31/10/2025
സഹനങ്ങളുടെ സന്ദേശം: ശ്രേഷ്ഠ ബാവ
ആലുവായിൽ നിന്ന് പുത്തൻകുരിശിലേക്ക് നീണ്ട ആ ഇടയന്റെ യാത്ര....
മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ തലവൻ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ:ഈ പേര് കേവലം ഒരു സ്ഥാനപ്പേരല്ല, മറിച്ച് കണ്ണീരും പോരാട്ടവും കൊണ്ട് എഴുതിയ ഒരു സഭാചരിത്രമാണ്. സ്വന്തം ജനത്തിന് വേണ്ടി നെഞ്ചുരുകി പ്രാർത്ഥിക്കുകയും, തെരുവിൽ ഇറങ്ങി സമരം ചെയ്യുകയും, ജയിലിൽ കിടക്കുകയും ചെയ്ത ഒരു ആത്മീയ നേതാവ് ലോകത്ത് വേറെ ഉണ്ടാകുമോ എന്നതു സംശയമാണ്.
അദ്ദേഹത്തിൻ്റെ ജീവിതം ഒരു രാജകീയ പ്രയാണമല്ലായിരുന്നു. മറിച്ച് പട്ടിണിയുടെയും രോഗത്തിൻ്റെയും കയ്‌പ്പറിഞ്ഞ ഒരു സാധാരണക്കാരൻ്റെ യാത്രയായിരുന്നു. അഞ്ചലോട്ടക്കാരനായി ജോലി ചെയ്ത ബാല്യത്തിൽ നിന്ന്, സഭയുടെ അമരത്തേക്ക് അദ്ദേഹം നടന്നു കയറിയത് തികച്ചും ദൈവനിയോഗമായിരുന്നു. എന്നാൽ, അധികാരത്തിൻ്റെ സിംഹാസനം അദ്ദേഹത്തിന് എന്നും മുൾകിരീടമായിരുന്നു.
ആലുവായിലെ തീവ്രാനുഭവം:
സഭാതർക്കം കത്തി നിന്ന ഒരു ഘട്ടത്തിൽ, ആലുവായിലെ സെമിനാരി തങ്ങൾക്ക് നഷ്ടപ്പെട്ടപ്പോൾ, ശ്രേഷ്ഠ ബാവയുടെ ( അന്നത്തെ അങ്കമാലി ഭദ്രാസനതിന്റെ കപ്പിത്താൻ മോർ ദിവന്നാസിയോസ്) മനസ്സിലേറ്റ മുറിവ് ചെറുതായിരുന്നില്ല. തങ്ങൾക്കു അവകാശപ്പെട്ട ആ പുണ്യഭൂമിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ, അദ്ദേഹം ഒരു അസാധാരണ സമരം പ്രഖ്യാപിച്ചു. അതാണ് 'ഗ്രേറ്റ് ആലുവ മാർച്ച്' എന്നറിയപ്പെടുന്നത്.
ദിവസങ്ങളോളം, വിശ്രമമില്ലാതെ, പ്രായത്തെയും രോഗങ്ങളെയും വകവയ്ക്കാതെ, അദ്ദേഹം വിശ്വാസികളുടെ മുൻപിൽ നടന്നു. അദ്ദേഹത്തിൻ്റെ കാൽപ്പാടുകൾ തളർന്നപ്പോഴും, കണ്ണിലെ തീക്ഷ്ണത ഒട്ടും കുറഞ്ഞില്ല. ഈ മാർച്ച് ഒരു പ്രകടനമായിരുന്നില്ല, മറിച്ച് ഒരു ജനതയുടെ നിലനിൽപ്പിനുവേണ്ടി ഒരിടയൻ നടത്തിയ പ്രാർത്ഥനാ യാത്രയായിരുന്നു. അന്ന് അദ്ദേഹം അണയാത്ത ദീപമായി മുന്നിൽ നടന്നപ്പോൾ, ആയിരക്കണക്കിന് വിശ്വാസികൾ അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു, അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
സഹനം ജീവിതചര്യയായി:
* ജയിലും കോടതിയും: സഭയ്ക്ക് വേണ്ടി അദ്ദേഹം ഏറ്റുവാങ്ങിയ ദുരിതങ്ങൾ അനവധിയാണ്. 560-ൽ അധികം കേസുകളിൽ പ്രതിചേർക്കപ്പെട്ട മോർ ദിവന്നാസിയോസ്/ തോമസ് പ്രഥമൻ കാതോലിക്ക ബാവ ജയിലിൽ പോലും കിടക്കേണ്ട അവസ്ഥ ഉണ്ടായി. മെത്രാപ്പോലീത്തയായിരുന്നിട്ടും, അദ്ദേഹം ആ പീഡനങ്ങളെല്ലാം സാധാരണക്കാരനെപ്പോലെ ഏറ്റുവാങ്ങി.
ആയ്ചകളോളം ഉപവാസം: മരിച്ചവരുടെ കല്ലറയിൽ പ്രവേശിക്കാൻ പോലും വിശ്വാസികൾക്ക് വിലക്കുണ്ടായപ്പോൾ, പഴന്തോട്ടം പള്ളിയിൽ ആയ്ചകളോളം ഉപവാസം അനുഷ്ഠിച്ച് അദ്ദേഹം ലോകത്തെ ഞെട്ടിച്ചു. അധികാരത്തിൻ്റെ സുഖലോലുപത ഉപേക്ഷിച്ച്, ജനത്തിന് വേണ്ടി സ്വന്തം ശരീരം പീഡനത്തിനായി നൽകാൻ അദ്ദേഹം മടിച്ചില്ല. വീണ്ടും പ്രയാധിക്യത്തിലും സഭയുടെ മുന്നണി പോരാളിയായി ബാവാ നില നിന്നു.
ബസേലിയോസ് തോമസ് പ്രഥമൻ ബാവ, യാക്കോബായ സഭയ്ക്ക് ഈ നൂറ്റാണ്ടിൽ ദൈവം നൽകിയ 'യാക്കോബ് ബുർദ്ദാന' ആയിരുന്നു. തളർന്ന വിശ്വാസി സമൂഹത്തിന് ധൈര്യം പകരാൻ, തൻ്റെ കണ്ണുനീരിനെ പ്രാർത്ഥനയാക്കി മാറ്റാൻ, അദ്ദേഹം എന്നും മുന്നിൽ നിന്നു.
പുത്തൻകുരിശിൽ ഇന്ന് നമ്മൾ കാണുന്ന സഭാ ആസ്ഥാനം ഉണ്ടാകുന്നതിനു മുൻപ് ആ പാടത്തു ഒരു ചെറിയ ഷെഡിൽ താമസിച്ച ദിവന്നാസിയോസ് തിരുമേനി തൻ്റെ ജനത്തിന് വേണ്ടി അദ്ദേഹം ചുമന്ന മൺകൂട്. ആലുവായിലെ സമരവീഥിയിലെ അദ്ദേഹത്തിൻ്റെ കാൽപ്പാടുകൾ.ഇതൊന്നും യാക്കോബായ സഭയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളല്ല, മറിച്ച് എന്നും നെഞ്ചിലേറ്റേണ്ട ഒരു സഹനങ്ങളുടെ സന്ദേശമാണ്.
ശാരീരിക വേദനകളോടും വാർദ്ധക്യസഹജമായ അസുഖങ്ങളോടും പൊരുതി ഒടുവിൽ അദ്ദേഹം യാത്രയായി. എന്നാൽ, അദ്ദേഹം പകർന്നു നൽകിയ ധൈര്യവും, സഭയ്ക്ക് വേണ്ടി അദ്ദേഹം ചൊരിഞ്ഞ കണ്ണുനീരും, മലങ്കരയിലെ വിശ്വാസികളുടെ ഹൃദയത്തിൽ ഒരു തീവ്രാനുഭൂതിയായി എന്നെന്നും നിലനിൽക്കും.
അത് എന്നും എക്കാലവും സത്യം തന്നെ.
MSCL- Malankara Syrian Christian League Editorial Board