06/03/2023
ഓക്കമിലെ ജിനിപ്രോ
ഫാദർ കാപ്പിസ്റ്റൻ ലോപ്പസ് (വരാപ്പുഴ അതിരൂപത)
മാനേജിങ്ങ് എഡിറ്റർ, ജീവനാദം
ദി ഫ്ളവർസ് ഓഫ് സെന്റ് ഫ്രാൻസിസ് സിനിമയിലെ ബ്രദർ ജിനിപ്രോയെ ഓർമിപ്പിക്കുന്നു ബ്രദർ സെബാസ്റ്റ്യൻ. ഫ്രാൻസിസ് അസ്സിസിയും സഹോദരങ്ങളും സുവിശേഷ വേല കഴിഞ്ഞു തിരിച്ചുവരുമ്പോൾ മിക്കവാറും ബ്രദർ ജിനിപ്രൊ ഏതെങ്കിലും കുറ്റികാട്ടിൽ ഒളിച്ചിരിക്കുകയായിരിക്കും. കാരണം അയാൾ നഗ്നനായിരിക്കും. യാത്രകളിൽ ആവശ്യക്കാരെ കണ്ടാൽ ഉടനെ ജിനിപ്രൊ ഉടുത്തിരിക്കുന്ന കുപ്പായം ഊരിക്കൊടുക്കും. ഫ്രാൻസിസ് പലതവണ ജിനിപ്രോയുടെ സ്ട്രിപ്പിങ് വിലക്കി നോക്കി പക്ഷെ ഫലമുണ്ടായില്ല. ഒടുവിൽ ഫ്രാൻസിസ് പറഞ്ഞു ജിനിപ്രൊ സുവിശേഷ യാത്രയ്ക്ക് പോവണ്ട ആശ്രമത്തിലിരുന്ന് എല്ലാവർക്കും ഭക്ഷണം ഒരുക്കുക. ജിനിപ്രൊ അടുക്കളപ്പണി ഏറ്റെടുത്തു പക്ഷെ എല്ലാവരും യാത്രയ്ക്ക് പോവുമ്പോൾ ഈശോയെ കുറിച്ച് പറയാൻ പറ്റാത്തതിൽ അയാൾ സങ്കടപ്പെടുന്നു. ഒരു ദിവസം യാത്ര കഴിഞ്ഞു തിരിച്ചു വന്ന സഹോദരങ്ങൾ കണ്ട കാഴ്ച ഒരു വലിയ പാത്രത്തിൽ ഇവര് മുഴുവൻ പേരും രണ്ടാഴ്ച കുടിച്ചാലും തീരാത്തത്ര സൂപ് ജിനിപ്രൊ ഉണ്ടാക്കിവച്ചിരിക്കുന്നു. ജിനിപ്രോയുടെ നിഷ്കളങ്കമായ ആത്മാർത്ഥത കണ്ടു ഈശോയെ കുറിച്ച് പറയാൻ ജിനിപ്രോക് അനുവാദം കൊടുക്കുന്നു.
ഓക്കമിലെ ജിനിപ്രോയാണ് ബ്രദർ സെബാസ്റ്റ്യൻ. ഈശോയെക്കുറിച്ചു പറയാനുള്ള ഒരവസരവും ഒഴിവാക്കില്ല. പെരുമാൾപാടി പള്ളിയിൽ ഒരുവർഷം ഞായറാഴ്ചകളിൽ ബ്രദർ സെബാസ്റ്യൻ സഹായിക്കാൻ വരുമായിരുന്നു. ക്ലാസ്സിനകത്തും പുറത്തുമൊക്കെ ബ്രദർ കുട്ടികളുടെ കൂടെ പാട്ടും പറച്ചിലുമായി ഉണ്ടാവും. ആ വർഷം കഴിഞ്ഞപ്പോൾ രണ്ടു കുട്ടികൾ സെമിനാരിയിൽ ചേർന്നു. ഒരു നാച്ചുറൽ വൊക്കേഷൻ പ്രൊമോട്ടർ.
നിഷ്കളങ്കതയുടെ മറുവാക്കായിരുന്നു സെബാസ്റ്യൻ. സിമ്പിൾ ഫെയ്‌തുള്ള സങ്കീർണതകൾ ഇല്ലാത്ത ഒരു മനുഷ്യൻ. പറയുന്ന വാക്കുകളെ വിശ്വസിക്കുന്ന ആൾ. വാക്കിനുപുറകിലുള്ള പൊളിറ്റിക്‌സും ട്രിക്‌സും മനസിലാവാത്ത നമ്മുടെ ഭാഷയിലെ 'പൊട്ടൻ'. സെന്റ് പോളിന്റെ ഭാഷയിൽ ഇങ്ങനെയുള്ള ഭോഷന്മാർക്കല്ലേ ദൈവത്തിന്റെ വെളിപാട്.
ഒരു ദിവസം ഞാൻ നോക്കുമ്പോൾ അലക്കിയിട്ട എന്റെ വസ്ത്രങ്ങൾ ആരോ തേച്ചു വൃത്തിയായി മടക്കി വച്ചിരിക്കുന്നു. അനേഷിച്ചു വന്നപ്പോൾ ബ്രദർ ആണെന്ന് മനസിലായി. എനിക്ക് വിഷമമായി. ഞാൻ പറഞ്ഞു ഇനി ചെയ്യരുത്. പക്ഷെ ബ്രദർ വീണ്ടും വീണ്ടും ചെയ്തു. ഒടുവിൽ ഞാൻ അലക്കുന്ന ദിവസം മാറ്റി. ഭക്ഷണമേശ ഒരുക്കാനും പാത്രങ്ങൾ കഴുകാനും ആരെയും അനുവദിക്കാത്ത വാശിക്കാരൻ. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളിൽ അവരറിയാതെ സഹായിച്ച ബ്രദർ സ്വന്തം ബുദ്ധിമുട്ടിൽ ആരുടെയും സഹായം കാത്തുനിൽക്കാതെ യാത്രയായി. സഹോദരന് യാത്രമംഗളങ്ങൾ.