29/01/2026
A.D 54 മുതൽ AD 310 വരെയുള്ള കാലയളവിലാണ് ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ടത്. എഡി ഒന്നാം നൂറ്റാണ്ടുമുതൽ മൂന്നാം നൂറ്റാണ്ടുവരെ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന പത്ത് ചക്രവർത്തിമാരായിരുന്നു; ഈ പീഡന പരമ്പരക്ക് നേതൃത്വം നൽകിയത്. അവർ ആരൊക്കെയാണെന്ന് നമ്മുക്ക് പരിശോധിക്കാം:-
1. നീറോ: AD 54 മുതൽ AD 68 വരെ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന അതിക്രൂരനായ ചക്രവർത്തിയായിരുന്നു നീറോ. AD 64 ൽ റോം നഗരത്തിന് തീ വെച്ചശേഷം വീണ വായിച്ചു രസിച്ച ക്രൂരമായിരുന്നു നീറോ. പിന്നീട് ആ കുറ്റം ക്രിസ്ത്യാനികളുടെ മേൽ ചുമത്തുകയും അവരെ അതിക്രൂരമായി പീഡിപ്പിക്കുകയും, കൊന്നൊടുക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സമയത്താണ് പത്രേസിനെ ക്രൂശിക്കുകയും, പൗലോസിനെ തലയറുത്തു കൊല്ലുകയും ചെയ്തത്.
2. ഡൊമിഷൻ: AD 81മുതൽ AD 96 വരെ റോം ഭരിച്ച മറ്റൊരു ചക്രവർത്തിയായിരുന്നു ഡൊമിഷൻ. ഇദ്ദേഹത്തിന്റെ സമയത്ത് യഹൂദന്മാരും, ക്രിസ്ത്യാനികളും ഒരുപോലെ പീഡിപ്പിക്കപ്പെട്ടു. അപ്പോസ്തലനായ യോഹന്നാൻ പത്മോസിലേക്ക് നാട് കടത്തപ്പെട്ടത് ഡൊമിഷൻെറ ഭരണകാലത്താണ്.
3. ട്രാജൻ: AD 98 മുതൽ AD 117 വരെ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന ചക്രവർത്തിയായിരുന്നു ട്രാജൻ. ക്രിസ്തു ഭക്തനായിരുന്ന ഇഗ്നേഷ്യസിനെ സിംഹത്തിന് ഇരയാക്കിയത് ട്രാജൻ ചക്രവർത്തിയായിരുന്നു. കൂടാതെ ഒരുവൻ ക്രിസ്തുമതം സ്വീകരിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചതും ഇദ്ദേഹമായിരുന്നു.
4. മാർക്കസ് ഔറലിയോസ്: AD. 161 മുതൽ AD. 180 വരെ റോമൻ ചക്രവർത്തിയായിരുന്ന മാർക്കസ് ഔറലിയോസ് ഏറ്റവും ക്രൂരനായ ഭരണാധികാരിയായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്ത് ആയിരക്കണക്കിന് ക്രിസ്ത്യാനികൾ സിംഹങ്ങൾക്ക് ഭക്ഷണമായി തീരുകയും, തല ഛേദിക്കപ്പെടുകയും ചെയ്തു. പോളിക്കാർപ്പ്, ജസ്റ്റിൻ മാർട്ടിയർ, തുടങ്ങിയവർ രക്തസാക്ഷികൾ ആയത് ഈ കാലഘട്ടത്തിലാണ്.
5. സെപ്റ്റിമസ് സെവ്റസ്: AD. 202 മുതൽ AD. 221 വരെ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന മറ്റൊരു ചക്രവർത്തിയായിരുന്നു സെപ്റ്റിമസ് സെവ്റസ്. ഇദ്ദേഹം തൻെറ ഭരണകാലത്ത് ക്രിസ്ത്യാനികൾക്ക് എതിരായി ശക്തമായ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ചർച്ച് ഫാദർ ഒറിഗൻെറ പിതാവായ ലിയോണിദസ് രക്തസാക്ഷിയായത് ഇദ്ദേഹത്തിന്റെ കാലത്താണ്.
6. മാക്സിമസ്: AD. 222 മുതൽ AD. 235 വരെ റോം ഭരിച്ച ചക്രവർത്തിയായിരുന്നു മാക്സിമസ്. ഇദ്ദേഹത്തിന്റെ സമയത്താണ് ആയിരക്കണക്കിന് ക്രിസ്ത്യാനികളെ ജീവനോടെ കുഴിയിലിട്ടു മൂടിയത്.
7. ഡേഷ്യയസ്: AD. 236 മുതൽ AD. 249 വരെ റോമിൻെറ ചക്രവർത്തിയായിരുന്നു ഡേഷ്യയസ്. തൻെറ കാലഘട്ടത്തിൽ മുഴുവൻ ക്രിസ്ത്യാനികളെയും രാജ്യത്തു നിന്നും തുടച്ചു നീക്കാൻ പദ്ധതി ആവിഷ്കരിച്ച ചക്രവർത്തിയായിരുന്നു ഡേഷ്യയസ്.
8. വലേറിയൻ: AD. 250 മുതൽ AD. 257 വരെ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന ചക്രവർത്തിയായിരുന്നു വലേറിയൻ. ഇദ്ദേഹം തൻെറ ഭരണകാലത്ത് ആയിരക്കണക്കിന് ക്രിസ്ത്യാനികളെ വാളിന് ഇരയാക്കി. കാർത്തേജിലെ ബിഷോപ്പായിരുന്ന സൈപ്രിയാൻ കൊല്ലപ്പെട്ടത് ഈ കാലഘട്ടത്തിലായിരുന്നു.
9. ഔറേലിയാൻ: AD. 270 മുതൽ AD. 275 വരെ റോം ഭരിച്ച ചക്രവർത്തിയായിരുന്നു ഔറേലിയൻ. ഇദ്ദേഹത്തിന്റെ കാലത്തും ആയിരക്കണക്കിന് ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ടു.
10. ഡയോക്ലീഷ്യൻ: AD. 300 മുതൽ AD 310 വരെ റോം ഭരിച്ച അതിക്രൂരനായ ചക്രവർത്തിയായിരുന്നു ഡയോക്ലീഷ്യൻ. അതിഭയാനകവും, മൃഗീയവുമായ പീഡനങ്ങൾ നടന്നത് ഇദ്ദേഹത്തിന്റെ കാലത്ത് ആയിരുന്നു. ഏകദേശം പത്തു വർഷത്തോളം ഈ പീഡന പരമ്പര നിലനിന്നിരുന്നു. അനേകം ദേവാലയങ്ങൾ തകർക്കപ്പെടുകയും, തിരുവെഴുത്തുകൾ കത്തിച്ചു ചാമ്പലാക്കുകയും ചെയ്തു.
ഈ ക്രൂരന്മാരായ ഭരണാധികാരികളുടെ നേതൃത്വത്തിൽ ഏകദേശം 350 വർഷത്തോളം നീണ്ടു നിന്ന പീഡന പരമ്പരക്ക് ഒരു ശമനം ഉണ്ടായത്. കോൺസ്റ്റൻ്റയിൻ ചക്രവർത്തിയുടെ ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിന് ശേഷമാണ്.