25/03/2015
വി. കുമ്പസാരത്തെക്കുറിച്ചുള്ള സാധാരണ ചോദിക്കാറുള്ള ചില ചോദ്യങ്ങളും/ സംശയങ്ങളും അവക്കുള്ള ഉത്തരങ്ങളും…
1. പുരോഹിതന്മാര്‍ക്ക് പാപമോചന അധികാരം ഉണ്ടോ?
ഉണ്ട്. ഇത് വചനാനുസൃതമായി അന്യത്ര തെളിയിച്ചിട്ടുള്ളതാണ്. യോഹന്നാന്‍ 20:22-23 “ഇങ്ങനെ പറഞ്ഞശേഷം അവന്‍ അവരുടെമേല്‍ ഊതി അവരോടു:പരിശുദ്ധാത്മാവിനെ കൈക്കൊള്‍വിന്‍ . ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നവോ അവര്‍ക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കു നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു.“. പാപമോചന അധികാരം നമ്മുടെ കര്‍ത്താവില്‍ നിന്ന് ശ്ലീഹന്മാരും അവരില്‍ നിന്ന് പ്രധാനാചാര്യന്മാരും ഏറ്റു. ദൈവത്തിന്‍റെ സ്ഥാനപതികള്‍ ആയ വൈദീകരാല്‍ ഇത് നമ്മുടെ സഭയില്‍ നിവര്‍ത്തിക്കപ്പെടുന്നു. ഈ വിഷയത്തിന്റെ വചനാധിഷ്ഠിതവിശകലനത്തിനു വായിക്കുക : കുമ്പസാരം – ഒരു വേദ വീക്ഷണം
2. അപ്പോസ്തോലന്മാര്‍ ആരെയെങ്കിലും കുമ്പസാരിപ്പിച്ചോ?
ജനങ്ങള്‍ പാപങ്ങള്‍ ഏറ്റു പറഞ്ഞതായിട്ടും അതുപോലെ അപ്പോസ്തോലന്മാര്‍ പാപമോചനം നല്കിയതായിട്ടും ബൈബിള്‍ തന്നെ രേഖപ്പെടുത്തുന്നുണ്ട്. “വിശ്വസിച്ചവരില്‍ അനേകരും വന്നു തങ്ങളുടെ പ്രവര്‍ത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു” (അപ്പൊ 19:18). “നിങ്ങള്‍ ക്ഷമിക്കുന്നവനോട് ഞാനും ക്ഷമിക്കുന്നു. ഞാന്‍ തന്നെയും ആരോട് ക്ഷമിച്ചുവോ അത് നിങ്ങള്‍ നിമിത്തം മശിഹായുടെ പ്രതിപുരുഷ സ്ഥാനത്തിലാകുന്നു” (2 കൊരിന്ത്യര്‍ 2:10).
3. പരസ്യമായി ഏറ്റു പറഞ്ഞു എന്നല്ലേ? രഹസ്യമായി ചെവിയില്‍ ഓതേണ്ട കാര്യമുണ്ടോ?
പരസ്യമായി ഏറ്റു പറഞ്ഞു എന്ന് ഒരു ബൈബിള്‍ വാക്യവും പറയുന്നില്ല. എങ്കില്‍ തന്നെയും, കുമ്പസാരിക്കുന്നത് രഹസ്യമായിരിക്കണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. പരസ്യമായി സഭയോട് ഏറ്റു പറയാന്‍ താത്പര്യം ഉള്ളവര്‍ക്ക് അതിനുള്ള സൌകര്യവും ഉണ്ട്. എന്നാല്‍ എല്ലാവര്ക്കും പരസ്യമായി ഏറ്റു പറയാന്‍ താത്പര്യം ഉണ്ടാകില്ല. രഹസ്യപാപങ്ങള്‍ പരസ്യമായി ഏറ്റുപറയാന്‍ എല്ലാരെയും നിര്‍ബന്ധിക്കുക എന്നത് നല്ല കാര്യവുമല്ല. അതുകൊണ്ടാണ് രഹസ്യമായി പട്ടക്കാരനോട് ഏറ്റു പറയുന്ന രീതി ഏര്‍പ്പെടുത്തിയത്.
4. “ആകയാല്‍ നിങ്ങളുടെ പാപങ്ങള്‍ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്‍വിന്‍ ” (അപ്പൊ 3:19) എന്നല്ലേ പറഞ്ഞത്? അല്ലാതെ കുമ്പസാരിക്കാന്‍ അല്ലല്ലോ?
കുമ്പസാരം എന്ന നിരപ്പിന്റെ കൂദാശ മാമോദീസ ഏറ്റ ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയാണ്. മുതിര്‍ന്ന ഒരാള്‍ പാപങ്ങള്‍ ഏറ്റു പറഞ്ഞു സ്നാനപ്പെടുന്നു, മാമോദീസ ഏറ്റ വ്യക്തി പിന്നീട് ചെയ്തുപോയെക്കാവുന്ന പാപങ്ങള്‍ക്ക് വേണ്ടിയാണ് അനുരഞ്ജന കൂദാശയായ കുമ്പസാരം. പത്രോസ് പറയുന്നത് അക്രൈസ്തവരോട് (ക്രിസ്തുവില്‍ വിശ്വസിക്കാത്ത യഹൂദരോട്) ആണ്. അതുകൊണ്ട് ഇവിടെ പത്രോസ് പറയുന്നത് അനുരഞ്ജന കൂദാശക്ക് എതിരല്ല.
5. “നീ ഈ വഷളത്വം വിട്ട് മാനസാന്തരപ്പെട്ട് കര്‍ത്താവിനോട് പ്രാര്‍ത്ഥിക്ക. പക്ഷേ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും ” (അപ്പോ 8:22) എന്നല്ലേ പറയുന്നത്? അല്ലാതെ പാപം മോചിച്ചില്ലല്ലോ?
ഇവിടെ അപ്പോസ്തോലന്മാര്‍ കൈ വച്ച് പരിശുദ്ധാത്മാവിനെ നല്‍കുന്നത് ശീമോന്‍ കണ്ടിട്ട് അവര്‍ക്ക് പണം കൊടുത്തു തനിക്കു ഈ വരം ലഭിക്കുവാന്‍ വേണ്ടി അപേക്ഷിക്കുകയാണ്. ഇവിടെ ശീമോന്‍ സ്നാനപ്പെട്ട വ്യക്തി ആണെന്നുള്ളത് സത്യമാണ്. എങ്കില്‍ തന്നെയും പാപമോചന അധികാരം പോലെതന്നെ പാപങ്ങള്‍ മോചിക്കാതിരിക്കാനും ഉള്ള അധികാരം അപ്പോസ്തോലന്മാര്‍ക്ക് നല്‍കപ്പെട്ടതാണ്. (ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കു നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു. - യോഹന്നാന്‍ 20:23) ഇവിടെ പരിശുധാത്മാവിനു എതിരെ പാപം ചെയ്ത ശീമോന്റെ പാപങ്ങള്‍ അപ്പോസ്തോലന്മാര്‍ മോചിക്കാതെ അയാളെ ദൈവത്തിനു ഏല്‍പ്പിക്കുന്നു. ഇതുപോലെ പാപം നിറുത്തുന്ന മറ്റൊരു സന്ദര്‍ഭം ആണ് അപ്പന്റെ ഭാര്യയോടു കൂടി ശയിച്ച വ്യക്തിയെ പൌലോസ് സഭക്ക് പുറത്താക്കുന്നത് – “നിങ്ങളും എന്റെ ആത്മാവും നമ്മുടെ കര്‍ത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ അവനെ, ആത്മാവു കര്‍ത്താവായ യേശുവിന്റെ നാളില്‍ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു….ആ ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളവിന്‍ .” (1 കോരി 5: 4, 5, 13). അനന്യാസിന്റെയും സഫീറയുടെയും സംഭവം ഇതേ ആശയം ഉള്‍ക്കൊള്ളുന്ന മറ്റൊരു സന്ദര്‍ഭമാണ് (അപ്പൊ 5:1-10)
6. യൂദാ പുരോഹിതന്മാരുടെ അടുക്കല്‍ പാപം ഏറ്റു പറഞ്ഞു; എന്നാല്‍ അവര്‍ പാപം മോചിച്ചില്ലല്ലോ?
“അവനെ ശിക്ഷക്കു വിധിച്ചുവെന്ന് അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു. അനുതപിച്ചു ആ 30 വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കിക്കൊണ്ടുവന്നു. ഞാന്‍ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അത് ഞങ്ങള്‍ക്ക് എന്ത്? നീ തന്നെ നോക്കിക്കൊള്‍ക എന്ന് അവര്‍ പറഞ്ഞു. അവന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞു. ചെന്ന് കെട്ടിഞാന്നു ചത്തു കളഞ്ഞു.” (മത്താ. 27:3-5). ശ്രദ്ധിക്കുക, ഇവിടെ പുരോഹിതന്മാര്‍ എല്ലാം യഹൂദന്മാര്‍ ആണ്. യഹൂദ പുരോഹിതര്‍ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാര്‍ അല്ല, അവര്‍ക്ക് പാപമോചന അധികാരവും നല്കപ്പെട്ടിട്ടില്ല. ആയതുകൊണ്ട് അവര്‍ പാപം മോചിക്കുകയുമില്ല. പാപമോചന അധികാരം പൂര്‍ണതയോടെ നല്‍കപ്പെടുന്നത് ക്രിസ്തുവിന്റെ പുനരുധാനതിനു ശേഷമാണ്.
7. “ഞങ്ങള്‍ കുംബസരിപ്പിച്ചാല്‍ ജനത്തിന്റെ പാപം മോചിക്കപ്പെടും” എന്ന് നെഞ്ചത്ത് കൈവെച്ചു കൊണ്ട് എത്ര മെത്രാന് / പുരോഹിതന് പറയാന് ധൈര്യമുണ്ട്?
ചില നവീന സഹോദരങ്ങള്‍ ചോദിക്കുന്ന രസകരമായ ചോദ്യമാണ് ഇത്. അപ്പോസ്തോലിക കൈവെപ്പ് ലഭിച്ച ഏതു മെത്രാനും അദ്ദേഹം നിയോഗിക്കുന്ന ഏതു പുരോഹിതനും ഈ ധൈര്യം ഉണ്ട്. ആ ധൈര്യം ഉള്ളതുകൊണ്ടാണ് അവര്‍ പരിശുദ്ധ ബലിപീഠത്തിനു മുന്‍പില്‍ നിന്ന് ധൈര്യമായി ‘നിന്റെ പാപങ്ങള്‍ക്ക് എന്നില്‍ നിക്ഷിപ്തമായ അധികാരത്താല്‍ മോചനം നല്‍കുന്നു’ എന്ന് പറയുന്നത്. ആ ധൈര്യം ഉള്ളതുകൊണ്ടാണ് അനേകം വിശ്വാസികള്‍ അവരുടെ അടുത്ത് പാപമോചനതിനുള്ള നിരപ്പിന്റെ ശുശ്രൂഷ കൈക്കൊള്ളുന്നത്; പാപമോചനം പ്രാപിക്കുന്നത്. ഈ അധികാരം അവര്‍ സ്വയമേ പ്രാപിച്ചതല്ല, ദൈവത്തില്‍ നിന്ന് നല്‍കപ്പെട്ടതാണ്. യോഹന്നാന്‍ 20:22-23 “ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നവോ അവര്‍ക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കു നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു.”. ഒന്നുകൂടി സൂക്ഷിച്ചു വായിക്കുക; “ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നവോ….”. പാപം മോചിക്കുന്നത് കര്‍ത്താവിന്റെ പ്രതിപുരുഷ സ്ഥാനത് നിന്നുകൊണ്ട് പുരോഹിതന്‍ തന്നെയാണ്. ദൈവത്തില്‍ നിന്ന് അന്യമായ ഒരു അധികാരം അല്ല ഇത്. അതുകൊണ്ട് നെഞ്ചത്ത് കൈവെച്ചോ അല്ലാതെയോ കൈവെപ്പുള്ള ഏതൊരു പുരോഹിതനും ധൈര്യത്തോടെ പറയും തങ്ങള്‍ മോചിച്ചാല്‍ പാപം മോചിക്കപ്പെടും എന്ന്.
8. പാപിയായ ഒരു പുരോഹിതന് എങ്ങനെ പാപം മോചിക്കാന്‍ കഴിയും? ദൈവത്തിനല്ലാതെ അത് സാധ്യമോ?
കുറ്റവും കുറവുള്ളവരുമായ അപ്പോസ്തോലന്മാര്‍ക്ക് ആണ് പാപമോചന അധികാരം കര്‍ത്താവ് കൊടുത്തത്. അത് അപ്പോസ്തോലന്മാരില്‍നിന്ന് സഭക്കും അത് വഴി പട്ടക്കാര്‍ക്കും ലഭിക്കുന്നു. കര്‍ത്താവിനാല്‍ നല്കപ്പെട്ടതായതുകൊണ്ട് അവന്റെ വിശുധിയോടു ചേര്‍ന്നാണ് നല്‍വരം കൊടുക്കപ്പെടുന്നത്. അതിനാല്‍ പുരോഹിതന്‍ പാപി ആയിരുന്നാലും കര്‍ത്താവിനാല്‍ നല്‍കപ്പെട്ട അധികാരം ആയതുകൊണ്ട് അത് അര്‍ത്ഥവത്താകുന്നത്. പുരോഹിതന്‍ കര്‍ത്താവിന്റെ പ്രതിപുരുഷ സ്ഥാനത്തു നിന്നുകൊണ്ട് ആണ് പാപം മോചിക്കുന്നത്. ഇത് ദൈവത്തെ വെല്ലു വിളിച്ചുകൊണ്ടു നടത്തുന്നതല്ല. പുരോഹിതനിലൂടെ പാപമോചനം നല്‍കുന്നത് ദൈവം തന്നെയാണ്.
9. കുമ്പസാരിപ്പിച്ചാല്‍ പാപം മോചിക്കപ്പെടുമെങ്കില്‍ പാപപരിഹാരത്തിനുള്ള വി. കുര്‍ബാന അര്‍പ്പിക്കുന്നത് എന്തിന്?
ഏതൊരു കൂദാശയും പൂര്‍ത്തീകരിക്കപ്പെടുന്നത് വിശുദ്ധ കുര്ബാനയിലൂടെ ആണ്. പുരോഹിതന്‍ പാപമോചനം നല്കിയെന്നാലും അത് നിവര്‍ത്തിക്കപ്പെടുന്നത് ക്രിസ്തുവിന്റെ ബലിയില്‍ ആണ്. നമ്മുടെ സകല പാപങ്ങളും അവന്‍ തന്റെ ശരീരത്തില്‍ പേറി. അതുകൊണ്ട് കുമ്പസാരം പൂര്‍ത്തിയാകുന്നത് കാല്‍വരി യാഗത്തില്‍ ആണ്. വി. കുര്‍ബാന എന്നത് കാല്‍വരിയിലെ യാഗത്തിന് അന്യമായ ഒരു ബലി അല്ല. ക്രിസ്തുവിന്റെ അതേ യാഗം തന്നെയാണ് വിശുദ്ധ കുര്‍ബാന. അതുകൊണ്ടുതന്നെ കുമ്പസാരം പൂര്‍ത്തീകരിക്കപ്പെടുന്നത് വി. ബലിയില്‍ ആണ്; പാപമോചനം പൂര്‍ത്തിയാകുന്നത് വി. കുര്‍ബാനയിലൂടെ ആണ്.
10. “മോചനമതിനായ് പാപികളേ വരുവിന്‍ …” എന്ന് കുര്‍ബാനയ്ക്ക് മുന്‍പ് പാടുന്നുണ്ടല്ലോ. കുമ്പസാരിച്ചിട്ടും വീണ്ടും പാപികള്‍ തന്നെയാണോ?
രക്ഷ പൂര്‍ണമാകുന്നതുവരെ നാം പാപികള്‍ തന്നെയാണ്. കുംബസാരിച്ചാലും ദൈവത്തോളം വിശുദ്ധി ആരും പ്രാപിക്കുന്നില്ല. എന്നാല്‍ നാം വിളിക്കപ്പെട്ടിരിക്കുന്നതോ ദൈവത്തോളം വിശുദ്ധി പ്രാപിക്കാനും. ഈ കുറവ് മനുഷ്യരില്‍ നിലനില്‍ക്കുന്നു. “നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കില്‍ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലാതെയായി. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കില്‍ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മില്‍ ഇല്ലാതെയായി.” (1 യോഹ 1:8,10). അതുകൊണ്ടുതന്നെ നാം പാപികള്‍ ആണെന്ന് സമ്മതിക്കുകയും ദൈവത്തോട് പാപമോചനം യാചിക്കുകയും ചെയ്യുന്നു.
11. കുമ്പസാരം വീണ്ടും പാപം ചെയ്യാനുള്ള ലൈസന്‍സ് അല്ലേ?
അല്ല. തീര്‍ച്ചയായും അല്ല. ഒരിക്കല്‍ ഏറ്റു പറഞ്ഞ പാപങ്ങള്‍ വീണ്ടും ചെയ്യാനുള്ള ലൈസന്‍സ് അല്ല കുമ്പസാരം. ഒരാളുടെ ഏറ്റുപറച്ചില്‍ വ്യാജമാണെന്ന് ബോധ്യമായാല്‍ പാപമോചനം കൊടുക്കാതെ ആ വ്യക്തിയുടെ പാപങ്ങള്‍ അയാളില്‍ തന്നെ നിറുത്താനും പുരോഹിതന് അധികാരമുണ്ട്. യോഹന്നാന്‍ 20:23 “ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നവോ അവര്‍ക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കു നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു.”.പരീശനെപ്പോലെ ദ്വൈമുഖമുള്ളവര്‍ക്കുള്ള വേദിയല്ല കുമ്പസാരം. യഥാര്‍ത്ഥ അനുതാപത്തോടെ വരുന്ന ചുങ്കക്കാരനെപ്പോലെ ഉള്ളവര്‍ക്ക് ഉള്ളതാണ് അത്. ഒരിക്കല്‍ പാപത്തെ വിട്ടു ഓടി വീണ്ടും അതിലേക്കു തിരിയുന്നവന്‍ ഛര്‍ദ്ദിക്ക് തിരിയുന്ന നായ്ക്ക് തുല്യനാണെന്ന് വചനം പറയുന്നുണ്ടല്ലോ (2 പത്രോ 2:22). പശ്ചാത്തപിക്കുകയും മേലില്‍ പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുകയും വേണമെന്നുള്ളത് കുമ്പസാരത്തിന്റെ ആവശ്യവ്യവസ്ഥയാണ്. മാത്രമല്ല, അത്മനവീകരണതെപറ്റി ദൃഡനിശ്ചയം ചെയ്യാനും സംഭവിച്ചു പോയതിനു പരിഹാരം ചെയ്യാനും കുമ്പസാരിച്ച വ്യക്തി ബാധ്യസ്ഥനാണ്.
12. പാപങ്ങള്‍ കേട്ട് പുരോഹിതന്മാര്‍ രസിക്കുകയല്ലേ?
ചില സിനിമകളിലൂടെ കിട്ടുന്ന വികലമായ സന്ദേശമാണ് പുരോഹിതന്മാര്‍ കുമ്പസാരത്തിലൂടെ നിഗൂഡമായ ആനന്ദം കണ്ടെത്തുന്നു എന്നുള്ളത്. അതിനാണ് പുരോഹിതന്മാര്‍ കുമ്പസാരത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്നാണ് അവര്‍ ധരിച്ചുവശായിരിക്കുന്നത്! തികച്ചും തെറ്റിധാരണ മാത്രമാണത്. ഒരാളുടെ പാപം കേട്ടാല്‍ ദൈവത്തിനു ആനന്ദം ആണോ അതോ സങ്കടം ആണോ തോന്നുക? ദൈവത്തിന്റെ പ്രതിപുരുഷ സ്ഥാനത്തുള്ള പുരോഹിതന്‍ പാപം കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് ആനന്ദം തോന്നുക? “അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.” (ലൂക്കോ 11:10). കുംബസാരത്തില്‍ പുരോഹിതന്മാര്‍ സന്തോഷിക്കുന്നു എങ്കില്‍ അത് മാനസാന്തരപ്പെടുന്ന പാപിയെക്കുറിച്ചുള്ള വിചാരംകൊണ്ട് മാത്രമായിരിക്കും.
13. പാപം കേട്ടുകേട്ട് പുരോഹിതന്മാര്‍ക്കും പാപത്തോടുള്ള ചായ്‌വ് ഉണ്ടാകുന്നില്ലേ ?
ഇല്ല. കുമ്പസാരം കേട്ട് ഒരു പുരോഹിതന്‍ പോലും പാപം ചെയ്തതായി അറിവില്ല. ബൈബിളില്‍ തന്നെ പല വ്യക്തികളുടെ പാപങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ടല്ലോ. അത് വായിച്ചു ആരും പാപം ചെയ്യാന്‍ പോകുന്നില്ലല്ലോ. പാപങ്ങള്‍ ശ്രവിക്കുന്ന പുരോഹിതനും അപ്രകാരം അതില്‍ രമിക്കുന്നില്ല.
14. പുരോഹിതന്മാര്‍ കേട്ട പാപങ്ങള്‍ മറ്റൊരാളോട് പറയുമോ?
ഒരു പുരോഹിതനും കുമ്പസാര രഹസ്യം മറ്റൊരാളോട് പറയില്ല. അതെത്ര വലിയ ആത്മബന്ധമുള്ള ആള്‍ ആണെങ്കിലും. കുമ്പസാര രഹസ്യം പുറത്തുപറയുന്നതിനേക്കാള്‍ മരിക്കാന്‍ ആയിരിക്കും ഒരു പുരോഹിതന്‍ ഇഷ്ടപ്പെടുക. അപ്രകാരം പറഞ്ഞാല്‍ അതയാളെ നിത്യനാശത്തില്‍ എത്തിക്കും എന്ന് അയാള്‍ക്ക് ഉത്തമ ബോധ്യം ഉണ്ട്. കുമ്പസാര രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനായ പുരോഹിതന് അവയെ തന്റെതന്നെയോ, മറ്റൊരാളുടെയോ ജീവന്‍ രക്ഷിക്കാനോ, ഏതെങ്കിലും ദുരന്തം ഒഴിവാക്കാനോപോലും വെളിപ്പെടുത്താവുന്നതല്ല. കുമ്പസാരത്തില്‍ കേട്ടത് വെളിപ്പെടുത്താന്‍ പുരോഹിതനെ നിര്‍ബ്ബന്ധിക്കാന്‍ ഒരു നിയമത്തിനും അവകാശമില്ല.
15. പുരോഹിതന്മാര്‍ ആരുടെ അടുക്കലാണ് കുമ്പസാരിക്കുന്നത് ?
പുരോഹിതന്മാരും മറ്റു പുരോഹിതരുടെ അടുത്ത് തന്നെയാണ് കുംബസാരിക്കുന്നത്. മെത്രാനോ കാതോലിക്കയോ, പോപ്പോ, പാത്രിയര്‍ക്കീസോ ആരുമാകട്ടെ, അവരും പുരോഹിതരുടെ അടുത്ത് തന്നെയാണ് കുംബസാരിക്കുന്നത്.
16. “തമ്മില്‍ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവന്‍ പ്രാര്‍ത്ഥിപ്പിന്‍.” (യാക്കോ 5:16) പരസ്പരം പാപങ്ങളെ ഏറ്റു പറയണം എന്നല്ലേ? വിശ്വാസികള്‍ തമ്മില്‍ പാപങ്ങള്‍ ഏറ്റു പറഞ്ഞാല്‍ പോരെ?
പാപങ്ങള്‍ ഏറ്റു പറയുന്നത് പുരോഹിതനോട് ആകണം എന്ന നിര്‍ബന്ധം പൌരസ്ത്യ പാരമ്പര്യത്തില്‍ ഇല്ല. പൌരസ്ത്യ പാരമ്പര്യത്തില്‍ ഒരു വിശ്വാസിക്ക് പരിപൂര്‍ണ വിശ്വാസമുള്ള തന്റെ ആത്മീയ പിതാവിനോടോ / മാതാവിനോടോ ആത്മീയ വഴികാട്ടിയോടോ പാപങ്ങളെ ഏറ്റു പറയാം. ഈ ആത്മീയ വഴികാട്ടി ബിഷപ്പിന്റെ അനുവാദത്തോട് കൂടിയാണ് കുമ്പസാരം കേള്‍ക്കുന്നത്. (ആത്മീയ വഴികാട്ടി ആത്മീയമായി അഭിവൃദ്ധിയുള്ള വ്യക്തിയാണെന്ന് ഉറപ്പുവരുത്താന്‍ ആണിത് ). എന്നാല്‍ പാപങ്ങള്‍ കേള്‍ക്കുന്ന ആള്‍ പുരോഹിതന്‍ അല്ലെങ്കില്‍ അയാള്‍ക്ക് പാപമോചന അധികാരം ഇല്ലാത്തതുകൊണ്ട് പാപം മോചിക്കാന്‍ കഴിയില്ല. അതിനു ഒരു പുരോഹിതനെ സമീപിക്കാവുന്നതാണ്. എങ്കിലും പുരോഹിതനോട് ഏറ്റു പറയുന്നതാണ് എപ്പോഴും അഭികാമ്യം.
17. അക്രൈസ്തവനു കുമ്പസാരിക്കാമോ?
കുംബസാരിക്കാം. പാപങ്ങള്‍ ഏറ്റു പറയുകയും ചെയ്യാം. എന്നാല്‍ പാപമോചനം പ്രാപിക്കാന്‍ സാധ്യമല്ല. സഭയുടെ പാപമോചന അധികാരം അവളുടെ പ്രജകള്‍ക്കുവേണ്ടി മാത്രമുള്ളതാണ്. പാപമോചനത്തിനുള്ള മാമോദീസ ഏറ്റതിനു ശേഷമേ കുമ്പസാരം, കുര്‍ബാന മുതലായ കൂദാശകള്‍ ഉള്‍ക്കൊള്ളാന്‍ പാടുള്ളൂ. കുര്‍ബാന കൂടാതെ കുമ്പസാരം പൂര്‍ണമാവുകയുമില്ല.
18. എപ്പോഴൊക്കെ കുമ്പസാരിക്കണം?
പാപബോധം ഉള്ളപ്പോള്‍ എപ്പോള്‍ വേണമെങ്കിലും കുംബസാരിക്കാം. ഗൌരവമായ പാപങ്ങള്‍ ചെയ്തു എന്ന ബോധ്യം വന്നാല്‍ കുമ്പസാരം താമസിപ്പിക്കരുത്. എങ്കില്‍ തന്നെയും നാല്‍പ്പതു ദിവസം കൂടുമ്പോള്‍ കുംബസാരിച്ചു കുര്‍ബാന അനുഭവിക്കുന്നതിനെ സഭ പ്രോത്സാഹിപ്പിക്കുന്നു. ഒരു വിശ്വാസി ആണ്ടില്‍ ഒരിക്കലെങ്കിലും കുംബസാരിച്ചിരിക്കണം എന്നതാണ് സഭയുടെ നിയമം.