24/04/2021
പ്രശാന്തമീ ഓർമ്മകൾ…
"യേശു കൊണ്ടുപോകുമെന്നെ തൻ
പിതാവിൻ വീടതിൽ…"
ശാന്തമാം രാത്രിയിൽ ദൂരെ ദൂരെ വാനിൽ കണ്ട ദിവ്യതാരത്തെ തേടി മറഞ്ഞ അനുഗൃഹീത സംഗീത സംവിധായകനും, മ്യൂസിക്ക് പ്രോഗ്രാമ്മറും, ഹോളി ട്രിനിറ്റി സി.എസ്.ഐ. ക്വയർ മാസ്റ്ററുമായിരുന്ന പ്രിയപ്പെട്ട പ്രശാന്ത് ബി. ജോൺ. മുണ്ടക്കയം വേലിക്കകം കുടുംബത്തിൽ ശ്രീ. വി.ജെ.ജോണിന്റെയും ശ്രീമതി ജോളി ജോണിന്റെയും മകനായി 1973 ഫെബ്രുവരി എട്ടാം തിയതിയാണ് ജനിച്ചത്.
തികച്ചും സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച അദ്ദേഹം സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിച്ചത് തന്റെ മാതാപിതാക്കളിൽ നിന്നാണ്. ചെറുപ്പത്തിൽ തന്നെ സംഗീതത്തിൽ പ്രാവീണ്യം നേടിയ അദ്ദേഹം തന്റെ പിതാവ് ക്വയർ മാസ്റ്റർ ആയിരിക്കെ 1986 മുതൽ മുണ്ടക്കയം ഹോളി ട്രിനിറ്റി സി.എസ്.ഐ. ദേവാലയത്തിൽ ഗായക സംഘാംഗം ആകുകയും പിന്നീട് 1990-ൽ ഗാന പരിശീലനം ആരംഭിക്കുകയും ചെയ്തു. ഓർഗ്ഗനിസ്റ്റ്, ക്വയർ മാസ്റ്റർ, ക്വയർ ലീഡർ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സഭയ്ക്ക് വേണ്ടി ആദ്യമായി രചിച്ച് ഈണം പകർന്നത് 'മാലാഖമാർ പാടി അത്യുന്നതങ്ങളിൽ...' എന്ന ക്രിസ്മസ് ഗാനമായിരുന്നു. 1997-ൽ ദേവാലയ പുന:പ്രതിഷ്ഠയോടനുബന്ധിച്ച് 'ഇതാ ഒരു ആലയം...' എന്ന ഗാനം അദ്ദേഹം തയ്യാറാക്കി പരിശീലിപ്പിച്ച് ദേവാലയത്തിൽ ആലപിച്ചു. 'എന്നേശു മാത്രം ആശ്രയം എനിക്കെല്ലാ നേരത്തും…' എന്ന ഗാനവും ദേവാലയത്തിൽ ആലപിച്ചിട്ടുണ്ട്. 'യേശുരാജൻ ജനിച്ചു..." എന്ന 47-ാം ജ്ഞാന കീർത്തനത്തിന്റെ പാർട്ട്സ് ചിട്ടപ്പെടുത്തിയ അദ്ദേഹം ഒരു പാട് മനോഹരഗാനങ്ങൾ രചിച്ച് ഈണം നല്കിയിട്ടുണ്ട്.
ഗായകസoഘത്തിന്റെ ആവശ്യത്തിനായി സ്വപ്രയത്‌നത്താൽ ടെന്നർ ബേസ് നൊട്ടേഷൻ വെവ്വേറെയായി സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയിരുന്നു. സ്വന്തം ഇടവകയിലെ ഗായകസംഘത്തിനു വേണ്ടി കരോൾ ഗാനങ്ങളും മറ്റു ക്രിസ്തീയ ഭക്തി ഗാനങ്ങളും എഴുതി ചിട്ടപ്പെടുത്തിയ അദ്ദേഹം പിന്നീട് സംഗീത സംവിധാനരംഗത്തേയ്ക്ക് തിരിഞ്ഞു. കുറച്ചു കാലം അദ്ദേഹം നാഗമ്പടത്ത് പ്രവർത്തിച്ചു വരുന്ന Harp'N Lyre Music School-ൽ ഡോ. അശ്വിൻ തോമസ് ഏലിയാസിന്റെ കീഴിൽ അഭ്യസനം നടത്തിയിട്ടുമുണ്ട്.
1995-ൽ അദ്ദേഹം ഓർഗ്ഗൻ പരിശീലന ക്ലാസ് ആരംഭിച്ചു. 1999-ൽ വിവാഹിതനാകുകയും ജോലി സംബന്ധമായി സഭയിൽ നിന്ന് കുറച്ചു കാലം വിട്ടു നില്ക്കുകയും ചെയ്തു. 1999 ന്റെ അവസാന കാലഘട്ടത്തിൽ മുഴുവനായി സംഗീത മേഖലയിലേയ്ക്ക് തിരിഞ്ഞു. മാരാമൺ കൺവെൻഷൻ ഗായക സംഘത്തിന് വേണ്ടി ഓർക്കസ്ട്രേഷൻ ചെയ്തിട്ടുള്ള അദ്ദേഹം മഹായിടവക കൺവെൻഷൻ ഗായക സംഘത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച നിർണ്ണായക ഘടകമായിരുന്നു. തിരുവല്ല മഞ്ചാടിയിൽ ഇവാഞ്ചലിക്കൽ ചർച്ചിന്റെ ഭാഗമായും പ്രവർത്തിച്ചു. ശ്രുതി മ്യൂസിക്കുമായും പ്രവർത്തിച്ച അദ്ദേഹം നമ്മുടെ മഹായിടവകയുടെ സെറാഫിം സ്റ്റുഡിയോയുടെ സൗണ്ട് എഞ്ചിനിയറായും പ്രവർത്തിച്ചു വരികയായിരുന്നു.
മുണ്ടക്കയം ഇടവകയിലെ ഗായക സംഘത്തിലും യുവജനപ്രസ്ഥാനത്തിലും സംഗീതവുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും നിറ സാന്നിദ്ധ്യമായിരുന്ന അദ്ദേഹം യുവജന കലാമേളയിൽ സ്ഥിരമായി അംഗങ്ങളെ ഗാനങ്ങൾ പരിശീലിപ്പിക്കുവാൻ സമയം കണ്ടെത്തിയിരുന്നു. യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കാരൾ റൗണ്ട്സിലും സജീവ സാന്നിദ്ധ്യം ആയിരുന്നു.
സംഗീതം തന്റെ രക്തത്തിൽ അലിഞ്ഞിരുന്നതാണെങ്കിലും സംഗീതജീവിതത്തിലേക്കുള്ള കാൽ വെപ്പിന് എന്നും പ്രചോദനമായിരുന്നത് മുണ്ടക്കയം ഗായക സംഘമായിരുന്നു എന്ന് അദ്ദേഹം സന്തോഷത്തോടെ പറഞ്ഞിരുന്നതായി ഓർക്കുന്നു.
2002 കാലഘട്ടത്തിൽ ഏകദേശം പതിനഞ്ചോളം അംഗങ്ങളുടെ സൗഹൃദക്കൂട്ടായ്മയുടെ ഫലമായി മാവേലിക്കര യൂത്ത് ക്വയർ രൂപപ്പെടുത്തുന്നതിൽ പ്രശാന്ത് പ്രധാനപങ്ക് വഹിച്ചിരുന്നു. മാവേലിക്കര മേഖലയിൽ ഒരു ഗായക സംഘത്തെ രൂപികരിച്ച് ഗാനങ്ങൾ പരിശീലിപ്പിച്ച് പല ഇടവകകളിലും അവതരിപ്പിച്ചതിലൂടെ ഒരു സൗഹൃദ സംസ്ക്കാരമാണ് രൂപപ്പെട്ടത് എന്നും അതിൽ മുഖ്യകണ്ണിയായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ അദ്ധ്വാനം വിലയേറിയതായിരുന്നു എന്നും സുഹൃത്തുക്കൾ സ്നേഹത്തോടെ സ്മരിക്കുന്നു.
2005 ൽ ചലച്ചിത്ര ഗാന രംഗത്തേയ്ക്ക് പ്രവേശിച്ച അദ്ദേഹം നിരവധി ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കുകയുണ്ടായി. ക്രിസ്തീയ ഭക്തി ഗാനങ്ങൾക്കും ചലച്ചിത്ര ഗാനങ്ങൾക്കും പുറമെ ഭാരതത്തിന് പുറത്തും മാതൃഭാഷയുടെ പരിമിതികൾക്ക് അപ്പുറത്തേയ്ക്കും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം അറബി സംഗീത സംവിധായകൻ ചിട്ടപ്പെടുത്തിയ ക്ലാസ്സിക്കൽ സംഗീതത്തിന്റെ പൂർത്തീകരണത്തിലും ഭാഗമായിരുന്നു. തമിഴിലും തെലുങ്കിലും നിരവധി ഗാനങ്ങൾക്കും, ചലച്ചിത്രങ്ങൾക്കും, പല ആൽബം ഗാനങ്ങൾക്കും ഓർക്കസ്ട്രേഷൻ നല്കിയിട്ടുള്ള മഹൽ വ്യക്തിയാണ്.
2011 ൽ കാരൾ ഗാനപരിശീലനത്തിനായി തിരികെ മുണ്ടക്കയത്ത് വരികയും 2016 ൽ ക്വയർ മാസ്റ്ററായി സ്ഥാനമേല്ക്കുകയും ചെയ്തു. 'മാലാഖമാർ പാടി…', 'ഒരു നല്ല ഗാനം…', 'തൂമഞ്ഞുപെയ്യും രാവിൽ…', 'ആയിരം ആയിരം താരകൾ…', 'മിന്നിത്തിളങ്ങുന്ന താരങ്ങളും…', വിണ്ണിൽ മിന്നിടും…' തുടങ്ങി ഒട്ടനവധി ഗാനങ്ങൾ അദ്ദേഹം രചിക്കുകയും ഈണം പകരുകയും ചെയ്തിട്ടുണ്ട്. സംഗീതത്തോട് ഏറ്റവും ആത്മാർത്ഥത പുലർത്തിയ ആ പ്രതിഭ സംഗീതം തനിക്ക് തൊഴിൽ മാത്രമല്ല ജീവിതവും ജീവനുമായിരുന്നു എന്നും അത് തന്റെ ആത്മാവിൽ എഴുതപ്പെട്ടതുമാണെന്നും തെളിയിച്ച വ്യക്തിയാണ്. പിതാവിൽ നിന്നും മാതാവിൽ നിന്നും ലഭിച്ച സംഗീതവാസനയെ പരിപോഷിപ്പിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതാവായ ശ്രീമതി ജോളി ജോണും സഹധർമ്മിണി ശ്രീമതി രെഞ്ചിനി തോമസും, സഹോദരീ ഭർത്താവായ ശ്രീ റൂബേർട്ട് വിക്ടറും നിരവധി ഗാനങ്ങൾ രചിക്കുന്നതിൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
ബന്ധങ്ങൾ നിലനിർത്താൻ ആഗ്രഹിച്ചിരുന്ന പ്രശാന്ത്, കൊച്ച് കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ എല്ലാവരേയും ഒരു പോലെ പരിഗണിക്കുകയും എല്ലാവർക്കും തുല്യ അവസരങ്ങൾ നല്കുകയും ചെയ്യുമായിരുന്നു. പാടാൻ ഉള്ള കഴിവിനേക്കാൾ ഒരു ഗായക സംഘാംഗത്തിനു വേണ്ടിയത് അർപ്പണബോധം ആണെന്നുള്ള സന്ദേശം വിളിച്ചോതുകയും അങ്ങനെയുള്ളവരെ മുൻ നിരയിലേക്ക് ഉയർത്തി കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തന്റെ സംഗീത പ്രയാണത്തിലേക്ക് തന്റെ മക്കളെ കൂടാതെ കുറെയേറെപ്പേരെ ആനയിക്കുകയും പ്രചോദനം നല്കുകയും ചെയ്തിരുന്നു. അനേക ശിഷ്യസമ്പത്തിന് ഉടമയായിരുന്ന അദ്ദേഹം എല്ലാ പ്രായക്കാർക്കും സമ്മതനായിരുന്നു.
എത്ര പ്രയാസമുള്ള ഗാനങ്ങളാണെങ്കിലും തന്റെ ഗായക സംഘാംഗങ്ങളെ പരിശീലിപ്പിച്ച് പാടിപ്പിക്കാം എന്ന ആത്മവിശ്വാസം ഉണ്ടായിരുന്ന ശ്രീ പ്രശാന്ത് അവരിൽ അതീവ പ്രതീക്ഷയും വിശ്വാസവും അർപ്പിച്ചിരുന്നു. 'മഹൽ സ്നേഹം' എന്ന് നാമകരണം ചെയ്യപ്പെട്ട പീഡാനുഭവ ധ്യാന ഗാനശുശ്രൂഷകളിൽ അദ്ദേഹം നേതൃത്വവും പരിശീലനവും നല്കി വന്നിരുന്നു. ഈ ഗാനശുശ്രൂഷകളിൽ മറ്റു സഭകളിലെ ഗായക സംഘങ്ങളെയുo പങ്കെടുപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.
ഗാന മത്സരങ്ങളുടെ ആവശ്യങ്ങൾക്കായി അദ്ദേഹത്തെ സമീപിച്ചാൽ എത്ര തിരക്കുണ്ടെങ്കിലും അവയെല്ലാം മാറ്റി വെച്ച് ആവശ്യമായ പരിശീലനം നല്കാൻ നിറമനസ്സോടെ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
സ്വന്തം ഇടവകയിൽ മാത്രമല്ല ,വേണ്ടത്ര പരിശീലനം ലഭിക്കാൻ സാഹചര്യമില്ലാത്ത ഇടവകകളിലും ഗായക സംഘങ്ങളെ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുകയും സമയം കണ്ടെത്തുകയും തന്റെ ശിഷ്യഗണങ്ങളെ അതിനായി പ്രോത്‌സാഹിപ്പിക്കുകയും ചെയ്തിരുന്ന മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം. വിവിധ വിദ്യാലയങ്ങളിലെ സംഗീതത്തോടനുബന്ധിച്ചുള്ള പരിപാടികളിലും അദ്ദേഹം വേണ്ട സഹായങ്ങൾ ചെയ്തിരുന്നു.
ഏത് കാര്യത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായങ്ങളും ഉള്ള വ്യക്തിയായിരുന്നു അദ്ദേഹം. അത് തന്റെ ഗായക സംഘത്തിന്റെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്ക് അത്താണിയുമായിരുന്നു. തന്റെ ശക്തവും വ്യത്യസ്തവുമായ ആശയങ്ങളും നേതൃത്വപാടവവും ഗായക സംഘത്തിന് എന്നും ഒരു സമ്പത്തായിരുന്നു.
അദ്ദേഹവുമായി ഇടപെട്ടിട്ടുള്ള ഏതൊരാൾക്കും കാണും അദ്ദേഹത്തെ പറ്റി പറയാൻ ഒരു കൂട്ടം നല്ല ഓർമ്മകൾ. അത് ഒരാളിൽ നിന്നും മറ്റൊരാൾക്ക് തികച്ചും വ്യത്യസ്തവും ഏറെ പ്രിയങ്കരവും ആയിരിക്കും എന്നതിന് യാതൊരു സംശയവുമില്ല.
ദൈവനാമപുകഴ്ചയ്ക്ക് ഉതകുന്ന കാവ്യാത്മകമായ തന്റെ വരികളിൽ മാന്ത്രിക വലയങ്ങൾ തീർക്കുന്ന സംഗീതവും കൂടി ചേരുമ്പോൾ ആ ഗാനം അങ്ങേയറ്റം ഹൃദ്യവും വ്യത്യസ്തമായ തലങ്ങളിലേക്ക് മനസ്സിനെ കൊണ്ടുപോകുന്നതുമായിത്തീരുന്നു. അതി മനോഹരമായ പശ്ചാത്തല സംഗീതത്തിൽ വരികൾ ഈണത്തിന്റെ നാടയിൽ കോർത്തിടുമ്പോൾ സംഗീതം അതിന്റെ പരമോന്നതിയിൽ എത്തുന്നു. തന്റെ സംഗീത പാടവം കൊണ്ട് അനേകം ഹൃദയങ്ങളെ കവർന്നെടുത്തു. അനേകരെ തന്നിലേക്കും സംഗീത വഴിയിലേക്കും ആകർഷിച്ചു. ഏവർക്കും പ്രചോദനവും മാതൃകയും നല്കി.
അവസാന നാളുകളിൽ ആരോഗ്യപ്രശ്നങ്ങളാൽ ക്ഷീണിതനായിരുന്നപ്പോൾ പോലും തന്റെ ഗായക സംഘത്തെ പരിശീലിപ്പിക്കാൻ കാണിച്ച മനസ്സ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. പല തവണ കളിലായി ഒരു ദശാബ്ദക്കാലം ശ്രീ പ്രശാന്തിന്റെ കീഴിൽ ഗാനങ്ങൾ പരിശീലിക്കാൻ അവസരം ലഭിച്ചതിൽ ഓരോ ഗായക സംഘാംഗവും അഭിമാനിക്കുകയും ജീവിതത്തിലെ മരിക്കാത്ത ഓർമ്മകളായി സൂക്ഷിക്കുകയും ചെയ്യും.
മരണത്തെ മുഖാമുഖമായി കാണുമ്പോഴും അബോധാവസ്ഥയിൽ ആയിരുന്നപ്പോഴും ഉൾബോധമനസ് സിൽ നിറഞ്ഞു കവിഞ്ഞത് സംഗീതമായിരുന്നു.
പതിറ്റാണ്ടുകൾ നീണ്ട മഹത്തായ സംഗീത ജീവിതത്തിന് വിരാമമിട്ട് ആ സംഗീതഇതിഹാസം 2020 ഏപ്രിൽ മാസം 24ാം തീയതി ഈ ലോകത്തോട് വിട വാങ്ങി. ഏറെ സ്വപ്ന പദ്ധതികൾ പൂർത്തീകരിക്കാനാവാതെ ബാക്കി വെച്ച് സ്വർഗ്ഗീയ സൈന്യത്തോടുകൂടെ ചേർക്കപ്പെട്ടു. കെരൂബുകളേയും സാറാഫുകളേയും പ്രതിനിധീകരിച്ച് ഗായകസംഘാംഗങ്ങളായ ഞങ്ങൾക്കും ഒന്നിച്ച് ചേർന്ന് പാടാൻ സാധിക്കുമെന്ന് പ്രത്യാശിക്കാം. ശ്രീ പ്രശാന്തിന്റെ വേർപാട് എല്ലാ അംഗങ്ങൾക്കും അവിശ്വസനീയവും ഉൾക്കൊള്ളാനാവാത്തതുമായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട പ്രശാന്ത് അച്ചാച്ചൻ തന്റെ വിലമതിക്കാനാവാത്ത സംഗീതവുമായി കർത്താവിന്റെ സന്നിധിയിൽ ഉണ്ട് എന്ന് വിശ്വസിക്കുന്നു.
മുണ്ടക്കയം ഇടവക ഗായക സംഘത്തിനു വേണ്ടി നല്കിയ നിസ്വാർത്ഥമായ സേവനവും സംഭാവനകളും സ്നേഹത്തോടെ സ്മരിക്കുകയും അദ്ദേഹത്തിന്റെ ധന്യമായ ജീവിതത്തെയോർത്ത് ദൈവത്തിന് നന്ദി കരേറ്റുകയും ചെയ്യുന്നു. പ്രിയ പ്രശാന്തിന്റെ മാതാവ്, സഹധർമ്മിണി, മക്കളായ റോഹൻ, ആൻ ജോൺ, സഹോദരങ്ങൾ എന്നിവരെ പ്രത്യേകം ഓർത്ത് പ്രാർത്ഥിക്കുന്നു. പ്രിയ കുടുംബാംഗങ്ങളുടെ സഹകരണം എപ്പോഴും അദ്ദേഹത്തിന് ഒരു മുതൽ കൂട്ടായിരുന്നു. ഒരു അനുഗൃഹീത ഗായകൻ കൂടിയായിരുന്ന പ്രിയ പ്രശാന്തിന്റെ അസാധാരണ കഴിവുകൾ അനേകർക്ക് പുതിയ കാഴ്ചപ്പാടും ശാക്തീകരണവും നല്കട്ടെ. അദ്ദേഹത്തിന്റെ മായാത്ത പുഞ്ചിരി എന്നെന്നും ഞങ്ങൾ മനസ്സിൽ സൂക്ഷിക്കും. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്ന 'എന്നേശു തൻ വില തീരാ സ്നേഹമാർക്കു വർണ്ണിക്കാം' എന്ന ജ്ഞാനകീർത്തനം 219-ൽ പാട്ടുകാരൻ പറയുന്ന പോലെ
"കാണാം മുഖാമുഖമെന്നുറച്ചു കാത്തിരിക്കുന്നു…"
ജ്ഞാന കീർത്തനം 240-ലെ ഈരടികൾ പോലെ
"ഞാനോ സന്തുഷ്ടൻ, പ്രശാന്തൻ , ദിവ്യം എൻ ജപം
താതാ നിൻ ഇഷ്ടം പോലെ…"
മുണ്ടക്കയം സി.എസ്.ഐ. ഹോളി ട്രിനിറ്റി ചർച്ച് ക്വയറിനു വേണ്ടി,
ജിജിമോൾ സജി