24/04/2019
പാലക്കാട്ടെ തന്റെ ഗ്രാമത്തിൽ 23000 മരത്തൈകൾ നട്ടുപിടിപ്പിച്ച് പ്രകൃതി സംരക്ഷണത്തിന് ഒരു മാതൃകയാവുകയാണ് ശ്യാം കുമാർ എന്ന ഓട്ടോ ഡ്രൈവർ.
ശ്യാം കുമാറിനു പുസ്തകങ്ങൾ വായിക്കുക എന്നത് ഒരുപാട് ഇഷ്ടമുള്ളതായിരുന്നു . വർഷങ്ങൾക്ക് മുമ്പ് 800 വർഷങ്ങൾ പഴക്കമുള്ള 'വൃക്ഷായുർവേദ' എന്ന പുസ്തകമാണ് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. ഒരു വൃക്ഷം എങ്ങനെ ഒരേ സമയം പത്തു കുട്ടികളെ സ്വാധീനിക്കുന്നു എന്ന് അദ്ദേഹം ഈ പുസ്തകത്തിലൂടെ വായിച്ചു . പ്രകൃതിയെ മലിനീകൃതമാക്കാൻ ആളുകൾ മത്സരിക്കുന്ന ഈ കാലത്തു , തന്നെക്കൊണ്ട് പ്രകൃതി സംരക്ഷണത്തിനായി എന്ത് ചെയ്യാനാകും എന്നദ്ദേഹം ചിന്തിച്ചു.
പാലക്കാട് ജില്ലയിലെ തേങ്കുറുശ്ശി എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജീവിക്കുന്നത് . തന്റെ സ്‌ഥലത്തു നന്നായി വളരുന്ന വൃക്ഷലതാദികളെ കുറിച്ചു അദ്ദേഹം മനസ്സിലാക്കി . വീടിനു ചുറ്റും മരങ്ങൾ നട്ട് പിടിപ്പിച്ചു . ഇവിടം ഇപ്പോൾ അണ്ണാൻ , വവ്വാൽ , വിവിധ തരം പക്ഷികൾ എന്നിവയുടെ ആവാസസ്‌ഥലം ആണ് .ശ്യാം ന്റെ പ്രവർത്തനങ്ങൾ കണ്ട മറ്റു ഗ്രാമവാസികളും അദ്ദേഹത്തെ സഹായിച്ചു . ഇവരുടെ പരിശ്രമ ഫലമായി 15 km നു ഉള്ളിൽ 23,000 വൃക്ഷങ്ങൾ ഉണ്ട് ഇപ്പോൾ.
8 വർഷങ്ങൾക്ക് മുൻപാണ് ശ്യാം ഓട്ടോ വാങ്ങുന്നത് . 'Save water - Save Trees ' എന്നും 'മരം ഒരു വരം ' എന്നും ഓട്ടോയുടെ പിന്നിൽ എഴുതിയിരിക്കുന്നു . ഓട്ടോയിൽ കയറുന്നവരിൽ മിക്കവരും പ്രകൃതി സംരക്ഷണത്തെ പറ്റി സംശയങ്ങൾ ചോദിക്കാറുണ്ടെന്നും അവരുടെ എല്ലാ ചോദ്യങ്ങൾക്കും തന്നെ മറുപടി കൊടുക്കാറുണ്ടെന്നും ശ്യാം പറയുന്നു.
ഈ കൊടും വേനലിൽ ദാഹിച്ചു വലയുന്ന പക്ഷികൾക്ക് വേണ്ടി വീടിനു മുറ്റത്ത് 25ഓളം കുടങ്ങൾ . ഏകദേശം 23 വ്യസ്ത്യസ്ത തരങ്ങളിലുള്ള പക്ഷികൾ ഇവിടെ വന്നു വെള്ളം കുടിക്കാറുണ്ട്.
ഏകദേശം 5 വര്ഷം മുൻപാണ് ഹൈക്കോടതി ജഡ്ജ് എറണാകുളം ഹൈക്കോടതിക്ക് അടുത്തുള്ള മംഗളവനത്തിലെ വൃക്ഷ സംരക്ഷണത്തിനായി ശ്യാം ന്റെ സഹായം ചോദിക്കുന്നത് . ശ്യാം അവിടെ ചെന്ന് 'tree guards' സ്‌ഥാപിക്കുകയും പക്ഷികളെ ആകർഷിക്കുന്ന തരത്തിൽ മരങ്ങൾ വെച്ചു പിടിപ്പിക്കുകയും ചെയ്തു . മംഗളവനം ഇപ്പോൾ അണ്ണാൻ , വവ്വാൽ , വിവിധ തരം പക്ഷികൾ എന്നിവയുടെ സാന്നിധ്യം കൊണ്ട് ഒരു പക്ഷിസങ്കേതത്തിന്റെ പ്രതീതിയുണർത്തുന്നു.
ശ്യാം കുമാർ ന്റെ പ്രവർത്തനങ്ങളെ അവിടുത്തെ പ്രാദേശിക ചാനലുകൾ അഭിനന്ദിച്ചിരുന്നു. വനം വകുപ്പിന്റെയും മറ്റു സംഘടനകളുടെയും ധാരാളം ബഹുമതികൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട് . 'വൃക്ഷമിത്ര', 'വനമിത്ര', 'പ്രകൃതി മിത്ര' , ' ഹരിത വ്യക്തി അവാർഡ്' എന്നിവ ഇവയിൽ ചിലതാണ്.
മനുഷ്യവാസം കൂടുതൽ ഉള്ളിടത്തു കുരുവികൾക്ക് വംശനാശം സംഭവിക്കുന്നതിനെ പറ്റി അദ്ദേഹം വായിച്ചിരുന്നു . ഇതിനെതിരെ എന്ത് ചെയ്യാൻ സാധിക്കും എന്ന പഠനത്തിലാണിപ്പോൾ.
വരുന്ന തലമുറയ്ക്ക് ഹരിതസുന്ദരമായ ശുചിത്വമുള്ള ലോകം സമ്മാനിക്കുന്നതിനു വേണ്ടി തനിക്ക് ഇനിയും ഏറെ ചെയ്യണം എന്ന ഉറച്ച തീരുമാനത്തിലാണ് ശ്യാം കുമാർ എന്ന ഈ അസാധാരണ പോരാളി . .
കടപ്പാട് : Anu Joseph