18/01/2026
സഭയുടെ ഭിത്തിയെ ബലവത്താക്കിയ
വിശ്വാസ ധീരൻ മീഖായേൽ മോർ ദീവന്നാസ്യോസ് മെത്രാപ്പോലീത്ത
- ഫാ. റോയി ജോർജ്, കട്ടച്ചിറ ( യാക്കോബായ സുറിയാനി സഭ വൈദീക ട്രസ്റ്റി )
നീതിയുടെ കവചവും വിശ്വാസമാകുന്ന പടവാളും ഏന്തി യാക്കോബായ സുറിയാനി സഭയുടെ തെക്കൻ ഭദ്രാസനങ്ങളെ ഭാഗ്യമോടെ ശുശ്രൂഷിച്ച് വിശ്വാസികളായ ജനത്തെ ദൈവ ബന്ധത്തിലും സഭാ സ്നേഹത്തിലും പരി. അന്ത്യോഖ്യാ സിംഹാസന ഭക്തിയിലും നിലനിർത്തിയ പുണ്യശ്ലോകനായ മിഖായേൽ മോർ ദിവന്നാസ്യോസ് തിരുമേനിയുടെ എഴുപതാമത് ഓർമ്മ പെരുന്നാൾ ആചരിക്കുവാൻ പരി. സഭ ഒരുങ്ങുമ്പോൾ അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളും ഉപദേശങ്ങളും ഇന്നും സഭാ മക്കളുടെ മനസ്സിൽ മായാതെ അണയാത്ത ദീപമായി ജ്വലിക്കുന്നു.
എരിവുകാരനെന്നും, പെട്ടെന്ന് കോപിക്കുന്ന ആളെന്നും പഴമക്കാർ പറയുമ്പോൾ എവിടെയാണ് അദ്ദേഹം കോപിഷ്ഠൻ ആയിട്ടുള്ളതെന്ന് പരിശോധിച്ചാൽ - വിശ്വാസത്തിൽ മായം കലർത്തുമ്പോൾ, പ്രാർത്ഥനകളിൽ ഉദാസീനത കാട്ടുമ്പോൾ, കാനോനുകൾ ലംഘിക്കുമ്പോൾ, ആരാധനകളിൽ വിമുഖത കാട്ടുമ്പോൾ, അന്ത്യോക്യാ സിംഹാസനത്തെയും ആ പരിശുദ്ധ പൗരോഹിത്യത്തേയും നിഷേധിക്കുമ്പോൾ ഗർജ്ജിക്കുന്ന സിംഹമായി മാറിയിട്ടുണ്ട്. എന്നാൽ സ്നേഹവും, വാത്സല്യവും, കരുതലും, അനുഗ്രഹവും, തന്റെ മക്കൾക്ക് നൽകുന്നതിൽ അദ്ദേഹം ഒരു കുറവും കാട്ടിയില്ല.
മെത്രാപ്പോലീത്ത സ്ഥാനം ഒരലങ്കാരമല്ലെന്നും, അത് ആരോടും സ്വാധീനിക്കുവാനോ ആരുടേതും അന്യായമായി കൈവശപ്പെടുത്തുവാനുമുള്ളതല്ലെന്നും അദ്ദേഹം പഠിപ്പിച്ചു.
ആലുവ വട്ടമേശ സമ്മേളനത്തിന് ശേഷം അഭി. തിരുമേനി മറുവിഭാഗത്തിലെ ഒരു തിരുമേനിയോട് പറഞ്ഞ വാക്കുകൾ ഇന്നും അന്ത്യോക്യാ സിംഹാസന ഭക്തർ ഹൃദയത്തിൽ ചേർത്ത് വച്ചിട്ടുണ്ട്. " വേണ്ടാ... ഭീഷണി വേണ്ട ഞാനീ സ്ഥാനം ഏറ്റപ്പോൾ 4 കാര്യങ്ങൾ സ്വീകരിച്ചിരിക്കയാണ്. തവിട്ടപ്പം, പച്ചവെള്ളം, കീറ കുപ്പായം, കീറപ്പായ്.... അതെനിക്കുണ്ട് എന്റെ മക്കൾ തരും..
അഭി. മീഖായേൽ തിരുമേനി അരി പൗലോസ് മോർ കൂറിലോസ് തിരുമേനിയുടെ കാലടികളെ പിന്തുടർന്നുകൊണ്ട് അന്ത്യോഖ്യാ സിംഹാസന ഭക്തിയിൽ ഉറച്ചുനിന്ന് പോരാട്ടം നടത്തി സഭയുടെ ഭിത്തിയെ ബലപ്പെടുത്തി ഒരു ദീർഘദർശിയെ പോലെ തന്റെ കബറിടം ഒരിക്കലും മെത്രാൻ കക്ഷികളുടെ അതീനതയിലാകരുതെന്ന് ചിന്തിച്ച് തന്റെ അന്ത്യകാലം പാണംപടിയിലായിരിക്കണം എന്ന് മുൻകൂട്ടി നിശ്ചയിച്ചു. അതൊരു ദൈവ പദ്ധതിയായിരുന്നു ഇല്ലെങ്കിൽ അദ്ദേഹത്തിന്റെ കബറിടം പോലും സത്യവിശ്വാസികൾക്ക് അന്യമായിപ്പോയെനെ. കഷ്ടത സഹിഷ്ണുതയെയും, സഹിഷ്ണുത സിദ്ധതയെയും, സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന പൗലോസ് ശ്ലീഹാ റോമർക്കെഴുതിയ വചനം തിരുമേനിയെ സംബന്ധിച്ചിടത്തോളം സത്യമാണ്.
കളങ്കമില്ലാതെ പിൻതലമുറയെ ഏറെ സ്വാധീനിച്ച കർമ്മയോഗി, പ്രതിസന്ധി കാലഘട്ടത്തിൽ വിശ്വാസ സമൂഹത്തെ പ്രോജ്വലിപ്പിച്ച ആചാര്യ ശ്രേഷ്ഠൻ, മികച്ച വാഗ്മി, പ്രാർത്ഥനാവീരൻ തുടങ്ങി ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായ തിരുമേനിയുടെ ദീപ്തമായ സ്മരണ ഈ സഭയ്ക്ക് എന്നും ഒരു അടയാളമായിരിക്കും. കഷ്ടങ്ങളുടെയും നഷ്ടങ്ങളുടെയും ഈ കാലഘട്ടത്തിൽ സഭാ മക്കളെ അത്രയേറെ സ്നേഹിച്ച തിരുമേനിയുടെ കബറിടത്തിലെ അസ്ഥികൾ ഞരങ്ങുന്നുണ്ടാകും. പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ പ്രയത്നിക്കുന്ന തന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടേയിരിക്കുന്നു. എഴുപതിന്റെ ധന്യമായ ഓർമ്മയിൽ സഭയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുവാനും, കരയുന്ന സഭാ മക്കളുടെ കണ്ണുനീർ മാറാനും,നഷ്ടപ്പെട്ടത് തിരികെ ലഭിക്കുന്ന ആ സുന്ദരസുദിനങ്ങളാകട്ടെ മിഖായേൽ തിരുമേനിയുടെ എഴുപതാമത് ഓർമ്മ പെരുന്നാൾ.
- ഫാ. റോയി ജോർജ് കട്ടച്ചിറ
( വൈദീക ട്രസ്റ്റി, യാക്കോബായ സുറിയാനി സഭ )
കടപ്പാട് - സമുദായ പത്രിക