26/06/2022
ലളിതാംബികാതത്ത്വം....
ശ്രീലളിതാസഹസ്രനാമത്തിലെ പ്രധാന രണ്ടു നാമങ്ങളാണ് ദേവകാര്യസമുദ്യതാ എന്നതും ലളിതാംബിക എന്നതും. ദേവ എന്നതിന് ദീവ്യതി ആനന്ദേന ക്രീഡതീതി എന്ന അര്ഥത്തിൽ ആനന്ദത്തോടെ ക്രീഡചെയ്യുന്നത് എന്നര്ഥം. കാര്യം എന്നതിന് ഹേതു അഥവാ പ്രയോജനം എന്നര്ഥം. സമുദ്യതാ എന്നതിന് പുറപ്പെട്ടവളെന്നര്ഥം. ഇതനുസരിച്ച് ക്രീഡ ഹേതുവായിട്ട് പുറപ്പെട്ടവളെന്ന് നാമാര്ഥം. പ്രപഞ്ചരചനയ്ക് കാരണമെന്തെന്ന ശങ്ക സ്വാഭാവികമാണ്. ലോകവത്തു ലീലാകൈവല്യം എന്നു ബ്രഹ്മസൂത്രം പറയുന്നു. ഇതനുസരിച്ച് പ്രപഞ്ചരചനയെന്നത് കേവലം ലീലാമാത്രമാണ്. സൃഷ്ടിയാൽ ദേവിയ്ക് നേടേണ്ട പ്രയോജനമൊന്നും സങ്കല്പിക്കുക സാധ്യമല്ല. സൃഷ്ടിയെപറ്റിയുള്ള ശ്രുതികൾക്ക് വിഷയം പരമാര്ഥമല്ല. മറിച്ച് അവിദ്യകൊണ്ട് കെട്ടിപ്പടുത്ത നാമരൂപങ്ങളെ പറ്റിയുള്ള വ്യവഹാരങ്ങളാണ്. സോऽകാമയേതി ബഹുസ്യാം പ്രജായേയേതി എന്ന് തൈത്തിരീയം പറയുന്നു. സ്വയം പലതാകാനുള്ള ആഗ്രഹം ഹേതുവായി എന്ന് പ്രമാണം. സ ഈക്ഷത ലോകാൻ നു സൃജാ ഇതി. അവൻ എനിക്ക് ലോകങ്ങളെ സൃഷ്ടിക്കണം എന്നീക്ഷിച്ചു എന്ന് ഐതരേയം.
സഹസ്രനാമത്തിലെ അവസാന നാമമായ ലളിതാംബികാ എന്നതിന് ലലിതാ അംബികാ എന്ന് പദങ്ങൾ സ്വീകരിച്ചിരിക്കുന്നു. ലളിതാ എന്നതിന് ലല വിലാസെ എന്ന അര്ഥത്തിൽ വിലാസയുക്തമായവളെന്ന് അര്ഥം. അംബികാ എന്നതിന് അംബതേ ജനയതി(ജനം സൂതേ സർവം) സർവമിതി അംബികാ. അംബ ജനനേ എന്ന അര്ഥത്തിൽ എല്ലാത്തിനേയും ജനിപ്പിക്കുന്നവൾ എന്നതനുസരിച്ച് മാതാ എന്ന അര്ഥം. ഇതനുസരിച്ച് വിലാസയുക്തയായ അംബികയായവൾ എന്ന് നാമാര്ഥം ലഭിക്കുന്നു.
എപ്രകാരമാണോ ഒരു മായാവി തന്റെ മായയാൽ തന്നിൽ നിന്ന് മിഥ്യയായ വസ്തുക്കളെ പ്രകടമാക്കുന്നത് അപ്രകാരം കേവലം ലീലാരൂപേണ ദേവിയാൽ പ്രകടമാക്കപ്പെട്ടതാണ് ഈ ജഗത്. ബാധിക്കപ്പെടുന്ന മിഥ്യയായ ഈ ജഗത് അവാസ്തവവും മായാവിയായ ദേവി വാസ്തവുമാകുന്നു. നൂലിൽ കോര്ത്ത മണികളെന്നപോലെ സ്ഥിതിചെയ്യുന്ന ബ്രഹ്മാണ്ഡമണ്ഡലങ്ങൾ ഉള്പ്പെടുന്ന ഈ ജഗത് ദേവിയുടെ വിലാസരൂപമായ കേളിമാത്രമാണ്. ലോകവത്തു ലീലാ കൈവല്യം എന്ന് ബ്രഹ്മസൂത്രം പറയുന്നു. ബ്രഹ്മസത്യം ജഗത് മിഥ്യാ എന്ന് ആചാര്യസ്വാമികളും പറയുന്നു. അവിദ്യകൊണ്ട് കെട്ടിപ്പടുത്ത നാമരൂപങ്ങളെല്ലാം ദേവിയുടെ വിലാസരൂപം മാത്രമാണെന്ന് ഈ നാമം വ്യക്തമാക്കുന്നു. മിഥ്യാ ജഗദധിഷ്ഠാനാ, നാരൂപവിവര്ജിതാ, ദ്വൈതവര്ജ്ജിതാ. ബാലാ ലീലാവിനോദിനീ എന്നീ പൂർവനാമങ്ങൾ ജഗത് ദേവിയുടെ കേളി മാത്രമാണെന്നതിന് ഉപോത്ബലകമായ പ്രമാണങ്ങളാണ്. മായ, ബ്രഹ്മം, ഈശ്വരൻ, ജീവൻ, മായയും ബ്രഹ്മവും തമ്മിലുള്ള സംബന്ധം എന്നിവയെ അനാദിയായി കണക്കാക്കുന്നു. എന്നാൽ ബ്രഹ്മസാക്ഷാത്കാരത്തിൽ ബ്രഹ്മമൊഴിച്ച് ബാക്കിയെല്ലാം ബാധിക്കപ്പെടുന്നു. ഇതുകൊണ്ട് ബ്രഹ്മം മാത്രം അനാദിയും അനന്തവും ബാക്കിയെല്ലാം അനാദിയും സാന്തവുമാണെന്ന് മനസ്സിലാക്കണം. ഈ സാന്തവസ്തുക്കൾ ബ്രഹ്മത്തിൽ കല്പിതങ്ങൾ മാത്രമാണ്. ജീവബ്രഹ്മഭേദമില്ലാതെ ഏകമായി സ്ഥിതിചെയ്യുന്ന ആത്മാവു തന്നെയാണ് ദേവി. അതിനാൽ ദേവിയെ കൂടാതെ രണ്ടാമതൊന്നിന്റെ അസ്ഥിത്ത്വത്തിന് സാംഗത്യമില്ല. ബ്രഹ്മസ്വരൂപിണിയായ ദേവി ഏകവം നിത്യശുദ്ധബുദ്ധമുക്തവും നിഷ്കലവും നിരവദ്യവും നിരഞ്ജനവും സർവസൌന്ദര്യസാരവും സ്വാനുഭവാതീതവും ആയ അഖണ്ഡാനന്ദരസസ്വരൂപിണിയാണ്. സച്ചിന്മയിയും പ്രപഞ്ചസ്വരൂപിണിയുമായ ദേവിയുടെ ലീല മാത്രമാണ് സൃഷ്ടിസ്ഥിതിസംഹാരരൂപമായ ജഗത്. ക്രീഡാരൂപേണ ജഗത്തിനെ തന്നിൽ ധരിച്ച് അതിനെ പ്രകടമാക്കി ഒടുവിൽ തന്നിൽത്തന്നെ ലയിപ്പിക്കുന്നതും ജ്ഞാനസ്വരൂപിണിയായ ദേവി തന്നെയാണ്. ബ്രഹ്മം ഏകവും അദ്വിതീയയുമായതിനാൽ ലീലയായ ജഗത് മായാരൂപമായ മിഥ്യ തന്നെയാണ് എന്ന് ശ്രുതിയും പറയുന്നു. സർവേ ജീവാ സുഖൈര്ദുഃഖൈ മായാജാലേന വേഷ്ടിതാ എന്ന് യോഗതത്ത്വോപനിഷത്. ഇപ്രകാരം ലീലായുക്തമായി സ്വവിലാസത്താൽ സകലജഗത്തിനേയും വിവര്ത്തരൂപേണ സൃഷ്ടിക്കുന്നവളാകുന്നു ശ്രീലളിതാംബികാ. സകല ജഗത്തിനും കാരണമായവളും ലീലമാത്രമായി പ്രപഞ്ചത്തെ സൃഷ്ടിയ്കുന്നവളുമായ ശുദ്ധബ്രഹ്മസ്വരൂപിണി തന്നെയാണ് ജഗദീശ്വരിയായ ദേവി എന്ന് ഈ നാമങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. ബ്രഹ്മസ്വരൂപിണിയായ ബാലാലീലാവിനോദിനിയായ ആ ലളിതാ പരമേശ്വരീ എല്ലാവര്ക്കും വരത്തെ പ്രദാനം ചെയ്യട്ടെ. ഹരി ഓം.
courtesy: Abhinava Balanandabhairava