06/04/2024
*ആരാണ് പെന്തെക്കോസ്തുകാർ ?*
*എന്താണ് അവരുടെ പൈതൃകം ?*
*അധ്യായം : 10*
പെന്തെക്കോസ്തുകാർ എന്തുകൊണ്ടാണ് മരിച്ചു പോയ
വിശുദ്ധൻന്മാരോട് മധ്യസ്ഥ പ്രാർത്ഥന ചെയ്യാത്തത് ?
മൺമറഞ്ഞ വിശുദ്ധൻന്മാരെ മധ്യസ്ഥരാക്കി നിർത്താൻ വിശുദ്ധ ബൈബിൾ അനുവദിക്കുന്നില്ല എന്നതാണ് ഇതിൻ്റെ ഉത്തരം .
വേർപെട്ട ക്രിസ്തീയ സമൂഹങ്ങൾ എല്ലാ തിരുവെഴുത്തും ദൈവശ്വാസീയം എന്ന് അംഗീകരിക്കുകയും അതിൻ്റെ *അക്ഷര പ്രകാരമുള്ള ദൈവശ്വാസീയതയിൽ* പൂർണ്ണമായി വിശ്വസിക്കുകയും ചെയ്യുന്നു .
തിരുവചനത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു ;
" ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ "
( 1 തിമൊഥെയൊസ് 2:5-6 )
മനുഷ്യനും ദൈവത്തിനും ഇടയിൽ മധ്യസ്ഥനായി പ്രവർത്തിക്കാൻ യോഗ്യത നേടിയ ഒരാൾ മാത്രമേ ഈ പ്രപഞ്ചത്തിൽ ഉള്ളൂ . അത് നമ്മുടെ വീണ്ടെടുപ്പുകാരനായ നമ്മുടെ വംശത്തിൻ്റെ പാപങ്ങളുടെ പരിഹാരത്തിനുവേണ്ടി തൻ്റെ ചങ്കിലെ അവസാന തുള്ളി ചോരയും ഊറ്റി തന്ന യേശു ക്രിസ്തു മാത്രമാണ് .
നമുക്കു വേണ്ടി മറുവിലയായി തന്നെ തന്നെ ഏൽപ്പിച്ച് ക്രൂശുമരണം ഏറ്റെടുത്തത് ക്രിസ്തു മാത്രമാണ് . ലോകത്തിൽ മറ്റ് ആർക്കും അത് സാധ്യമായിരുന്നില്ല .
പാപം നമ്മുടെ വംശത്തിലേക്കു പ്രവേശിച്ചതോടെ ദൈവത്തിൽ നിന്നും മനുഷ്യൻ ഒത്തിരി അകലെയായി .
അവർക്കിടയിൽ പാപം വലിയ വിടവ് സൃഷ്ടിച്ചു എന്നതാണ് സത്യം . ആ വിടവ് ഇല്ലാതാക്കുവാൻ മനുഷ്യരാർക്കും സാധിക്കുക ഇല്ലായിരുന്നു . പക്ഷെ ദൈവപുത്രന് അത് സാധിച്ചു .
തിരുവെഴുത്ത് ഇപ്രകാരം പറയുന്നു ;
" അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ട് അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി,
ഭൂമിയിലുള്ളതോ സ്വർഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിനു പ്രസാദം തോന്നി.
നിങ്ങളെ അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന് അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു "
( കൊലൊസ്സ്യർ 1:20, 22 )
പാപം ചെയ്ത് എന്നേയ്ക്കുമായി നശിച്ച് നിത്യ നരകം ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരുന്ന മനുഷ്യ കുലത്തെ രക്ഷിക്കുവാൻ വേണ്ടി ,ആരംഭത്തിൽ തന്നെ സകലതും അറിയുന്ന സർവ്വ ജ്ഞാനിയും നീതിമാനുമായ ദൈവം ഒരു ബൃഹത് പദ്ധതി തയ്യാറാക്കിയിരുന്നു . ആ പദ്ധതിയത്രേ ഇന്നേയ്ക്ക് രണ്ടായിരത്തിൽ പരം വർഷങ്ങൾക്ക് മുൻപ് കാൽവറിയിൽ പൂർത്തിയായത് .
ആ പദ്ധതിയുടെ ക്രമാനുഗതമായ പൂർത്തീകരണത്തിനു വേണ്ടിയാണ് വിഗ്രഹാരാധകരുടെ നടുവിൽ
നിന്നും അബ്രഹാമിനെ വിളിച്ചതും പിന്നീട് യിസ്രയേലിനെ ഒരു വിശുദ്ധ ജനം എന്ന നിലയിൽ പരുവപ്പെടുത്തിയതും . ആ തലമുറയിൽ പെട്ട മറിയയുടെ ഗർഭപാത്രത്തിലത്രേ ദൈവ പുത്രൻ ഉരുവായത് .
ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മധ്യസ്ഥനായി നിൽക്കുക , അവർക്കിടയിൽ നിന്ന് പക്ഷവാദം ചെയ്യുക അത് ചെറിയ കാര്യമായി ആരും കരുതരുത് .
തിരുവെഴുത്ത് വീണ്ടും ഇപ്രകാരം പറയുന്നു ;
" പുതു നിയമത്തിന്റെ മധ്യസ്ഥനായ യേശുവിനും ഹാബെലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിനും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നത് "
( എബ്രായർ 12:24 )
പുതിയ നിയമത്തിൻ്റെ മധ്യസ്ഥൻ നമുക്കായി ജീവനെ തന്ന ; രണ്ടോ മൂന്നോ പേർ തൻ്റെ നാമത്തിൽ കൂടിയാൽ അവരുടെ നടുവിൽ
വരാം എന്ന് വാക്കു തന്ന യേശു ക്രിസ്തുവത്രേ . ആ യേശുക്രിസ്തുവിൻ്റെ അടുക്കൽ എത്താൻ വേണ്ടി വീണ്ടും ഇടയ്ക്ക് മധ്യസ്ഥൻമാരെ വേണമെന്ന് പഠിപ്പിക്കുന്നവർ ദൈവത്തിൻ്റെ രക്ഷാ പദ്ധതിയെ തന്നെയാണ് നിന്ദിക്കുന്നത് .
എബ്രായ ലേഖകൻ വീണ്ടും എഴുതി ;
" അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു "
( എബ്രായർ 9 : 15 )
സകലതും സൃഷ്ടിക്കപ്പെടും മുൻപു തന്നെ പിതാവായ ദൈവത്തോട് ചേർന്ന് ഇരിക്കുന്നവനത്രേ യേശു ക്രിസ്തു . മനുഷ്യനെ വീണ്ടെടുക്കുന്നതിനു വേണ്ടി പാപ ജഢത്തിൻ്റെ സാദൃശ്യമുള്ള ഒരു ശരീരം ധരിച്ച് ഈ ഭൂമിയിൽ വന്നതിനാൽ മനുഷ്യനെയും ക്രിസ്തുവിന് നന്നായി അറിയാം . ഒരു മധ്യസ്ഥനു വേണ്ട എല്ലാ യോഗ്യതകളും തികഞ്ഞവനത്രേ നമ്മുടെ പ്രാണ നാഥൻ .
ഏക മധ്യസ്ഥന് ഇടയിൽ വീണ്ടും മധ്യസ്ഥൻമാർ ആവശ്യമില്ല എന്നതിനാൽ വേർപെട്ട ക്രിസ്തീയ സമൂഹങ്ങൾ മൺമറഞ്ഞ വിശദ്ധൻമാരോട് മധ്യസ്ഥതയ്ക്കായി പ്രാർത്ഥിക്കുന്നില്ല .
തങ്ങളെ ഏൽപ്പിച്ച വേല തികച്ച് മൺ മറഞ്ഞ വിശുദ്ധൻമാരുടെ ആത്മാക്കൾ ഭൂമിയിൽ അലഞ്ഞു തിരിയുകയോ യേശുക്രിസ്തുവിൻ്റെ ചുമതല കുറേച്ചെ ഏറ്റെടുക്കുകയോ ചെയ്യുന്നില്ല . അവർക്ക് സ്വർഗ്ഗം വിശ്രമം അനുവദിച്ചിരിക്കുന്നു . അതെ പറ്റി അടുത്ത ലക്കത്തിൽ .
തുടരും .....
- By -
ക്രിസ്തുവിൽ എളിയ
സഹോദരൻ,
സ്കറിയ . ഡി . വർഗീസ്
വാഴൂർ .
*PLEASE SHARE THIS ARTICLE*
[ മുൻ അധ്യായങ്ങൾ ആവശ്യമുള്ളവർക്ക് അയച്ചു തരുന്നതാണ് : അതത് അധ്യായങ്ങളുടെ English പരിഭാഷ / Audio version എന്നിവയും ലഭ്യമാണ് . വിശദീകരണം ആവശ്യമുള്ളവർ /പ്രോത്സാഹനം / വിമർശനം / ഖണ്ഡനം എന്നിവ ഉള്ളവരും ബന്ധപ്പെടുക Mob / Whats App No : 980 980 77 52. OR 90 74 14 91 93 ]