22/05/2018
നോമ്പിന്റെ അടിസ്ഥാന വിധികള്‍.
റമദാന്‍ നോമ്പിന്റെ ഇസ്‌ലാമിക കര്‍മ്മശാസ്ത്ര വിധികള്‍ ലഘുവായി ഒന്നു വിവരിക്കാനുള്ള ശ്രമമാണിത്. നോമ്പ് ആചരിക്കുന്നവര്‍ക്കും നോമ്പിന്റെ സാമാന്യമായ വിധികള്‍ അറിയണമെന്നാഗ്രഹിക്കുന്നവര്‍ക്കും ഇത് പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു.
പ്രായപൂര്‍ത്തിയും ബുദ്ധിസ്ഥിരതയും നോമ്പനുഷ്‌ടിക്കാന്‍ കഴിവുമുള്ള എല്ലാ മുസ്‌ലിമിനും റമദാനില്‍ നോമ്പനുഷ്‌ടിക്കല്‍ വ്യക്തിപരമായ നിര്‍ബന്ധ ബാധ്യതയാണ്. അമുസ്‌ലിംകള്‍, കുട്ടികള്‍, ചിത്തഭ്രമമുള്ളവര്‍, മാറാരോഗികള്‍ തുടങ്ങിയവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല.
നോമ്പിന്റെ അവശ്യഘടകങ്ങള്‍ അഥവാ ഫര്‍ദുകള്‍ (Integrals of the fast).
റമദാനിലെ നോമ്പിനു രണ്ട് ഫര്‍ദുകള്‍ ആണുള്ളത്.
1.കരുതല്‍ അഥവാ നിയ്യത്ത്. (Intention)
2.നോമ്പിനെ അസാധുവാക്കുന്ന കാര്യങ്ങള്‍ വര്‍ജ്ജിക്കല്‍.(Abstention from nullifiers of the fast)
കരുതല്‍ അഥവാ നിയ്യത്ത്:-
വ്രതമനുഷ്‌ടിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അത് കരുതിയുറപ്പിക്കേണ്ടതുണ്ട്. മനസ്സില്‍ കരുതലാണ് നിര്‍ബന്ധം. അതോടൊപ്പം നാവു കൊണ്ട് ഉച്ചരിക്കുക കൂടി ചെയ്യുന്നത് സുന്നത്താണ്. (സുന്നത്തെന്നാല്‍ പ്രവാചക ചര്യ. അത് ആചരിക്കല്‍ ഐഛികമാണ്. ആചരിച്ചാല്‍ പ്രതിഫലം ലഭിക്കും. ഉപേക്ഷിച്ചാല്‍ കുറ്റവുമില്ല).
“ഈ കൊല്ലത്തെ നിര്‍ബന്ധമായ റമദാനിലെ നാളത്തെ നോമ്പ് അല്ലാഹുവിന് വേണ്ടി അദാഅ് ആയി അനുഷ്‌ടിക്കുവാന്‍ ഞാന്‍ കരുതി“ എന്നതാണ് നിയ്യത്തിന്റെ രൂപം.
സൂര്യോദയത്തിനു മുമ്പ് കിഴക്ക് വെള്ള കാണുന്നതു മുതല്‍ (ഫജ്‌ര്‍- സുബ്‌ഹി ബാങ്കിന്റെ സമയം) സൂര്യാസ്‌തമയം വരെയാണ് നോമ്പിന്റെ സമയം.
നിര്‍ബന്ധമായ നോമ്പിനു വേണ്ടിയുള്ള (Obligatory fast) കരുതല്‍ അഥവാ നിയ്യത്ത് തലേ ദിവസം സൂര്യാസ്തമയത്തിനു ശേഷം സൂര്യോദയത്തിനു മുമ്പ് കിഴക്ക് വെള്ള വീശുന്നതിന് മുമ്പ് (ഫജ്‌ര്‍- സുബ്‌ഹി ബാങ്കിനു മുമ്പ്) എപ്പോഴെങ്കിലും ആയിരിക്കല്‍ നിര്‍ബന്ധമാണ്. ആരെങ്കിലും ഇപ്രകാരം കരുതാന്‍ മറന്നു പോകുകയോ ഉറങ്ങിപ്പോകുകയോ മറ്റോചെയ്താല്‍ അവരുടെ നോമ്പ് സാധുവാകുന്നതല്ല. എന്നാല്‍ അവരും മറ്റു നോമ്പുകാരെ പോലെ നോമ്പ് മുറിയുന്ന കാര്യങ്ങള്‍ വര്‍ജ്ജിച്ച് സൂര്യാസ്തമയം വരെ കഴിയേണ്ടതാണ്. റമദാനു ശേഷം ആ നോമ്പ് മടക്കി അനുഷ്‌ടിക്കേണ്ടതുമാണ്. (ഖദാഅ്)
റമദാനിലെ നോമ്പിന് ഓരോ ദിവസവും നിയ്യത്ത് ആവര്‍ത്തിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ മാലികി മദ്‌ഹബ് (School of Imam Malik (R) ) അനുസരിച്ച് റമദാന്‍ നോമ്പിന്റെ ആദ്യരാവില്‍ മുഴുവന്‍ മാസത്തേക്കും ഒന്നിച്ച് നിയ്യത്ത് ചെയ്യാവുന്നതാണ്. അങ്ങനെ കരുതിയാല്‍ വല്ല കാരണവശാലും നിയ്യത്ത് മറന്നാലും നോമ്പ് സാധുവാകുന്നതാണ്.
സുന്നത്തായ നോമ്പുകള്‍ക്ക് വേണ്ടിയുള്ള (Supererogatory fast) നിയ്യത്ത് മധ്യാഹ്‌നത്തിനു മുമ്പ് കരുതിയാല്‍ മതിയാകും (ളുഹര്‍). എന്നാല്‍ നോമ്പിനെ അസാധുവാക്കുന്ന പ്രവൃത്തികളൊന്നും ചെയ്യാത്തവര്‍ക്കു മാത്രമേ ഇത് ബാധകമാവൂ എന്നത് ശ്രദ്ധിക്കണം.
നോമ്പിനു വേണ്ടി രാത്രിയില്‍ എപ്പോഴെങ്കിലും കരുതാം എന്നു പറഞ്ഞുവല്ലോ? അങ്ങനെ നിയ്യത്ത് ചെയ്‌തതിനു ശേഷം സൂര്യോദയത്തിനു മുമ്പ് പ്രഭാത നിസ്‌കാരത്തിനുള്ള ബാങ്കു വിളിക്കു മുമ്പ് വരെ ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കുകയോ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ചെയ്യാം. ഇത്തരം പ്രവൃത്തികള്‍ നിയ്യത്തിനെ അസാധുവാക്കുകയില്ല.
ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ശുക്ല സ്‌ഖലനം സംഭവിക്കുകയോ ചെയ്താല്‍ ഒരാള്‍ വലിയ അശുദ്ധിക്കാരനാകും. (ജനാബത്ത്-Major ritual impurity). ഇങ്ങനെ വലിയ അശുദ്ധിയിലുള്ള ആളിനും നോമ്പിനു വേണ്ടി നിയ്യത്ത് ചെയ്യുകയും നോമ്പനുഷ്‌ടിക്കുകയും ചെയ്യാം. എങ്കിലും സൂര്യോദയത്തിനു മുമ്പ് തന്നെ കുളിച്ച് വലിയ അശുദ്ധിയില്‍ നിന്ന് മുക്തനാകുന്നതാണ് ഉത്തമം.
റമദാനിലെ നോമ്പിന് ഓരൊ ദിവസവും നിയ്യത്ത് ആവര്‍ത്തിക്കള്‍ ശാഫി മദ്ഹബ് പ്രകാരം നിര്‍ബന്ധമാണ് എന്നു കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ. മാലികി മദ് ഹബ് പ്രകാരം റമദാന്‍ മാസം ആദ്യം തന്നെ എല്ലാ ദിവസങ്ങളിലേക്കുമായി കരുതിയാല്‍ തന്നെ, ഓരോ ദിവസവും നിയ്യത്ത് പുതുക്കേണ്ടതാണ്. ഇടയില്‍ ഒരു ദിവസമെങ്ങാന്‍ നിയ്യത്ത് ചെയ്യാന്‍ മറന്നു പോയാല്‍ ആ ദിവസത്തെ നോമ്പിന് ആദ്യം ചെയ്ത നിയ്യത് മതിയാകുന്നതാണ്. (മാലികി മദ്‌ഹബ്). റമദാന്‍ നോമ്പ്, നേര്‍ച്ച നോമ്പ്, കഫ്ഫാറത്ത് (പ്രായശ്ചിത്തം) നോമ്പ് തുടങ്ങിയ ഫര്‍ള് നോമ്പുകള്‍ക്ക് വേണ്ടി നിയ്യത്ത് ചെയ്യുന്നത് രാത്രിയില്‍ തന്നെ ആയിരിക്കണമെന്നത് നിയ്യത്തിന്റെ നിബന്ധനയാണ്. അതു പോലെ തന്നെ നോമ്പേതാണെന്ന് നിര്‍ണ്ണയിച്ച് കരുതലും നിര്‍ബന്ധമാണ്.
സുന്നത്തു നോമ്പുകളുടെ കാര്യമാണെങ്കില്‍ നിയ്യത്ത് ചെയ്യാന്‍ നോമ്പു ദിവസം ഉച്ച വരെ സമയമുണ്ട് പക്ഷെ ഇവിടെയും ഫജറു സാദിഖിനു ശേഷം നോമ്പു മുറിയുന്ന കാര്യങ്ങള്‍ ഒന്നും തന്നെ ചെയ്തുകൂടാത്തതാണ്. അതു പോലെ ഇന്ന നോമ്പെന്നു നിര്‍ണ്ണയിച്ചു കരുതാതെ വെറും നോമ്പ് എന്നു കരുതിയാലും ശരിയാവുന്നതാണ് സുന്നത്ത് നോമ്പ്. എന്നാലും അറഫാ നോമ്പ്, മുഹറം ഒമ്പത് പത്ത്, ശവ്വാല്‍ മാസത്തിലെ ആറ് നോമ്പുകള്‍ എന്നിവ നിര്‍ണ്ണയിച്ച് കരുതല്‍ നിബന്ധനയാകും.
ചില സംശയങ്ങള്‍
1. നിയ്യത്ത് നിര്‍വഹിച്ചത് പ്രഭാതത്തിനു മുമ്പോ ശേഷമോ എന്നു സംശയമുണ്ടെങ്കില്‍ നോമ്പ് സാധുവാകുകയില്ല.
2. പ്രഭാതത്തോടടുത്ത സമയത്താണ് നിയ്യത്ത് നിര്‍വ്വഹിച്ചത്, അപ്പോള്‍ പ്രഭാതമായിരുന്നോ എന്ന് സംശയം, ഇങ്ങനെയെങ്കില്‍ നോമ്പ് സാധുവാകും.
3. രാത്രിയില്‍ നിയ്യത്ത് ചെയ്തിരുന്നോ എന്നു പകലില്‍ സംശയിക്കുകയും അതു ഉറപ്പിക്കാന്‍ പറ്റാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ആ നോമ്പ് ഖളാഅ് വീട്ടേണ്ടതാണ്‍്.
4. രാത്രിയില്‍ നിയ്യത്ത് വച്ചിരുന്നോ എന്ന സംശയം സൂര്യാസ്തമനത്തിനു ശേഷമാണുണ്ടാകുന്നതെങ്കില്‍ കുഴപ്പമില്ല, ആ നോമ്പ് സാധുവാകുന്നതാണ്.
5. ശ’അബാന്‍ 29ന് ഒരുവന്‍ ‘നാളെ റമദാനാണെങ്കില്‍ ഞാന്‍ നോമ്പാചരിക്കാന്‍ കരുതി’ എന്നു നിയ്യത്ത് ചെയ്താല്‍ പിറ്റെ ദിവസം റമദാന്‍ ആയാല്‍ കൂടി നോമ്പ് സാധുവാകുകയില്ല.
6. റമളാന്‍ 29ന് ഒരുവന്‍ ‘നാളെ റമദാനാണെങ്കില്‍ ഞാന്‍ നോമ്പാചരിക്കാന്‍ കരുതി’ എന്നു നിയ്യത്ത് ചെയ്താല്‍ പിറ്റെ ദിവസം റമദാന്‍ ആണെങ്കില്‍ നോമ്പ് സാധുവാകുന്നതാണ്.
7. ഒരാള്‍ നിയ്യത്തിനു ശേഷം ‘ഇന്‍ഷാ അല്ലാ’ എന്നു പറഞ്ഞാല്‍ അതു കേവലം പുണ്യം ഉദ്ദ്യേശിച്ചാണെങ്കില്‍ കുഴപ്പമില്ല, മറിച്ച് നിയ്യത്തിന് ഉപാധി വെക്കുകയാണെങ്കില്‍ ആ നോമ്പ് സഹീഹാവുകയില്ല.
8. നിയ്യത്ത് ചെയ്ത ശേഷം അത് ഒഴിവാക്കിയതായി കരുതിയാല്‍, നോമ്പനുഷ്ഠിക്കണമെങ്കില്‍ വീണ്ടും നിയ്യത്ത് ചെയ്യേണ്ടതാണ്.