01/07/2026
പീസ് റേഡിയോ–സമീൽ ജനകീയ ക്യാമ്പയിന് എറണാകുളം ജില്ലയിൽ തുടക്കമായി
മലയാളത്തിലെ ആദ്യത്തെ വ്യവസ്ഥാപിത ഇന്റർനെറ്റ് റേഡിയോയായ പീസ് റേഡിയോയും അതിന്റെ ഡിജിറ്റൽ വിജ്ഞാന പ്ലാറ്റ്ഫോമായ സമീൽയും എറണാകുളം ജില്ലയിലെ കൂടുതൽ വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും എത്തിക്കുന്നതിനുള്ള ജനകീയ ക്യാമ്പയിന് തുടക്കമായി.
ഡിജിറ്റൽ മാധ്യമങ്ങൾ മനുഷ്യജീവിതത്തെ നിർണായകമായി സ്വാധീനിക്കുന്ന ഈ കാലഘട്ടത്തിൽ, ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ ഡിജിറ്റൽ ഉള്ളടക്കം സമൂഹത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പ്രത്യേകിച്ച് കുട്ടികളിലും കൗമാരക്കാരിലും വർധിച്ചുവരുന്ന സോഷ്യൽ മീഡിയ ദുരുപയോഗം, ഡിജിറ്റൽ അഡിക്ഷൻ, മാനസിക സമ്മർദ്ദം, കുടുംബബന്ധങ്ങളിലെ അകൽച്ച തുടങ്ങിയ സാമൂഹിക വെല്ലുവിളികൾക്ക് ക്രിയാത്മകമായ ബദലൊരുക്കുകയാണ് പീസ് റേഡിയോയും സമീലും.
24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന പീസ് റേഡിയോയിൽ ആത്മീയത, വിദ്യാഭ്യാസം, കുടുംബജീവിതം, ആരോഗ്യം, കുട്ടികൾ, യുവജനങ്ങൾ, സ്ത്രീകൾ, സമകാലിക വിഷയങ്ങൾ തുടങ്ങി നൂറിലധികം വൈവിധ്യമാർന്ന പരിപാടികൾ ലഭ്യമാണ്. ഏഴ് ലക്ഷത്തിലധികം ഡൗൺലോഡുകളുമായി മലയാളം ഡിജിറ്റൽ മീഡിയ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ് പീസ് റേഡിയോ.
വിശുദ്ധ ഖുർആൻ പഠനം, വിശ്വാസം, കർമശാസ്ത്രം, ഇസ്ലാമിക വിജ്ഞാനം, വ്യക്തിത്വ വികസനം, കുടുംബശാക്തീകരണം, രക്ഷാകർതൃത്വം, കൗമാര മാർഗനിർദേശം തുടങ്ങി വിവിധ വിഷയങ്ങളിലെ കോഴ്സുകളും പഠനപരമ്പരകളും സമീലിലൂടെ ലഭ്യമാണ്. ഡിപ്രഷൻ, അഡിക്ഷൻ, കുടുംബപ്രശ്നങ്ങൾ തുടങ്ങിയ സമകാലിക സാമൂഹിക വിഷയങ്ങളെ അഭിമുഖീകരിക്കാൻ സഹായിക്കുന്ന വിജ്ഞാനസമ്പത്തും ഇതിന്റെ ഭാഗമാണ്.
എറണാകുളം ജില്ലയിലെ വിവിധ മേഖലകളിൽ സംഘടനാ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ നടക്കുന്ന ഈ മൂന്നുമാസത്തെ ജനകീയ ക്യാമ്പയിൻ സെപ്റ്റംബർ 30-ന് നടക്കുന്ന പീസ് റേഡിയോ ലിസണേഴ്സ് കോൺഫറൻസോടെ സമാപിക്കും. ജില്ലയിലെ പരമാവധി വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും പീസ് റേഡിയോയും സമീലും എത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
ഡിജിറ്റൽ ലോകത്തെ വെല്ലുവിളികൾക്ക് മൂല്യാധിഷ്ഠിതമായ ഡിജിറ്റൽ ബദൽ സമൂഹത്തിന് പരിചയപ്പെടുത്തുന്ന ജനകീയ മുന്നേറ്റമായാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.