30/03/2022
കാട്ടകാമ്പാൽ ശിവക്ഷേത്രം
തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് കാട്ടകാമ്പലിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് കാട്ടകാമ്പൽ ശിവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന കാട്ടകാമ്പൽ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു.
കേരളക്കരയിൽ പരശുരാമനാൽ പ്രതിഷ്ടിക്കപെട്ട 108 ശിവാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.ക്ഷേത്രം സ്ഥിതിചെയുന്ന സ്ഥലം പണ്ടുക്കാലത്ത് നിബിഡവനമായിരുന്നു. വനമദ്ധ്യത്തിൽ ഒരു പാറക്കല്ലിൽ പശു തനിയെ പാൽ ചുരത്തുന്നത് ഒരു കാട്ടാളൻ കാണുവാനിടയായി. കാട്ടാളൻ ഈ വിവരം അന്നത്തെ നാടുവാഴിയെ ധരിപ്പിച്ചു. പശു പാൽ ചുരത്തിയ ശിലയിൽ ദേവ ചൈതന്യം ഉണ്ടെന്നറിഞ്ഞ ഭരണാധികാരി അവിടെ ക്ഷേത്രം പണിതു. കാട്ടകത്ത് പാല് ചുരത്തിയതിനാൽ "കാട്ടകം-പാൽ" എന്ന് സ്ഥലത്തിന്ന് പേരു വന്നു എന്നാണ് സ്ഥലപ്പെരുമ.
കാട്ടകാമ്പാൽ ഗ്രാമം പഴയ കൊച്ചിനാട്ടുരാജ്യത്തിന്റെ വടക്കു-പടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്തിരുന്നതും മൂന്നു ഭാഗവും ജലാശയങ്ങളാൽ ബന്ധിക്കപ്പെട്ട (പെനിസുല)തുമായ ഒരു പ്രദേശമായിരുന്നു. തൃശ്ശൂർ ജില്ലയിലെ അതിപുരാതനക്ഷേത്രങ്ങളിൽ ഒന്നായ ഈക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമേറിയതാണ്. പ്രധാനക്ഷേത്രം ശിവ ക്ഷേത്രമാണെങ്കിലും ഇവിടെയും ഭഗവതിക്ക് പ്രധാന്യമർഹിക്കുന്ന തരത്തിൽ പണ്ടു കാലം മുതൽക്കേ പല പടിത്തരങ്ങളും നടത്തിപോന്നിരുന്നു. ക്ഷേത്രത്തിന്റെ തെക്കു-പടിഞ്ഞാറേ മൂലയിലാണ് ദേവിക്ഷേത്രം പണിതീർത്തിരിക്കുന്നത്. കൊടുങ്ങല്ലൂരിലും, തിരുമാന്ധാംകുന്നിലും, പനയന്നാർകാവിലേതും പോലെ കാട്ടകാമ്പാൽ ഭഗവതിയും പരമശിവനേക്കാളും പ്രസിദ്ധിനേടിയിട്ടുണ്ട്.
കേരളാശൈലിയിൽ നാലമ്പലവും, ചതുര ശ്രീകോവിലും തിടപ്പള്ളിയും നമസ്കാര മണ്ഡപവും പണിതീർത്തിട്ടുണ്ട്. കിഴക്കു ദർശനമായി പരമശിവനും, ശിവക്ഷേത്രത്തിന്റെ നാലമ്പലത്തിൽ തന്നെ പടിഞ്ഞാറ് അഭിമുഖമായി തെക്കേമൂലയിൽ ഭഗവതിയും ദർശനം നൽകുന്നു.
ക്ഷേത്ര നിർമ്മാണശൈലി പരിശോധിക്കുമ്പോൾ ശിവക്ഷേത്രത്തിന് വളരെ പ്രാധാന്യം നൽകിയിട്ടുള്ളതായി കാണുന്നു. ശിവൻറെ പ്രതിഷ്ഠയോട് ബന്ധപ്പെട്ടതാണ് മണ്ഡപത്തിൻറെ നിർമ്മാണരീതി. നാലമ്പലം, മുഖമണ്ഡപം, തിടപ്പള്ളി, വലിയ ബലിക്കല്ല്, ബലിക്കൽപ്പുര, എല്ലാം തന്നെ ശിവക്ഷേത്രത്തിൻറെ ശിൽപ്പശാസ്ത്രവിധിപ്രകാരമാണ്. ശിവൻറെ ശ്രീകോവിലിനു നേർക്കാണ് മുഖമണ്ഡപം സ്ഥിതി ചെയ്യുന്നത്. ശിവക്ഷേത്ര നിർമ്മാണത്തിനും വളരെ ശേഷമാണ് ദേവീക്ഷേത്രം പണിതീർത്തിയിരിക്കുന്നത്
തെക്കു-പടിഞ്ഞാറെ മൂലയിൽ (കന്നിമൂലയിൽ) നാലമ്പത്തിനു പുറത്തായി ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു.
കാട്ടകാമ്പാൽ പൂരം....
പുഞ്ച പാടത്തെ കൊയ്ത്തു കഴിഞ്ഞാൽ പിന്നെ കാട്ടകാമ്പാലിനു പൂര ലഹരിയാണ്.
മേടമാസത്തിലെ പൂരം നാളിലാണ് പൂരം ആഘോഷിക്കുന്നത്.
പണ്ട് ചക്ക പൂരം എന്നും മാങ്ങാ പൂരം എന്നും അറിയപ്പെട്ടുപൊന്നിരുന്നു.
പാണ്ടി മേളം കാലം മാറി മുറുകി കേറുമ്പോൾ വിത്തു മുതൽ കൈക്കോട്ടു വരെ പൂരപറമ്പിൽ കച്ചോടം തിമിർത്തിരുന്നു.
32 നാട്ടുപൂരങ്ങളിൽ 32 ഗജവീരന്മാർ പൂരത്തിന് എല്ലാ കൊല്ലവും അണിനിരക്കുന്നു. കാളി-ദാരിക യുദ്ധം ക്ഷേത്രത്തിൽ പൂര ദിവസം അരങ്ങേറുന്നു.
ആറാട്ടോടെയാണ് പൂരത്തിന്റെ തുടക്കം തുടർന്ന് ഭഗവതി തട്ടകത്തേക്ക് ഇറങ്ങുന്നു.ദേശമാകെ പറ വെച്ചു ഭഗവതിയെ സ്വീകരിക്കുന്നു.ആദ്യ ദിവസം പഴയ ഐതിഹ്യ പ്രകാരം കടവല്ലൂർ ശ്രീരാമ ക്ഷേത്രത്തിൽ പോയി ഒരു ദിവസം ആറാട്ടോടെ അവിടെ തങ്ങുന്നു.കൊല്ലത്തിൽ ഈ പൂര സമയത്തു മാത്രമാണ് ഭഗവതി പുറത്തേക്ക് എഴുന്നള്ളുന്നത് കൂടെ അംഗ രക്ഷകനായി ശാസ്താവും ഉണ്ടെന്നാണ് വിശ്വാസം.പൂരത്തിന് 2 ദിവസം മുമ്പ് ചെറിയ കുതിരവേല നടക്കുന്നു ഇത് ദാരികന്റെ പടപുറപ്പാടും പൂരതലേന്നു വലിയ കുതിരവേല കാളിയുടെ പടപുറപ്പാടുമായി സങ്കല്പിക്കുന്നു.കാളിയും ദാരികനും തേരിലാണ് പൂരപറമ്പിൽ യുദ്ധം ചെയ്യുക.തേര് പണിയുക നടുവിൽപാട്ട്, പടിഞ്ഞാറേ പാട്ട് കുടുംബങ്ങളും അത് ഏറ്റുക ദേശത്തെ നായന്മാരുമാണ്.ചതുരംഗ സേന എന്നാണ് സങ്കൽപ്പം.നിരന്നിരിക്കുന്ന ആനകൾ ആനപ്പടയും തേര് തേർപ്പടയും കുതിരവേലയിലെ കുതിര കുതിരപ്പടയും പൂരത്തിന് വന്നിരിക്കുന്ന ആളുകൾ കാലാൾപ്പടയുമായി സങ്കല്പിക്കുന്നു.പൂരദിവസം ദാരിക നിഗ്രഹത്തിന് ഇറങ്ങുന്ന കാളിക്ക് വിഘ്നങ്ങൾ വരാതിരിക്കാൻ ഗണപതിക്കിടൽ ചടങ്ങും മറ്റു വിശേഷാൽ പൂജകളും നടത്തുന്നു.തുടർന്ന് ശ്രീകോവിൽ അടക്കും. 5 മണിക്ക് മുമ്പ് നാട്ടു പൂരങ്ങൾ അമ്പലത്തിൽ എത്തി നിരനിരിക്കും.ചെമ്പട കൊട്ടി കാളി-ദാരികന്മാരെ കാത്തിരിക്കുന്നു.ആദ്യം ദാരികനും പിന്നെ ഉഗ്ര കോപത്തോടെ കാളിയും പൂരപറമ്പിന്റെ ഭാഗമാവുന്നു.കാളി തേരിൽ കയറിയാൽ ദീർഘമായ പാണ്ടിമേളത്തിനു തുടക്കമാവുന്നു... തേരിലേറി കാളിയും ദാരികനും പരസ്പരം പോര് നടത്തുന്നു.പിന്നീട് പാണ്ടി മുറുകി പൂരം മുന്നോട്ട് വന്ന് ക്ഷേത്രത്തിൽ കടക്കുന്നു.ഈ നേരം കാളിയും ദാരികനും ആദ്യം അമ്പലത്തിൽ കയറും.ദേവസ്വം ആന ഒഴികെ ബാക്കി ആനകൾ മതിൽകെട്ടിനു പുറത്ത് വടക്കോട്ടു നിരക്കുന്നു.പിന്നീട് അമ്പലത്തിൽ മേളം കാലം പിന്നിട്ട് അവസാനിക്കുന്നു ശേഷം കാളിയും ദാരികനും വാക്ക് പോരു നടത്തുന്നു.കാളിയുടെ ഉഗ്ര കോപത്തിന് മുമ്പിൽ ദാരികനു നിൽക്കാൻ പറ്റാതെ ഓടി ഒളിക്കുന്നു.അതോടുകൂടി പകൽ പൂരം അവസാനിക്കുന്നു.
പിറ്റേന്ന് പുലർച്ചെ പൂരം തനിയാവർത്തനം നടക്കുന്നു.പഴയ ക്ഷേത്രം ഉണ്ടായിരുന്ന പാലക്കൽ കാവിൽ വച്ചു കാളിയും ദാരികനും ദേവിയെ പറവച്ച് സ്വീകരിക്കുന്നു ശേഷം കാളി ആദ്യം പൂരപറമ്പിലേക്ക് എത്തുന്നു പിന്നാലെ ദാരികനും പൂരപറമ്പിൽ എത്തി തേരിൽ കേറുന്നു.പകൽപൂരം പോലെ തന്നെ ദേവി അമ്പലത്തിൽ കയറി ആനകൾ വടക്കോട്ടു നിരക്കുന്നു ശേഷം മേളം അവസാനിച്ചു കാളിയും ദാരികനും തമ്മിലുള്ള പോരു മുറുകുന്നു ശേഷം ഭയന്ന ദാരികൻ ശ്രീ കോവിലിന്റെ തെക്കേ മൂലയിൽ ഒളിക്കുന്നു.ഉഗ്ര ദേഷ്യം പൂണ്ട കാളി ദാരികന്റെ തലയറുത്തതിന്റെ പ്രതീതിയായി ദാരികന്റെ കിരീടം ഊരിയെടുക്കുന്നു...
കിരീടവും വാളും ദേവസ്വം ആനയെ ഉഴിഞ്ഞു എടുക്കുന്നതോടുകൂടി പൂരം പരിസമാപിക്കുന്നു
ഫോട്ടോ ഇന്റർനെറ്റിൽ നിന്നും കിട്ടിയതാണ്.
കാട്ടകാമ്പാൽ ക്ഷേത്രത്തിന്റെ ആണെന്ന് ഉറപ്പില്ല.