05/05/2022
🔥
എസെസെഫാവുക എന്നാൽ
ത്യാഗമാവുക എന്നാണ്.
______________________________
ഓരോ എസെസെഫുകാരനും ഒരായിരം അനുഭവങ്ങളുണ്ട്. തീച്ചൂളകളിലൂടെയായിരിക്കണം അവർ കടന്നുവന്നിട്ടുണ്ടാവുക. ആ അനുഭവങ്ങളിൽ നിന്ന് തിടം വെച്ച് വളർന്നു വികസിച്ചതാണവന്റെ രാഷ്ട്രീയം.
മതം പഠിച്ച പണ്ഡിതൻമാരോട് ചേർന്നാണവരുടെ ജീവിതം. അതുകൊണ്ട് തന്നെ മതപാഠത്തിന്റെ അടിസ്ഥാനശിലയിൽ നിന്ന് മാത്രമേ
ഏതു സാമൂഹ്യ സാഹചര്യത്തെയും അവർ വിലയിരുത്തൂ. ഗ്രന്ഥങ്ങൾ അക്ഷര വായനയ്ക്കു വിധേയമാക്കി വക്രിച്ചവതരിപ്പിക്കുന്ന മതത്തിന്റെ ലേബലൊട്ടിച്ച പൊളിട്ടിക്കൽ ഇസ്ലാമിസ്റ്റുകളെ എത്ര അകലത്ത് നിർത്തണമെന്ന് അവർക്ക് വ്യക്തതയുണ്ടാവും...................................
1993 ലാണ് എന്റെ ssf പ്രവേശം. അന്നെനിക്ക് വയസ് 17.
യൂനിറ്റ് സെക്രട്ടറിയുടെ ഒഴിവു നികത്താനായിരുന്നു നിയോഗം.
അതിന് മുമ്പ് ഏതെങ്കിലും സംഘടനയിൽ
അംഗത്വമെടുക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല.
സംഘടന പ്രവർത്തനം എന്താണെന്ന് പോലും മനസിലായിട്ടില്ലായിരുന്നു.
ഒരു യൂനിറ്റ് സെക്രട്ടറി എങ്ങനെയായിരിക്കണമെന്നതായിരിക്കണം എന്റെ ആദ്യത്തെ സംഘടനാ ആലോചന. പതുക്കെ ഞാൻ എസെസെഫിനെ പഠിച്ചെടുക്കുകയായിരുന്നു. ആദ്യമാദ്യം ഒരു കൂട്ടുകെട്ടിന്റെ സൗഹൃദ രസം മാത്രമായിരുന്നു എനിക്ക് സംഘടന. ഒരു പക്ഷേ, ആ സൗഹൃദ രസം അറ്റുപോവുമ്പോൾ, മറ്റൊരു സൗഹൃദക്കൂട്ടിലേക്ക് കൂട് മാറുമ്പോൾ , ഉപേക്ഷിക്കാനുള്ളത് മാത്രമായിരുന്നു അന്നെനിക്ക് SSF.
അതിനു മുമ്പ് എന്താണ് Ssf എന്ന് പഠിക്കാൻ അവസരമുണ്ടായതാണ് ഞാൻ എസെസെഫുകാരനായതിന്റെ പിന്നിലെ രഹസ്യമെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്.
പിന്നീട് പതുക്കെ പതുക്കെ സംഘടനയുടെ
അടിസ്ഥാന ലക്ഷ്യങ്ങൾ, താല്പര്യങ്ങൾ, പ്രവർത്തന രീതികൾ എന്നിവ എന്റെ മുന്നിലും നിവർന്നു വന്നു. 93 മുതൽ രിസാല വാരിക എന്റെ പ്രിയപ്പെട്ട പ്രസിദ്ധീകരണമായി. ഒരു എ സെഫുകാരന്റെ ഏറ്റവും പ്രധാനപ്പെട്ട പാഠശാല രിസാലയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതിലെ അക്ഷരങ്ങൾ എന്നെ വെട്ടിയൊതുക്കി. എന്റെ ചിന്തയെ ചിന്തേരിട്ട് മിനുക്കി.
ssf അരിയല്ലൂർ യൂനിറ്റ് ഓഫീസ് വള്ളിക്കുന്ന് റെയിൽവെ സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്തെ ഒരു പഴയ കെട്ടിടത്തിന്റെ മുകൾ നിലയിലായിരുന്നു. എല്ലാ ദിവസവും മഗ്രിബിന് ശേഷം ആ ഓഫീസ് പ്രവർത്തന സജ്ജമാവും. പുറത്തെ നീണ്ട വരാന്തയിൽ മെഴുകുതിരി വെട്ടത്തിൽ, ബെഞ്ചിട്ട് ഞങ്ങൾ എ സെസെഫുകാർ ലോകത്തെ സർവ കാര്യങ്ങളെ കുറിച്ചും സംസാരിക്കും.
മതവും രാഷ്ട്രീയവും ഗ്രാമ വിശേഷങ്ങളും
ഈ രാത്രിയിൽ ഞങ്ങളുടെ വിഭവങ്ങളായിരുന്നു. ഈ അനൗപചാരിക മീറ്റിംഗുകളിൽ നിന്നാണ് പലപ്പോഴും ഔദ്യോഗിക മീറ്റിംഗുകളിലേക്കുള്ള അജണ്ടകൾ രൂപപ്പെട്ടു വന്നിരുന്നത്. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളോട് പ്രതികരിച്ചു കൊണ്ട് ഇടയ്ക്കിടെ നടത്താറുള്ള അരിയല്ലൂരിലെ ssf പ്രകടനങ്ങളും പിറവിയെടുത്തിരുന്നത് ഈ മൂവന്തി ചർച്ചകളിൽ നിന്നായിരുന്നു. ഞങ്ങൾ സ്ഥാപിച്ചിരുന്ന ബോർഡുകളും കൊടിമരങ്ങളും ബുള്ളറ്റിനുകളും നിരന്തരം തകർക്കപ്പെട്ടു. അതിനോടെല്ലാം ഞങ്ങൾ ക്രിയാത്മകമായി തന്നെപ്രതികരിച്ചു.
ഒരു ബോർഡിന്റെ ലക്ഷ്യം അതിലെ അക്ഷരങ്ങൾ വായിക്കപ്പെടലാണെങ്കിൽ,
തകർക്കപ്പെട്ട ബോഡിലെ അക്ഷരങ്ങൾ ഞങ്ങൾ എല്ലാവരുടെയും ശ്രദ്ധയിൽ കൊണ്ടുവരും വിധം പ്രകടനമാക്കി. ബോർഡ് തകർത്തവരോട് അരിശപ്പെട്ടെങ്കിലും എത്ര ബോഡുകൾ തകർക്കപ്പെട്ടാലും ഞങ്ങൾ ആരുടെ ബോർഡും തകർത്തില്ല. എത്ര കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ടെങ്കിലും ഞങ്ങൾ ആരുടെ കൊടിക്കീറകളും നശിപ്പിച്ചില്ല. പേരോടുസ്താദിന്റെ വയളുകൾ ഞങ്ങളുടെ പ്രവർത്തനങ്ങളുടെ ആത്മീയ താളമായിരുന്നു. നശിപ്പിക്കുക എന്നല്ല ഞങ്ങൾ കേട്ടത്. നിർമിക്കുക എന്നതായിരുന്നു. നാശോന്മുഖമായ ഏതെങ്കിലും പ്രവർത്തനത്തിന് നേതൃത്വം നൽകാൻ ഞങ്ങളോട് ഒരിക്കൽ പോലും ഒരാളിൽ നിന്നും ഒരാഹ്വാനവുമുണ്ടായില്ല. അതു കൊണ്ടു തന്നെ എത്ര സമരം നടത്തിയെങ്കിലും ഒരു പൊതുമുതലും ഇന്നു വരെ ഞങ്ങൾ നശിപ്പിച്ചില്ല. നിർമാണത്തിന്റെ പ്രത്യയ ശാസ്ത്രമായാണ് ഞങ്ങൾ ഇസ്ലാമിനെ കണ്ടതും അനുഭവിച്ചതും.
ഒരിക്കൽ അരിയല്ലൂരിലെ ഗുണ്ടാസംഘത്തിന്റെ അക്രമത്തിന് ഞങ്ങൾ ഇരയായി. 93-94 ൽ ഒരു ശഅബാൻ അവസാനത്തിലായിരുന്നു സംഭവം. (രണ്ടു കുടുംബങ്ങൾ തമ്മിലുള്ള അതിർത്തി തർക്കമായിരുന്നു പ്രശ്നകാരണം. അതിലൊരു കുടുംബം Ssf അനുഭാവികളുടേതായിരുന്നു. എതിർ കുടുംബം RSS കാരും ). അടുത്ത റമളാൻ മാസത്തിലെ സംഘടന അജണ്ടകൾ ചർച്ച ചെയ്യുന്നതിന് വേണ്ടി ഞങ്ങൾ ഓഫീസിൽ യൂനിറ്റ് SSF മീറ്റിംഗ് ചേരുകയായിരുന്നു. വൈകുന്നേരം 6 ന് തുടങ്ങിയ ചർച്ചകൾ രാത്രി 8.30 ന് അവസാനിച്ചു മീറ്റിംഗ് പിരിഞ്ഞു. ഒരുമിച്ച് ഓഫീസിൽ നിന്നിറങ്ങി നേരെ ഇശാ നിസ്കരിക്കാൻ പള്ളിയിലേക്ക് പോവാറാണ് പതിവ്. എല്ലാവരും ഓഫീസിൽ നിന്നിറങ്ങാനൊരുങ്ങി. ഞാൻ ഓഫീസിലെ മണ്ണെണ്ണ വിളക്കണച്ചു. എന്റെ കയ്യിലായിരുന്നു ഓഫീസിന്റെ താക്കോൽ.
എല്ലാവരും പുറത്തിറങ്ങിക്കഴിഞ്ഞ് ഞാൻ വാതിലടച്ചു. മുകളിലെ വരാന്തയിൽ നിന്ന്
മരക്കോവണി വഴി ഞങ്ങൾ താഴേക്കിറങ്ങുകയാണ്. പെട്ടെന്ന് ഇരുട്ടിൽ ഓഫീസിന്റെ പിറകിലൂടെ ഒരു കൂട്ടം ആളുകൾ ദണ്ഡുമായി ഞങ്ങളുടെ മുമ്പിൽ ചാടി വീണു. ഒന്നും മനസിലായില്ല. പട പടാ ..ന്ന് ശബ്ദം മാത്രം. കോണി ക്കൂടിന് താഴെ വച്ചാണ് അടി. ഒരു സംഘം ആളുകൾക്ക് ഒരുമിച്ച് നിന്ന് തല്ലാനുള്ള space ഇല്ലാത്തതിനാലും ഇരുട്ടിലായതിനാലും അടിയുടെ വലിയൊരു ഭാഗം അവരുടെ തന്നെ ദണ്ടുകളിൽ പതിച്ചു. ഞങ്ങൾക്ക് കിട്ടിയതിലും കൂടുതൽ അവരാൽ അവർക്ക് തന്നെ കിട്ടി. അവരിലൊരാളുടെ പല്ല് പൊട്ടി. മുകളിലുള്ളവർ താഴെ നടക്കുന്ന അടിയുടെ ശബ്ദം മാത്രമാണ് കേൾക്കുന്നത്. എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലാവാൻ കുറച്ചു സമയമെടുത്തു. ഏറ്റവും മുൻ നിരയിലുണ്ടായിരുന്നവർക്ക് മാത്രമാണ് കാര്യം മനസിലായത്. മുൻ നിരയിലുണ്ടായിരുന്ന രണ്ടു പേരുടെ ശരീരത്തിൽ മാത്രമാണ് ഒട്ടും സാരമല്ലാത്ത രീതിയിൽ അടി വീണത്.
അതിലൊരാൾ ഞങ്ങൾ തന്നെ സ്ഥാപിച്ച ബുള്ളറ്റിൻ ബോഡിന്റെ പൈപ്പ് ഊരിയെടുത്ത് നേരിട്ടു. സംഘം തിരിച്ചോടി. ഞങ്ങൾ ഓഫീസിൽ കയിൽ കിട്ടിയ പട്ടികക്കഷണവുമായി റോട്ടിലേക്കിറങ്ങി. അരിയല്ലൂരിൽ ഞങ്ങൾ ആ രാത്രിയിൽ ഗംഭീരമായ പ്രകടനം നടത്തി. ധൈര്യമുണ്ടെങ്കിൽ ഇറങ്ങി വരൂ.. എന്ന് വികാരത്തള്ളിച്ചയിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു. പെട്ടെന്ന് അങ്ങാടിയിലെ കടകൾ മുഴുവനും അടഞ്ഞു. അങ്ങാടി വിജനമായി.
ഞങ്ങൾ ആ രാത്രി തന്നെ, വളരെ പെട്ടെന്ന് വന്ദ്യരായ കുഞ്ഞിമോൻ ഫൈസിയെ ചെന്നു കണ്ടു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായി. പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് തിരിച്ചു തല്ലണം എന്ന വികാര പ്രകടനമുണ്ടായി.
പിറ്റെ ദിവസം കുഞ്ഞിമോൻ ഫൈസിയും എം എൻ കുഞ്ഞഹമ്മദാജിയും
ഞങ്ങളെ ആശുപത്രിയിൽ സന്ദർശിച്ചു. എം എൻ ഞങ്ങളുമായി കുറേ കാര്യങ്ങൾ സംസാരിച്ചു. ആദ്യമായാണ് അദ്ദേഹത്തെ കാണുന്നത്. വളരെ പക്വതയുള്ള ആ ഉപദേശങ്ങൾ എനിക്കിപ്പോഴും ഓർമയുണ്ട്. "നിങ്ങൾക്ക് തിരിച്ചടിക്കാം.
അത് വല്യ പണിയുള്ള കാര്യല്ല. ഒരഞ്ചാറു പേർ തയാറായാൽ മാത്രം മതി. അതു കഴിഞ്ഞെന്താണ് ? വീണ്ടും തിരിച്ചടിയുണ്ടാവും. അടി, തിരിച്ചടി. ഇത് തുടർന്നുകൊണ്ടിരിക്കും. നാട്ടിലെ എല്ലാവരുടെയും സമാധാനം തകരും.
സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരുമായ എല്ലാവരെയും ഈ സംഘർഷത്തിലേക്ക് നിങ്ങൾ വലിച്ചു കൊണ്ടുവരും. അവരൊക്കെ ഭീതിയിലാവും. നിങ്ങൾ കുറച്ചുപേർക്ക് ഒരു പക്ഷേ, അതെല്ലാം നേരിടാൻ കഴിയും.
അടി, ഗുണ്ടായിസം ഇതെല്ലാം കുറച്ചുപേർ വിചാരിച്ചാൽ നടക്കുന്ന കാര്യമാണ്. നാട്ടിൽ സമാധനം ഉണ്ടാക്കാൻ കുറച്ചുപേർ മാത്രം ആലോചിച്ചാൽ നടക്കുന്ന കാര്യല്ല.
അതൊക്കെ ആലോചിക്കണം.എന്നിട്ട് തീരുമാനിക്കൂ.. നമ്മുടെ മദ്രസയും പള്ളിയും ദീനീ പ്രവർത്തനവും ഒരു തടസവുമില്ലാതെ നടക്കണം. അതിന് ആരെയും ഭയപ്പെടാതെ നിങ്ങൾ മുന്നോട്ട് പോവണം. ഈ വിഷയം നമുക്ക് നിയമപരമായി നേരിടാം". സത്യത്തിൽ ഈ വലിയ മനുഷ്യൻ പറഞ്ഞ കാര്യം ഞങ്ങളപ്പോൾ മാത്രമാണ് ആലോചിച്ചത്.
അദ്ദേഹത്തോട് എനിക്കെന്നും ആദരവും ബഹുമാനവുമാണ്. ഞങ്ങളെ ഒരു വലിയ രാഷ്ട്രീയ ബോധ്യത്തിലേക്കുണർത്തിയത്
എം എൻ കുഞ്ഞഹമ്മദാജിയാണ്. എന്താണ് ദീനീ പ്രവർത്തനമെന്ന് ഞങ്ങളുടെ പുറത്ത് തലോടി പഠിപ്പിച്ചു തന്നത് ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിമോൻ ഫൈസി ഉസ്താദാണ്. സംഘർഷങ്ങളും സംഘട്ടനങ്ങളും നമ്മുടെ മുന്നിലെ പരീക്ഷണമാണ്. ക്ഷമയവലംബിക്കുക പക്വതയോടെ പ്രവർത്തിക്കുക ഇതായിരുന്നു ഫൈസി ഉസ്താദിന്റെ നിർദേഷം.
ആശുപത്രിയിൽ നിന്നിറങ്ങി പിറ്റേ ദിവസം മുതൽ അവർ പറഞ്ഞതു പ്രകാരം ഞങ്ങൾ പ്രവർത്തിച്ചു തുടങ്ങി. പ്രകടനവും പൊതുയോഗവും ചുവരെഴുത്തും കാമ്പയിനും തുടങ്ങി വ്യത്യസ്ത കർമ പരിപാടികളുമായി അരിയല്ലൂരിൽ Ssf നിറഞ്ഞു നിന്നു.
RSS മായി ആദ്യത്തെയും അവസാനത്തെയും പ്രശ്നമായിരുന്നു അത്. അരിയല്ലൂരിൽ പല സംഘടനകളും വളർന്നും തളർന്നുമിരുന്നു. എസെസെഫ് എന്നും ജ്വലിച്ചു തന്നെ നിന്നു. iss നോ, pdpക്കോ, പോപുലർ ഫ്രണ്ടിനോ, ജമാഅത്ത് ആശയങ്ങൾക്കോ ആ മണ്ണ് അയഞ്ഞു കൊടുത്തില്ല. cpim ഉം കോൺഗ്രസും ലീഗും Bjp യുമാണ് അരിയല്ലൂരിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ. മതേതര മൂല്യമുള്ള നല്ല രാഷ്ട്രീയ മനസുള്ളവരാൽ എന്റെ അരിയല്ലൂർ ഇന്നും തല ഉയർത്തി നിൽക്കുന്നു. വ്യത്യസ്ത രാഷ്ട്രീയ മത ചിന്തകളാൽ ഇനിയും
( നാഥന്റെ കൃപയാൽ) അങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ആക്രമണത്തിന് പ്രതിരോധമെന്ന പുതിയ ഭാഷ്യം ചമക്കുന്നവരുടെ വിടുവായത്തങ്ങൾ കേൾക്കുമ്പോൾ തിളച്ചു ചാടി ഇറങ്ങുന്നവർ
വൈകാരിക വേലിയേറ്റത്തിൽ മാത്രമാണ്.
വിവേകത്തോടെ ചിന്തിച്ചാൽ അബദ്ധം മനസിലാവും. കേരളത്തിലെ മുഴുവൻ മുസ്‌ലിം യുവാക്കളും ഈ അബദ്ധ ജല്പനത്തിൽ വശംവദരായി കയ്യിൽ ആയുധമണിഞ്ഞ് ഒരുമ്പെട്ടിറങ്ങിയാൽ പോലും
ഇൻഡ്യൻ - കേരള മുസ്ലിം കളുടെയെങ്കിലും പ്രശ്നം പരിഹരിക്കാനാവുമെന്ന് വിചാരിക്കുന്നുവെങ്കിൽ വിഢികളുടെ സ്വർഗം നിറയാതിരിക്കില്ല.
ശരിയായ രാഷ്ട്രീയ നിരീക്ഷണത്തിലൂടെ, പ്രവർത്തനങ്ങളിലൂടെ മുസ്ലിം ക്രിയാത്മക യൗവനത്തിന് ഈ നിർണായക സമയത്ത് ഇവിടെ ധാരാളം ചെയ്യാനുണ്ട്. അതിനൂക്കുള്ള സംഘമാണ് SSF. SSF ന്റെ 50-ാം
വർഷത്തിലെ കർമ്മ പദ്ധതികളിൽ അതിന് കൂടുതൽ ഊന്നൽ നൽകാതിരിക്കില്ല. മുഖത്ത് പ്രതീക്ഷയുടെ ആയിരം കിരണങ്ങൾ ഉദിച്ചുനിൽക്കുന്ന, ഊർജ്വസ്വലരായ ആയിരക്കണക്കിന് വിദ്യാർഥി യൗവനത്തെ കാണാനാവുന്നുണ്ട് ആ കൊടിക്കൂറയ്ക്ക് കീഴിൽ. വൈകാരികതയുടെ ചിറപൊട്ടിയൊഴുകുന്ന ആവേശമല്ല അവരെ നയിക്കുന്നത്. ആദർശത്തിന്റെ ഗരിമ തീർത്ത കരുത്താണ്. ഉള്ളം പൊള്ളച്ച കുമിളകളല്ല അവരുടെ വിശ്വാസം. കാരിരുമ്പിന്റെ കരുത്താർന്ന ഉറപ്പാണ്. ഏതു പ്രതിസന്ധികളെയും മറികടക്കാൻ അതിനാലവർക്കു കഴിയാതിരിക്കില്ല. മുസ്ലിം യുവത്വത്തിന് വഴി തെളിയിക്കാൻ കരുത്തുണ്ട് അവർക്കെന്ന്
കാലം തെളിയിക്കും. എസ് എസ് എഫ് എന്നാൽ ത്യാഗമാണ്. ചുറ്റും നോക്കൂ.. ഉമ്മത്തെന്ന ബാനറിൽ അണിനിരക്കുന്നവരെല്ലാം ഒരുമിച്ചു നിന്ന് ഈ സംഘത്തെ കണ്ണുരുട്ടിയും മുക്രയിട്ടും ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് നിങ്ങൾ കാണുന്നില്ലേ? ഒറ്റയ്ക്കു നിന്നും ഒരാശയത്തിന് വേണ്ടി പൊരുതുന്നവരെ യല്ലേ കാലം ധീരർ എന്നു വിളിക്കുക.
ssf ന്റെ 50-ാം വാർഷിക തുടക്കത്തിന് ധാർമിക വിപ്ലവാശംസകൾ.