃത്യമായി ജമാഅത്തിൽ പങ്കെടുത്തവർ പള്ളിയിൽ വരാൻ കഴിയാത്തതിന് എന്തിന് സങ്കടപ്പെടണം ? അവർക്ക് സാധ്യമാവാത്ത ഈ കാലത്ത് വീട്ടിൽ നിന്ന് നിസ്കരിച്ചാൽ നേരത്തെ ലഭിച്ച പ്രതിഫലം കിട്ടുമെന്ന് ദീൻ പഠിപ്പിച്ചതല്ലേ ? നിർബന്ധമായും നാം കുറച്ചു ദിവസം വീട്ടിലിരിക്കണം. അത്യാവശ്യങ്ങൾക്കല്ലാതെ ടൗണിൽ ഇറങ്ങരുത്. സമ്പന്ന രാജ്യമാണ് ഇറ്റലി , ലോകോത്തര ചികിത്സാ സൗകര്യങ്ങളുള്ള രാജ്യം. വെറും 6 കോടി ജനങ്ങളേയുള്ളൂ അവിടെ. എന്നിട്ടും അവർ അനുഭവിക്കുന്ന പ്രയാസം നാം കണ്ടു . നമ്മുടെ രാജ്യത്താണെങ്കിൽ അതിന്റെ ഭീകരത ഓർക്കാൻ പോലും കഴിയില്ല. ചികിത്സാ സൗകര്യങ്ങൾ തീരെ ഇല്ലാത്ത നമ്മുടെ ജില്ലയിലാണെങ്കിലോ ? നാം ചിന്തിച്ചിട്ടുണ്ടോ ? ഇന്ന് നമ്മുടെ ടൗണിൽ നമ്മെ ഓടിക്കാൻ എത്ര പ്രാവശ്യം പൊലീസ് വരേണ്ടി വന്നു . നമുക്ക് വേണ്ടിയല്ലേ വീട്ടിലിരിക്കാൻ പറഞ്ഞത്. ഒരാൾ വീട്ടിലിരുന്നാൽ അവനും അപരനും രക്ഷപ്പെടുമെങ്കിൽ വീട്ടിലിരിക്കുന്നവന് സ്വർഗ്ഗമുണ്ടെന്നല്ലേ നബി (സ) തങ്ങൾ പറഞ്ഞത്. ഓരോരുത്തരും ചിന്തിക്കുക ഞാൻ മറ്റൊരാൾക്ക് ബുദ്ധിമുട്ടാവുകയില്ലെന്ന് . ജില്ലാ ഭരണകൂടത്തോട്, നിയമപാലകരോട്, ആരോഗ്യ പ്രവർത്തകരോട് സഹകരിക്കുക - നിയമങ്ങൾ പാലിക്കുക. തുറക്കാൻ പാടുള്ള കടകൾ മാത്രം തുറക്കുക, (നിശ്ചയിക്കപ്പെട്ട സമയം മാത്രം ) അത്യാവശ്യത്തിനു വേണ്ടി മാത്രം പുറത്തിറങ്ങുക. അല്ലാഹുവിലേക്ക് കൈകളുയർത്തുക - നാഥൻ നമ്മേയും നാടിനേയും മഹാമാരിയിൽ നിന്നും കാത്തുരക്ഷിക്കട്ടെ - ആമീൻ -- ഹാരിസ് ബാഖവി കമ്പളക്കാട്