27/04/2016
ഭദ്രകാളി സങ്കല്‍പം
അതിപ്രാചീനകാലം മുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവിയാണ് കാളി. ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്‍നിന്നും ജനിച്ചവളാണെന്നും, ദക്ഷന്റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായിത്തീര്‍ന്ന പരമശിവന്‍ ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയെപ്പറ്റി രണ്ടു കഥകള്‍ പ്രചാരത്തിലുണ്ട്.
ദേവീമാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തിലെ
“ജ്വാലാകരാളമത്യുഗ്രമശേഷാ സുരസൂദനം
ത്രിശൂലം പാതു നോ ഭീതേര്‍ ഭദ്രകാളി നമോസ്തുതേ”
എന്ന ശ്ലോകത്തില്‍ ദുര്‍ഗ്ഗയുടെ ഭയാനക ഭാവത്തെ ഭദ്രകാളിയായി സങ്കല്‍പിച്ചിരിക്കുന്നു. ഈ കാളി ദുര്‍ഗ്ഗയുടെ അഥവാ പാര്‍വതിയുടെ രൂപമാണ്. ശിവപ്രിയയാണ് ഈ കാളി. ശംഭുസ്ഥാ എന്നാരംഭിക്കുന്ന ധ്യാനത്തില്‍ ‘ശിവ’എന്നു സൂചിപ്പിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. മാര്‍ക്കണ്ഡേയപുരാണത്തിലെ ഭദ്രോല്‍പത്തി പ്രകരണത്തില്‍ ശിവപുത്രിയായ ഭദ്രകാളിയുടെ അവതാരവും മാഹാത്മ്യവും വര്‍ണിക്കുന്നുണ്ട്. ബ്രഹ്മാവില്‍നിന്നും വരസിദ്ധികള്‍ നേടിയ ദാരികാസുരന്‍ ത്രിലോകങ്ങളും കീഴടക്കി. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, സ്കന്ദന്‍, ഇന്ദ്രന്‍, യമന്‍ ആദിയായവര്‍ക്കൊന്നും ദാരികനെ തോല്‍പിക്കാന്‍ കഴിഞ്ഞില്ല. അവസാനം ശ്രീപരമേശ്വരന്‍ ലോകസംരക്ഷണാര്‍ത്ഥം തന്റെ ത്രിലോചനം തുറന്നു. അതില്‍നിന്നും അന്നുവരെ പ്രപഞ്ചം ദര്‍ശിച്ചിട്ടില്ലാത്ത വിധത്തില്‍ ഭീകരവും രൗദ്രവുമായ ഭാവത്തോടുകൂടിയ മഹാഭദ്രകാളി ഉടലെടുത്തു. ഇത് ശിവപുത്രിയാണ്. ഈ കാളി ദാരികനെ നിഗ്രഹിക്കുകയും ചെയ്തു. ബംഗാള്‍ തുടങ്ങിയ ദേശങ്ങളിലും കാളിയെ കരാളരൂപിണിയായിട്ടാണ് സങ്കല്‍പിച്ചിരിക്കുന്നത്. തിന്മയുടെ മേല്‍ നന്മയുടെ വിജയമാണ് ഭദ്രകാളീ സങ്കല്‍പത്തിലുള്ളത്.
കാളിയെ പൊതുവെ ഒരു കോപമൂര്‍ത്തിയായിട്ടാണ് കേരളത്തില്‍ സങ്കല്‍പിച്ചുപോരുന്നത്. സമരേഷുദുര്‍ഗ്ഗാ, കോപേഷുകാളി തുടങ്ങിയ വിശ്വാസങ്ങള്‍ ഇതിനു കാരണമാവാം. എങ്കിലും അഭദ്രങ്ങളെ അകറ്റി മംഗളവും സൗഖ്യവുമരുളുന്ന മംഗളരൂപിണിയുമായാണ് ഭദ്രകാളി. വസൂരി മുതലായ രോഗങ്ങളെയും ഭൂതപ്രേതപിശാചുക്കളെയും ശത്രുക്കളെയും നശിപ്പിക്കുന്നതും ഭദ്രകാളിയാണെന്നു സങ്കല്‍പിക്കപ്പെടുന്നു.
പുത്രവത്സലയായ മാതാവും ക്രൂരയായ സംഹാരിണിയുമാണ് ഭദ്രകാളിയെന്ന് ഒരു പാശ്ചാത്യ പണ്ഡിതന്‍ സൂചിപ്പിച്ചിട്ടുണ്ട്.
ദ്രാവിഡജനതയുടെ ആരാധനാമൂര്‍ത്തികളിലൊന്നായിരുന്നു കാളി എന്ന് ഒരു അഭിപ്രായമുണ്ട്. കേരളത്തില്‍ പ്രാചീനകാലം മുതല്‍ തന്നെ കാളീപൂജ നിലനിന്നിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള കളരികളിലും കാവുകളിലും കാളീപൂജ പതിവായിരുന്നു. ആര്യാധിനിവേശത്തിനു മുമ്പുതന്നെ ഇതു നിലനിന്നിരുന്നതായാണ് കരുതപ്പെടുന്നത്. ബ്രാഹ്മണേതരര്‍ പൂജ നടത്തുന്ന പല ഭദ്രകാളീക്ഷേത്രങ്ങളും കളരികളും ഇന്നും കേരളത്തിലുള്ളത് ഇതിന്റെ സൂചനയാണ്. ശ്രീകുരുംബക്കാവ്, പനയന്നാര്‍ക്കാവ്, മാടായിക്കാവ്, വള്ളിക്കാവ് എന്നിവിടങ്ങളിലൊക്കെ കാവുകളില്‍നിന്നാണ് ഭദ്രകാളീക്ഷേത്രങ്ങളുണ്ടായത് എന്ന് കരുതപ്പെടുന്നു. കാളിയും സരസ്വതിയും ഒന്നുതന്നെ എന്നു കരുതുന്നവരുണ്ട്. കാളിയ്ക്ക് പത്തുരൂപങ്ങളുണ്ട്. ദശവിദ്യ എന്നാണ് ഇവ അറിയപ്പെടുന്നത്. കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവയാണ് പത്തുരൂപങ്ങള്‍. ഇവ വിദ്യകള്‍ എന്നറിയപ്പെടുന്നതില്‍നിന്ന് കാളിയുടെയും വാണിയുടെയും ഏകത്വമാണ് വെളിവാകുന്നത് എന്ന് പറയപ്പെടുന്നു. കാളിദാസന്റെ കവിത്വത്തിന് ഹേതു കാളീപ്രസാദമാണെന്ന ഐതിഹ്യവും ഇത്തരുണത്തില്‍ സ്മരിക്കാവുന്നതാണ്. ശ്രീരാമകൃഷ്ണനും കാളിയെ സാത്വികഭാവത്തിലാണ് ഉപാസിച്ചത്.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കാളീവിഗ്രഹങ്ങള്‍ക്ക് പല രൂപകല്‍പനകളുമുണ്ട്. വാള്‍, പരിച, കപാലം, ദാരികശിരസ്സ്, വെണ്‍മഴു, ഡമരു, ശൂലം, കയറ്, തോട്ടി, ഉലക്ക, തലയോട്, മണി, സര്‍പ്പം, ശംഖ്, അമ്പ്, വില്ല്, കുന്തം, ചക്രം തുടങ്ങിയവയാണ് ഭദ്രകാളിയുടെ കൈകളില്‍ കാണപ്പെടുന്നത്. നാല്, എട്ട്, പതിനാറ് എന്നിങ്ങനെ അറുപത്തിനാല് കൈകളുള്ള കാളീസങ്കല്‍പങ്ങള്‍ വരെയുണ്ട്. ഭദ്രകാളി, കരിങ്കാളി, സുമുഖീകാളി, മഹാകാളി, രാത്രികാളി, ബാലഭദ്ര എന്നിങ്ങനെ നിരവധി രൂപഭാവസങ്കല്‍പങ്ങളും കാളിയ്ക്കുണ്ട്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ് കേരളത്തില്‍ ഏറ്റവും വലിയ ഭദ്രകാളീവിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത് എന്നു കരുതപ്പെടുന്നു. പീഠം, വാള്‍, ചിലമ്പ്, വാല്‍ക്കണ്ണാടി, ശിലാനിര്‍മിതവും ലോഹനിര്‍മിതവുമായ കണ്ണാടിബിംബം എന്നിവയും ഭദ്രകാളീസങ്കല്‍പത്തില്‍ പ്രതിഷ്ഠിക്കുന്ന രീതി കേരളത്തില്‍ സാധാരണമാണ്.
ഭദ്രകാളി തീയ്യാട്ട്
ഐതിഹ്യം:
ഭദ്രകാളീ ക്ഷേത്രങ്ങളിലാണ് സാധാരണ തീയ്യാട്ട് വഴിപാടായി നടത്തുന്നത്. ദാരുക വധത്തിനു ശേഷം കോപം ശമിക്കാതെ ദാരുകന്റെ ശിരസ്സുമായി കൈലാസത്തിലെത്തുന്ന ഭദ്രകാളിയുടെ കോപം ശമിപ്പിക്കാനായി ദേവിയിലെ മാതൃ ഭാവം ഉണര്‍ത്താന്‍ ഭഗവാന്‍ ഒരു പിഞ്ചുകുഞ്ഞിന്റെ രൂപത്തില്‍ കിടന്നു എന്നാണ് ഒരു സങ്കല്‍പ്പം. രണ്ടാമത്തേതാണ് തീയ്യാട്ടിനു പുറകിലുള്ള ഐതിഹ്യം. കോപക്രാന്തയായ ദേവിയുടെ ഭീകര രൂപം കണ്ടു ഭഗവാനും അല്‍പ്പം ഭയം തോന്നിയത്രേ! ഉടനെ മഹാദേവന്‍ ദിഗംബരനായി നൃത്തം ചെയ്യാന്‍ തുടങ്ങിയെന്നും അതു കണ്ടു ലജ്ജ തോന്നിയ ദേവി ഭഗവാന് പുറം തിരിഞ്ഞിരുന്നു എന്നും കോപം ശമിച്ചു ശാന്തയായെന്നും കഥ. പിന്നീട് ഭഗവാനെ വലം വച്ച് തൊഴുത ശേഷം ദാരുകവധം പറയുന്നതായിട്ടാണ് തീയ്യാട്ടില്‍ വിവരിക്കുന്നത്.
തീയ്യാട്ടുണ്ണികള്‍ക്കാണ് തീയ്യാട്ട് അവതരിപ്പിക്കാനുള്ള അവകാശം. അതിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്. ഒരിക്കല്‍ മദ്ധ്യകേരളത്തില്‍ വസൂരി പടര്‍ന്നു പിടിച്ചു. പരിഭ്രാന്തരായ ജനങ്ങള്‍ ഒരു ശിവക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ആരും തന്നെ അമ്പലത്തില്‍ നിന്ന് മാറുകയോ ജലപാനം ചെയ്യുകയോ ചെയ്തില്ല. അവസാനം ശ്രീ പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടു ഒരു പന്തം കൊളുത്തി മുന്നില്‍ നിന്നിരുന്ന ഒരു ഉണ്ണിനമ്പൂതിരിയുടെ കൈയ്യില്‍ കൊടുത്തു. അതു കൊണ്ട് ഉഴിഞ്ഞാല്‍ രോഗം മാറുമെന്നു പറഞ്ഞു അനുഗ്രഹിച്ചു. ഭഗവാനെ മുന്നില്‍ക്കണ്ട് പരിഭ്രമിച്ചുപോയ ആ കുട്ടി ഇടതു കൈകൊണ്ടാണ് പന്തം വാങ്ങിയത്. അതു മൂലം ശുദ്ധ നമ്പൂതിരിമാരായിരുന്ന അവരുടെ കുടുംബം പതിത്വം സംഭവിച്ച് തീയ്യാട്ടുണ്ണികളായി മാറി. അന്ന് മുതല്‍ തീയ്യാട്ട് നടത്താനുള്ള അവകാശവും അധികാരവും ആ കുടുംബക്കാര്‍ക്കുള്ളതായി മാറി. തീയ്യാട്ട് വഴിപാടായി നടത്തുമ്പോള്‍ അതുപോലെ പന്തം കൊണ്ട് തീയ്യാട്ടുണ്ണി ഉഴിഞ്ഞാല്‍ ദേവീകൊപം മൂലമുണ്ടാകുന്ന അസുഖങ്ങളൊക്കെ മാറുമെന്നാണ് വിശ്വാസം.
ചടങ്ങുകള്‍:
ഭദ്രകളിതീയ്യാട്ടിന്‍റെ ചടങ്ങുകളാണ് ഉച്ചപ്പാട്ട്, കളമെഴുത്ത്, കളംപൂജ, തിരിയുഴിച്ചില്‍, കളം കണ്ടു തൊഴല്‍, കളം പാട്ട്, കളം മായ്ക്കല്‍, ചമയങ്ങള്‍ അണിയല്‍, തീയ്യാട്ട്, പന്തം ഉഴിച്ചില്‍ എന്നിവ.
കളം മായ്ക്കല്‍
തീയ്യാട്ട് നടത്തുന്ന സ്ഥലം കുരുത്തോലയും പൂമാലകളും കൊണ്ട് അലങ്കരിച്ചശേഷം കളം വരയ്കേണ്ട സ്ഥലത്ത് പീഠവും വാളും അതിനടുത്തായി അഷ്ടമംഗല്യവും ഒരുക്കി നിലവിളക്ക് കത്തിച്ചു വച്ച് ഗണപതിയെയും പിന്നെ സരസ്വതിയും സ്തുതിക്കുന്നു. അതിനു ശേഷം ശ്രീഭദ്രകാളീ സ്തുതി. ഇതിനാണ് ഉച്ചപ്പാട്ട് എന്ന് പറയുന്നത്. പിന്നെ ഊണിനു ശേഷം കളം വര തുടങ്ങും. കേരളത്തിന്‍റെ മാത്രം സ്വന്തമായ ആ കല എത്ര പ്രശംസിച്ചാലും മതിയാവില്ല. ദേവിയുടെ രൗദ്ര ഭാവം തന്നെയാണ് വരയ്ക്കുന്നത്. കളം വരച്ചതിനു ശേഷം ക്ഷേത്രത്തില്‍ കേളികൊട്ടി ഇന്ന് തീയ്യാട്ടുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്നു. പിന്നീട് ദീപാരാധനയ്ക്കു മുന്‍പ് കളം പൂജ നടത്തുന്നു. തിരിയുഴിച്ചിലിനു ശേഷം ഭക്തര്‍ക്ക് കളം കണ്ടു തൊഴാം. പിന്നീട് ദേവിയെ പ്രകീര്‍ത്തിക്കുന്ന സ്തുതികള്‍ പാടുന്നു. ഇതാണ് കളം പാട്ട്. ഇതില്‍ ദേവിയുടെ കേശാദിപാദ വര്‍ണ്ണന ഉണ്ടാവും. ചെണ്ട, ചേങ്ങില, ഇടയ്ക്ക എന്നിവയാണ് ഉപയോഗിക്കുന്ന വാദ്യോപകരണങ്ങള്‍. പിന്നീട് വേഷം കെട്ടാന്‍ തുടങ്ങുന്നു. കരി തേച്ച മുഖത്ത് വസൂരിക്കുത്തുകള്‍ കാണിക്കുന്ന വിധത്തിലാണ് ചുട്ടി കുത്തുന്നത്.[കാളീദേവിക്കു വസൂരിമാല പിടിപെട്ടപ്പോള്‍ മഹാദേവന്റെ ഭൂതഗണത്തിലൊരുവനും കാളീദേവിയുടെ സഹോദരുനുമായ വീരഭദ്രനാണ് വസൂരിയുടെ അടയാളങ്ങള്‍ ദേവിയുടെ ശരീരത്തു നിന്നും മാറ്റിയത്. സഹോദരന്‍ മുഖത്ത് സ്പര്‍ശിച്ചൂടാ എന്നതിനാല്‍ മുഖം ഒഴിവാക്കി. അതിനാലാണ് ദേവിയുടെ മുഖത്ത് വസൂരിക്കലകള്‍ ഉള്ളതെന്നാണ് പറയപ്പെടുന്നത്]
പന്തത്തിലേയ്ക്ക് തെള്ളിപ്പൊടി എറിയുന്നു
ചുട്ടി കുത്തിയതിനു ശേഷം നിലവിളക്ക് വണങ്ങി കിരീടമണിയാന്‍ വിളക്കിന് പുറംതിരിഞ്ഞാണ് തീയ്യാട്ടുണ്ണി ഇരിക്കുന്നത്.(ദിഗംബര നൃത്തം കണ്ടു ഭഗവാന് (നിലവിളക്കാണ് ശ്രീപരമേശ്വരന്‍) ദേവി പുറംതിരിഞ്ഞിരുന്ന സങ്കല്‍പ്പം.) പിന്നീട് കൈമുദ്രകളിലൂടെ ദാരുക വധം വിശദീകരിക്കുന്നു. കഥ പറഞ്ഞു കഴിയുമ്പോള്‍ ഒരു തേങ്ങയുടച്ചു മഹാദേവന് നിവേദിക്കുന്നു. പിന്നീട് പന്തത്തില്‍ തെള്ളിപ്പൊടിയെറിഞ്ഞു ജ്വലിപ്പിക്കുന്നു. ഈ പന്തം കൊണ്ട് ആദ്യം നിലവിളക്കിനെയും പിന്നീട് ഭക്ത ജനങ്ങളെയും ഉഴിയുന്നു. പന്തത്തിലെ തീ അണച്ച് വാള് നടയ്ക്കല്‍ വച്ച് തീയ്യാട്ട് അവസാനിപ്പിക്കുന്നു.
By Manoji Kundar