19/06/2022
#പ്രവാചക #നിന്ദ
ലോകജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള മുസ്‌ലിംകളുടെ വികാരങ്ങൾ മാനിക്കാതെ നിരന്തരമായ ആക്രമണങ്ങളും പരാമർശങ്ങളും ഈ സമുദായത്തിന്റെ മേൽ നടത്തുക വഴി രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ വിളിച്ച് വരുത്താൻ ഇടയാക്കുമെന്ന് കരുനാഗപ്പള്ളി താലൂക്ക് മുസ്ലിം ജമാഅത്ത് യൂണയന്റെ ആഭിമുഖ്യത്തിൽ പ്രവാചക നിന്ദക്കെതിരെ നടന്ന വമ്പിച്ച പ്രതിഷേധ റാലിയെ അഭിമുഖീകരിച്ച് ഉസ്താദ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുന്നറിയിപ്പുനൽകി.
ഇസ്ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയേയും അദ്ദേഹത്തിന്റെ സന്ദേശത്തെയും അറിയാൻ കഴിഞ്ഞത് ഇന്ത്യയുടെ മഹത്തരവും അനശ്വരവുമായ വിമോചനത്തിനായി എന്നെ പ്രേരിപ്പിച്ചു എന്ന് ലോകത്തോട് ഉദ്ഘോഷിച്ച ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ മൂല്യങ്ങൾ പ്രവാചക നിന്ദ നടത്തിയവർ കാറ്റിൽപറത്തി.
മതനിരപേക്ഷതയുടെ മഹനീയമൂല്യം അറിയുകയും ആദരിക്കുകയും ചെയ്യുന്ന രാഷ്‌ട്രനേതാക്കളും രാഷ്‌ട്രീയനേതാക്കളും സമ്പന്നമാക്കിയ രാജ്യമാണു നമ്മുടേത്. വ്യത്യസ്‌ത മതങ്ങളെയും ഭാഷകളെയും ജീവിതശൈലികളെയും കോർത്തിണക്കി മത, സമുദായ സൗഹാർദം സുദൃഢമായി കാക്കാൻ കഴിഞ്ഞത് എക്കാലവും നമുക്ക് ആദരം നേടിത്തന്നു. പക്ഷേ, ഇന്ത്യ കാലങ്ങളായി കാത്തുസൂക്ഷിച്ച അടിസ്‌ഥാനമൂല്യങ്ങളും വൈവിധ്യസമന്വയവും ബഹുസ്വരതയും കൈമോശം വരികയാണോ എന്ന ആശങ്ക വർത്തമാനകാല സാഹചര്യത്തിൽ നാൾക്കുനാൾ പെരുകിവരികയാണന്നും കുമ്മനം ഉസ്താദ് ഓർമപ്പെടുത്തി.എൻ കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം നിർവഹിച്ചു.താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡൻറ് വലിയത്ത് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു .സി ആർ മഹേഷ് എംഎൽഎ , സുചിത് വിജയൻപിള്ള എംഎൽഎ,തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എം അൻസാർ ,അഡ്വ. എം ഇബ്രാഹിംകുട്ടി, വാഹിദ്,പി എച്ച് മുഹമ്മദ് കുഞ്ഞ്,സി എം നാസർ,റഊഫ് കോട്ടക്കര തുടങ്ങിയ മത രാഷ്ട്രീയ രംഗത്തെ പൗരപ്രമുഖർ ഈ പ്രതിഷേധ സംഗമത്തിൽ അഭിവാദ്യമർപ്പിച്ചു കൊണ്ട് സംസാരിച്ചു..