03/07/2023
വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ (ജൂലൈ 3).
പുരാതനകാലം മുതല്‍ ജൂലൈ 3 ാം തിയതി മാര്‍ തോമ്മാ ശ്ലീഹായുടെ ദുക്റോനോ കൊണ്ടാടുന്നു.. ജൂലൈ 3 ന് അദേഹത്തിന്റെ തിരുശേഷിപ്പ് മൈലാപ്പൂരില്‍ നിന്നും എഡെസ്സായിലേക്ക് കൊണ്ടുപോയതിന്റെ ഓര്‍മ്മയാണ്. എന്നാല്‍ ഡിസംബര്‍ 21 തോമ്മാശ്ലീഹാ രക്തസാക്ഷി മരണം പ്രാപിച്ചതിന്റെ ഓര്‍മ്മദിനമായി നാം കൊണ്ടാടുന്നു...
വിശുദ്ധ മറിയം അല്ലാതെ ഒരു കലണ്ടർ വർഷത്തിൽ ഒന്നിലധികം തവണ വി. സഭ സ്മരിക്കുന്ന ഏക വിശുദ്ധനാണ് തോമ്മാ ശ്ലീഹാ. ജൂൺ 30 ന്, അപ്പോസ്തോലന്മാരുടെ (ശ്ലീഹാ നോമ്പ്; ജൂൺ 16-29) നോമ്പുകാലത്തിന് ശേഷം, 12 അപ്പോസ്തലന്മാരെയും വിശുദ്ധ കുർബാനയിൽ അനുസ്മരിക്കുന്നു. അന്നത്തെ വിശുദ്ധ ആരാധനയിലെ പ്രത്യേക പ്രാർത്ഥനയിൽ പിതാക്കന്മാർ തയ്യാറാക്കിയ ഒരു ശ്രേഷ്ഠമായ വാചകം ഉണ്ട്. അല്പവിശ്വാസിയുടെ മനസ്സിനെ പോലും സ്പർശിക്കുന്ന ആ വാചകം ഇങ്ങനെയാണ്: “12 മാസങ്ങൾ മദ്ധ്യസ്ഥതയാൽ നമ്മെ ശക്തിപ്പെടുത്തുന്ന 12 അപ്പൊസ്തലന്മാരെ നൽകി ഞങ്ങളെ അനുഗ്രഹിച്ചതിന് ഞങ്ങൾ നിന്നോട് നന്ദി പറയുന്നു”. സർവ്വശക്തനായ ദൈവത്തോടുള്ള ബന്ധം പുതുക്കുവാൻ ജൂലൈ 3-ന് സഭ വീണ്ടും St Thomas day അല്ലെങ്കിൽ മാർത്തോമ്മാ ശ്ലീഹായുടെ ദുഖ്റോനോ എന്ന പേരിലും യെൽദോ നോമ്പ് (25-നോമ്പ്) കാലത്ത് ഡിസംബർ 21-ആം തീയതിയിലും വി. ആരാധനയോട് കൂടി വിശുദ്ധനെ അനുസ്മരിക്കുന്നതാണ് പതിവ്. എന്നാൽ ഈ വർഷങ്ങളെല്ലാം ആ ചര്യ തുടർന്നിട്ടും, ആ ഓർമ്മപ്പെടുത്തൽ പ്രക്രിയയുടെ അടിസ്ഥാനമെന്തെന്ന് സഭാംഗങ്ങളായ വിശ്വാസികൾക്ക് ശരിയായ അർഥത്തിൽ ഗ്രഹിക്കുവാൻ കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. വിശുദ്ധ തോമ്മാ ശ്ലീഹായെ ഓർമ്മിക്കുന്ന ആ വിശുദ്ധ ദിനങ്ങളിൽ, ശ്ലീഹായുടെ പാരമ്പര്യത്തെ പിന്തുടരാൻ, സ്വന്തമായത് പലതും ബലി കഴിച്ചും കൊണ്ട് വിശുദ്ധൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചുള്ള ചില ചിന്തകൾ പങ്കുവെയ്ക്കുകയാണ്. ആഗോളതലത്തിൽ വിശുദ്ധ തോമ്മാശ്ലീഹായെ ‘സംശയാലുവായ തോമസ്’ എന്ന് കളങ്കപ്പെടുത്തുന്ന പരാമർശരീതിയുണ്ടാകാം എങ്കിലും വിശുദ്ധ ബൈബിളിൽ നാം കാണുന്നതിനുപരിയായി സെന്റ് തോമസ് താരതമ്യത്തിന് അതീതമായ ഒരു വിശുദ്ധനായിരുന്നു. നമ്മൾ കേട്ടതിനേക്കാൾ കൂടുതൽ കഷ്ടതയനുഭവിച്ച ഒരു രക്തസാക്ഷിയും യേശുക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിക്കാൻ ഭൂമിശാസ്ത്രപരമായ അതിരുകൾ കടന്നും സഞ്ചരിച്ച സഞ്ചാരിയുമായിരുന്നു വി. തോമ്മാശ്ലീഹാ. അദ്ദേഹം കൊടുങ്ങല്ലൂർ അല്ലെങ്കിൽ മാല്യങ്കരയുടെ തീരത്തേക്ക് കാലെടുത്തുവച്ചപ്പോൾ മുതൽ തന്റെ യജമാനനുവേണ്ടി നടത്തിയ വീരോചിതമായ കുരിശുയുദ്ധവുമായി നമ്മെ നേരിട്ട്
ബന്ധിപ്പിക്കുന്ന ഏതാനും ഘടകങ്ങൾ മാത്രം വെളിപ്പെടുത്തുന്നു.
മലങ്കര ഓർത്തഡോക്സ് സഭയിലെ കുഞ്ഞുങ്ങൾ പോലും അറിഞ്ഞിരിക്കേണ്ടതുപോലെ, യേശുക്രിസ്തു എന്ന ശില്പിയാൽ നിർമ്മിക്കപ്പെട്ട കോട്ടകൾക്ക് കണ്ണിമ ചിമ്മാതെ കാവൽ നിൽക്കുന്ന ഏറ്റവും വിശ്വസ്തനായ കാവൽപ്പോരാളികളിൽ ഒരാളായി തോമസ് എന്ന അപ്പൊസ്തൊലൻ എഡി 52 ൽ തന്നെ ചുമതലയേറ്റു. സത്യദൈവത്തിന്റെ ഏക പുത്രനായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പ്രസംഗിക്കുന്നതിനിടയിൽ, സർവ്വശക്തനായ ദൈവത്തെ മനസ്സിലാക്കുകയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത പ്രദേശത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ചരിത്രപരമായ അനേകം സംഭവങ്ങളുടെ വേദിയെന്ന് മാത്രം രേഖപ്പെടുത്തിയിട്ടുള്ള ആരും ചിന്തിച്ചുകാണില്ല പിന്നീട് ആ പ്രദേശം ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പേരിൽ വാഴ്ത്തപ്പെടും എന്ന്. നാമോരോരുത്തരും വാമൊഴിയായി കേട്ടതും ചരിത്രത്തിൽ നിന്ന് പഠിച്ചതുമനുസരിച്ച് ശ്ലീഹാ, വാക്കുകൾക്കും പ്രവൃത്തികൾക്കും ചിന്തകൾക്കും ശക്തമായ വേരോട്ടം ഉള്ള ഒരു അടിസ്ഥാനത്തിലാണ് തന്റെ സുവിശേഷഘോഷണം ആരംഭിക്കുന്നത്. തോമ്മാ ശ്ലീഹാ കേരളത്തിലെത്തി തന്റെ നാഥൻ തെളിച്ച വഴികളിലൂടെ സഞ്ചരിച്ചു തുടങ്ങുന്ന സമയത്ത്, ഭൂവുടമകൾ സ്വന്തമാക്കി കൈവശപ്പെടുത്തിയ പ്രാദേശിക മേഖലകളിൽ ആധിപത്യം സ്ഥാപിച്ചിരുന്ന ഒരു നാട്ടുരാജ്യമോ സമാനമായ പ്രവിശ്യകളോ ആയിരുന്നു കേരളവും ഇൻഡ്യയുടെ വിവിധഭാഗങ്ങളും. ‘അർദ്ധനഗ്നരായ’ ഗ്രാമീണരും, അക്ഷരാഭ്യാസമില്ലാത്തവരും ദൈവവുമെന്തെന്ന് അറിയാത്തവരുമായവരെ തങ്ങളുടെ ഹിതമനുസരിച്ച് വരുതിയിലാക്കുന്ന, ഉപയോഗിക്കുന്നവരുടെ നടുവിലേക്കാണ് തോമ്മായെന്ന, ഭാഷ പോലുമറിയാത്ത ‘വരത്തൻ’ ഒരു വിറ്റുവരവിന് സാധ്യതയില്ലാത്ത ‘സുവിശേഷവുമായി കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങുന്നത്. അർത്തെമിസ് ദേവിയുടെ വിഗ്രഹങ്ങളെ വിറ്റ് ഉപജീവനം കഴിച്ചിരുന്നവർ വി. പൌലൊസിന്റെ പ്രവർത്തനത്താൽ സത്യദൈവത്തിങ്കലേക്കടുക്കുന്നതിന്റെ പ്രതികരണം അവരുടെ യജമാനരിൽ നിന്ന് വി പൌലൊസിന്റെ നേരെ ഉണ്ടാകുന്നതും ഇവിടെ ഉണ്ടായതായ സ്ഥിതിവിശേഷവുമായി സമാനമാണെന്നതും ശ്രദ്ധേയമാണ്. നാട്ടുപ്രമാണിമാരുടെ വിശാലവും എന്നാൽ ഇഴയടുപ്പമുള്ളതുമായ വലകളിൽ ദ്വാരങ്ങൾ സൃഷ്ടിക്കാൻ ഒരു പുറംനാട്ടുകാരനെ നിയോഗിക്കുക എന്നത് ചിന്തിക്കുവാൻ പ്രയാസമായ കർമ്മം! എങ്കിലും യജമാനന്റെ ഇച്ഛയും ശിഷ്യനിലുള്ള വിശ്വാസവും അതായിരിക്കെ അത് നടപ്പിലാക്കപ്പെടുന്നതിൽ എന്തത്ഭുതം! അതിലുപരിയായി യേശുക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിക്കാനായി നിയോഗിതനായ ശിഷ്യന്റെ പരമമായ സമർപ്പണത്തിനും അത് അടിവരയിടുന്നു. തോമ്മാ ശ്ലീഹായുടെ രാജ്യത്തെ അധ്വാനം 20 വർഷത്തിൽ കുറവായിരുന്നു എങ്കിലും അദ്ദേഹം വിത്ത് വിതച്ച വിത്തുകളുടെ ഫലം അളവിലോ എണ്ണത്തിലോ കണക്കാക്കാൻ കഴിയില്ല. എന്നാൽ ഇന്ത്യയെന്ന വിശാലമായ രാജ്യത്തുടനീളം ക്രൈസ്തവ ആത്മീയതയുടെ വിപുലമായ വളർച്ചയിലൂടെ മാത്രമേ അതിനെ വിശകലനം ചെയ്യാൻ കഴിയൂ. തനിക്കെതിരായും തന്റെ പ്രവർത്തികൾക്കെതിരായും ഉയർന്ന ഭീഷണികളെ അവഗണിച്ചുകൊണ്ട് വിശുദ്ധ തോമസിന്റെ സാഹസികമെങ്കിലും ക്രിസ്തുവിന്റെ സ്നേഹത്തിലധിഷ്ഠിതമായ സുവിശേഷ-ജീവകാരുണ്യ പ്രവർത്തനങ്ങൾ ഭരണാധികാരികൾ ശ്രദ്ധിക്കുകയും സ്വാർഥ-ലാഭേശ്ച കൂടാതെയുള്ള സമർപ്പണം, ഒപ്പം നാടിനും ലഭിക്കുന്ന നേട്ടങ്ങളെ കണ്ട അവർ ക്രിസ്ത്യാനികളെ അംഗീകരിക്കുന്നതിന് സന്നദ്ധരായി. ഇരവി കോർത്തൻ മുതലായ ഭരണാധികാരികളിൽ നിന്നുള്ള പ്രത്യേകാവകാശങ്ങൾ ഭാവിയിൽ ക്രിസ്ത്യാനികൾക്ക് മാത്രമായി ലഭിച്ച അംഗീകാരങ്ങൾ ആയി ഇപ്പോഴും നിലനിൽക്കുന്ന തെളിവുകളാണ്. അവ ഇപ്പോൾ ചെപ്പേടുകൾ (ചെമ്പ് ഫലകങ്ങൾ) എന്നറിയപ്പെടുന്നു. ചെമ്പ് ഫലകങ്ങളിൽ ആലേഖനം ചെയ്തിട്ടുള്ള, ആ അവകാശങ്ങൾ ഉയർന്ന ജാതിയിലുള്ളവർക്ക് പോലും ലഭിക്കാത്ത തരത്തിലുള്ളവയും നസ്രാണി ക്രിസ്ത്യാനികൾക്ക് മാത്രമായി നൽകിയിട്ടുള്ളവയുമാണ്. ചില ഉദാഹരണങ്ങൾ: ‘യേശുവിന്റെ വെളിച്ചം’ പ്രതിഫലിപ്പിക്കുന്ന വെളുത്ത വസ്ത്രം ധരിക്കാനുള്ള അവകാശം, പുരുഷന്മാർക്ക് മുണ്ടുടുക്കാനുള്ള അവകാശം, ഭാരം, അളവുകൾ, നികുതി, താരിഫ് എന്നിവ നിയന്ത്രിക്കുന്ന വകുപ്പുകളുടെ തലവന്മാരായി ക്രിസ്ത്യാനികളെ മാത്രം അംഗീകരിക്കുക എന്ന പ്രത്യേക അംഗീകാരം.
ശങ്കരപുരി, പകലോമറ്റം, കള്ളി, കാളിയാങ്കൽ എന്നീ 4 കുടുംബങ്ങളിൽ നിന്നുള്ള അംഗങ്ങളെ വിശുദ്ധൻ സ്‌നാനപ്പെടുത്തിയെന്നും കേരളത്തിൽ 7 പള്ളികളും തമിഴ്‌നാട്ടിലെ നാഗർകോയിൽ ജില്ലയിലെ തിരുവിതാംകോടിൽ അര പള്ളിയും പണിതുവെന്നും ചരിത്രത്തിലെ തെളിവുകൾ നമ്മോട് വിളിച്ചു പറയുന്നു. ക്രിസ്തീയ സമൂഹം പൂർവികർക്ക് ലഭിച്ച ആനുകൂല്യങ്ങൾ ആസ്വദിക്കുകയും വിശുദ്ധൻ നിർദ്ദേശിച്ചതുപോലെ യേശുക്രിസ്തുവിന്റെ കാൽപ്പാദങ്ങളെ മനസ്സുകൊണ്ടും പ്രവർത്തി കൊണ്ടും പിന്തുടർന്ന്, മാതൃകാപരവും ഭക്തിനിർഭരവുമായ ജീവിതം നയിക്കുകയും ചെയ്തുകൊണ്ടിരുന്നു. എ.ഡി 823-ൽ ഇന്ത്യയിലേക്ക് ഒരു വ്യാപാരിയായി വന്ന മർവാൻ സാപ്പോർ ഈശോയ്ക്ക് സമ്മാനമായി ഒരു സ്ഥലം സ്വീകരിക്കുന്നത് പോലുള്ള കൂടുതൽ പദവികൾ ഭരണാധികാരികൾ നൽകുകയുണ്ടായി. ആ ഭൂമിയിൽ നിർമ്മിച്ച പള്ളി തെരീസാപ്പള്ളി എന്നും നിലവിൽ കാദീശാ പള്ളി എന്നും അറിയപ്പെടുന്നു. ചരിത്രത്തോടും സഭാപിതാക്കന്മാരോടും താത്പര്യക്കുറവും അനാദരവും എന്നെന്നും നേരിടേണ്ടി വരുന്ന മലങ്കര നസ്രാണികൾക്ക് ഉചിതമായ ഫലം സർവ്വശക്തനായ ദൈവഹിതം ആയതിനാലാകാം, അല്ലെങ്കിൽ മലങ്കരയിൽ വിശുദ്ധൻ നട്ടുവളർത്തിയ അദൃശ്യ പൈതൃകത്തിന്റെയും ജീവിതരീതിയുടെയും തിളക്കമാർന്ന വശങ്ങളെക്കുറിച്ച് പുതുതലമുറയ്ക്ക് അവബോധം നൽകുന്നതിനാകാം ആ 7 പള്ളികളിൽ രണ്ടെണ്ണത്തിന് മേൽ അവൻ മലങ്കരസഭയ്ക്ക് നിയന്ത്രണം നൽകിയത്. അരപ്പള്ളി, നിരണം വലിയപ്പള്ളി എന്നീ പള്ളികൾ ശ്ലീഹായാൽ പണികഴിപ്പിക്കപ്പെട്ടവയായത് കൊണ്ട് മാത്രമല്ല പ്രാധാന്യം നേടുന്നത്. തോമ്മാശ്ലീഹായുമായി ബന്ധപ്പെട്ട പൈതൃകത്തിന്റെ എണ്ണമറ്റ കഥകളുടെയും കണ്ണികളുടെയും ചരിത്രപരമായ സംഭരണി കൂടിയാണ്. നിരണം പള്ളി അങ്കണത്തിലെ heritage മ്യൂസിയവും തോമത്ത്കടവ് എന്നറിയപ്പെടുന്ന തോമ്മാശ്ലീഹാ മാമോദീസാ മുക്കിയതായ കടവും ആ തിളങ്ങുന്ന പൈതൃകത്തിന്റെ നിശബ്ദമായി സ്പന്ദിക്കുന്ന ഉദാഹരണങ്ങളാണ്, സഭയിൽ അംഗങ്ങളാകാൻ പലരെയും സ്നാനപ്പെടുത്തി സഭയുടെ വളർച്ചയിൽ ശ്ലീഹാ വഹിച്ച പങ്കിന്റെയും തീവ്രമായ ദൃഡദൃഡനിശ്ചയത്തിന്റെയും ദൃഷ്ടാന്തങ്ങളാണ്. [എന്നാൽ വളരെ പ്രാധാന്യമേറിയതും, നിറം പിടിപ്പിച്ചതും നിലനിൽക്കുന്നതുമായ ആകർഷണീയതയിൽ മറയപ്പെട്ടോ പിന്തള്ളപ്പെട്ടോ നിൽക്കുന്ന ചരിത്രപരമായ ഒരു വീഴ്ച (അല്ലെങ്കിൽ ബുദ്ധിപരമായ വങ്കത്തരം?) പങ്കു വെയ്ക്കുന്നു: മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായതായി പറയപ്പെടുന്ന വടക്കൻ പ്രദേശത്തെ പള്ളികളിൽ ഒന്നായ പാലയൂർ പള്ളിയെപ്പറ്റിയാണ് അത്. ആ പള്ളി തോമ്മാശ്ലീഹായാൽ സ്ഥാപിതമാണെന്നും അദ്ദേഹം വന്നിറങ്ങിയതും, മാമോദീസ മുക്കിയതെന്നും പറയപ്പെടുന്നതുമായ കടവ് മോടി പിടിപ്പിച്ച് ശ്ലീഹായുടെ പൂർണ്ണകായ പ്രതിമയും വന്നിറങ്ങിയ വഞ്ചിയും ഒക്കെ സ്ഥാപിച്ച് പറച്ചിലിന് ഒരു ആധികാരികഭാവം ഒക്കെ വരുത്തിയിട്ടുണ്ട്. എന്നാൽ എന്താണ് സത്യം എന്നത് വായനക്കാർ അറിയേണ്ടതുണ്ട്. ശ്ലീഹാ വന്നിറങ്ങിയതും പ്രേഷിതവേല നടത്തിയതും AD 52 മുതൽ 72 വരെയുള്ള, ഒന്നാം നൂറ്റാണ്ടിൽ ആണ് എന്നത് ചരിത്രപരമായും വാമൊഴിപ്പഴക്കത്താലും സുവ്യക്തമാണ്. എന്നാൽ ഇന്നത്തെ പാലയൂർ പള്ളി എന്ന് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്,ഗൂഗിൾ സെർച്ച് നടത്തിയാലും അല്ലാതെയും കിട്ടുന്ന വിവരം 4-ആം നൂറ്റാണ്ടിൽ ജനിച്ച്, രക്തസാക്ഷിത്വം വരിച്ച വി. കുറിയാക്കോസ് സഹദായുടെ നാമത്തിലുള്ള പള്ളി ആണ്. A. ഒന്നാം നൂറ്റാണ്ടിൽ വന്ന്, കടന്നുപോയ തോമ്മാശ്ലീഹായ്ക്ക് എങ്ങനെ നാലാം നൂറ്റാണ്ടിലെ പരിശുദ്ധന്റെ പേരിലുള്ള പള്ളി സ്ഥാപിക്കാൻ കഴിയും എന്നത് ചിന്തനീയമാണ്. B. തോമ്മാശ്ലീഹാ സ്ഥാപിച്ച എല്ലാ പള്ളികളും ദൈവമാതാവായ വി. മറിയാമിന്റെ നാമത്തിലാണ് സ്ഥാപിച്ചതെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ചുരുക്കത്തിൽ ആത്മീയ,ചരിത്ര,ഐതിഹ്യ-പരമായ രീതികളിൽ മേൽക്കോയ്മയ്ക്കായി ഏതറ്റം വരെയും പോകുന്ന, പോകാൻ ഇപ്പോളും മടിക്കാത്ത കത്തോലിക്കാ-സഭയുടെ സംഘടിത-ഭരണസംവിധാനം ആ പള്ളിയെ ‘വെടക്കാക്കി തനിക്കാക്കി എടുത്തു’ എന്നർത്ഥം. നമുക്കോ, സഭയുടെ ചരിത്രവിഭാഗത്തിനോ എന്തുകൊണ്ടോ അത്തരം കാര്യങ്ങളിൽ അത്ര ഗൗരവമോ ആർജ്ജവമോ ഇതുവരെയും വേണ്ട രീതിയിൽ ഉള്ളതായി തോന്നിയിട്ടുമില്ല. എന്താണ് സത്യം? തോമ്മാശ്ലീഹാ വന്നിറങ്ങിയതും, താമസിച്ചതും മാമോദീസ മുക്കിയതും അല്പം ഉയരത്തിലുള്ള, യൂദക്കുന്ന് എന്ന, പാലയൂർ പ്രദേശത്ത് യൂദന്മാർ കൂട്ടം കൂടി താമസിച്ചിരുന്ന ഒരു സ്ഥലത്താണ്. ചരിത്രപരമായ വസ്തുതകളും പുരാവസ്തുഗവേഷകരുടെ പഠനവും വച്ച് മനസ്സിലാക്കാൻ കഴിയുന്നത് മാർ തോമ്മാ ശ്ലീഹ സ്ഥാപിച്ച പള്ളി – ആർത്താറ്റ് സെന്റ് മേരീസ് പള്ളി – ആണെന്നാണ്. ഇപ്പോളത്തെ അറിയപ്പെടുന്ന പാലയൂർ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് ആർത്താറ്റ് പള്ളിയിലേക്ക് പോകുന്ന വഴിയിലെ മണ്ണ് തന്നെ പാലയൂർ പള്ളിയെ സംബന്ധിച്ചുള്ള ‘ഇപ്പോളത്തെ ഉടമസ്ഥരുടെ’ അവകാശവാദം തെറ്റെന്ന് തെളിയിക്കുന്നുണ്ട്. താഴ്ന്ന പ്രദേശമായതിനാൽ മണ്ണ് കടൽത്തീരത്തേതിന് സമാനമായ പൊടിമണലും ആർത്താറ്റ് പള്ളി സ്ഥിതി ചെയ്യുന്ന ഉയർന്ന സ്ഥലത്തെ മണ്ണ് കട്ടിയുള്ള, ചെങ്കല്ലിന് സമാനമായ ചുമന്ന മണ്ണുമാണ്. ഈ ലേഖകൻ അത് നേരിട്ട് കണ്ട് മനസ്സിലാക്കിയ കാര്യവുമാണ്]. വിസ്മയകരമായ മറ്റൊരു യാദാർത്ഥ്യം, ജന്മം കൊണ്ട് യഹൂദനായിരുന്ന തോമ്മാ ശ്ലീഹാആർത്താറ്റ് പള്ളിയ്ക്ക് സമീപമുണ്ടായിരുന്ന യൂദക്കുന്ന് എന്നറിയപ്പെട്ടിരുന്ന പ്രദേശത്ത് താമസിച്ച് സുന്നഗോഗിൽ ആരാധന നടത്തിയിരുന്ന യൂദന്മാരെ കാണുവാൻ ഇടയായെന്നതാണ്. യഹൂദരുടെ പരമ്പരാഗത രീതിപ്രകാരം യെരൂശലേം ദേവാലയം പോലെ മലമുകളിൽ ദൈവാലയം സ്ഥാപിക്കപ്പെടേണം [സങ്കീർത്തനം 125:2] എന്ന വിശ്വാസപ്രകാരവും ആണ് ആ യൂദക്കുന്നിന് സമീപം ആണ് ആർത്താറ്റ് പള്ളി സ്ഥാപിക്കപ്പെട്ടതെന്നുമാണ് ചരിത്രം പറയുന്നത്.
🥰🙏